തിരയുക

Vatican News
 Riunione presinodale Amazonia Guyana Riunione presinodale Amazonia Guyana 

തദ്ദേശീയത ഉള്‍ക്കൊണ്ട സിനഡിന്‍റെ “പ്രവര്‍ത്തനരേഖ”

ആമസോണിയന്‍ സിനിഡിന് ഒരുക്കമായി പ്രവര്‍ത്തനരേഖയെ (Intrumentum Laboris) സംബന്ധിച്ച് ബൊളീവിയയിലെ വികാര്‍ അപ്പസ്തോലിക്കിന്‍റെ അഭിപ്രായപ്രകടനം :

- ഫാദര്‍ വില്യം നെല്ലിക്കല്‍

തദ്ദേശീയത അണിഞ്ഞ സഭാരൂപം
ആമസോണ്‍ സിനഡിന് ഒരുക്കമായുള്ള പ്രവര്‍ത്തന രേഖയില്‍ “തദ്ദേശജനതയോടു സാരൂപ്യപ്പെട്ടൊരു സഭയുടെ മുഖം” വ്യക്തമായി കാണുന്നുണ്ടെന്ന്, ബൊളീവിയയിലെ പാണ്ടൊ വാകാരിയത്തിന്‍റെ വികാര്‍ അപ്പസ്തോലിക്, ബിഷപ്പ് യൗജീനിയോ കോത്തെര്‍ പ്രസ്താവിച്ചു. ഒക്ടോബര്‍ 6-മുതല്‍ 27-വരെ തിയതികളില്‍ വത്തിക്കാനില്‍ നടക്കുവാന്‍ പോകുന്ന സിനഡിന് ഒരുക്കമായുള്ളതും, മാര്‍ച്ച് 2019-ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതുമായ പ്രവര്‍ത്തന രേഖയെക്കുറിച്ചാണ് ബൊളീവിയയിലെ അപ്പസ്തോലിക പ്രതിനിധിയായ ബിഷപ്പ് യൗജീനിയോ കോത്തെര്‍ ഇങ്ങനെ പ്രസ്താവിച്ചത്.

ആമസോണിയന്‍ രാജ്യങ്ങളില്‍ നടന്ന
സിനഡിനു മുന്നെയുള്ള ഒരുക്കങ്ങള്‍

സിനഡിന് ഒരുക്കമായി വത്തിക്കാനില്‍ മാത്രമല്ല, 9 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആമസോണിയന്‍ പ്രവിശ്യയില്‍ ചേര്‍ന്ന പഠനശിബിരങ്ങളുടെയും ചര്‍ച്ചകളുടെയും  വെളിച്ചത്തില്‍ ഉരുത്തിരിഞ്ഞിട്ടുള്ളതാണ് ഈ പ്രവര്‍ത്തനരേഖ. അതിനാലാണ് ഈ പ്രമാണരേഖയില്‍ അല്ലെങ്കില്‍ പഠനരേഖയില്‍ “തദ്ദേശജനതയോടു സാരൂപ്യപ്പെട്ടൊരു സഭയുടെ മുഖം” പ്രതിഫലിക്കുന്നുണ്ടെന്ന് താന്‍ പറഞ്ഞതെന്ന് ബിഷപ്പ് കോത്തെര്‍ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു ആഗസ്റ്റ് 13-Ɔο തിയതി നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ആമസോണിന്‍റെ പാരിസ്ഥിതികവും മാനുഷികവുമായ പ്രതിസന്ധികളുടെ സ്പന്ദനം അറിയുന്ന വിവിധ സഭാസമൂഹങ്ങളുടെയും വ്യക്തികളുടെയും അജപാലനപരവും സഭാ സംബന്ധിയുമായ ജീവിതാനുഭവങ്ങള്‍ കോര്‍ത്തിണക്കിയതാണ് സിനഡിന്‍റെ പ്രവര്‍ത്തനരേഖയെന്ന് ബിഷപ്പ് കോത്തര്‍ സാക്ഷ്യപ്പെടുത്തി.

സിനഡിന്‍റെ സ്വപ്നങ്ങള്‍
ദേശീയ പ്രാദേശിക തലങ്ങളിലുള്ള സഭാ നേതൃത്വത്തിന്‍റെ സത്യസന്ധമായുള്ള പരിശ്രമം ആമസോണിയന്‍ ജനതയുടെ ചരിത്രത്തിലേയ്ക്ക് കിനിഞ്ഞിറങ്ങുന്നതും അവിടെ അസ്തിത്വമെടുക്കുന്നതുമായ ഒരു തദ്ദേശത്തനിമയുള്ള നവ്യമായ സഭാസമൂഹത്തിനും ജനതയ്ക്കും സമഗ്രപരിസ്ഥിതിക്കും രൂപംനല്കാന്‍ സാധിക്കുമെന്ന് ബിഷപ്പ് കോത്തെര്‍ പ്രത്യാശപ്രകടിപ്പിച്ചു. അടിസ്ഥാന മാനുഷിക മൂല്യങ്ങളിലും മനുഷ്യാവകാശങ്ങളിലും അധിഷ്ഠിതമായ  മനുഷ്യസമൂഹവും, പ്രത്യേകിച്ച് ക്രൈസ്തവസമൂഹവും കൂട്ടിയിണക്കിയുള്ള ആമസോണിയന്‍ ജനതയുടെ സംസ്കാരത്തനിമ കാത്തുസൂക്ഷിക്കേണ്ടതാണ്. അതുപോലെ അവരുടെ പരിസ്ഥിതിയെയും ജീവിതസംവിധാനങ്ങളെയും സമഗ്രമായി പരിരക്ഷിക്കുന്ന ഒരു സാമൂഹ്യഘടനയ്ക്ക് രൂപംകൊടുക്കുകയായിരിക്കണം ആമസോണിയന്‍ സിനഡിന്‍റെ സ്വപ്നസാക്ഷാത്ക്കാരമെന്ന് ബിഷപ്പ് കോത്തര്‍ അഭിപ്രായപ്പെട്ടു.

പാരിസ്ഥിതിക അനുരജ്ഞനം ഒരു വെല്ലുവിളി
പാരിസ്ഥിതികമായ അനുരജ്ഞനവും മാനസാന്തരവും സഭയുടെയും സിനഡിന്‍റെയും വെല്ലുവിളിയാണ്. ഒരു ജനത ആയിരിക്കുന്ന അവരുടെ ജീവിത ചുറ്റുപാടില്‍ വളര്‍ത്തെയെടുക്കേണ്ട ധാര്‍മ്മികതയും മൂല്യങ്ങളുമാണ് ആമസോണിയന്‍ മേഖലയില്‍ സഭ യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിക്കേണ്ടത്. മറിച്ചല്ല, അവരെ ക്രൈസ്തവികതയിലേയ്ക്കു മാനസാന്തരപ്പെടുത്തിയെടുക്കുകയല്ല സിനഡിന്‍റെ ലക്ഷ്യം. അങ്ങനെ ആമസോണിയന്‍ ജനതയുടെ സമഗ്രവും യഥാര്‍ത്ഥവുമായ ജീവിതചുറ്റുപാടുകളിലേയ്ക്ക് മൗലികമായ സുവിശേഷമൂല്യങ്ങളില്‍ വേരൂന്നി ഇറങ്ങിച്ചെന്ന് ഉള്‍ച്ചേരുകയെന്നതാണ് സിനഡിന്‍റെയും സഭയുടെയും വലിയ വെല്ലുവിളിയെന്നു ബിഷപ്പ് കോത്തെര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
 

14 August 2019, 18:55