തിരയുക

Vatican News
മുറിവേറ്റ ഒരു കുടിയേറ്റക്കാരനെ പരിചരിക്കുന്ന ഒരു സ്ത്രീ- "കരുതലിന്‍റെ കരം" മുറിവേറ്റ ഒരു കുടിയേറ്റക്കാരനെ പരിചരിക്കുന്ന ഒരു സ്ത്രീ- "കരുതലിന്‍റെ കരം"  (AFP or licensors)

മഹിളകള്‍: "ആര്‍ദ്രതാവിപ്ലവത്തില്‍ " നായികമാര്‍!

ജീവന്‍, ആര്‍ദ്രത, സമാധാനം, സന്തോഷം എന്നിവ പ്രദാനം ചെയ്യുകയെന്ന മഹാസിദ്ധിയാല്‍ അലംകൃതകളാണ് മഹിളകള്‍ ! ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സ്ത്രീകള്‍, ലോകത്തിന് അത്യാവശ്യമായിരിക്കുന്ന “ആര്‍ദ്രതയുടെ വിപ്ലവത്തില്‍” മുന്നണിയില്‍ നില്ക്കുന്നവരാണെന്ന് ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ.

ഐക്യരാഷ്ട്രസഭയില്‍ (യു.എന്‍) പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ അദ്ദേഹം, അമേരിക്കന്‍ ഐക്യനാടുകളിലെ ന്യുയോര്‍ക്കില്‍, യു എന്നിന്‍റെ കേന്ദ്ര ആസ്ഥനത്ത് യു എന്‍ സുരക്ഷാസമിതി മഹിളകളെയും സമാധാനത്തെയും സുരക്ഷിതത്വത്തെയും അധികരിച്ചു സംഘടിപ്പിച്ച യോഗത്തെ വ്യാഴാഴ്ച (25/10/18) സംബോധന ചെയ്യുകയായിരുന്നു.

“ആര്‍ദ്രതയുടെ വിപ്ലവത്തില്‍” സ്ത്രീകള്‍ മുന്‍നിരയിലുണ്ട് എന്ന യാഥാര്‍ത്ഥ്യം സഭ അംഗീകരിക്കുന്നുണ്ടെന്ന വസ്തുതയും ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ അനുസ്മരിച്ചു.

ജീവന്‍, ആര്‍ദ്രത, സമാധാനം, സന്തോഷം എന്നിവ പ്രദാനം ചെയ്യുകയെന്ന മഹാസിദ്ധിയാല്‍ അലംകൃതകളാണ് മഹിളകള്‍ എന്ന ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകള്‍ ഉദ്ധരിച്ച അദ്ദേഹം അവര്‍ ഈ സിദ്ധികള്‍  അഖിലസമൂഹത്തിനേകുമ്പോള്‍ മാനവകുടുംബത്തിന്‍റെ സത്താപരമായ ഐക്യത്തെ പ്രതിഫലിപ്പിക്കാതിരിക്കാന്‍ സമൂഹത്തിനാകില്ല എന്നു പ്രസ്താവിച്ചു.

ശ്രവിക്കാനും സ്വാഗതം ചെയ്യാനും അപരര്‍ക്കായി തങ്ങളെത്തന്നെ വിശാലഹൃദയത്തോടെ തുറന്നിടാനുമുള്ള തങ്ങളുടെ കഴിവിനാല്‍ സ്ത്രീകള്‍ സംഭാഷണത്തിന് സുപ്രധാന സംഭാവനയേകുന്നുവെന്നും ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ പറഞ്ഞു.

യുദ്ധങ്ങള്‍ ഇതര സംഘര്‍ഷങ്ങള്‍ എന്നി സ്ത്രീകള്‍ക്കേല്പിക്കുന്ന കനത്ത ആഘാതങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

സഹായം ആവശ്യമുള്ളപ്പോള്‍ അവര്‍ക്ക് അതു ലഭ്യമാക്കുന്നതിനുവേണ്ട എല്ലാം സംരംഭങ്ങള്‍ക്കും പരിശുദ്ധ സിംഹാസനത്തിന്‍റെ പിന്തുണയുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ വെളിപ്പടുത്തി.

25 October 2018, 13:00