തിരയുക

VATICAN-POPE-AUDIENCE VATICAN-POPE-AUDIENCE 

പാപ്പായുടെ പൊതുകൂടിക്കാഴ്ച പുനരാരംഭിച്ചു

ബുധനാഴ്ചകളില്‍ പതിവുള്ള പരിപാടി ആഗസ്റ്റ് 7-Ɔο തിയതി പാപ്പാ ഫ്രാന്‍സിസ് പുനരാരംഭിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ബുധനാഴ്ചകളിലുള്ള പ്രതിവാരപരിപാടി

ഒരു മാസത്തെ വേനല്‍ അവധിക്കുശേഷമാണ് പാപ്പാ ഫ്രാന്‍സിസ് പ്രതിവാര പൊതുകൂടിക്കാഴ്ചാ പരിപാടി പുനരാരംഭിച്ചത്. യൂറോപ്പിലെ അവധിക്കാലം മാനിച്ചാണ് ജൂലൈ മാസത്തില്‍ അതു നിര്‍ത്തിവച്ചിരുന്നത്.

പാപ്പാ ഫ്രാന്‍സിസിന്‍റെ പൊതുകൂടിക്കാഴ്ചകള്‍
തന്‍റെ 6 വര്‍ഷക്കാലത്തെ സഭാശുശ്രൂഷയില്‍ ഇന്നുവരെയ്ക്കും 279 പ്രതിവാര പൊതുകൂടിക്കാഴ്ചാ പരിപാടികള്‍ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ നടത്തിയിട്ടുണ്ട്. സാധാരണ ബുധനാഴ്ചകളില്‍ പതിവുള്ള പ്രതിവാരകൂടിക്കാഴ്ചയും, ജൂബിലിപ്രമാണിച്ച് ശനിയാഴ്ചകളില്‍ തീര്‍ത്ഥാടകര്‍ക്കായ് നടത്തിയിട്ടുള്ള പ്രത്യേക പൊതുകൂടിക്കാഴ്ചാ പരിപാടിയും അതില്‍ ഉള്‍പ്പെടുന്നു. വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ബസിലക്കയുടെ പ്രധാന കവാടത്തിനടുത്ത് താല്ക്കാലികമായി സജ്ജമാക്കിയ പൊതുവേദിയില്‍ പാപ്പാ വന്നിരുന്നു നല്കുന്ന പ്രാര്‍ത്ഥനാപൂര്‍ണ്ണമായ മതബോധനപ്രഭാഷണവും അപ്പസ്തോലിക ആശീര്‍വ്വാദവുമാണ് പ്രതിവാര കൂടിക്കാഴ്ചാ പരിപാടികള്‍. ഈ വേദിയില്‍ ജനമദ്ധ്യത്തിലെത്തി പാപ്പാ അവരെ അഭിവാദ്യംചെയ്യുന്നതു കൂടാതെ, പരിപാടിയുടെ അന്ത്യത്തിലും വിശിഷ്ടാതിഥികളെയും, രോഗികളെയും, നവദമ്പതിമാരെയും നേരില്‍ക്കാണുകയും അഭിവാദ്യംചെയ്യുകയും ചെയ്യുന്ന പതിവുമുണ്ട്.  കലാവസ്ഥ അനുകൂലമല്ലാത്തപ്പോള്‍ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിലാണ് ഈ കൂടിക്കാഴ്ച  ന‌ടത്തപ്പെടുന്നത്.  

