തിരയുക

Pope Francis in the program general audience - file photo Pope Francis in the program general audience - file photo 

സംഭാഷണ കലയെക്കുറിച്ചുള്ള ചിന്താമലരുകള്‍

"പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം സത്യമല്ല, നന്മയല്ല, പ്രയോജനകരവുമല്ല. എങ്കില്‍ പിന്നെ താങ്കള്‍ എന്തിന് അതു എന്നോടു പറയണം!?”

- ഫാദര്‍ വില്യം നെല്ലിക്കല്‍

സംഭാഷണകലയുടെ ചിന്തകള്‍ - ശബ്ദരേഖ

1. സോക്രട്ടീസും അയല്‍ക്കാരനും തമ്മിലൊരു സംഭാഷണം.
ചിലരുടെ സംസാരം ചൊറുതണത്തിന്‍റെ അല്ലെങ്കില്‍ ചൊറിയണത്തിന്‍റെ പ്രയോഗത്തിനു തുല്യമാണ്. മറ്റു ചിലരുടേതാകട്ടെ കുളിര്‍മ്മയും ശാന്തിയും സന്തോഷവും ഉളവാക്കുന്നു. സൗഹൃദം വളര്‍ത്തുകയും ചെയ്യുന്നു. വിജ്ഞാനിയും തത്വചിന്തകനുമായ സോക്രട്ടീസിന്‍റെ നിര്‍ദ്ദേശം നമ്മുടെ സംസാരത്തിന്‍റെ നിലവാരം ഉന്നതമായി നിലനിര്‍ത്താന്‍ സഹായകമാണ്.
“ഓ, സോക്രട്ടീസ്...”
“നമസ്ക്കാരം!”
“താങ്കളുടെ ഒരു സ്നേഹിതനെപ്പറ്റി ഞാന്‍ കേട്ടത് എന്തെന്നറിയുമോ?”
സോക്രട്ടീസ് മറുപടി നല്കി.
“ഇല്ല, അറിയില്ല!”
“എന്നാല്‍ ഒരു കാര്യം ഓര്‍മ്മപ്പെടുത്തട്ടെ. നിങ്ങള്‍ എന്തെങ്കിലും പറയും മുന്‍പേ എനിക്ക് നിങ്ങളില്‍ ഒരു പരീക്ഷണം നടത്താനുണ്ട് അതിനെ വേണമെങ്കില്‍ മൂന്ന് അരിപ്പകളുടെ പരിശോധന, triple filters test എന്നു വിളിക്കാം.”
“എന്ത്, സംസാരത്തിന് പരിശോധനയോ... മൂന്ന് അരിപ്പകളുടെ പരിശോധനയോ?
ഇപ്പോള്‍ മനസ്സിലായി വെറുതെയല്ല, തങ്ങളെ താത്വികനെന്നു വിളിക്കുന്ന ജനംതന്നെ കിറുക്കനെന്നും...”
സോക്രട്ടീസ് പറഞ്ഞു,
“താങ്കള്‍ എന്‍റെ സ്നേഹിതനെപ്പറ്റി എന്തെങ്കിലും പറയുന്നതിനു മുന്‍പേ സമയമെടുത്ത്, ചിന്തിച്ചു പറയുന്നത് ഒരു മുച്ചട്ടി അരിപ്പയിലൂടെ അരിച്ചുനോക്കണം. അതിനു മുന്നേ മൂന്ന് അരിപ്പകളും ഞാന്‍ വ്യക്തമാക്കിത്തരാം.”
ശരി, സര്‍... അങ്ങു പറഞ്ഞോളൂ!

