തിരയുക

Vatican News
ആര്‍ച്ച്ബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ, ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ച്ബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ, ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകന്‍ 

വത്തിക്കാന്‍ ഇസ്രായേല്‍ നയതന്ത്രബന്ധം-രജത ജൂബിലിയില്‍!

നയതന്ത്ര ബന്ധം കൂട്ടായ പരിശ്രമത്തിന്: പരിശുദ്ധസിംഹാസനവും ഇസ്രായേലും തമ്മില്‍ നയതന്ത്രം ബന്ധം സ്ഥാപിച്ചി‌ട്ട‌് ഇരുപത്തിയഞ്ചു വര്‍ഷം പിന്നിടുന്നതിനെക്കുറിച്ച് ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ച്ബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പരിശുദ്ധസിംഹാസനവും ഇസ്രായേലും തമ്മിലുള്ള നയതന്ത്രബന്ധം സകലരുടെയും ഔന്നത്യവും ജീവനും സംരക്ഷണം ഉറപ്പാക്കുന്നതിനു വേണ്ടി സംഘാതമായി യത്നിക്കാന്‍ ഇരുവിഭാഗത്തെയും ക്ഷണിക്കുന്നുവെന്ന് ആര്‍ച്ച്ബിഷപ്പ് ബെര്‍ണര്‍ദീത്തൊ ഔത്സ.

ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം ഇസ്രായേലും പരിശുദ്ധസിംഹാസനവും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിതമായതിന്‍റെ  രജതജൂബിലിയോടനുബന്ധിച്ചു ന്യുയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് സംഘടിപ്പിക്കപ്പെട്ട ഒരു യോഗത്തെ ബുധനാഴ്ച (19/06/2019) സംബോധന ചെയ്യുകയായിരുന്നു.

1993 ഡിസംബര്‍ 30-ന് ഇസ്രായേലും പരിശുദ്ധസിംഹസാനവും അടിസ്ഥാന ഉടമ്പടിയില്‍ ഒപ്പുവച്ചതിനെ തുടര്‍ന്ന 1994 ജനുവരി 19 നാണ് ഇരുവിഭാഗവും സ്ഥാനപതികാര്യാലയങ്ങള്‍, അതായത്, പരിശുദ്ധ സിംഹാസനം ഇസ്രായേലില്‍ അപ്പസ്തോലിക് നണ്‍ഷിയേച്ചറും ഇസ്രായേല്‍ പരിശുദ്ധസിംഹാസനത്തിനു വേണ്ടി സ്ഥാനപതി കാര്യാലയവും തുറന്നത്. 

യഹൂദവിശ്വാസവും ക്രിസ്തീയവിശ്വാസവും തമ്മിലുള്ള ഉറ്റബന്ധമാണ് ഇസ്രായേലും പരിശുദ്ധസിംഹാസനവും തമ്മിലുള്ള നയതന്ത്രബന്ധത്തിന് സവിശേഷ സ്വാഭാവമേകുന്നതെന്ന് ആര്‍ച്ച്ബിഷപ്പ് ഔത്സ വിശദീകരിച്ചു.

മതമൗലികവാദത്തിന്‍റെ സകലരൂപങ്ങളെയും തള്ളിക്കളയാനും മതസ്വാതന്ത്ര്യം മനസ്സാക്ഷിസ്വാതന്ത്ര്യം എന്നീ മൗലികാവകാശങ്ങള്‍ പരിപോഷിപ്പിക്കാനും വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ കൈകോര്‍ത്തു നീങ്ങാനും ഈ സവിശേഷ ബന്ധം ഇരുവിഭാഗത്തെയും ക്ഷണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ-യഹൂദ-ഇസ്ലാം മതങ്ങള്‍ക്ക് ഒരുപോലെ സുപ്രധാനമായ ജറുസലേമിന്‍റെ  പ്രത്യേക സ്ഥാനത്തെപ്പറ്റിയും പരാമര്‍ശിച്ച ആര്‍ച്ചുബിഷപ്പ് ഔത്സ ഈ സവിശേഷത ആ നഗരത്തെ ആഗോളതലത്തില്‍ പരസ്പരാദരവിന്‍റെയും സമാധാനപരവും ഏകതാനവുമായ സഹജീവനത്തിന്‍റെയും പ്രതീകമാക്കി മാറ്റുന്നുവെന്ന് പ്രസ്താവിച്ചു.

 

22 June 2019, 08:14