Cerca

Vatican News
സ്കോളാസിന്‍റെ പെറുവിലെ  സംഗമ വേദിയില്‍നിന്ന്... സ്കോളാസിന്‍റെ പെറുവിലെ സംഗമ വേദിയില്‍നിന്ന്... 

ഒളിച്ചിരിക്കാതെ സമഗ്രമായ വ്യക്തിത്വം വളര്‍ത്തിയെടുക്കാം!

അര്‍ജന്‍റീനയിലെ ബ്യൂനസ് ഐരസില്‍ ചേര്‍ന്ന “സ്കോളാസ് ഒക്കുരേന്തസ്” (Scholas Occurentes) എന്ന രാജ്യാന്തര യുവജനപ്രസ്ഥാനത്തിന്‍റെ വാര്‍ഷിക സമ്മേളനത്തിന് ഒക്ടോബര്‍ 29-Ɔο തിയതി തിങ്കളാഴ്ച വത്തിക്കാനില്‍നിന്നും അയച്ച വീഡിയോ സന്ദേശത്തിലൂടെ വ്യക്തി വളര്‍ച്ചയെക്കുറിച്ചു പാപ്പാ ഫ്രാന്‍സിസ് നല്കിയ ലളിതമായ ചിന്തകള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

“സ്കോളാസ് ഒക്കുരേന്തസ്” പ്രസ്ഥാനത്തെക്കുറിച്ച്
വ്യക്തിവളര്‍ച്ചയില്‍ കുട്ടികളും യുവജനങ്ങളും പരസ്പരം സഹായിക്കാന്‍ ബ്യൂനസ് ഐരസില്‍ മെത്രാപ്പോലീത്തയായിരിക്കവെ പാപ്പാ ഫ്രാന്‍സിസ് തുടക്കിമിട്ട പ്രസ്ഥാനമാണ് സ്കോളാസ് (Scholas Occurentes).  ലത്തീന്‍ ഭാഷയിലുള്ള പേരിന് അര്‍ത്ഥം “സ്കൂളുകളുടെ കൂട്ടായ്മ” എന്നാണ്. അര്‍ജന്‍റീനയിലെ ബ്യൂനസ് ഐരസ് അതിരൂപതയുടെ മെത്രാപ്പോലീത്തയായിരിക്കെ (1998-2013) കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ, പാപ്പാ ഫ്രാന്‍സിസ് തുടങ്ങിയതാണ് യുവജനങ്ങള്‍ യുവജനങ്ങളെ സഹായിക്കുന്ന ‘സ്കോളാസ് ഒക്കുരേന്തസ്സ്’ പ്രസ്ഥാനം. കലാ-കായിക-സാംസ്ക്കാരിക വേദികളിലെ പ്രമുഖരായ യുവജനങ്ങളെ സംഘടിപ്പിച്ചാണ് പാപ്പാ ഫ്രാന്‍സിസ് അന്ന് പ്രസ്ഥാനത്തിന് തുടക്കമിട്ടത്. ആദ്യകാല ​അംഗങ്ങളില്‍ ഒരാളാണ് ആര്‍ജന്‍റീനിയില്‍ ബ്യൂനസ് ഐരസിലെ ലാനസുകരാനായ ഡിയേഗോ മരഡോണ.

യുവജനങ്ങള്‍ യുവജനങ്ങളെ സഹായിക്കുക, അങ്ങനെ ലോകത്ത് കൂട്ടായ്മയും സമാധാനവും വളര്‍ത്തുക എന്നതാണ് പ്രസ്ഥാനത്തിന്‍റെ ലക്ഷ്യം.
കലാ സാംസ്ക്കാരി കായിക ലോകത്തെ ധാരാളം പ്രതിഭകള്‍ പ്രസ്ഥാനത്തിന്‍റെ സജീവപ്രവര്‍ത്തകരാണ്.  ഇന്നത് ഒരു രാജ്യാന്തര പ്രസ്ഥാനമായി
വളര്‍ന്ന് 100-ല്‍ അധികം രാജ്യങ്ങളില്‍ എത്തിക്കഴിഞ്ഞു. കര്‍ദ്ദിനാള്‍ ബര്‍ഗോളിയോ 2013-ല്‍ ബ്യൂനസ് ഐരസില്‍നിന്നും വത്തിക്കാനില്‍ എത്തിയതോടെ ഇറ്റലിയിലും “സ്കോളാസി”ന് വേരുപിടിച്ചു. 2016-ല്‍ അതൊരു പൊന്തിഫിക്കല്‍ പ്രസ്ഥാനമായും ഉയര്‍ത്തപ്പെട്ടു. ഇന്നതിന് റോമാ നഗരത്തില്‍ ഓഫീസുണ്ട്.

