തിരയുക

Archbishop Paul Gallagher, the Secretary for foreign affairs of Vatican. Archbishop Paul Gallagher, the Secretary for foreign affairs of Vatican. 

കുടിയേറ്റക്കാരോടുള്ള സഭയുടെ നിലപാട്

ലോക അഭയാര്‍ത്ഥിദിനമായ ജൂണ്‍ 20-Ɔο തിയതി വ്യാഴാഴ്ച വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി, ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പരിഹാര്യമായ പ്രതിസന്ധി

പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളില്‍ പറഞ്ഞാല്‍, ആഗോള കുടിയേറ്റപ്രതിഭാസവും അഭയാര്‍ത്ഥി പ്രശ്നവും ഓരോ രാജ്യങ്ങള്‍ക്കും കൈകാര്യംചെയ്യാനാവാത്ത വിധം ഇന്ന് ഭീമമായിട്ടുണ്ട്. അതിനാല്‍ ലോകരാഷ്ട്രങ്ങള്‍ നേരിടേണ്ട പച്ചയായ യാഥാര്‍ത്ഥ്യമാണ് കുടിയേറ്റവും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും. അത്രപെട്ടെന്ന് പരിഹരിക്കാനാവുന്നതല്ല ഈ പ്രതിസന്ധിയും പ്രശ്നങ്ങളും. അതിനാല്‍ ഓരോ ഇടങ്ങളിലും ഇതു വരുത്തിവയ്ക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും വൈവിധ്യങ്ങളും വിവിധ മേഖലകളെ സ്പര്‍ശിക്കുന്നതുമാണെന്ന് മനസ്സിലാക്കണം. എന്നാല്‍ ഇവ അപരിഹാര്യമാണെന്നു ചിന്തിക്കരുത്. ക്രിസ്തീയമായ വിധത്തിലും, മാനുഷികമായ രീതികളിലും ഈ നവപ്രതിഭാസത്തോടു പ്രതികരിക്കുകയും, അഭയംതേടി എത്തുന്നവരെ പറ്റുന്ന വിധത്തില്‍ സഹായിക്കാന്‍ പരിശ്രമിക്കുകയുമാണു വേണ്ടത്. ഒരിക്കലും അവരെ ഉപദ്രവിക്കുകയോ, അന്യവത്ക്കരിക്കുകയോ, അവരോടു നിസംഗതകാട്ടുകയോ ചെയ്യരുതെന്ന് ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളില്‍ പ്രതികരിച്ചു.

അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും മേഖലയില്‍
വത്തിക്കാന്‍റെ പ്രവര്‍ത്തനം

രാജ്യാന്തര നിലപാടുകളിലും നയരൂപീകരണത്തിലും നിര്‍ബന്ധമായും വത്തിക്കാന്‍ പങ്കെടുക്കാറുണ്ട്. ഉദാഹരണത്തിന് യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്തും, ജനീവയിലെ മനുഷ്യാവകാശ കമ്മിഷന്‍റെ കേന്ദ്രത്തിലും വത്തിക്കാന്‍റെ പ്രതിനിധികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുപോലെ യൂറോപ്യന്‍ പാര്‍ളിമെന്‍റിന്‍റെ ബ്രസ്സല്‍സ് കേന്ദ്രത്തിലും, സ്ട്രാസ്ബേര്‍ഗിലെ ഈ.യൂ. കൗണ്‍സിലിലും (E. U. Councils) വത്തിക്കാന്‍റെ നയതന്ത്രപ്രതിനിധികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ കുടിയേറ്റവും അഭയാര്‍ത്ഥി പ്രതിസന്ധികളും സംബന്ധിച്ച ആഗോള ഉടമ്പികളുടെ നിര്‍മ്മാണത്തില്‍ പരിശുദ്ധ സിംഹാസനം ശക്തമായി ഇവിടെല്ലാം ഇടപഴകുന്നുണ്ട്. ഒപ്പം ആഗോളതലത്തില്‍ കത്തോലിക്കാ പ്രസ്ഥാനങ്ങളെയും രൂപതകളെയും ഇടവകകളെയും സന്നദ്ധ സംഘടനകളെയും അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരോടും തുറവുകാണിക്കാനും, സുവിശേഷാധിഷ്ഠിതമായ രീതിയില്‍ അവരെ സമീപിക്കാനും ഉള്‍ക്കൊള്ളാനും സ്വാഗതംചെയ്യാനുമുള്ള ക്രമീകരണങ്ങള്‍ നടത്തുന്നുണ്ട്. കൂടാതെ വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ്തന്നെ നേതൃത്വം നല്കുന്ന കുടിയേറ്റക്കാര്‍ക്കുള്ള വിഭാഗം ഈ പ്രതിഭാസത്തെ നേരിടാനും തുണയ്ക്കാനും വളരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുവെന്നതും ഇവിടെ അനുസ്മരണീയമാണ്.

