തിരയുക

Vatican News
Pope Francis leaves Panama after World Youth Day Pope Francis leaves Panama after World Youth Day  (ANSA)

അനുതാപത്തോടെ നവീകൃതരാകാം! ബാലപീഡന കേസുകള്‍ക്കെതിരെ സംഗമം

ലൈംഗിക പീഡനക്കേസുകള്‍ ചര്‍ച്ചചെയ്യപ്പെടുന്ന ദേശീയ സഭാദ്ധ്യക്ഷന്മാരുടെ രാജ്യാന്തര സംഗമം വത്തിക്കാനില്‍ 2019 ഫെബ്രുവരി 21-മുതല്‍ 24-വരെ തിയതികളില്‍.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പാപ്പാ വിളിച്ചുകൂട്ടുന്ന മുന്‍പൊരിക്കലുമില്ലാത്ത സംഗമം
സഭാശുശ്രൂഷകരുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസുകള്‍ ചര്‍ച്ചചെയ്യപ്പെടുന്ന ദേശീയ സഭാദ്ധ്യക്ഷന്മാരുടെ 2019 ഫെബ്രുവരി സംഗമം സുഗമമാക്കാനും, അതില്‍ എടുക്കുന്ന തീരുമാനങ്ങള്‍, പ്രാര്‍ത്ഥന, പരിഹാരം, നിര്‍ദ്ദേശങ്ങള്‍ എന്നിവ ദേശീയ  സഭകളെ അതിവേഗം കൃത്യമായി അറിയിക്കുന്നതിനുംവേണ്ടി പാപ്പാ ഫ്രാന്‍സിസ് വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കുട്ടികളുടെ പീഡനക്കേസുകള്‍ക്കായുള്ള പൊന്തിഫിക്കല്‍ കമ്മിറ്റിയുടെ അംഗം ഫാദര്‍ ഹാന്‍സ് സോള്‍നര്‍ എസ്. ജെ. വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തില്‍ അറിയിച്ചു.

മറച്ചുവയ്ക്കാനുള്ള പ്രവണത ഇല്ലാതാക്കാന്‍
സഭാശുശ്രൂഷകര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സംസ്കാരം പാടെ മാറ്റിയെടുക്കുവാനും, അത് ആവര്‍ത്തിക്കപ്പെടാതിരിക്കാനും  മാത്രമല്ല മറച്ചുവയ്ക്കാനുള്ള പ്രവണതകളും, തുടരാനുള്ള സാദ്ധ്യതകളും പാടെ ഇല്ലാതാക്കുവാനുമാണ് പാപ്പാ ഫ്രാന്‍സിസ് ലോകത്തെ വിശ്വാസികള്‍ക്കെഴുതിയ കത്തിലൂടെ (If one member suffers, all suffer together with it” 1 Cor 12:26) ആഹ്വാനംചെയ്യുന്നത്. തീരുമാനങ്ങള്‍ ശരിയാം വണ്ണം എത്തിച്ചേരാന്‍ ഇരകളായവരുമായുള്ള സംവാദവും, ലൈംഗികപീഡനം, മനഃശാസ്ത്രം എന്നീ മേഖലകളിലെ വിദഗ്ദ്ധര്‍, അല്‍മായ പ്രമുഖര്‍, സംസ്കാര സമ്പന്നരായ സ്ത്രീ-പുരുഷന്മാര്‍ എന്നിവരുമായുള്ള സംവാദം എന്നിവ ഏറെ പ്രധാനപ്പെട്ട വസ്തുതകളാണെന്ന് ഫാദര്‍ ഹാന്‍സ് വ്യക്തമാക്കി.

