തിരയുക

Vatican News
Cardinal Achille Silvestrlini Cardinal Achille Silvestrlini 

കര്‍ദ്ദിനാള്‍ അക്കീലെ സില്‍വെസ്ട്രീനി കാലംചെയ്തു

സഭയുടെ സമര്‍ത്ഥനായ നയതന്ത്രജ്ഞനും പൗരസ്ത്യസഭാ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവനുമായിരുന്നു കര്‍ദ്ദിനാള്‍ സില്‍വസ്ട്രീനി (1923-2019).

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ 95-Ɔമത്തെ വയസ്സില്‍ ആഗസ്റ്റ് 29-Ɔο തിയതി വ്യാഴാഴ്ച വത്തിക്കാനിലെ വസതിയില്‍വച്ചാണ് കര്‍ദ്ദിനാള്‍ സില്‍വസ്ട്രീനി  കാലംചെയ്തത്.

നയന്ത്രജ്ഞനും അര്‍പ്പണമുള്ള സഭാസേവകനും
സേവനത്തിന്‍റെ സിംഹഭാഗവും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റില്‍ നയതന്ത്രജ്ഞനായി സമര്‍പ്പിച്ച ഈ നല്ല അജപാലകന്‍, കര്‍ദ്ദിനാള്‍ സില്‍വെസ്ട്രീനി 1991-മുതല്‍ 2000-Ɔമാണ്ട് ജൂബിലി വര്‍ഷംവരെ പൗരസ്ത്യസഭാകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവനായും സ്തുത്യര്‍ഹമായ സേവനം കാഴ്ച്ചവച്ചിട്ടുണ്ട്.

അന്തിമോപചാര ശുശ്രൂഷകള്‍
വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ആഗസ്റ്റ് 30-Ɔο തിയതി വെള്ളിയാഴ്ച വൈകുന്നേരം നടത്തപ്പെട്ട അന്തിമോപചാര ശുശ്രൂഷകള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് നേതൃത്വംനല്കി. തുടര്‍ന്ന് മാലാഖമാരുടെയും രക്തസാക്ഷികളുടെയും സ്മരണാര്‍ത്ഥം റോമിലുള്ള പരിശുദ്ധ കന്യകാനാഥയുടെ മഹാദേവാലയത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയര്‍പ്പണത്തെ തുടര്‍ന്ന് അവിടെത്തന്നെയുള്ള കല്ലറയില്‍ ഭൗതികശേഷിപ്പുകള്‍ അടക്കംചെയ്തു.

കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ നിജസ്ഥിതി
കര്‍ദ്ദിനാള്‍ അക്കീലെ സില്‍വെസ്ട്രീനിയുടെ മരണത്തോടെ കര്‍ദ്ദിനാള്‍ സംഘം 215-ആയി കുറയും. അതില്‍ 118-പേര്‍ 80 വയസ്സിനു താഴെ ആഗോളസഭാദ്ധ്യക്ഷനായ പാപ്പായുടെ തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളവരും, ബാക്കി 97-പേ‍ര്‍ വോട്ടവകാശം ഇല്ലാത്തവരുമാകുന്നു.

ആദ്യകാലജീവിതം - ജീവിതരേഖ
1923-ല്‍ അക്കീലെ സില്‍വെസ്ട്രീനി വടക്കെ ഇറ്റലിയിലെ എമീലിയോ റൊമാഞ്ഞാ പ്രവിശ്യയിലെ  ബ്രിസിഗേലായില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം രൂപതാ സെമിനാരിയില്‍ ചേര്‍ന്നു പഠിച്ചു (Diocese of Faenza). 1946 പൗരോഹിത്യം സ്വീകരിച്ചു. 1952 കാലയളവുവരെ സ്വന്തം രൂപതയായ, ഫയെന്‍സേയിലെ അജപാലനശുശ്രൂഷയില്‍ വ്യാപൃതനായി. തുടര്‍ന്ന് റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയിലും ബൊളോഞ്ഞ യൂണിവേഴ്സിറ്റിയിലും ഉന്നതപഠനങ്ങള്‍ നടത്തി.

വത്തിക്കാന്‍റെ നയതന്ത്ര രംഗത്ത്
1952-ല്‍ റോമിലെ പൊന്തിഫിക്കല്‍ അക്കാഡമിയില്‍ പഠിച്ച് 1953-മുതല്‍ സഭയുടെ നയതന്ത്രവിഭാഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആദ്യം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റില്‍ സവിശേഷമായ സഭാകാര്യങ്ങള്‍ക്കായുള്ള വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു.
1958-69 വിയറ്റ്നാം, ചൈന, ഇന്തൊനേഷ്യ എന്നീ തെക്കു കിഴക്കന്‍ ഏഷ്യരാജ്യങ്ങളുമായ നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനുള്ള വത്തിക്കാന്‍ പ്രതിനിധി സംഘത്തില്‍ സേവനംചെയ്തു.
1971 ആണവായുധങ്ങളുടെ നിരായുധീകരണക്കരാറുമായി ബന്ധപ്പെട്ട് റഷ്യയിലേയ്ക്ക് അയക്കപ്പെട്ടു. 1972 ആണവായുധ നിരായുധീകരണവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ പ്രതിനിധിയായി ഹെല്‍സിങ്കി, ജനീവ കേന്ദ്രങ്ങളിലെ സമ്മേളങ്ങളില്‍ പങ്കെടുത്തു.

1973 വത്തിക്കാന്‍റെ പൊതുകാര്യങ്ങള്‍ക്കായുള്ള കൗണ്‍സിലിന്‍റെ സെക്രട്ടറിയായി നിയമിതനായി.
1977-ല്‍ ഹെല്‍സിങ്കി കരാറിന്‍റെ അന്തിമതീര്‍പ്പിനായി ബെല്‍ഗ്രേഡ് സംഗമത്തില്‍ വത്തിക്കാനെ പ്രതിനിധീകരിച്ചു. 1979-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ മോണ്‍സീഞ്ഞോര്‍ സില്‍വസ്ട്രീനിയെ നൊവാല്‍ചീനയുടെ സ്ഥാനിക മെത്രാപ്പോലീത്തയായി അഭിഷേകംചെയ്തു. 1984-ല്‍ ലാറ്ററന്‍ ഉടമ്പടിയുടെ പുനരാവിഷ്ക്കരണത്തില്‍ വത്തിക്കാന്‍റെ ഡെലഗേഷനെ നയിച്ചു. 1987-വരെ കത്തോലിക്ക വിദ്യാലയങ്ങളിന്മേല്‍ സഭയ്ക്കുള്ള അവകാശം സംബന്ധിച്ച് കരാറുകളുമായി ബന്ധപ്പെട്ട് നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കും
പൗരസ്ത്യസഭാ സംഘത്തിലേയ്ക്കും

1988-ല്‍ കണ്‍സിസ്ട്രിയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ആര്‍ച്ചുബിഷപ്പ് സില്‍വസ്ട്രീനി കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തി. 1991-ല്‍ പൗരസ്ത്യസഭാ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ടായി നിയമിതനായി 2000-Ɔമാണ്ടില്‍ വിരമിക്കുംവരെ ആഗോളസഭയ്ക്ക് അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങള്‍ സ്തുത്യര്‍ഹമാണ്.

സഭയുടെ നല്ല അജപാലകന്  അന്ത്യാഞ്ജലി!

30 August 2019, 10:55