തിരയുക

Vatican News
The Land that saw the glory of Resurrection The Land that saw the glory of Resurrection 

വിശുദ്ധനാട്ടിലെ ജനങ്ങളെ പ്രത്യേകമായി സഹായിക്കാം

പൗരസ്ത്യ സഭാകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രിയുടെ സഹായാഭ്യര്‍ത്ഥന :

- ഫാദര്‍ വില്യം നെല്ലിക്കല്‍

ക്രിസ്തുവിന്‍റെ സജീവ സ്മരണകളുടെ നാട്
ആസന്നമാകുന്ന വിശുദ്ധവാരത്തിന്‍റെ ചിന്തകളില്‍, മാര്‍ച്ച് 6-Ɔο തിയതി വിഭൂതിത്തിരുനാളില്‍ പ്രസിദ്ധപ്പെടുത്തിയ കത്തിലൂടെയാണ് വിശുദ്ധനാടിനെ പൂര്‍വ്വോപരി ഔദാര്യത്തോടെ തുണയ്ക്കണമെന്ന് കര്‍ദ്ദിനാള്‍ സാന്ദ്രി അഭ്യര്‍ത്ഥിച്ചത്. ക്രിസ്തുവിന്‍റെ പാദസ്പര്‍ശമേറ്റതും ചരിത്രത്തെ മാറ്റിമറിച്ചതുമായ വിശുദ്ധനാട്ടിലെ സംഭവങ്ങളെക്കുറിച്ചു ധ്യാനിക്കാന്‍ തപസ്സിലെ ദിനങ്ങള്‍ നമ്മെ ക്ഷണിക്കുന്നു. മനുഷ്യാവതാരംചെയ്ത്, ലോകരക്ഷയ്ക്കായി പീഡകള്‍ അനുഭവിച്ചു മരിച്ച ദൈവപുതനായ ക്രിസ്തുവിന്‍റെ സജീവസ്മരണകള്‍ ഉണര്‍ത്തുന്ന പുണ്യഭൂമിയാണ് വിശുദ്ധനാട്.

സുവിശേഷം രേഖപ്പെടുത്തിയിട്ടുള്ള രക്ഷയുടെ രഹസ്യങ്ങള്‍
ആരാധനക്രമവത്സരത്തിന്‍റെ കേന്ദ്രസംഭവങ്ങള്‍ അനുവര്‍ഷം ക്രൈസ്തവര്‍ ധ്യാനിക്കുന്നത് വിശുദ്ധവാരത്തിലാണ്. അത് ബെത്ഫൈജയില്‍നിന്നുമുള്ള ജരൂസലേം പ്രവേശനത്തോടെ ആരംഭിക്കുന്നു (യോഹ. 12, 1). പിന്നെ ബഥനിയില്‍വച്ച് അവിടുത്തെ പീഡാനുഭവവും മരണവും ഉത്ഥാനവും അനുസ്മരിപ്പിക്കുന്ന വിധത്തില്‍ പാപിനിയായ സ്ത്രീ അവിടുത്തെ പാദങ്ങളില്‍ തൈലാഭിഷേകം നടത്തുന്നു (യോഹ. 12, 1-4). തുടര്‍ന്ന് ജരൂസലേമിലെ മേല്‍മുറിയിലെ അന്ത്യത്താഴവും കാലുകഴുകലുമാണ്. ക്രിസ്തു തന്‍റെ ശരീരരക്തങ്ങള്‍ പകുത്തു നല്കിയതിന്‍റേയും, വിനയത്തിന്‍റെ പാഠം ശിഷ്യന്മാര്‍ക്കു കാണിച്ചു കൊടുത്തതിന്‍റേയും, സ്നേഹത്തിന്‍റെ പരമമായ കല്പന നല്കിയതിന്‍റേതുമായ മഹല്‍സംഭവങ്ങളുടെ അനുഷ്ഠാനങ്ങള്‍ കാണാം (യോഹ. 13). തുടര്‍ന്ന് ആ രാത്രിയില്‍ ഗദ്സേമന്‍ തോട്ടത്തില്‍ ക്രിസ്തു ബന്ധിയാക്കപ്പെട്ടു (യോഹ.16). പത്രോസ് മാത്രം അവിടുത്തെ പിന്‍ചെന്നെങ്കിലും, ഒരു ഘട്ടത്തില്‍ സ്വരക്ഷയ്ക്കായി മറ്റാരെയുംപോലെ അയാളും ഗുരുവിനെ തള്ളിപ്പറഞ്ഞു (യോഹ. 18, 15).

സ്വയാര്‍പ്പണത്തിന്‍റെ ദിവ്യപ്രഭ
ഗൊല്‍ഗോത്തായിലെ കുരിശിന്‍റെ വേദിയാണ് അടുത്തത്. കുരിശിന്‍ ചുവട്ടില്‍ അവിടുത്തെ അമ്മയും പ്രിയ ശിഷ്യന്‍ യോഹന്നാനും മഗ്ദലയിലെ മേരിയും നിന്നിരുന്നു (യോഹ. 19, 25). കുരിശില്‍വച്ച് അവിടുത്തെ നെഞ്ച് പിളര്‍ക്കപ്പെട്ടു (യോഹ. 19, 31). അവസാനം ഒരു ചെറിയ തോട്ടത്തിലെ കല്ലറയില്‍ സംസ്കരിക്കപ്പെട്ടു (യോഹ.19, 41). പിറ്റേന്ന് ഈസ്റ്റര്‍ പ്രഭാതത്തില്‍ സുഗന്ധ തൈലവുമായി മഗ്ദലയിലെ മറിയം എത്തുന്നു. എന്നാല്‍ അവിടുന്ന് ഉയിര്‍ത്തെഴുന്നേറ്റിരുന്നു (യോഹ. 20, 1)!  ക്രിസ്തുവിന്‍റെ ഉത്ഥാനപ്രഭ സകലരുടെ കണ്ണുകളെയും ഹൃദയങ്ങളെയും ഇന്നും തഴുകുന്നു. ലോക ചരിത്രത്തിലേയ്ക്കും വ്യക്തിഗത ചരിത്രത്തിലേയ്ക്കും നവമായ പ്രത്യാശയോടെ എത്തിനോക്കാന്‍ ഉത്ഥിതനായ ക്രിസ്തു സകലരെയും ക്ഷണിക്കുന്നു!