2. സത്യം പറയണം
“ഒന്നാമത്തെ അരിപ്പ സത്യത്തിന്‍റേതാണ്, the filter of truth. താങ്കള്‍ എന്നോടു പറയാന്‍ പോകുന്ന കാര്യം യഥാര്‍ത്ഥമായും സത്യമായിട്ടുള്ളതാണെന്നു
താങ്കള്‍തന്നെ ഉറപ്പു വരുത്തിയിട്ടുണ്ടോ?”
അയല്‍ക്കാരന്‍ പറഞ്ഞു.
“ഇല്ല, സാര്‍.., ചില കാര്യങ്ങള്‍ മറ്റുള്ളവര്‍ പറയുന്നതു കേട്ടു എന്നു മാത്രമേയുള്ളൂ.
അതു സത്യമാണോ എന്നൊന്നും കണ്ടുപിടിക്കാന്‍ ഞാന്‍ മെനക്കെട്ടില്ല.
അതിനു സമയം കിട്ടിയുമില്ല..”
സോക്രട്ടീസിന്‍റെ മറുപടി. “ശരി, നിങ്ങള്‍ അതു സത്യമാണോ അല്ലയോ എന്നൊന്നും കണ്ടെത്താന്‍ ശ്രമിച്ചിട്ടില്ലല്ലേ!?”
ഇല്ല, ക്ഷമിക്കണേ! ഞാന്‍ പരിശ്രമിച്ചിട്ടില്ല, സാര്‍!!

3. നല്ലതു പറയണം
സോക്രട്ടീസ് തുടര്‍ന്നു. “അങ്ങനെയെങ്കില്‍, നമുക്കിനി രണ്ടാമത്തെ അരിപ്പയിലേയ്ക്കു കടക്കാം. നന്മയുടെ അരിപ്പ the filter of goodness, എന്നാണ് പേരിട്ടിരിക്കുന്നത്. നന്മയുടെ അരിപ്പയെന്നുവച്ചാല്‍,
എന്‍റെ സ്നേഹിതനെപ്പറ്റി താങ്കള്‍ പറയാന്‍ ഒരുമ്പെടുന്ന കാര്യങ്ങള്‍ എന്തെങ്കിലും നന്മയായിട്ടുള്ളതാണോ എന്നതാണ് ചോദ്യം?”
അയാള്‍ മറുപടിപറഞ്ഞു,
“ഓ... ഇല്ലല്ലോ... ക്ഷമിക്കണം!!, കാര്യങ്ങള്‍ നേരെ മറിച്ചാണ്.
എല്ലാം പിശകാണ്, അധികവും തിന്മയായിട്ടുള്ളതാണ്. നിര്‍ഭാഗ്യവശാല്‍, അവയെല്ലാം അങ്ങയുടെ കൂട്ടുകാരനു ദോഷകരമായിട്ടുള്ളതുമാണ്.”
സോക്രട്ടീസ് തുടര്‍ന്നു,
“അപ്പോള്‍ എന്‍റെ സ്നേഹിതനെപ്പറ്റി തിന്മായായിട്ടുള്ളത് എന്തോ പറയാനാണ് താങ്കള്‍ വെമ്പല്‍കൊള്ളുന്നത്? എന്നാല്‍, അതു സത്യമാണോ എന്നു താങ്കള്‍ക്കു നിശ്ചയവുമില്ലതാനും! സാരമില്ല.

4. പ്രയോജനകരമായതു പറയണം
എന്നാല്‍, ആവട്ടെ, മൂന്നാമത്തെ പരിശോധനകൂടി നടത്തിക്കളയാം.
മൂന്നാമത്തെ അരിപ്പയുടെ പേരാണ്, പ്രയോജനത്തിന്‍റെ അരിപ്പ the filter of usefulness”.
സോക്രട്ടീസ് ആരാഞ്ഞു.
“താങ്കള്‍ എന്‍റെ സ്നേഹിതനെപ്പറ്റി എന്നോടു പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം
ഏതെങ്കിലും വിധത്തില്‍ എനിക്കു പ്രയോജനം ചെയ്യുന്നതാണോ?”
മറുപടി. “ഓ... ക്ഷമിക്കണം. ഇല്ല, സത്യത്തില്‍ അതില്‍ അങ്ങേയ്ക്ക്
പ്രയോജനകരമായിട്ട് ഒന്നും ഇല്ലെന്നു തന്നെ പറയാം.”
സോക്രട്ടീസ് തുടര്‍ന്നു.
“കൊള്ളാം. അപ്പോള്‍ താങ്കള്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം
സത്യമല്ല, നന്മയല്ല, പ്രയോജനകരവുമല്ല. എങ്കില്‍ പിന്നെ താങ്കള്‍
എന്തിന് അതു എന്നോടു പറയണം!?”