വ്യക്തിത്വം വളര്‍ത്താനും സമഗ്രമാക്കാനും
സ്വന്തമായും മറ്റുള്ളവരുടെ മുന്നിലും, സമൂഹത്തിന്‍റെയും ദൈവത്തിന്‍റെയും മുന്നിലും വ്യക്തിത്വം അല്ലെങ്കില്‍ സ്വത്വം (self Identity) സമാഗ്രമായി നിലനിര്‍ത്തുക അത്ര എളുപ്പമല്ല. ഭാഷയുടെയും സംസ്ക്കാരത്തിന്‍റെ വംശത്തിന്‍റെയും സാമൂഹ്യചുറ്റുപാടുകളുടെയും ദേശീയ പശ്ചാത്തലത്തിന്‍റെയും പരിമിതികള്‍ ഓരോരുത്തര്‍ക്കുമുണ്ട്. അതിനാല്‍ നാം പലപ്പോഴും സ്വന്തമായ വ്യക്തിത്വത്തില്‍ അല്ലെങ്കില്‍ സ്വത്വത്തില്‍ ഒളിച്ചിരിക്കാനും പതിയിരിക്കാനുമാണ് ആഗ്രഹിക്കുന്നത്. വ്യക്തി അയാളുടെ സ്വത്വം തിരിച്ചറിഞ്ഞും, അതിന്‍റെ വലിമയും ചെറുമയും മനസ്സിലാക്കിയും, മറ്റുള്ളവരുമായി ഇടപഴകിയും അതിനെ വളര്‍ത്തിയെടുക്കുന്നതാണ് സമഗ്രമായ വ്യക്തി വികസനം.

ദൈവം ഒരുക്കിയ ജീവിതസ്വപ്നങ്ങള്‍
കുറെ വിവരശേഖരമോ, വ്യക്തിയെക്കുറിച്ചുള്ള അറിവുകളുടെ കാര്‍ഡോ അല്ല സ്വത്വം (Self Identity). പകരം തന്‍റെ ലാളിത്യമാര്‍ന്ന കോശരൂപത്തില്‍നിന്നും, അല്ലെങ്കില്‍ ചെറുമയില്‍നിന്നും വ്യക്തി മെല്ലെ മെല്ലെ വളരുന്നതും വികസിക്കുന്നതും, സ്വയം വികസിപ്പിച്ചെടുക്കേണ്ടതുമാണ് സ്വത്വം. അസ്തിത്വം നല്കിയ ദൈവത്തിന് ഓരോ വ്യക്തിയെയും കുറിച്ച് പദ്ധതിയുണ്ട്. അങ്ങനെ ദൈവത്തിന് നമ്മെക്കുറിച്ച് സ്വപ്നങ്ങള്‍ ഉണ്ടെങ്കിലും സ്വന്തമായ ജീവിതസ്വപ്നങ്ങള്‍ ദൈവത്തിന്‍റേതുമായി താരതമ്യപ്പെടുത്തി മനസ്സിലാക്കിക്കൊണ്ടാണ് നാം ജീവിതം മുന്നോട്ടു നയിക്കേണ്ടത്. അതിനാല്‍ വ്യക്തി വളര്‍ച്ചയില്‍ ദൈവികതയും വിശ്വസ്തതയും പരിശ്രമവും കഠിനാദ്ധ്വാനവും സ്ഥിരതയും ആവശ്യമാണ്. ജീവിത ലക്ഷ്യങ്ങളില്‍ സ്ഥിരതയില്ലാത്തവരും അലസരും വിശ്വസ്തരുമല്ലാത്തവര്‍ വളരാനുള്ള സാദ്ധ്യതകള്‍ കുറച്ചു കളയുകയും ചിലപ്പോള്‍ ഇല്ലാതാക്കുകയുമാണ് ചെയ്യുന്നത്.

കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും ഭാഗമായിരിക്കുന്ന വ്യക്തി പ്രസ്ഥാനത്തിന്‍റെ പിന്‍തുണയും സഹായവും ഉപയോഗപ്പെടുത്തിക്കൊണ്ട് സ്വത്വത്തെ സമഗ്രതയിലേയ്ക്ക് വികസിപ്പിച്ചെടുക്കേണ്ടത് വലിയ ഉത്തരവാദിത്ത്വമാണ്. യുവജനങ്ങളും മാതാപിതാക്കളും അദ്ധ്യാപകരും അഭ്യൂദയകാംക്ഷികളും ഉള്‍പ്പെടുന്ന “സ്കോളാസി”ന്‍റെ 2018-ലെ രാജ്യാന്തര കൂട്ടായ്മയെ വീഡിയോ സന്ദേശത്തിലൂടെ പാപ്പാ ഉദ്ബോധിപ്പിച്ചു.

വേരുകള്‍ മറക്കരുത്!
വ്യക്തി ഒരിക്കലും തന്‍റെ മൂലം മറന്നുപോകരുത്. ചരിത്രമോ, എവിടെന്നു വരുന്നെന്നോ, നിജസ്ഥിതി എന്താണെന്നോ മറന്നുപോകരുത്. മറ്റുള്ളവരെ
നാം ഭീതിയോടെയോ വെറുപ്പോടെയോ കാണരുത്. അപരനെ ശത്രുവായി കാണുന്നവര്‍ സ്വന്തം വ്യക്തിത്വത്തില്‍ യുദ്ധം ആരംഭിച്ചു കഴിഞ്ഞു. ചരിത്രത്തില്‍നിന്നും നമുക്കറിയാം ചെറിയ കലഹങ്ങളും അഭിപ്രായ ഭിന്നതകളുമാണ് നമുക്ക് ആഗ്രാഹ്യമാം വിധം, പിടികിട്ടാത്ത വലിയ യുദ്ധങ്ങളായി മാറിയിട്ടുള്ളത്. അവസാനം അത് ഏറെ ഭീതിദവുമാണ്! അതിനാല്‍ സ്വത്വം അക്രമാസ്ക്തം ആകാതിരിക്കാനും, പ്രമാണിത്തപരം ആകാതിരിക്കാനും, വിഭിന്നതകളുടെ നിഷേധമാകാതിരിക്കാനും, നവീനതകള്‍ക്കു തുറവില്ലാത്ത അടഞ്ഞ മനസ്കരാകാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

കൂട്ടായ്മയുടെ പാതയില്‍ കൈകോര്‍ക്കാം
അതിനാല്‍ ജീവിതപരിസരങ്ങളില്‍ കൂട്ടായ്മയും, സംവാദവും വളര്‍ത്താം. എന്തിന്‍റെയും ഭാഗമാകാനും അതില്‍ ആത്മാര്‍ത്ഥതയും അര്‍പ്പണവും ഉള്ളവരാകാനും പരിശ്രമിക്കാം. അമൂര്‍ത്തവും നിഗൂഢവുമായ ഒരു സ്വത്വം സാദ്ധ്യമല്ല. “ഐഡെന്‍റിറ്റി കാര്‍ഡ്” നമുക്കെല്ലാവര്‍ക്കുമുണ്ട്. അതു വേണ്ടതും നല്ലതുമാണ്! അതു സുരക്ഷയ്ക്കും തിരിച്ചറിയലിനും അനിവാര്യമാണ്. എന്നാല്‍ അതു നമ്മെ വളരാന്‍ സഹായിക്കണമെന്നില്ല. എന്‍റെ വേരുകള്‍ അറിയുക. എവിടെന്നു വരുന്നെന്നും, ഏതു സാസ്ക്കാരിക പശ്ചാത്തലമെന്നും എല്ലാം അറിയണം. ഞാന്‍ ആരാണെന്ന് ചിലപ്പോഴെങ്കിലും
ഒരു ഓര്‍മ്മയുടെ പിറകോട്ടുള്ള യാത്രയില്‍ ചുവടുകള്‍ വയ്ക്കണം. അങ്ങനെ നമുക്ക് നമ്മെത്തന്നെ കണ്ടെത്താനും തിരിച്ചറിയാനും സാധിക്കണം.
ഞാന്‍ ആയിരിക്കുന്ന അവസ്ഥയുടെ ആത്മാര്‍ത്ഥമായ ഭാഗമായിക്കൊണ്ട് പ്രത്യാശയില്‍ മുന്നോട്ടു പോകാം. അപ്പോള്‍ ഓരോ ദിവസവും എന്‍റെ വ്യക്തിത്വം വളരും, സമ്പന്നമാകും.

30 October 2018, 17:37