തിരയുക

Vatican News
Vatican's cricket team for an Argentina tour gets a bat singed for the first match Vatican's cricket team for an Argentina tour gets a bat singed for the first match 

വത്തിക്കാന്‍റെ ക്രിക്കറ്റ് ടീം അര്‍ജന്‍റീനയില്‍

പാപ്പാ ഫ്രാന്‍സിസിന്‍റെ രക്ഷാകര്‍ത്തൃത്വത്തിലുള്ള ടീമിന്‍റെ 5-Ɔമത്തെ രാജ്യാന്തര പര്യടനമാണിത്.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

ഡിസംബര്‍ 27-മുതല്‍ 2019 ജനുവരി 3-വരെയാണ് വിശുദ്ധ പത്രോസിന്‍റെ പേരിലുള്ള വത്തിക്കാന്‍റെ ക്രിക്കറ്റ് ക്ലബിന്‍റെ  (Saint Peter’s Cricket Club) അര്‍ജന്‍റീന പര്യടനം.

വിശ്വാസ വെളിച്ചത്തിന്‍റെ പര്യടനം

വത്തിക്കാന്‍ ടീമിന്‍റെ മത്സരയാത്രയെ “വിശ്വാസ വെളിച്ചത്തിന്‍റെ പര്യടനങ്ങളെ”ന്നാണ് (Light of Faith) വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. അര്‍ജന്‍റീനയിലെ ബ്യൂനസ് ഐരസില്‍ മെത്രാപ്പോലീത്ത ആയിരിക്കവെ ആര്‍ജന്‍റീനയിലെ ചേരിപ്രദേശങ്ങളിലെ പാവപ്പെട്ട കുട്ടികളെ തുണയ്ക്കാന്‍ “അതിരുകള്‍ക്കപ്പുറവും ക്രിക്കറ്റ്”  എന്ന പേരില്‍ അന്നവിടെ മെത്രാപ്പോലീത്തയായിരുന്ന ആര്‍ച്ചുബിഷപ്പ് ബര്‍ഗോളിയോ തുടക്കമിട്ട സ്ഥാപനമാണ് ഇപ്പോള്‍ വത്തിക്കാന്‍റെ ക്രിക്കറ്റ് ടീമിനെ അര്‍ജന്‍റീനയിലേയ്ക്ക് ക്ഷണിക്കുന്നത്. ബ്യൂനസ് ഐരസ് കേന്ദ്രീകരിച്ചു കളിക്കുന്ന “അതിരുകള്‍ക്കപ്പുറമുള്ള ക്രിക്കറ്റ് ടീം” 2017-ല്‍ ഇറ്റലി സന്ദര്‍ശിക്കുകയും വത്തിക്കാനും ഇറ്റലിയിലെ വിവിധ ക്രിക്കറ്റ് ടീമുകളുമായി പ്രദര്‍ശന മത്സരങ്ങള്‍ കളിക്കുകയും ചെയ്തിട്ടുള്ളതാണ്.

പാപ്പാ ഫ്രാന്‍സിസ് സ്ഥാപകന്‍
യുവജനങ്ങളെ സ്നേഹിക്കുന്ന പാപ്പാ ഫ്രാന്‍സിസ് സ്ഥാനമേറ്റ വര്‍ഷം, 2013-ല്‍ സ്ഥാപിച്ചതാണ് വത്തിക്കാന്‍റെ ക്രിക്കറ്റ് ക്ലബ്ബ്. റോമിലെ പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റികളില്‍ പഠിക്കാനെത്തുന്ന വിവിധ രാജ്യക്കാരായ വൈദികരെയും വൈദിക വിദ്യാര്‍ത്ഥികളെയും, അപൂര്‍വ്വം പ്രഫസര്‍മാരെയും കോര്‍ത്തിണക്കിയാണ് വത്തിക്കാന്‍റെ ക്രിക്കറ്റ് ക്ലബ്ബ് കളിക്കുന്നത്. ടീമിന്‍റെ യാത്രയ്ക്കു മുന്‍പ്, ഡിസംബര്‍ 12-Ɔο തിയതി ബുധനാഴ്ച പൊതുകൂടിക്കാഴ്ചയുടെ അന്ത്യത്തില്‍, ടീം അംഗങ്ങളുമായി പാപ്പാ ഫ്രാന്‍സിസ് സ്വകാര്യകൂടിക്കാഴ്ച നടത്തുകയും വിജയാശംസകള്‍ നേരുകയും, ത