ഇടതോരാത്ത മതബോധന പരിപാടികള്‍
2013-ല്‍ സ്ഥാനമേറ്റനാള്‍ മുതല്‍ 12 പരിവൃത്തി മതബോധനവിഷയങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ചിട്ടുണ്ട്, അല്ലെങ്കില്‍ പഠിപ്പിച്ചിട്ടുണ്ട്. ആദ്യമായി സ്ഥാനത്യാഗിയായ തന്‍റെ മുന്‍ഗാമി തുടങ്ങിവച്ച (1) വിശ്വാസപ്രമാണത്തിന്‍റെ തുടര്‍പ്രബോധനമായിരുന്നു. (2) തുടര്‍ന്ന് കൂദാശകള്‍, (3) പരിശുദ്ധാത്മാവിന്‍റെ വരദാനങ്ങള്‍, (4) സഭ, (5) കുടുംബം, (6) ജൂബിലിവര്‍ഷത്തില്‍ ദൈവത്തിന്‍റെ കാരുണ്യം എന്നീ വിഷയങ്ങള്‍ പ്രബോധിപ്പിക്കുകയുണ്ടായി. തുടര്‍ന്ന് (7) ക്രൈസ്തവന്‍റെ പ്രത്യാശ, (8) കുര്‍ബ്ബാനയെന്ന കൂദാശ, (9) ജ്ഞാനസ്നാനം, (10) സ്ഥൈര്യലേപനം, (11) കല്പനകള്‍, (12) ക്രിസ്തു പഠിപ്പിച്ച പ്രാര്‍ത്ഥന – സ്വര്‍ഗ്ഗസ്ഥനായ പിതാവേ..., എന്നിവയായിരുന്നു. പിന്നെ അപ്പസ്തോല നടപടി പുസ്തകത്തെക്കുറിച്ചാണ് അടുത്തകാലത്തെ പൊതുകൂടിക്കാഴ്ചകളില്‍ പാപ്പാ മതബോധനം ആരംഭിച്ചിരിക്കുന്നത്.

കെടുതികളില്‍ സഹായവും
ദുഃഖങ്ങളില്‍ സമാശ്വാസവും

പൊതൂകൂടിക്കാഴ്ചാ പരിപാടികള്‍ക്കിടയിലെ മതബോധനം കൂടാതെ, ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട സവിശേഷവും മാനവിക പ്രസക്തിയുള്ളതുമായ ആഗോളസംഭവങ്ങളെക്കുറിച്ചു പാപ്പാ പ്രത്യേക അഭ്യര്‍ത്ഥനകളും പരാമര്‍ശങ്ങളും നടത്താറുണ്ട്. തന്‍റെ ഭരണകാലത്ത് 40 പ്രത്യേക അഭ്യര്‍ത്ഥനകള്‍ ലോകത്തിന്‍റെ വിവിധ സ്ഥലങ്ങളിലെ സമാധാനത്തിനുവേണ്ടിയായിരുന്നു. പീഡിതരായ ക്രൈസ്തവര്‍ക്കുവേണ്ടിയും, വംശീയ വിവേചനത്തിന് എതിരെയും, 20 വ്യത്യസ്ഥ രാജ്യങ്ങളിലുണ്ടായ കാലാവസ്ഥക്കെടുതികളെക്കുറിച്ചും, ദുരന്തങ്ങളിലും, പകര്‍ച്ചവ്യാധികളിലും, ഭീകരാക്രമണങ്ങളിലും പെട്ടു കേഴുന്നവര്‍ക്കുവേണ്ടിയും പ്രത്യേക അഭ്യര്‍ത്ഥനകള്‍ പാപ്പാ ഫ്രാന്‍സിസ് നടത്തിയിട്ടുണ്ട്. കൂടാതെ എന്നും തുടരുന്ന പാരിസ്ഥിതിക പ്രതിസന്ധികളെക്കുറിച്ചും നിരവധി തവണ തന്നെ ശ്രവിക്കാന്‍ എത്തിയവരോടു മാത്രമായിട്ടല്ല, ലോകത്തോടു മുഴുവനായും പാപ്പാ ഫ്രാന്‍സിസ് തുറന്ന അഭ്യര്‍ത്ഥനകള്‍ നടത്തിയിട്ടുണ്ടെന്ന് വത്തിക്കാന്‍റെ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു.

സുവിശേഷ മൂല്യങ്ങളും വിശ്വാസ ബോധ്യങ്ങളും
ഈ കൂടിക്കാഴ്ചകളില്‍ തന്നെ ശ്രവിക്കാന്‍ വത്തിക്കാനില്‍ സന്നിഹിതരാകുന്ന ആയിരക്കണക്കിനുള്ള ജനാവലിയോടും, മാധ്യമങ്ങളിലൂടെ തന്നെ ശ്രവിക്കുന്ന ലോകത്തോടുമായി പാപ്പാ പ്രബോധിപ്പിക്കുന്നത് അടിസ്ഥാനപരമായി സുവിശേഷമൂല്യങ്ങളും ക്രിസ്തീയ വിശ്വാസ ബോധ്യങ്ങളുമാണ്.
 

08 August 2019, 17:47