തിരയുക

വിശ്വശാന്തിനം 2019 വിശ്വശാന്തിനം 2019  

വിശ്വശാന്തി ദിനം 2019

"സംശുദ്ധരാഷ്ട്രീയം സമാധാന സംസ്ഥാപനത്തിന്"- അമ്പത്തിരണ്ടാം ലോകസമാധാനദിനത്തിനുള്ള വിചിന്തന പ്രമേയം.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

അമ്പത്തിരണ്ടാം വിശ്വശാന്തി ദിനത്തിനുള്ള വിചിന്തന പ്രമേയം പരസ്യപ്പെടുത്തി.

“സംശുദ്ധ രാഷ്ട്രീയം സമാധാനസംസ്ഥാപനത്തിന്” എന്ന പ്രമേയമാണ് ആഗോള കത്തോലിക്കാ സഭ 2019 ജനുവരി ഒന്നിന്, ദൈവമാതാവിന്‍റെ തിരുന്നാള്‍ ദിനത്തില്‍, ആചരിക്കുന്ന ലോകസമാധാന ദിനത്തിനായി ഫ്രാന്‍സീസ് പാപ്പാ തിരഞ്ഞെടുത്തിരിക്കുന്നത്.

രാഷ്ട്രീയ ഉത്തരവാദിത്വം ഓരോ പൗരനിലും, വിശിഷ്യ, സംരക്ഷിക്കുകയും  ഭരിക്കുകയും ചെയ്യുകയെന്ന ദൗത്യമുള്ളവരില്‍, നിക്ഷിപ്തമാണെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ  വാര്‍ത്താവിനിമയ കാര്യാലയം, പ്രസ്സ് ഓഫിസ്, ഈ വിചിന്തനപ്രമേയത്തെ അധികരിച്ചു നല്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു.

അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും, സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തമ്മിലും തലമുറകളും സംസ്കാരങ്ങളും തമ്മിലുമുള്ള സംവാദം പരിപോഷിപ്പിക്കുന്നതിലും, അടങ്ങിയിരിക്കുന്നതാണ് ഈ ദൗത്യമെന്നും പ്രസ്സ് ഓഫീസ് വ്യക്തമാക്കുന്നു.

പരസ്പരവിശ്വാസമില്ലെങ്കില്‍ സമാധാനം സാധ്യമല്ലെന്നും, പറഞ്ഞ വാക്കു പാലിക്കുകയാണ് ഈ വിശ്വാസത്തിന്‍റെ ആദ്യ വ്യവസ്ഥയെന്നും ഉപവിയുടെ സമുന്നതമായ ആവിഷ്ക്കാരങ്ങളില്‍ ഒന്നായ രാഷ്ട്രീയ പ്രവര്‍ത്തനം, ജീവിതത്തിന്‍റെയും പ്രപഞ്ചത്തിന്‍റെയും യുവജനത്തിന്‍റെയും ഏറ്റം ചെറിയവരുടെയും ഭാവിയെക്കുറിച്ചുള്ള ഔത്സുക്യം പേറുന്നു. ഓരോ ജീവിയുടെയും  ഔന്നത്യവും അവകാശങ്ങളും ആദരിക്കപ്പെടുന്ന ഒരു ഭാവിയെക്കുറിച്ചുള്ള സദ്വാര്‍ത്ത എന്ന പോലെ സമാധാനം സംവഹിക്കാനും അതു  വിളംബരം ചെയ്യാനും നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു, പ്രസ്സ് ഓഫീസ് വിശദീകരിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 November 2018, 13:08