തിരയുക

ഫ്രാൻസീസ് പാപ്പാ മരണമടഞ്ഞ വാർത്തകൾ ദിനപ്പത്രങ്ങളിലൂടെ ഫ്രാൻസീസ് പാപ്പാ മരണമടഞ്ഞ വാർത്തകൾ ദിനപ്പത്രങ്ങളിലൂടെ  (AFP or licensors)

പാപ്പായുടെ മരണകാരണങ്ങൾ വെളിപ്പെടുത്തി പരിശുദ്ധസിംഹാസനം!

മസ്തിഷ്ക്കാഘാതവും ഹൃദയാഘാതവും പാപ്പായുടെ മരണത്തിന് കാരണങ്ങൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മസ്തിഷ്ക്കാഘാതത്തെ തുടർന്ന് അബോധാവസ്ഥയിലായ പാപ്പായ്ക്ക് പിന്നീട് ഹൃദയാഘാതം ഉണ്ടാകുകയും അങ്ങനെ പാപ്പാ മരണപ്പെടുകയുമായിരുന്നുവെന്ന് വത്തിക്കാൻറെ ആരോഗ്യസേവനവിഭാഗത്തിൻറെ മേധാവി പ്രൊഫസർ അന്ത്രേയ അർക്കാഞ്ചെലി സാക്ഷ്യപ്പെടുത്തി.

കടുത്ത ശ്വാസതടസ്സത്തിനു കാരണമായ ശ്വാസകോശസംബന്ധിയായ രോഗങ്ങൾ, രക്താതിസമ്മർദ്ദം, രണ്ടാം തരം പ്രമേഹം എന്നിവ പാപ്പായ്ക്കുണ്ടായിരുന്നുവെന്നും ഫ്രാൻസീസ് പാപ്പായുടെ മരണത്തെ സംബന്ധിച്ച സാക്ഷിപത്രത്തിൽ കാണുന്നു.

1936 ഡിസംബർ 17-ന് ജനിച്ച ഫ്രാൻസീസ് പാപ്പാ 2025 ഏപ്രിൽ 21-ന് രാവിലെ, റോമിലെ സമയം 7.35-ന്, ഇന്ത്യയിലെ സമയം 11.05-ന്, ആണ്,  വത്തിക്കാനിൽ, ദോമൂസ് സാംക്തെ മന്ദിരത്തിൽ വച്ച് മരണമടഞ്ഞത്.

രണ്ടായിരത്തി ഇരുപത്തിരണ്ടാം ആണ്ടിൽ ജൂൺ 29-ന് തയ്യാറാക്കിയ തൻറെ ഒസ്യത്തിൽ, അഥവാ, മരണപത്രത്തിൽ പാപ്പാ തൻറെ ശവസംസ്കാര കർമ്മത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

താൻ ഓരോ അപ്പൊസ്തോലികയാത്രയ്ക്കു മുമ്പും പിമ്പും പ്രാർത്ഥനയ്ക്കായെത്തുന്ന അതിപുരാതനമായ മരിയൻ ദേവാലയമായ റോമിലെ മേരി മേജർ പേപ്പൽ ബസിലിക്കയിൽ ആയിരിക്കണം തൻറെ ഇഹലോക ജീവിതയാത്രയുടെ അന്ത്യം എന്ന് പാപ്പാ ഈ ഒസ്യത്തിൽ കുറിച്ചിരിക്കുന്നു.

“സാളൂസ് പോപുളി റോമാനി” നാഥയുടെ കപ്പേളയ്ക്കും, അഥവാ, പൗളിൻ കപ്പേളയ്ക്കും സ്ഫോർത്സ കപ്പേളയ്ക്കും ഇടയ്ക്കുള്ള ശവസംസ്കാര ഇടത്തിലായിരിക്കണം തന്നെ സംസ്കരിക്കേണ്ടതെന്നും കല്ലറയിൽ അലങ്കാരങ്ങൾ ഒന്നും അരുതെന്നും ലത്തീൻ ഭാഷയിൽ ഫ്രാൻസിസ്കൂസ് എന്ന പേരു കുറിച്ചാൽ മാത്രം മതിയെന്നും  പാപ്പാ മരണപത്രികയിൽ നിർദ്ദേശിച്ചിട്ടുണ്ട്. തൻറെ ശവസംസ്കാര ചടങ്ങിനു വേണ്ടിവരുന്ന സാമ്പത്തിക ചിലവുകളുടെ കാര്യത്തിലും പാപ്പാ വ്യക്തത വരുത്തിയിട്ടുണ്ട്.   

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ഏപ്രിൽ 2025, 12:42