5. സോക്രട്ടീസിന്‍റെ നിഗമനങ്ങള്‍
നാം പറഞ്ഞുപരത്തുന്നതു പലതും കേട്ടുകേള്‍വിയില്‍ നിന്നും സ്വീകരിക്കുന്നതാണ്. പ്രത്യേകിച്ചു മറ്റുള്ളവരുടെ ദോഷത്തെക്കുറിച്ചോ പരാജയത്തെക്കുറിച്ചോ ആണെങ്കില്‍ അതു വേഗത്തില്‍ മറ്റുള്ളവരുടെ കാതുകളില്‍ എത്തിക്കാന്‍ പൊതുവെ ഉത്സാഹമാണ്. അതിന്‍റെ സത്യാവസ്ഥയെക്കുറിച്ചോ സാധുതയെക്കുറിച്ചോ കണ്ടെത്താന്‍ ശ്രമിക്കാതെ ചൂടോടെ അവ കൈമാറാനും പറഞ്ഞുപരത്താനുമുള്ള വ്യഗ്രതയാണു പലപ്പോഴും നമ്മെ ഭരിക്കുന്നത്.
ഓ, സോക്രട്ടീസ്! അങ്ങ് എന്നോടു ക്ഷമിക്കണം. സംഭാഷണത്തിന് സഹായകമായ  ഈ സാരോപദേശത്തിന് ഞാന്‍ അങ്ങയോട് നന്ദിപറയുന്നു.

6. ദോഷൈകദൃക്കുകളും സംഭാഷണരീതിയും
ഇപ്പോള്‍ ശ്രവിച്ച ഈ സംഭാഷണം നമ്മുടെ സംസാരത്തെ വിലയിരുത്താനും നിയന്ത്രിക്കുവാനും പോരുന്നതാണ്. നാം പറഞ്ഞുപരത്തുന്ന പലതും കേട്ടുകേള്‍വിയില്‍നിന്നും സ്വീകരിക്കുന്നതാണ്. പ്രത്യേകിച്ച്, മറ്റുള്ളവരുടെ കുറ്റങ്ങളെക്കുറിച്ചോ, പരാജയങ്ങളെക്കുറിച്ചോ ആണെങ്കില്‍ അതു വേഗത്തില്‍ മറ്റുള്ളവരുടെ കാതുകളില്‍ എത്തിക്കാന്‍ നമുക്ക് പൊതുവെ നല്ല ഉത്സാഹമാണ്.
അതിന്‍റെ സത്യാവസ്ഥയെക്കുറിച്ചോ സാധുതയെക്കുറിച്ചോ കണ്ടെത്താന്‍ ശ്രമിക്കാതെ ചൂടോടെ അവ കൈമാറാനും, പറഞ്ഞുപരത്താനുമുള്ള വ്യഗ്രതയാണു പലപ്പോഴും നമ്മെ ഭരിക്കുന്നത്.