അഭയം തേടിവരുന്നവരെ കൈവെടിയരുത്!
സ്വാഗതംചെയ്യാം, പിന്‍തുണയ്ക്കാം, സംരക്ഷിക്കാം, ഉള്‍ക്കൊള്ളാം (Welcome, support, protect and integrate) അല്ലെങ്കില്‍ ഉള്‍ച്ചേര്‍ക്കാം. ഇതാണ് കുടിയേറ്റക്കാരിലേയ്ക്കും അഭയാര്‍ത്ഥികളിലേയ്ക്കും കടന്നുചെല്ലാന്‍ പാപ്പാ ഫ്രാന്‍സിസ് നിര്‍ദ്ദേശിക്കുന്ന 4 പ്രധാനപ്പെ‌ട്ട ചുവടുവയ്പ്പുകള്‍. ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ വ്യക്തമാക്കി. എന്നാല്‍ അഭയാര്‍ത്ഥി പ്രശ്നപരിഹാരത്തിന് കാലദൈര്‍ഘ്യം ആവശ്യമാണ്. യൂറോപ്പു മുഴുവനിലും സഭ അഭയാര്‍ത്ഥികള്‍ക്കൊപ്പം നടക്കുകയുണ്ടായി (Walk with migrants! Project of Caritas International). എന്നാല്‍ കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും സംഖ്യ അതിഭീമമാകയാല്‍ അത് പ്രശ്നപരിഹാരത്തിന് തടസ്സങ്ങളും, പരിസ്ഥിതിക്ക് പ്രതിബന്ധങ്ങളും, ദേശീയതലത്തില്‍ ദാരിദ്ര്യാവസ്ഥയും തൊഴിലില്ലായ്മയും വര്‍ദ്ധിപ്പിക്കുന്നുണ്ട് എന്നതും സത്യമാണ്. എങ്കിലും സമൂഹം പ്രതിസന്ധികളെ നേരിടുകയും, പിന്‍തുണയ്ക്കുകയും വേണം. ചിലപ്പോള്‍ നിരവധി വര്‍ഷങ്ങള്‍തന്നെ ഈ പ്രതിഭാസത്തോടും അതിന് ഇരകളായിരിക്കുന്ന ജനസഞ്ചയത്തോടും ഏറെ ഐക്യദാര്‍ഢ്യത്തോടും സഹാനുഭാവത്തോടും സാഹോദര്യ മനോഭാവത്തോടുംകൂടെ സമൂഹം പ്രതികരിക്കുകയാണു വേണ്ടതെന്നും ആര്‍ച്ചുബിഷപ്പ് ഗ്യാലഹര്‍ വ്യക്തിമാക്കി.

ഇരുട്ടില്‍ പരതാതെ വെളിച്ചത്തു നീങ്ങാം!
പ്രശ്നങ്ങളുടെ ഇരുട്ടില്‍ പരതുന്നവരാകാതെ, അവസരങ്ങളുടെ വെളച്ചത്തിലേയ്ക്കു കടക്കാനും, അതിനു മറ്റുള്ളവരെ പിന്‍തുണയ്ക്കാനും പരിശ്രമിക്കാം. ഇന്ന് കുടിയേറ്റംമൂലം യൂറോപ്പില്‍ ജനപ്പെരുപ്പത്തിന്‍റെ പ്രശ്നമുണ്ട്, എന്നാല്‍ വ്യവസായ മേഖലയില്‍  തൊഴിലാളികളെ ആവശ്യവുമുണ്ട്. അതുപോലെ മറ്റു മേഖലകളിലും യുറോപ്പിനു മനുഷ്യക്കരുത്ത് ആവശ്യമാണ്. അതിനാല്‍ സന്തുലിതമായ കാഴ്ചപ്പാടും തന്ത്രപരമായ നീക്കങ്ങളുമാണ് കുടിയേറ്റപ്രതിഭാസത്തിനും അഭയാര്‍ത്ഥി പ്രശ്നങ്ങള്‍ക്കും പരിഹാരമായി കൈക്കൊള്ളേണ്ടത്. നമുക്കു സ്വയം കൂടുതല്‍ മനുഷ്യത്വമുള്ളവരാകാന്‍ പരിശ്രമിക്കാം. പ്രതികൂല സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമൂലം നാടുംവീടും വിട്ടിറങ്ങിവരുന്നവരോടു മോശമായി പെരുമാറുമ്പോഴും, അവരെ മോശക്കാരായി പരിഗണിക്കുമ്പോഴും അവിടെ തരംതാഴുന്നത്, അങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണെന്ന് ഓര്‍ക്കണമെന്ന്, വത്തിക്കാന്‍റെ പരിചയസമ്പന്നനായ നയതന്ത്രജ്ഞനും, ഇപ്പോള്‍ വത്തിക്കാന്‍റെ വിദേശകാര്യങ്ങളുടെ ഉത്തരവാദിത്ത്വം വഹിക്കുകയുംചെയ്യുന്ന ആര്‍ച്ചുബിഷപ്പ് പോള്‍ ഗ്യാലഹര്‍ ഉദ്ബോധിപ്പിച്ചു.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 June 2019, 11:45