വിശുദ്ധനാട്ടിലെ ജനങ്ങളെ ഓര്‍ക്കാം സഹായിക്കാം
രക്ഷയുടെ ചരിത്രം നാം ഈ ദിനങ്ങളില്‍ വിശുദ്ധവാരത്തിലൂടെ ആത്മീയമായി പുനരാവിഷ്ക്കരിക്കുകയും ഓര്‍ക്കുകയും ചെയ്യുമ്പോള്‍ ക്രിസ്തു ജീവിച്ചു മരിച്ച് ഉത്ഥാനംചെയ്ത നാട്ടില്‍ ഇന്നു ജീവിക്കുന്ന സഹോദരങ്ങളെ നാം പ്രത്യേകമായി അനുസ്മരിക്കുന്നത് ഉചിതമാണ്. വിവിധ കാരണങ്ങളാല്‍ ഇന്ന് വിശുദ്ധനാട്ടില്‍ പീഡനങ്ങള്‍ അനുഭവിക്കുന്ന ജനസഞ്ചയത്തെ ഓര്‍ക്കുക മാത്രമല്ല, അവരെ ഭൗതികമായി സഹായിക്കുകയും ചെയ്യുന്നത് ഏറെ ഉചിതമായിരിക്കും, കാരണം അവര്‍ ഒരു പീഡിതസമൂഹമാണിന്ന്.

പുണ്യഭൂമിയിലെ പീഡനകഥ
ക്രിസ്തുവിനെ അടുത്ത് അനുഗമിക്കുന്നത്, നമ്മുടെ സഹോദരങ്ങളിലേയ്ക്കു ഒരുപടികൂടെ അടുത്തു നടന്നുകൊണ്ടാണെന്ന് ഉദ്ബോധിപ്പിച്ചത് പാപ്പാ ഫ്രാന്‍സിസാണ്. അതായത് നമ്മുടെ അസ്തിത്വത്തിന്‍റെ അതിരുകള്‍ക്കു പുറത്തേയ്ക്കു ചുവടുവച്ച് സഹോദരങ്ങളെ സഹായിച്ചുകൊണ്ടാണ്. ക്രിസ്തുവിന്‍റെ വെളിച്ചം നിപതിച്ച നാട് ഇന്ന് അതിക്രമങ്ങളും യുദ്ധവും കലാപവും മതമൗലിക ചിന്തകളുംകൊണ്ട് കീറിമുറിക്കപ്പെട്ടതാണ്. അവിടെനിന്നും അനുദിനം വിശ്വാസികള്‍ നാടുകടത്തപ്പെടുന്നുണ്ട്. ജീവരക്ഷാര്‍ത്ഥം പലായനം ചെയ്യേണ്ടി വരുന്നവരും നിരവധിയാണ്. അങ്ങനെ വിശ്വാസത്തിന്‍റെ വികൃതമായൊരു മുഖം വിശുദ്ധനാട്ടില്‍ മെല്ലെ വിന്യസിക്കപ്പെടാനും ഇടയുണ്ട്.

ദുഃഖവെള്ളിയുടെ  സ്തോത്രക്കാഴ്ച
കഴിഞ്ഞ നൂറ്റാണ്ടിന്‍റെ മദ്ധ്യഘട്ടം മുതല്‍ അജപാലനപരവും സാമൂഹികവും ഉപവിയുടേതുമായ പ്രവര്‍ത്തനങ്ങള്‍വഴി വിശുദ്ധനാട്ടിലെ വിവിധ മതസ്തരായ തദ്ദേശജനതയെ ലോകമെമ്പാടുമുള്ള ക്രൈസ്തവമക്കള്‍ ഒത്തുചേര്‍ന്ന് സഹായിക്കുകയാണ്. തുടര്‍ന്നും നമ്മുടെ വിശ്വാസത്തിന്‍റെ ആനന്ദത്തോടെ ദുഃഖവെള്ളിയാഴ്ച കുരിശാരാധനയിലും മറ്റു തിരുക്കര്‍മ്മങ്ങളിലും എടുക്കുന്ന സ്തോത്രക്കാഴ്ച പൂര്‍വ്വോപരി ത്യാഗമനസ്ഥിതിയോടുകൂടി വിശുദ്ധനാടിന്‍റെയും അവിടുത്തെ ജനങ്ങളുടെയും സംരക്ഷണയ്ക്കായി പരിശുദ്ധ പിതാവിന് എത്തിച്ചുകൊടുക്കേണ്ടതാണെന്ന് പൗരസ്ത്യസഭാകാര്യങ്ങള്‍ക്കായുള്ള സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ലിയനാര്‍ദോ സാന്ദ്രി സന്ദേശത്തിലൂടെ അനുസ്മരിപ്പിച്ചു.

29 March 2019, 10:05