Cerca

Vatican News
പൊതുകൂടിക്കാഴ്ച വേദിയില്‍ പൊതുകൂടിക്കാഴ്ച വേദിയില്‍  (AFP or licensors)

മാദ്ധ്യസ്ഥവും പ്രശ്നപരിഹാരവും : വത്തിക്കാന്‍റെ വീക്ഷണം

എവിടെയും എപ്പോഴും സമാധാനം കൈവരിക്കാനുളള സാദ്ധ്യതയാണ് മാദ്ധ്യസ്ഥ്യം. വത്തിക്കാന്‍റെ ഐക്യരാഷ്ട്ര സംഘടനയിലെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ബെര്‍ണര്‍ദീത്തോ ഔസാ യുഎന്നില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ :

- ഫാദര്‍ വില്യം നെല്ലിക്കല്‍

ആഗസ്റ്റ് 29-Ɔο തിയതി ബുധനാഴ്ച ന്യൂയോര്‍ക്കിലെ യു‌എന്‍ ആസ്ഥാനത്തു നടന്ന “മാദ്ധ്യസ്ഥവും പ്രശ്നപരിഹാരവും” (Mediation and Settlement of Disputes) എന്ന ചര്‍ച്ചാ സമ്മേളനത്തിലാണ് ആര്‍ച്ചുബിഷപ്പ് ഔസാ രാഷ്ട്രീയ പ്രതിസന്ധികളിലെ വത്തിക്കാന്‍റെ നിലപാടു വ്യക്തമാക്കിയത് :

വത്തിക്കാന്‍റെ ഇടപെടലുകള്‍
അര്‍ജന്‍റീന ചിലി, മൊസാമ്പിക്, കൊളംബിയ എന്നീ രാജ്യങ്ങളെ യുദ്ധങ്ങളിലേയ്ക്ക് നയിക്കുമായിരുന്ന അതിര്‍ത്തി പ്രശ്നങ്ങളില്‍ ജോണ്‍പോള്‍ രണ്ടാമന്‍, പാപ്പാ ഫ്രാന്‍സിസ് പോലുള്ള കര്‍മ്മധീരര്‍ നിഷ്പക്ഷമായും സത്യസന്ധമായും ഇടപെട്ടതിന് ഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്. യുദ്ധം ഒഴിവാക്കാനും അതാതു രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് സമാധാനപൂര്‍ണ്ണമായി ജീവിക്കാനും അടഞ്ഞ അതിര്‍ത്തികള്‍ തുറക്കാനും മനുഷ്യര്‍ക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാനുമുള്ള അന്തരീക്ഷം ലഭ്യമാക്കിയതുമായ ചരിത്രപരമായ ഇടപെടലുകള്‍ വിസ്മരിക്കാവുന്നതല്ല.

പരിഗണിക്കേണ്ട മനുഷ്യാന്തസ്സും പൊതുനന്മയും
മാദ്ധ്യസ്ഥ്യം തേടുന്നത് കൂട്ടായ്മയുടെ സംസ്ക്കാരമാണ്. അതില്‍ പരസ്പര ആദരവും ധാരണയും പ്രഥമതഃ പ്രശ്നം പരിഹരിക്കപ്പെടണം എന്ന താല്പര്യവുമുണ്ട്. മാത്രമല്ല, അനുരഞ്ജനത്തിലും സമാധാനത്തിലും അനുദിനം ജീവിക്കാനുള്ള അഭിവാച്ഛയുമാണ് പ്രശ്നപരിഹാരത്തിനും മാദ്ധ്യസ്ഥ്യത്തിനും പിന്നില്‍.  കൂട്ടായ്മയുടെ സംസ്ക്കാരം രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും മേലെ മനുഷ്യവ്യക്തിയുടെ അന്തസ്സിനും പൊതുനന്മയ്ക്കും വലിയ സ്ഥാനം നല്കുന്നു. അതിക്രമങ്ങളുടെ ചുറ്റുപാടില്‍ മുറിപ്പെട്ടവരുടെയും ക്ലേശിക്കുന്നവരുടെയും മനുഷ്യാന്തസ്സു പുനര്‍സ്ഥാപിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാതെ സമാധാന നിര്‍മ്മിതി സാദ്ധ്യമല്ല.

നിസ്വാര്‍ത്ഥമായ മാദ്ധ്യസ്ഥം
മാധ്യസ്ഥ്യം എപ്പോഴും നിസ്വാര്‍ത്ഥത, നിഷ്പക്ഷത. പരസ്പരധാരണ എന്നിവയില്‍ അധിഷ്ഠിതമാണ്. വിശ്വാസയോഗ്യത മദ്ധ്യസ്ഥന്‍റെ മുഖലക്ഷണമാകണം. അയാള്‍ക്ക് ഓരോ പക്ഷത്തെയും താല്പര്യങ്ങള്‍ നിഷ്പക്ഷമായി കാണാനായാല്‍ അവസാനം ഒരു പൊതുന്മയില്‍ എത്തിച്ചേരാനാകൂ. മാദ്ധ്യസ്ഥം പറയുന്നത് ബന്ധപ്പെട്ട കക്ഷികള്‍ എല്ലാവരുടെയും സാന്നിദ്ധ്യത്തിലായിരിക്കണം. നേതാക്കള്‍ മാത്രമല്ല സാധിക്കുമെങ്കില്‍ സമൂഹം മുഴുവനും അല്ലെങ്കില്‍ സമൂഹത്തിന്‍റെ പ്രതിനിധിസംഘമെങ്കിലും പങ്കെടുക്കേണ്ടതാണ്.

സമാധാനം മാദ്ധ്യസ്ഥ്യത്തിന്‍റെ ലക്ഷ്യം
സമാധാനശ്രമവും മാദ്ധ്യസ്ഥ്യവും സമൂഹത്തിന്‍റെ വിവിധ തലങ്ങളില്‍ നടത്തപ്പെടേണ്ടതാണ്. ചര്‍ച്ചകളുടെ സമുന്നതതലം മുതല്‍, കീഴ്ത്തട്ടിലുള്ളവര്‍ മുതല്‍, താഴെക്കിടെയുള്ളവര്‍ വരെ അത് എത്തിപ്പെടേണ്ടതാണ്. അങ്ങനെ മാധ്യസ്ഥ്യം വ്യാപകമായ പങ്കാളിത്തം ആവശ്യപ്പെടുന്നു. മാദ്ധ്യസ്ഥ്യം മുറിവുണക്കുന്നതാണ്. അതിനാല്‍ സാമൂഹികപങ്കാളിത്തം ആവശ്യപ്പെടുന്നതുമാണ് മാദ്ധ്യസ്ഥ്യം. പ്രശ്ന പരിഹാരത്തിനായി പരിശ്രമിക്കുന്ന പ്രക്രിയയുടെ പരമമായ ലക്ഷ്യം സമാധാനപൂര്‍ണ്ണമായ ഭാവിയായിരിക്കണം.

31 August 2018, 11:14