മാര്‍ഗ്ഗദര്‍ശിയായി  അടിസ്ഥാന രേഖ തയ്യാറാക്കും
ഫെബ്രുവരിയിലെ സംഗമത്തിന് പാപ്പാ ഫ്രാന്‍സിസ് നല്കിയ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ക്രമീകൃതമായ ആശയങ്ങള്‍ സ്വരുക്കൂട്ടുക, പങ്കെടുക്കുന്നവരില്‍നിന്നു തന്നെ ചര്‍ച്ചകള്‍ക്കുള്ള ശരിയായ ധാരണകള്‍ ചോദ്യോത്തര മാര്‍ഗ്ഗേണ മുന്‍കൂട്ടി ശേഖരിക്കുക. അതുവഴി ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും കൂട്ടായ്മയുടെ സ്വഭാവവും ഉത്തരവാദിത്വവും നിലനിര്‍ത്തുക. ഫെബ്രുവരി സംഗമത്തിന്‍റെ ഘടന സ്വതന്ത്രവും ഫലവത്തുമായ താരതമ്യ പഠനത്തിന്‍റേതായിരിക്കും. ഒപ്പം അത് കൂട്ടായ്മയുടെയും പ്രാര്‍ത്ഥനയുടെയും പരിചിന്തനത്തിന്‍റെയും ധ്യാനാത്മകമായ മുഹൂര്‍ത്തങ്ങളുടെയും വിശദീകരണങ്ങളുടെയും മാര്‍ഗ്ഗങ്ങള്‍ കൈക്കൊള്ളും. പഠനസഹായിയായ ഒരു അടിസ്ഥാനരേഖ (basic preparatory document) ഒരുക്കുകയെന്നതും സംഘാടക കമ്മറ്റിയു ഉത്തരവാദിത്വമാണെന്ന് ഫാദര്‍ ഹാന്‍സ് ചൂണ്ടിക്കാട്ടി.

ആഗോളവ്യാപ്തിയുള്ള പ്രശ്നം
സംഗമത്തിന്‍റെ ബലതന്ത്രമായിരിക്കും ചാര്‍ച്ചയുള്ള സഹകരണം. കാരണം ലോകമെമ്പാടുമുള്ള  വിശ്വാസികളെയും ജനങ്ങളെയും ഒരുപോലെ പിടിച്ചു കുലുക്കുകയും, മുറിപ്പെടുത്തുകയും, വേദനിപ്പിക്കുകയുംചെയ്ത ഉതപ്പുകളാണ് ലൈംഗിക പീഡനക്കേസുകള്‍. ‌അതിനാല്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ കാഴ്ചപ്പാടില്‍ ഇന്നിന്‍റെ അടിസ്ഥാന പ്രാധാന്യമുള്ള പ്രശ്നമാണ് ലൈംഗിക പീഡനങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്നുള്ളത്. കുട്ടികളുടെ ലൈംഗിക പീഡനത്തിന് ആഗോളവ്യാപ്തിയുണ്ട്, അത് സഭയെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. സ്കൂളുകള്‍, കായികകേന്ദ്രങ്ങള്‍, കുടുംബങ്ങള്‍ എന്നിവ ഈ തിന്മയുടെ ശാപത്തിന് വേദിയാകുന്നുണ്ട്. പാശ്ചാത്ത്യ ലോകത്തു മാത്രമല്ല, ലോകത്ത് എവിടെയും ഈ തിന്മ കടന്നുകൂടിയിട്ടുണ്ടെന്നത് വാസ്തവമെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചിട്ടുള്ളത് ഫാദര്‍ ഫാന്‍സ് ആവര്‍ത്തിച്ചു.

ദൈവസഹായത്തില്‍ ആശ്രയിച്ച് പ്രതിവിധി തേടും
ദേശീയ മെത്രാന്‍ സമിതികളുടെ സാന്നിദ്ധ്യവും, അവ വഴിയുള്ള പ്രശ്നത്തോടുള്ള പ്രതികരണവും ഏറെ പ്രധാനപ്പെട്ടതും പ്രായോഗികവുമാണ്. വിശ്വാസികള്‍ ഈ തിന്മയെ കൈകോര്‍ത്തുനിന്ന് ചെറുക്കേണ്ടതാണ്. ശരീരത്തിലെ ഒരവയവം വേദനിക്കുമ്പോള്‍ മറ്റ് അവയവങ്ങളും വേദനിക്കുന്നു, (1കൊറി. 12, 26). ഈ യാതനയ്ക്ക് ദൈവത്തിന്‍റെ സഹായത്താല്‍ കൂട്ടായ പരിശ്രമത്തില്‍ നമുക്ക് പ്രതിവിധി കണ്ടെത്താനാകും. പാപ്പാ ഫ്രാന്‍സിസ് പ്രശ്നപരിഹാരത്തിനു നല്കുന്ന ആത്മീയതയാണിത്. ഒരു ജനമായി, ദൈവജനമായി അനുതാപത്തോടെ സകലര്‍ക്കും  നവീകൃതരാകാം!

29 January 2019, 15:23