തിരയുക

Young leaders rejoice that Scholas in Miami County, United States of America Young leaders rejoice that Scholas in Miami County, United States of America 

പാപ്പാ ഫ്രാന്‍സിസിന്‍റെ “സ്കോളാസ്” അമേരിക്കയില്‍

സ്കൂളുകള്‍ കൂട്ടുചേര്‍ന്ന് കൂട്ടായ്മയുടെ സംസ്കാരം വളര്‍ത്തുന്ന പാപ്പാ ഫ്രാന്‍സിസിന്‍റ “സ്കോളാസ്” പരിപാടിക്ക് മയാമിയില്‍ തുടക്കമായി.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

മയാമിയിലെ തുടക്കം

ജൂണ്‍ 25- Ɔο തിയതി ചൊവ്വാഴ്ചയാണ് നീണ്ട കാത്തിരിപ്പിനുശേഷം അമേരിക്കയിലെ മിയാമിയിലെ പോണ്‍സ് ദി ലിയോണ്‍ മിഡില്‍ സ്കൂളില്‍ കൗണ്ടിയിലെ വിവിധ സ്കുളുകളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതിനിധികള്‍ ചേര്‍ന്നു നടത്തിയ പഠനക്കളരിയിലൂടെ യുവജനങ്ങള്‍ യുവജനങ്ങളെ തുണയ്ക്കുന്ന “സ്കോളാസ് ഒക്കുരേന്തസ്” (Scholas Occurentes) പരിപാടിക്ക് മയാമിയില്‍ തുടക്കമായത്. സ്കോളാസിന്‍റെ അമേരിക്കയിലെ ആദ്യ ഉദ്യമത്തില്‍ കൗണ്ടിയിലെ 10 സ്കൂളുകള്‍ പങ്കെടുത്തു.

മയാമി കൗണ്ടി – ഒരു കവാടം
മയാമി മേയര്‍, മയാമി സ്കുളുകളുടെ ബോര്‍ഡ് കൂട്ടായ്മ എന്നിവയുടെ പിന്‍തുണയോടെയാണ് അമേരിക്കയില്‍ യുവജനക്ഷേമത്തിനും കൂട്ടായ്മയ്ക്കുമുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രസ്ഥാനത്തിന് തുടക്കമായതെന്ന്, സ്കോളാസിന്‍റെ രാജ്യാന്തര പ്രസിഡന്‍റ്, ഹൊസ്സെ മരിയ കൊറാല്‍ പ്രസ്താവനയിലൂടെ അറിയിച്ചു. മയാമി കൗണ്ടിയെ സ്കോളാസിന്‍റെ അമേരിക്കയിലേയ്ക്കുള്ള കവാടമായി തിരഞ്ഞെടുത്തിലുള്ള സന്തോഷം, മയാമി കൗണ്ടിയുടെ മേജര്‍, കാര്‍ലോസ് ജിമനേസ് വാക്കുകളില്‍ രേഖപ്പെടുത്തി.

ആദ്യത്തെ 10 വിദ്യാലയങ്ങളുടെ കൂട്ടായ്മ
ജൂണ്‍ 19-മുതല്‍ 7 ദിവസത്തെ കൂട്ടായ പഠനത്തിലൂടെയും പങ്കുവയ്ക്കലിലൂടെയുമാണ് സ്കോളാസ് പ്രസ്ഥാനത്തിന് അമേരിക്കയില്‍ തുടക്കമായത്. മയാമി കൗണ്ടിയിലെ പ്രധാനപ്പെട്ട 10 വിദ്യാലയങ്ങളിലെ പ്രതിനിധികളായ കുട്ടികളുടെയും അദ്ധ്യാപകരുടെയും കൂട്ടായ്മയാണ് സ്കോളാസ് അമേരിക്കയില്‍ യാഥാര്‍ത്ഥ്യമാകുന്നതെന്ന്, കൗണ്ടി സ്കൂള്‍സ് ബോര്‍ഡിന്‍റെ മേധാവി, ആല്‍ബര്‍ട് കര്‍ബാലോ പ്രസ്താവിച്ചു.