7. മറ്റുള്ളവരെ അംഗീകരിക്കുന്ന സംഭാഷണരീതി!
മറ്റുള്ളവരുടെ നന്മയോ വിജയമോ നേട്ടമോ നമ്മുടെ ശ്രദ്ധപിടിച്ചു പറ്റാറില്ല. ഇനി അവ കണ്ടാലും കേട്ടാലും ശ്രദ്ധയില്‍പ്പെട്ടാലും..., അവിടെ ഉടനെ അസൂയയുടെയും സ്വാര്‍ത്ഥതയുടെയും കരിനിഴലാണ് കടന്നുവരുന്നത്.  എന്നാല്‍ “ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ സമൂഹത്തില്‍  തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം, ആദരിക്കാന്‍ പഠിക്കണം. എങ്കിലേ സമൂഹം നന്നാകൂ, ലോകം നന്നാകൂ!” (ഫിലിപ്പിയര്‍ 2, 3) പൗലോസ് അപ്പസ്തോലന്‍റെ പ്രബോധനം എന്നും ഓര്‍ക്കേണ്ടതാണ്. തന്നെത്തന്നെ ശൂന്യനാക്കിയ ക്രിസ്തുവിന്‍റെ മഹത്തായ മാതൃക ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പൗലോസ് അപ്പസ്തോലന്‍ ഉദ്ബോധിപ്പിക്കുന്നത്.

8.  സംസാരത്തിലെ വിനീതഭാവം
“ക്രിസ്തുവില്‍ എന്തെങ്കിലും ആശ്വാസമോ സ്നേഹത്തില്‍നിന്നുള്ള സാന്ത്വനമോ ആത്മാവിലുള്ള കൂട്ടായ്മയോ എന്തെങ്കിലും കാരുണ്യമോ അനുകമ്പയോ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരേ കാര്യങ്ങള്‍ ചിന്തിച്ചുകൊണ്ട്, ഒരേ സ്നേഹത്തില്‍ വര്‍ത്തിച്ച്, ഒരേ ആത്മാവും, ഒരേ അഭിപ്രായവും ഉള്ളവരായി എന്‍റെ സന്തോഷം പൂര്‍ണ്ണമാക്കുവിന്‍. മാത്സര്യമോ വ്യാര്‍ത്ഥാഭിമാനത്തിലോ നിങ്ങള്‍ ഒന്നും ചെയ്യരുത്. മറിച്ച്, ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം. ഓരോരുത്തരും സ്വന്തം താത്പര്യം മാത്രം നോക്കിയാല്‍പ്പോരാ, മറിച്ച് മറ്റുള്ളവരുടെ താല്പര്യവും പരിഗണിക്കണം.” (ഫിലി. 2, 1-4). അങ്ങനെയുള്ള മനോഭാവമാണ് നമുക്കുള്ളതെങ്കില്‍ മറ്റുള്ളവരുടെ നന്മ കാണുവാനും, അവരുടെ നേട്ടത്തില്‍ സന്തോഷിക്കുവാനും അവരെ അഭിനന്ദിക്കാനും കഴിയും. അപ്പോഴാണ് സൗഹൃദങ്ങള്‍ തഴച്ചുവളരുന്നത്, ആത്മബന്ധങ്ങള്‍ ശക്തിപ്പെടുന്നത്.

9. സംഭാഷണത്തിലെ പക്വതയില്ലായ്മയും ശൈഥല്യകാരണവും
കുടുംബങ്ങളില്‍ ശൈഥില്യം സംഭവിക്കുന്നതിനും സാമൂഹിക രംഗത്ത് അസ്വസ്ഥതകള്‍ മുളയ്ക്കുന്നതിനും പ്രധാന കാരണം, സംസാരത്തില്‍ വരുത്തുന്ന അശ്രദ്ധയും അപാകതയുമാണ്, സംസാരത്തിലെ പാളിച്ചകളാണ്. രാഷ്ട്രീയ രംഗത്ത് കോളിളക്കങ്ങളും പൊട്ടിത്തെറികളും ഇതുമൂലം ഉണ്ടാകുന്നത് ശ്രദ്ധിച്ചിട്ടില്ല. അതുകൊണ്ടാണ്  നൂറ്റാണ്ടുകള്‍ക്കു മുന്‍പ്
ആ യവനദാര്‍ശനികന്‍, ഗ്രീസ്സിലെ ദാര്‍ശനികനും താത്വികനുമായ സോക്രട്ടീസ് ചൂണ്ടിക്കാണിച്ച മൂന്ന് അരിപ്പകള്‍ ഇന്നും പ്രയോഗക്ഷമമാക്കേണ്ടതാണ്. സത്യത്തിന്‍റെയും നന്മയുടെയും പ്രയോജനത്തിന്‍റേതുമായ അരിപ്പകളില്‍ക്കൂടി സംസാരവിഷയങ്ങള്‍ കടത്തിവിട്ടാല്‍ സമൂഹബന്ധങ്ങള്‍ എത്ര വ്യത്യസ്തമാകും. പരസ്പരബന്ധങ്ങള്‍ ഊഷ്മളവും ശ്രേഷ്ഠവുമായി മാറുകയും ചെയ്യും.

