തിരയുക

Pope Francis and Patriarch Daniel of Romanian orthodox church Pope Francis and Patriarch Daniel of Romanian orthodox church 

പാപ്പാ ഫ്രാന്‍സിസും പാത്രിയര്‍ക്കീസ് ഡാനിയേലും

മെയ് 31, വെള്ളിയാഴ്ച വൈകുന്നേരം - സ്വകാര്യ കൂടിക്കാഴ്ചയും ഓര്‍ത്തഡോക്സ് സഭാസിനഡുമായുള്ള നേര്‍ക്കാഴ്ചയും.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പാപ്പാ ഫ്രാന്‍സിസ് ബുക്കാറെസ്റ്റിലെ ഓര്‍ത്തഡോക്സ് കേന്ദ്രത്തില്‍
ബുക്കാറെസ്റ്റിലുള്ള വത്തിക്കാന്‍ സ്ഥാനപതിയുടെ മന്ദിരത്തില്‍ ഉച്ചഭക്ഷണം കഴിച്ച് വിശ്രമിച്ച പാപ്പാ ഫ്രാന്‍സിസ് റൊമേനിയയിലെ സമയം വൈകുന്നേരം 3.55-നു പുറപ്പെട്ടത്  നഗരമദ്ധ്യത്തിലെ പുരാതനമായ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കേറ്റ് മന്ദിരത്തിലേയ്ക്കാണ്. രാജ്യത്തെ ബഹുഭൂരിപക്ഷമായ ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനവും, പാത്രിയര്‍ക്കീസ് പാര്‍ക്കുന്ന മന്ദിരവുമാണിത്. 1906-ല്‍ സ്ഥാപിതമായ റൊമേനിയന്‍ വാസ്തുഭംഗിയിലുള്ള ഈ മന്ദിരം ആദ്യം രാഷ്ട്രത്തിന്‍റെ ഭരണകേന്ദ്രമായിരുന്നു. പിന്നീട്, കമ്യൂണിസ്റ്റ് മേല്‍ക്കോയ്മയുടെ കാലത്ത് അവര്‍ക്കും ഇത് ഭരണകേന്ദ്രമായി. സ്വാതന്ത്ര്യലബ്ധിക്കുശേഷം 1996-ലാണ് റൊമേനിയയിലെ ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനമായി ഇതു നല്കപ്പെട്ടത്.

പുരാതന പാത്രിയാര്‍ക്കേറ്റ് മന്ദിരം
റൊമേനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പാത്രിയര്‍ക്കിസ് ഡാനിയേലും പാപ്പാ ഫ്രാന്‍സിസുമായുള്ള കൂടിക്കാഴ്ചയ്ക്കും, സഭയുടെ സിനഡുമായുള്ള നേര്‍ക്കാഴ്ചയ്ക്കും വേദിയാകാന്‍ പോകുന്നത് ഈ പാത്രിയാര്‍ക്കല്‍ മന്ദിരമാണ്. പ്രാദേശിക സമയം 3.45-ന്
3 കിലോമീറ്റര്‍ യാത്രചെയ്ത് പാപ്പാ പാത്രിയാര്‍ക്കേറ്റില്‍ എത്തിച്ചേര്‍ന്നു. റൊമേനിയയുടെ പാത്രിയക്കീസ് ഡാനിയേലും സിനഡിലെ അംഗങ്ങളും ചേര്‍ന്ന് പാപ്പായെ പാത്രിയാര്‍ക്കേറ്റിന്‍റെ ഉമ്മറത്ത് സ്വീകരിച്ചു. മന്ദിരത്തിന്‍റെ "ദീഞ്ഞിത്താസ്," വിശിഷ്ടാതിഥികളുടെ ഹാളില്‍ പാപ്പായും പാത്രിയര്‍ക്കിസ് ദാനിയേലുമായുള്ള സ്വകാര്യകൂടിക്കാഴ്ച ആദ്യം നടന്നു. 2007-ലാണ് പാത്രിയര്‍ക്കിസ് ഡാനിയേല്‍ റൊമേനിയയിലെ പാത്രിയര്‍ക്കല്‍ സഭയുടെ തലവനായി സ്ഥാനമേറ്റത്. അദ്ദേഹം ജര്‍മ്മനിയിലാണ് ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കിയത്. ഇറ്റലിയിലെ ബൊസ്സെ ആശ്രമസമൂഹത്തിലും സഭൈക്യപഠനങ്ങള്‍ നടത്തിയിട്ടുണ്ട്.