വ്യക്തിത്ത്വ രൂപീകരണവും കൂട്ടായ്മയുടെ സംസ്കാരവും
മാനസികമായ പിരിമുറുക്കം, ഉല്‍ക്കണ്ഠ, വിഷാദം എന്നിവയാല്‍ യുവജനങ്ങള്‍ സ്കൂളികളില്‍ തോക്ക് ഉപയോഗിക്കുകയും, കുട്ടികള്‍ വീട്ടിലും വിദ്യാലയത്തിലും മാനസികമായ ക്ലേശിക്കുകയും ചെയ്യുന്ന പ്രതിസന്ധിയുടെ ഇക്കാലഘട്ടത്തില്‍ വ്യക്തിത്വരൂപീകരണത്തിനും, കുട്ടായ്മയുടെ സംസ്ക്കാരം വളര്‍ത്തുന്നതിനും, പങ്കുവയ്ക്കലിലൂടെ പരസ്പരം സഹായമാകുന്ന രീതി വളര്‍ത്താനും സ്കോളാസ് പ്രസ്ഥാനത്തിന്‍റെ സാന്നിദ്ധ്യം സമൂഹത്തിന്‍റെ ധാര്‍മ്മിക വളര്‍ച്ചയ്ക്ക്, പ്രത്യേകിച്ച് യുവജനങ്ങള്‍ക്കു പിന്‍ബലമാകുമെന്ന് മയാമി ഡേഡ് കൗണ്ടി മേയര്‍, കാര്‍ളോസ് ജീമനേസ് പ്രസ്താവിച്ചു.

“സ്കോളാസ് ഒക്കുരേന്തസ്” പ്രസ്ഥാനത്തെക്കുറിച്ച്
വ്യക്തിവളര്‍ച്ചയില്‍ കുട്ടികളും യുവജനങ്ങളും പരസ്പരം സഹായിക്കാന്‍ ബ്യൂനസ് ഐരസില്‍ മെത്രാപ്പോലീത്തയായിരിക്കവെ പാപ്പാ ഫ്രാന്‍സിസ് തുടക്കിമിട്ട പ്രസ്ഥാനമാണ് സ്കോളാസ് (Scholas Occurentes). ലത്തീന്‍ ഭാഷയിലുള്ള പേരിന് അര്‍ത്ഥം “സ്കൂളുകളുടെ കൂട്ടായ്മ” എന്നാണ്. അര്‍ജന്‍റീനയിലെ ബ്യൂനസ് ഐരസ് അതിരൂപതയുടെ മെത്രാപ്പോലീത്തയായിരിക്കെ (1998-2013) കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ, പാപ്പാ ഫ്രാന്‍സിസ് തുടങ്ങിയതാണ് യുവജനങ്ങള്‍ യുവജനങ്ങളെ സഹായിക്കുന്ന ‘സ്കോളാസ് ഒക്കുരേന്തസ്സ്’ പ്രസ്ഥാനം. കലാ-കായിക-സാംസ്ക്കാരിക വേദികളിലെ പ്രമുഖരായ യുവജനങ്ങളെ സംഘടിപ്പിച്ചാണ് പാപ്പാ ഫ്രാന്‍സിസ് അന്ന് പ്രസ്ഥാനത്തിന് തുടക്കമിട്ടത്. ആദ്യകാല അംഗങ്ങളില്‍ ഒരാളാണ് ആര്‍ജന്‍റീനിയില്‍ ബ്യൂനസ് ഐരസിലെ ലാനസുകരാനായ ഡിയേഗോ മരഡോണ, ബ്രസീലിയന്‍ താരം റൊനാള്‍ഡീനോ എന്നിവര്‍.

ഇന്നൊരു പൊന്തിഫിക്കല്‍ സ്ഥാപനം
യുവജനങ്ങള്‍ യുവജനങ്ങളെ സഹായിക്കുക, അങ്ങനെ ലോകത്ത് കൂട്ടായ്മയും സമാധാനവും വളര്‍ത്തുക എന്നതാണ് പ്രസ്ഥാനത്തിന്‍റെ ലക്ഷ്യം. യുവജനങ്ങള്‍ ഭാവിയുടെ മാത്രമല്ല, ഇന്നിന്‍റെയും വാഗ്ദാനങ്ങളാണെന്ന് പാപ്പാ ഫ്രാന്‍സിസ് വിശ്വസിക്കുന്നു. അതിനാല്‍ കലാ സാംസ്ക്കാരി കായിക ലോകത്തെ ധാരാളം യുവപ്രതിഭകള്‍ പ്രസ്ഥാനത്തിന്‍റെ സജീവപ്രവര്‍ത്തകരാണ്. ഇന്നത് ഒരു രാജ്യാന്തര പ്രസ്ഥാനമായി വളര്‍ന്ന് 185-രാജ്യങ്ങളില്‍ എത്തിക്കഴിഞ്ഞു. കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ 2013-ല്‍ ബ്യൂനസ് ഐരസില്‍നിന്നും വത്തിക്കാനില്‍ എത്തിയതോടെ ഇറ്റലിയിലും “സ്കോളാസി”ന് വേരുപിടിച്ചു. 2016-ല്‍ അതൊരു പൊന്തിഫിക്കല്‍ പ്രസ്ഥാനമായും ഉയര്‍ത്തപ്പെട്ടു. ഇന്നതിന് റോമാ നഗരത്തില്‍ ഓഫീസുണ്ട്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 June 2019, 20:16