തിരയുക

Vatican News
 Logo Madagascar : Sower of peace and hope Logo Madagascar : Sower of peace and hope 

ആഫ്രിക്കന്‍ അപ്പസ്തോലിക പര്യടനം സെപ്തംബര്‍ 4-നു തുടക്കം

31-Ɔമത് അപ്പസ്തോലിക പര്യടനം - മൊസാംബിക്, മഡഗാസ്കര്‍, മൗറിഷ്യസ് എന്നി മൂന്നു ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്ക്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പട്ടിണിയും രോഗങ്ങളുമുള്ള മഡഗാസ്കര്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ ആഫ്രിക്കന്‍ അപ്പസ്തോലിക പര്യടനം മൊസാംബിക്, മഡഗാസ്കര്‍, മൗറിഷ്യസ് എന്നി മൂന്നു ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്ക്കുള്ള 31-Ɔമത് അപ്പസ്തോലിക പര്യടനം സെപത്ംബര്‍ 4-ന് ആരംഭിച്ച് 10-ന് സമാപിക്കും. പാപ്പാ ഫ്രാന്‍സിസ് രണ്ടാമതു സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്ന മഡഗാസ്ക്കറിലെ ഏറ്റവും വലിയ പ്രശ്നം പോഷകാഹാരക്കുറവാണെന്ന്, അവിടെന്നും വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വക്താവ് അന്തൊനേലാ പലേര്‍മോ അറിയിച്ചു. സെപ്തംബര്‍ 6-മുതല്‍ 8-വരെ തിയതികളിലാണ് ദ്വീപുരാജ്യമായ മഡഗാസ്കറിലേയ്ക്കുള്ള പാപ്പായുടെ സന്ദര്‍ശനം.

പാവങ്ങളുടെ മദ്ധ്യത്തിലെത്തുന്ന പാപ്പാ ഫ്രാന്‍സിസ്
യുഎന്നിന്‍റെ ഭക്ഷ്യപദ്ധതിയുടെ സ്ഥലത്തെ ഡയറക്ട്, സെഡ്രിക് ചാര്‍പെന്‍റിയറുമായി അപ്പസ്തോലിക സന്ദര്‍ശനത്തിന് ഒരുക്കമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം പുറത്തുവന്നത്. പോഷകാഹാരക്കുറവും അതുമായി ബന്ധപ്പെട്ട രോഗങ്ങളും പട്ടിണിയും മ‍ഡഗാസ്കറിലെ ദേശീയ പ്രശ്നമാണെന്നു  യുഎന്‍ പ്രതിനിധി വ്യാഖ്യാനിച്ചു. ധാരാളം ഉപായസാധ്യതകളുള്ള നാടാണ് മഡഗാസ്കറെങ്കിലും, ബഹുഭൂരിപക്ഷം ജനതയ്ക്ക് തങ്ങളുടെ ഭക്ഷ്യക്രമത്തെയും, വിദ്യാഭ്യാസം, അവകാശങ്ങള്‍ എന്നിവയെക്കുറിച്ചുളള യാതൊരു അവബോധവും ഇല്ലാത്തതിനാല്‍ പഴയതും പരമ്പരാഗതവും അപരിഷ്കൃതവുമായ ഭക്ഷ്യക്രമത്തിലും ജീവിതരീതികളിലും കിടന്ന് ഉഴലുന്ന ഒരു ജനതയുടെ മദ്ധ്യത്തിലേയ്ക്കാണ് പാപ്പാ ഫ്രാന്‍സിസ് കടന്നുവരുന്നതെന്ന് സിഡ്രിക് അഭിപ്രായപ്പെട്ടു.

സമ്പന്നതയ്ക്കിടയിലെ കൊടും ദാരിദ്ര്യം
പുരുഷന്മാര്‍ താരതമ്യേന അപകടകരമല്ലാത്ത ആരോഗ്യനില നിലനിര്‍ത്തുമ്പോള്‍, കുഞ്ഞുങ്ങളും സ്ത്രീകളുമാണ് പോഷകാഹാരക്കുറവുമൂലം വളരെ പരിതാപകരമായ അവസ്ഥയില്‍ ജീവിക്കുന്നതെന്ന് യുഎന്‍ പ്രതിനിധി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉച്ചഭക്ഷണം നല്കുന്ന സംവിധാനത്തിന് യുഎന്‍ ഭക്ഷ്യപദ്ധതി തുടക്കമിട്ടിട്ടുണ്ടെങ്കിലും രാജ്യത്ത് ആകെയുള്ള 24,000 പ്രാഥമിക വിദ്യാലയങ്ങളില്‍ 1300-എണ്ണത്തിനു മാത്രമേ അതു ലഭ്യമാക്കാന്‍ സാധിച്ചിട്ടുള്ളൂവെന്ന് സിഡ്രിക് അഭിമുഖത്തില്‍ വെളിപ്പെടുത്തി.

പ്രത്യാശപകരുന്ന പാപ്പായുടെ സന്ദര്‍ശനം
ഏറെ സമ്പന്നമായ പ്രകൃതി സ്രോതസ്സുകളുള്ള മഡഗാസ്കറിലെ ജനതയ്ക്ക് അടിസ്ഥാന ആവശ്യമായ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ സുസ്ഥിതി ആര്‍ജ്ജിക്കാനാവാത്തത് പാപ്പാ ഫ്രാന്‍സിസ് നിരീക്ഷിക്കുക മാത്രമല്ല, അത് രാജ്യാന്തര സമൂഹത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തുകയും പോഷകാഹാരമില്ലാതെ രോഗത്തിന്‍റെയും, മറ്റു സമൂഹ്യപ്രതിസന്ധികളുടെയും കെടുതിയില്‍ കുടുങ്ങി ജീവിക്കുന്ന ജനസഞ്ചയത്തെ രക്ഷിക്കാനുള്ള വഴിയൊരുക്കുമെന്നും യുഎന്‍ സുസ്ഥിതി വികസനത്തിന്‍റെ ഭക്ഷ്യപദ്ധതിയുടെ സ്ഥലത്തെ ഡയറക്ടര്‍കൂടിയായ സിഡ്രിക് പ്രത്യാശ പ്രകടിപ്പിച്ചു.

സെപ്തംബര്‍ 4-6 മൊസാംബിക്കില്‍
                               6-8 മഡഗാസ്ക്കറില്‍ 
                               9-10 മൗറിഷ്യസ്സില്‍

 


 

28 August 2019, 16:44