പാത്രിയാര്‍ക്കല്‍ സിനഡുമായി കുടിക്കാഴ്ച
പാത്രിയര്‍ക്കേറ്റിലെ കൊണ്‍വെന്തൂസ്, സമ്മേളന ഹാളിലേയ്ക്ക് സിനഡ് അംഗങ്ങള്‍ക്കൊപ്പമുള്ള കൂടിക്കാഴ്ചയ്ക്കായി പാപ്പാ ആനീതനായി. ആദ്യം പാത്രിയര്‍ക്കീസ് ഡാനിയേല്‍ പാപ്പായ്ക്ക് സ്വാഗതമോതി. ക്രൈസ്തവസഭയുടെ പുണ്യാത്മാക്കളായ വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമനെയും, പുണ്യാത്മാവായ ഓര്‍ത്തഡോക്സ് സഭാ മുന്‍പാത്രിയര്‍ക്കീസ് തെയോക്ടീസിനെയും അനുസ്മരിച്ചു. വിശ്വാസം പ്രഘോഷിക്കുന്നതിലും സംരക്ഷിക്കുന്നതിലും ഈ രണ്ടു പുണ്യാത്മാക്കള്‍ മാതൃകയാണെന്നു ചൂണ്ടിക്കാട്ടി. വിശ്വാസ ജീവിതത്തില്‍ ഇന്ന് ആരാധനക്രമം മനുഷ്യര്‍ക്ക് ഇണങ്ങുന്നതും അവരുടെ പങ്കാളിത്തമുള്ളതുമാവണം. പാവങ്ങളെ ഉള്‍ക്കൊള്ളുന്ന സാമൂഹികമുഖവും പ്രാര്‍ത്ഥനയ്ക്കു വേണം. എന്നാല്‍ സാമൂഹികതലത്തില്‍ ക്രിസ്തുവിന്‍റെ സുവിശേഷം നമ്മെ നീതിക്കും അനുരഞ്ജനത്തിനും, ഐക്യദാര്‍ഢ്യത്തിനുമായി ക്ഷണിക്കുന്നു. സുവിശേഷപ്രഘോഷണ പാതയില്‍ പാപ്പായ്ക്ക് ദീര്‍ഘായുസ്സു നേര്‍ന്നുകൊണ്ടാണ് പാത്രിയര്‍ക്കിസ് ഡാനിയേല്‍ ആശംസ വാക്കുകള്‍ ഉപസംഹരിച്ചത്. ഇരുന്നുകൊണ്ടാണ് സഭാപ്രമുഖരായ ഇരുവരും സംഭാഷണത്തില്‍ ഏര്‍പ്പെട്ടതും, പ്രഭാഷണം നടത്തിയതും. സിനഡിലെ അംഗങ്ങള്‍ ചുറ്റും സന്നിഹിതരായിരുന്നു. പാത്രിയര്‍ക്കിസ് ഡാനിയേലിന്‍റെ സ്വാഗതാശംസയെ തുടര്‍ന്ന് കൂട്ടായ്മയില്‍ ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിന്‍റെ സാക്ഷികളാകാമെന്നു ഉദ്ബോധിപ്പിച്ചുകൊണ്ട് പാപ്പാ പ്രഭാഷണം നടത്തി.

“കോഡെക്സ് പാവുളി” സമ്മാനം
പ്രഭാഷണാനന്തരം ഇരുപക്ഷവും സമ്മാനങ്ങള്‍ കൈമാറി. ലത്തീന്‍ ഭാഷയില്‍ വത്തിക്കാന്‍ ഒരുക്കിയിട്ടുള്ള അപ്പസ്തോലന്‍ പോളിന്‍റെ പൗരാണിക രേഖകള്‍, “Codex Pauli” എന്ന അപൂര്‍വ്വഗ്രന്ഥത്തിന്‍റെ പ്രതിയും, റൊമേനിയ സന്ദര്‍ശനത്തിന്‍റെ മേരിയന്‍ മെഡലും പാപ്പാ ഫ്രാന്‍സിസ് പാത്രിയര്‍ക്കിസ് ഡാനിയേലിന് സമ്മാനമായി നല്കി. ജൂണ്‍ 2008-ജൂണ്‍ മുതല്‍ 2009 ജൂണ്‍വരെ ഒരു വര്‍ഷക്കാലം സഭ ആചരിച്ച വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ വര്‍ഷത്തോട് അനുബന്ധിച്ച് വത്തിക്കാന്‍ ഒരുക്കിയ അതികായനായ സുവിശേഷപ്രഭാഷകനെ സംബന്ധിച്ച ചരിത്രവും പഠനങ്ങളുമാണ് Codex Pauli. പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ, ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസ് പോലുള്ള ലോകത്തെ വിവിധ ക്രൈസ്തവ സഭാതലവന്മാരും പണ്ഡിതന്മാരുമായുവരുടെ രചനകളും ഇതിനെ ശ്രേഷ്ഠതരമാക്കിയിട്ടുണ്ട്. മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമനാണ് ഈ ഗ്രന്ഥത്തിന്‍റെ രചനയ്ക്കും ചരിത്രമൂല്യങ്ങളുടെ ശേഖരത്തിനും പ്രചോദനമായത്. വത്തിക്കാന്‍റെ “പാവുളൂസ്” എന്ന പ്രസിദ്ധീകരണവും വത്തിക്കാന്‍ മുദ്രണാലയവും ചേര്‍ന്നാണ് ഈ അത്യപൂര്‍വ്വ പഠനഗ്രന്ഥം പുരാതനഗ്രന്ഥങ്ങളുടെ വലുപ്പത്തിലും ശൈലിയിലും രൂപകല്പനചെയ്തും പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതും. തുകല്‍ ചട്ടയില്‍ സുവര്‍ണ്ണ ലിപികളില്‍ പേരും ചിത്രങ്ങളുമുള്ള ഈ ഗ്രന്ഥത്തിന് 456 ബഹുവര്‍ണ്ണ പേജുകളുണ്ട്.

പാപ്പാ വോയിത്തീവ ജീവിക്കുന്ന റൊമേനിയ
റൊമേനിയന്‍ സഭാപിതാക്കന്മാരെയും, അവരുടെ ചരിത്രവും അനുസ്മരിപ്പിക്കുന്ന 2 സ്വര്‍ണ്ണ മെഡലുകളും, 20 വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ റൊമേനിയ സന്ദര്‍ശനത്തിന്‍റെ ബഹുവര്‍ണ്ണ സ്മരണികയുമാണ് പാത്രിയര്‍ക്കീസ് ഡാനിയേല്‍ പാപ്പായ്ക്കു സമ്മാനമായി നല്കിയത്. തുടര്‍ന്ന്  സമീപത്തുള്ള പുതിയ ഭദ്രാസന ദേവാലയത്തിലേയ്ക്ക് പോകുന്നതിനുള്ള തുറന്ന വാഹനത്തിലേയ്ക്ക് ആനയിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 June 2019, 18:23