തിരയുക

Vatican News
Pope Francis greets Denis Mukwege, 2018 Nobel Peace Prize laureate in the Vatican Pope Francis greets Denis Mukwege, 2018 Nobel Peace Prize laureate in the Vatican 

പാപ്പായെ കാണാനെത്തിയ നോബല്‍ സമ്മാനജേതാവ്

വത്തിക്കാനില്‍ തന്നെ കാണാനെത്തിയ സമാധാനത്തിനുള്ള നോബല്‍ സമ്മാനജേതാവ്, ഡോക്ടര്‍ ഡെന്നിസ് മുക്വേഗയെ പാപ്പാ ഫ്രാന്‍സിസ് അഭിവാദ്യംചെയ്തു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

മനുഷ്യാവകാശത്തിന്‍റെ സേവകന്‍
മെയ് 22-Ɔο തിയതി ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് വേദിയിലെത്തിയ ഡോക്ടര്‍ ഡെന്നിസ് മുക്വേഗയെ പാപ്പാ സ്വകാര്യമായി കണ്ട് അഭിവാദ്യംചെയ്തത്. വത്തിക്കാന്‍റെ പ്രസ്സ് ഓഫീസ് മേധാവി, അലസാന്ദ്രോ ജിസ്സോത്തിയാണ് ഈ വാര്‍ത്ത അറിയിച്ചത്. തന്‍റെ വൈദ്യശാസ്ത്ര പരിജ്ഞാനം മനുഷ്യാവകാശത്തിന്‍റെ മേഖലയിലേയ്ക്ക്, വിശിഷ്യ യുദ്ധം, അഭ്യന്തരകലാപം, ലൈംഗികപീഡനങ്ങള്‍ എന്നിവയ്ക്കു വിധേയരായ വനിതകളുടെയും കുട്ടികളുടെയും സഹായത്തിനായി തിരിച്ചുവിട്ടതോടെയാണ് ഗര്‍ഭരോഗവിജ്ഞാനീയ വിദഗ്ദ്ധനായ മുക്വേഗെയെ ലോകം തിരിച്ചറിഞ്ഞതും, അദ്ദേഹത്തിന്‍റെ ജീവിതനന്മയെ അംഗീകരിച്ചതും.

അതിക്രമങ്ങള്‍ക്ക് ഇരയായവരുടെ പരിചരണം
ജന്മനാടായ കോംഗോയിലെ യുദ്ധനിയമ ലംഘനങ്ങളും (war crimes), അവയ്ക്ക് ഇരകളായ സ്ത്രീകളെയും കുട്ടികളെയും കണ്ടു മനസ്സലിഞ്ഞാണ് തന്‍റെ വൈദ്യശാസ്ത്രപരിജ്ഞാനം പാവങ്ങളും പീഡിതരുമായവരുടെ സംരക്ഷണത്തിനായി തിരിച്ചുവിട്ടത്. ഇതിനായി 1999-ല്‍ അദ്ദേഹം കോംഗോയുടെ പ്രാന്തപ്രദേശമായ ബുക്കാവൂയില്‍ (Bukavu) പാന്‍സി ആശുപത്രിക്ക് (Panzi Hospital and Foundation) തുടക്കമിട്ടു.

അനുകമ്പയുള്ള മനുഷ്യസ്നേഹി
പ്രസവചികിത്സയും ലൈംഗിക അധിക്രമങ്ങള്‍ക്ക് ഇരയായ സ്ത്രീകളുടെയും കുട്ടികളുടെയും പരിചരണവും സംരക്ഷണവും ഡോക്ടര്‍ മുക്വേഗെ തുറന്ന മനസ്സോടെ ഏറ്റെടുത്തു. ബലാല്‍സംഗം, കൂട്ടബലാല്‍സംഗം എന്നിങ്ങനെയുള്ള അതിക്രമങ്ങള്‍ക്ക് ഇരയായ പാവങ്ങള്‍ ഡോക്ടര്‍ മുക്വേഗയുടെ ആര്‍ദ്രമായ അനുകമ്പയില്‍ അഭയം കണ്ടെത്തി.

പീഡനങ്ങള്‍ കലാപങ്ങളിലെ ആയുധം 
തന്‍റെ രാജ്യമായ കോംഗോയിലും മറ്റു രാജ്യങ്ങളിലും സ്ത്രീകളുടെയും കുട്ടികളുടെയും ബലാല്‍സംഗംപോലുള്ള പീഡനങ്ങള്‍ കലാപങ്ങളുടെ മദ്ധ്യേ ഒരായുധമാക്കുന്നതിനെ ശക്തമായി ചെറുക്കുകയും, ഇരകളായവരെ പരിരക്ഷിക്കുകയും ചെയ്യുന്ന ഒരു സാന്ത്വനസേവനകനായി മാറി ഡോക്ടര്‍ ഡെന്നിസ് മുക്വേഗ! നിരന്തരമായ ഭീഷണികള്‍ക്ക് ഇരയാകുമ്പോഴും മാനവികതയ്ക്ക് സാന്ത്വനസ്പര്‍ശമായി ഈ ഭിഷഗ്വരന്‍ ധീരതയോടെ മുന്നേറുന്നു - ഡോക്ടര്‍ ഡെന്നിസ് മുക്വേഗ.
 

22 May 2019, 17:24