10. നാവിന്‍റെ സംവേദനശക്തി 
ജീവജാലങ്ങള്‍ക്ക് എല്ലാറ്റിനും ആശയവിനിമയത്തിനുള്ള കഴിവുണ്ട്. അങ്ങനെയാണ് ഈശ്വരന്‍ സൃഷ്ടി നടത്തിയിട്ടുള്ളത്. മനുഷ്യര്‍ തമ്മിലുള്ള ആശയവിനിമയം പ്രധാനമായും സംസാരത്തില്‍ക്കൂടിയാണ് – മാധ്യമങ്ങളുടെ സഹായത്തോടെയാണെങ്കിലും അല്ലെങ്കിലും. ടെലിഫോണിലൂടെ, മൊബൈല്‍ ഫോണിലൂടെ, ഇലക്ട്രോണിക്ക് മെയിലിലൂടെ, ട്വിറ്റര്‍ സംവിധാനങ്ങളിലൂടെ എല്ലാം, മനുഷ്യന്‍റെ സംഭാഷണ ചാതുരിയാണ് പ്രകടമാക്കുന്നത്. സംഭാഷണം ഒരു കലയാണ്, സിദ്ധിയാണ്. അതിലൂടെ സുഹൃത്തുക്കളെ നേടാനും സൗഹൃദം ഉയര്‍ത്താനും കഴിയും, മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും, വളര്‍ത്താനും കഴിയും. എന്നാല്‍ ചിലപ്പോള്‍ ഉത്സാഹം കെടുത്താനും ദുഃഖമുളവാക്കാനും ആശകെടുത്തി നിരാശ പരത്താനും സംഭാഷണം കാരണമാക്കുന്നു. ഇങ്ങനെ നാവിന്‍റെ സാദ്ധ്യതകള്‍ ക്രിയാത്മകവും ഒപ്പം നിഷേധാത്മകവുമാണ്. അത് അത്ഭുതാവഹമാണ്. ദൈവം നമുക്കു തന്നിട്ടുള്ള ഏറ്റവും വലിയ വരദാനം ഒരുവിധത്തില്‍ നാവുതന്നെയാണ്. സംസാരം നമ്മുടെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്നു. ഒരാളുടെ നിലവാരം എന്തെന്നു സംസാരം ശ്രദ്ധിച്ചാല്‍ വ്യക്തമാകുന്നതാണ്. സംസാരം മറ്റുള്ളവരെ നമ്മിലേയ്ക്ക് ആകര്‍ഷിക്കാനും, അതുപോലെ അകറ്റാനും സംസാരത്തിന് ശക്തിയുണ്ട്.

