തിരയുക

Season of Creation - reflection of Divine Beauty - project by Dycastery for Integral Human Development Season of Creation - reflection of Divine Beauty - project by Dycastery for Integral Human Development 

“സൃഷ്ടിയുടെ വസന്തം” ഒരുമയോടെ ആചരിക്കാം!

2019 സെപ്തംബര്‍ 1-മുതല്‍ ഒക്ടോബര്‍ 4-വരെ ആറു ഭൂഖണ്ഡങ്ങളിലും കൂട്ടായ്മയില്‍ ആചരിക്കേണ്ട പദ്ധതി.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

പൊതുഭവനമായ ഭൂമി സംരക്ഷിക്കാന്‍
ഒരു മാസക്കാലം നീളുന്ന “സൃഷ്ടിയുടെ വസന്തം” പദ്ധതി ക്രൈസ്തവര്‍ ഒരുമയോടെ ആചരിക്കണമെന്ന്, സമഗ്രമാനവ പുരോഗതിക്കായുളള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ അഭ്യര്‍ത്ഥിച്ചു. പൊതുഭവനമായ ഭൂമി സംരക്ഷിക്കാന്‍ ആഗോളതലത്തില്‍ ക്രൈസ്തവരുടെ കൂട്ടായ്മകള്‍ പ്രാര്‍ത്ഥനയുടെയും പരിശ്രമത്തിന്‍റെയും ഒരു മാസം ആചരിക്കുന്നതാണ് “സൃഷ്ടിയുടെ വസന്തം” (The Season of Creation) പരിപാടി. ലോകത്തെ ആറു ഭൂഖണ്ഡങ്ങളിലും പരിസ്ഥിതി സംരക്ഷിക്കാനുള്ള ഈ ശ്രമം വിജയിപ്പിക്കാന്‍ ക്രൈസ്തവ സഭകള്‍ ഐക്യത്തോടെ കൈകോര്‍ത്ത് പരിശ്രമിക്കുന്നതാണ് മനുഷ്യകുലത്തിന്‍റെ പൊതുനന്മയ്ക്കായുള്ള ഈ പദ്ധതി.  സമഗ്ര മാനവ പുരോഗതിക്കായുള്ള വത്തിക്കാ‍ന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്ക്സണ്‍ ജൂണ്‍ 18, ചൊവ്വാഴ്ച പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ്  “സൃഷ്ടിയുടെ വസന്തം”  വെളിപ്പെടുത്തിയത്.  

ആമസോണിയന്‍ സിനഡിനു പിന്‍തുണയാകുന്ന പദ്ധതി
2019 ഒക്ടോബര്‍ 3-മുതല്‍ 27-വരെ തിയതികളില്‍ വത്തിക്കാനില്‍ അരങ്ങേറാന്‍ പോകുന്ന തദ്ദേശജനതകളെ കേന്ദ്രീകരിച്ചുള്ള, വിശിഷ്യാ ആമസോണിയന്‍ പ്രദേശത്തെ തദ്ദേശസമൂഹങ്ങളെ കേന്ദ്രീകരിച്ചുള്ള  മെത്രാന്മാരുടെ 26-Ɔമത് സിനഡു സമ്മേളനവുമായി സന്ധിക്കുന്നതാണ്
ഈ പാരിസ്ഥിതിക സംരക്ഷണപരിപാടി. പാപ്പാ ഫ്രാന്‍സിസിന്‍റെ പരിസ്ഥിതി സംബന്ധിയും മാനവപുരോഗതി ലക്ഷ്യംവച്ചുകൊണ്ടുള്ളതുമായ ചാക്രികലേഖനം, “അങ്ങേയ്ക്കു സ്തുതി”യില്‍നിന്നും (Laudato Si!) പ്രചോദനം ഉള്‍ക്കൊണ്ടാണ് വത്തിക്കാന്‍റെ സമഗ്രമാനവ പുരോഗതിക്കായുള്ള വകുപ്പ് ഈ ആഹ്വാനം നടത്തുന്നത്.

സൃഷ്ടിയുടെ വസന്തം എങ്ങനെ പ്രായോഗികമാക്കാം?
ഇടവകകളും സ്ഥാപനങ്ങളും, സന്ന്യാസസമൂഹങ്ങളും പ്രസ്ഥാനങ്ങളും, ഓറട്ടറികളും യുവജന പ്രസ്ഥാനങ്ങളും ഭക്തസംഘടനകളും, കുടുംബപ്രസ്ഥാനങ്ങളും അജപാലന സമൂഹങ്ങളോടു ചേര്‍ന്ന് ഈ ഒരുമാസക്കാലം പരിസ്ഥിതി സംരക്ഷിക്കാനും, അതുമെച്ചപ്പെടുത്തി എടുക്കാനുമുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഇടവകകളുടെയും രൂപതാസംവിധാനങ്ങളുടെയും വാര്‍ഷിക കാര്യക്രമത്തില്‍ ഈ പരിപാടി ഉള്‍ച്ചേര്‍ത്തും, ഇതര ക്രൈസ്തവസഭാ സമൂഹങ്ങളോടു സാഹോദര്യത്തില്‍ കൈകോര്‍ത്തും, സാധിക്കുന്നിടങ്ങളില്‍ അജപാലന പരിസരത്തുള്ള അക്രൈസ്തവരായ സഹോദരങ്ങളോടു ഒത്തുചേര്‍ന്നും പരിസ്ഥിതി സംരക്ഷിക്കാനും, അങ്ങനെ പൊതുഭവനമായ ഭൂമി സംരക്ഷിക്കാനുമുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ആഹ്വാനത്തോട് കാതോര്‍ക്കാം!

സൃഷ്ടിയെ ആദരിക്കുന്നവര്‍ സ്രഷ്ടാവിനെയും
“സൃഷ്ടിയെ ആദരിക്കുന്നവര്‍ സ്രഷ്ടാവിനെ ആദരിക്കുന്നു! അതിനാല്‍ നമുക്കൊരുമിച്ച് സൃഷ്ടിയുടെ വസന്തം ആഘോഷിക്കാം!” ഇത് പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രസ്താവമാണ്. “സൃഷ്ടിയുടെ വസന്തം” പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘം ഒരുക്കിയിരിക്കുന്ന പ്രത്യേക വെബ്സൈറ്റ് സന്ദര്‍ശിക്കാം.

SeasonofCreation.org.
 

19 June 2019, 17:52