ന്‍റെ പേരില്‍ അര്‍ജന്‍റീനയിലെ “അതിരുകള്‍ക്കപ്പുറവുമുള്ള ക്രിക്കറ്റ് ക്ലബിന്” സമ്മാനിക്കുന്നതിന് ഒരു ക്രിക്കറ്റ് ബാറ്റില്‍ കൈയ്യൊപ്പിട്ടു നല്കുകയും ചെയ്തു. മത്സരങ്ങളിലൂടെ  രാജ്യാന്തര മാനിവിക  സൗഹൃദം, മതസൗഹാര്‍ദ്ദം, വിശ്വാസാഹോദര്യം, മാനവിക ഐക്യദാര്‍ഢ്യം എന്നീ മൂല്യങ്ങള്‍ പങ്കുവയ്ക്കുക എന്ന ലക്ഷ്യങ്ങളുമായിട്ടാണ് വത്തിക്കാന്‍റെ സംസ്ക്കാരിക വകുപ്പിന്‍റെ കീഴിലുള്ള “പാപ്പായുടെ ടീം” പര്യടനങ്ങള്‍ നടത്തുന്നത്.

ടീമിന്‍റെ പരിപാടികള്‍
ഡിസംബര്‍ 27-Ɔο തിയതി വ്യാഴാഴ്ച വത്തിക്കാന്‍റെ ടീമും “അതിരുകള്‍ക്കപ്പുറം ക്രിക്കറ്റ്” ടീമുമായി പ്രദര്‍ശനമത്സരം ബ്യൂനസ് ഐരസില്‍ നടക്കും. കളിക്കുശേഷം അര്‍ജന്‍റീനിയന്‍ ടീമിന്‍റെ ഭാരവാഹികളുടെയും കളിക്കാരുടെയും വീടുകള്‍ “വത്തിക്കാന്‍ ടീം” സന്ദര്‍ശിക്കുമെന്ന് ഡിസംബര്‍ 24-Ɔο തിയതി തിങ്കളാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവന അറിയിച്ചു.

ഡിസംബര്‍ 28-ന് അര്‍ജന്‍റീനയുടെ ദേശിയ ടീമുമായി പാപ്പായുടെ ടീം മത്സരിക്കും. പുതുവത്സരത്തിലെ ജനുവരി 2, ബുധനാഴ്ച അര്‍ജന്‍റീനയിലെ സാന്‍ മാര്‍ട്ടിന്‍ ജയിലിലെ തടവറക്കാരുടെ ടീമുമായി ഏകദിന മത്സരത്തില്‍ ഏര്‍പ്പെടും.

ഡിസംബര്‍ 29-ന് വത്തിക്കാന്‍ ടീം ബ്യൂനസ് ഐരസിലെ മെത്രാപ്പോലീത്തയും, അവിടെ പാപ്പാ ബര്‍ഗോളിയോയുടെ പിന്‍ഗാമിയുമായ കര്‍ദ്ദിനാള്‍ മാരിയോ പോളിയുടെ ആതിഥ്യം സ്വീകരിക്കും. ടീം അംഗങ്ങള്‍ കര്‍ദ്ദിനാള്‍ പോളിയുടെ ദിവ്യബലിയില്‍ സംബന്ധിക്കുകയും അതിരൂപതാംഗങ്ങളുടെ സല്‍ക്കാരത്തില്‍ പങ്കെടുക്കുകയും ചെയ്യും.
 
പര്യനത്തിന്‍റെ സമാപനം ലൂഹാനില്‍
ഡിസംബര്‍ 30-ന് ഞായറാഴ്ച ആര്‍ജന്‍റീനയുടെ ദേശീയ മദ്ധ്യസ്ഥയായ ലൂഹാനിലെ കന്യകാനാഥയുടെ തീര്‍ത്ഥാടകേന്ദ്രം (Our Lady of Lujan) സന്ദര്‍ശിച്ചുകൊണ്ടാണ് വത്തിക്കാന്‍റെ ടീം അഞ്ചാമത് രാജ്യാന്തര പര്യടനം സമാപിപ്പിക്കുന്നത്. പരാഗ്വേ, ഉറൂഗ്വേ എന്നീ രാജ്യങ്ങളുടെയും മദ്ധ്യസ്ഥയാണ് അര്‍ജന്‍റീനായിലെ വിഖ്യാതയായ ലൂഹാനിലെ കന്യകാനാഥ.

27 December 2018, 09:53