11. വന്‍പു പറയുന്ന നാവ് 
യാക്കോശ്ലീഹ നാവിനെപ്പറ്റിയും നാവിന്‍റെ ഉപയോഗത്തെപ്പറ്റിയും ഏറെ പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു, “സഹോദരരേ, നാമെല്ലാവരും പലവിധത്തില്‍ തെറ്റുചെയ്യുന്നു. സംസാരത്തില്‍ തെറ്റുവരുത്താത്ത ഏവനും പൂര്‍ണ്ണനാണ്.”(യാക്കോബ് 3, 2-12). “ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ നാവിനു കഴിയും. നമ്മെ അനുസരിക്കുന്നതിനുവേണ്ടി കുതിരയുടെ വായില്‍‍ കടിഞ്ഞാണ്‍ ഇടുമ്പോള്‍, അതിന്‍റെ ശരീരം മുഴുവനെയും നം നിയന്ത്രിക്കുകയാണു ചെയ്യുന്നത്. വളരെ വലുതും, ശക്തമായ കാറ്റിനാല്‍ പായിക്കപ്പെടുന്നതുമായ കപ്പലുകളെ നോക്കുവിന്‍. വളരെ ചെറിയ ചൂക്കാനുപയോഗിച്ച്, ആഗ്രഹിക്കുന്ന സ്ഥലത്തേയ്ക്കു കപ്പിത്താന്‍ അതിനെ നയിക്കുന്നു. അതുപോലെ, നാവ് വളരെ ചെറിയ അവയവമാണ്. എങ്കിലും അതു വന്‍പു പറയുന്നു. ചെറിയ തീപ്പൊരി എത്ര വലിയ വനത്തെയാണു ചാമ്പലാക്കുന്നത്!  നാവു തീയാണ്. അതു ദുഷ്ടതയുടെ ലോകം തന്നെയാണ്. അതു ദുഷ്ടതയുടെ ലോകം തന്നെയാണ്. നമ്മുടെ അവയവങ്ങളിലൊന്നായ നാവ് ശരീരം മുഴുവനെയും മലിനമാക്കുന്നു.

എല്ലാത്തരം വന്യമൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും സമുദ്രജീവകളെയും മനുഷ്യന്‍ ഇണക്കുന്നുണ്ട്, ഇണക്കിയിട്ടുമുണ്ട്. എന്നാല്‍ ഒരു മനുഷ്യനും നാവിനെ നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. അത് അനിയന്ത്രിതമായ തിന്മയും മാരകമായ വിഷവുമാണ്. ഈ നാവുകൊണ്ടു ഈശ്വരനെയും പിതാവിനെയും നാം സ്തുതിക്കുന്നു. ദൈവത്തിന്‍റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരെ അതേ നാവുകൊണ്ടു ശപിക്കുകയും ചെയ്യുന്നു. ഓരേ വായില്‍നിന്ന് അനുഗ്രഹവും ശാപവും പുറപ്പെടുന്നു. എന്‍റെ സഹോദരരേ, ഇത് ഉചിതമല്ല. അരുവി ഓരേ ഉറവയില്‍നിന്നു മധുരവും കയ്പും പുറപ്പെടുവിക്കുമോ?
സഹോദരങ്ങളേ, അത്തിവൃക്ഷത്തിന് ഒലിവുഫലങ്ങളോ, മുന്തിരവള്ളിക്ക് അത്തിപ്പഴങ്ങളോ പുറപ്പെടുവിക്കാന്‍ കഴിയുമോ? ഉപ്പിനു വെള്ളത്തെ മധുരതരമാക്കാനാവുമോ?”
(യാക്കോബ് 3, 2-12).

ഗാനമാലപിച്ചത് മധുബാലകൃഷണനും സംഘവുമാണ്. രചന ഫാദര്‍ ചെറിയാന്‍ കുനിയന്തോടത്ത് സി.എം.ഐ., സംഗീതം ജെറി അമല്‍ദേവ്.

ജോളി അഗസ്റ്റിന്‍, ജോര്‍ജ്ജ് സുന്ദരം, ഫാദര്‍ വില്യം നെല്ലിക്കല്‍ എന്നിവര്‍ ഒരുക്കിയ സംഭാഷണകലയെക്കുറിച്ചുള്ള ചിന്താലരുകളാണിത്.  
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 July 2019, 14:47