തിരയുക

Vatican News
Pope Francis with the Jesuit General in the Curia in Rome Pope Francis with the Jesuit General in the Curia in Rome 

പാപ്പാ ഈശോസഭയുടെ ആസ്ഥാനകേന്ദ്രം സന്ദര്‍ശിച്ചു

സ്വകാര്യമായൊരു സാഹോദര്യസന്ദര്‍ശനം – റോമിലെ ഈശോസഭ ആസ്ഥാനത്ത് (Jesuit Curia).

- ഫാദര്‍ വില്യം നെല്ലിക്കല്‍

ഒരു സ്വകാര്യസന്ദര്‍ശനം
ജൂലൈ 8-Ɔο തിയതി തിങ്കളാഴ്ചയാണ് വത്തിക്കാനില്‍നിന്നും ഒരു കല്ലേറുദൂരം മാത്രം അകലെയുള്ള ഈശോസഭയുടെ റോമിലെ ആസ്ഥാനത്തേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് സ്വകാര്യസന്ദര്‍ശനം നടത്തിയത്. വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി അലസാന്ദ്രോ ജിസ്സോത്തി അനൗപചാരികവും സ്വകാര്യവുമായ സന്ദര്‍ശനത്തെ ചൊവ്വാഴ്ച ഇറക്കിയ പ്രസ്താനയിലൂടെ സ്ഥിരീകരിച്ചു.

സാഹോദര്യക്കൂട്ടായ്മയിലെ ഇടവേള

മദ്ധ്യാഹ്നം 12 മണിയോടെ കാറില്‍ ഈശോ സഭയുടെ ആസ്ഥാനത്തെത്തിയ പാപ്പായെ, ഇപ്പോഴത്തെ സഭാതലവന്‍, ഫാദര്‍ അര്‍ത്തൂരോ സോസയും മറ്റു സഭാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. ജനറലേറ്റ് സമൂഹത്തിലെ തന്‍റെ സഹോദരങ്ങളുമായി ഏതാനും നിമിഷങ്ങള്‍ കുശലം പറഞ്ഞിരുന്ന പാപ്പാ, പ്രാദേശിക സമയം മദ്ധ്യാഹ്നം 12.30-ന് അവര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചശേഷമാണ് വത്തിക്കാനിലേയ്ക്കു മടങ്ങിയത്.

വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ
തിരുനാളിനോട് അനുബന്ധിച്ചുള്ള സന്ദര്‍ശനം

ഈശോസഭയുടെ പിതാവായ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ തിരുനാളിനോട് അനുബന്ധിച്ച്  ജനറലേറ്റു സന്ദര്‍ശിക്കുന്നതും, അവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നതും, ജനറലിനോടും അവിടെയുള്ള മറ്റു സഹോദരങ്ങള്‍ക്കുമൊപ്പം ഏതാനും സമയം ചിലവഴിക്കുന്നതും പതിവായിട്ടുണ്ട്.  ജൂലൈ 31-ന് ആസന്നമാകുന്ന വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെ  തിരുനാളിനോട് അനുബന്ധിച്ചായിരിക്കണം ഈ വര്‍ഷവും  പാപ്പായുടെ അനൗപചാരിവും സാഹോദര്യ ഭാവവുമുള്ള ഈ സന്ദര്‍ശനമെന്ന്, റോമില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ മുന്നോട്ടുവച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി അലസാന്ദ്രോ ജിസ്സോത്തി വ്യക്തമാക്കി.
 

10 July 2019, 18:56