വാർദ്ധക്യം എന്ന പദം അത്യന്താപേക്ഷിത മൂല്യങ്ങളെ ദ്യോതിപ്പിക്കുന്നു, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വാർദ്ധക്യം എന്ന പദത്തിനർത്ഥം വലിച്ചെറിയുക എന്നല്ല പ്രത്യുത അതു സൂചിപ്പിക്കുന്നത്, അനുഭവം, ജ്ഞാനം, അറിവ്, വിവേചനശക്തി, ചിന്താശേഷി, ശ്രവണം എന്നിങ്ങനെയുള്ള നമുക്ക് അത്യന്താപേക്ഷിതങ്ങളായ മൂല്യങ്ങളെയാണെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
ഇറ്റലിയിലെ മിലാൻ അതിരൂപതയുടെ മുൻ അദ്ധ്യക്ഷൻ കർദ്ദിനാൾ ആഞ്ചെലൊ സ്കോള രചിച്ചതും ഏപ്രിൽ 24-ന് വ്യാഴാഴ്ച പ്രകാശനം ചെയ്യപ്പെടുന്നതുമായ വാർദ്ധക്യത്തെ അധികരിച്ചുള്ള ഒരു ഗ്രന്ഥത്തിന് ഫ്രാൻസീസ് പാപ്പാ ഫെബ്രുവരി 7-ന് എഴുതിയ അവതാരികയിലാണ് ഈ ഉദ്ബോധനം ഉള്ളത്.
"ഒരു പുതിയ തുടക്കത്തിനായി കാത്തിരിക്കുന്നു. വാർദ്ധക്യത്തെക്കുറിച്ചുള്ള ചിന്തകൾ." എന്നു വിവർത്തനം ചെയ്യാവുന്ന “നെല്ലത്തേസ ദി ഉൻ നുവോവൊ ഇനീത്സിയൊ. റിഫ്ലെസ്സിയൊനി സുള്ള വെക്കിയായിയ” (Nell’attesa di un nuovo inizio. Riflessioni sulla vecchiaia) എന്ന ശീർഷകത്തിലുള്ളതാണ് ഈ പുസ്തകം.
നമ്മൾ വാർദ്ധക്യത്തെ ഭയപ്പെടരുത്, അതിനെ സ്വീകരിക്കാൻ ഭയപ്പെടരുത്, കാരണം ജീവിതം ജീവിതമാണ് എന്നു പറയുന്ന പാപ്പാ, യാഥാർത്ഥ്യത്തെ പഞ്ചസാര പൂശുക എന്നതിനർത്ഥം കാര്യങ്ങളുടെ സത്യത്തെ ഒറ്റിക്കൊടുക്കുക എന്നതാണെന്ന് വിശദീകരിക്കുന്നു. ചിലപ്പോഴൊക്കെ ഒരുതരം അധമസംസ്കാരം നമ്മെ ചിന്തിപ്പിക്കുന്നതുപോലെ വലിച്ചെറിയുക എന്നതല്ല വാർദ്ധക്യം എന്ന വാക്കിൻറെ അർത്ഥമെന്ന് പാപ്പാ വ്യക്തമാക്കുന്നു.
നമ്മൾ വാർദ്ധക്യം പ്രാപിക്കുന്നു എന്നാൽ പ്രശ്നം അതല്ലെന്നും നമ്മൾ എങ്ങനെ വാർദ്ധക്യം പ്രാപിക്കുന്നു എന്നതാണ് പ്രശ്നമെന്നും വിശദീകരിക്കുന്ന പാപ്പാ, ശക്തിക്കുറഞ്ഞുവരുന്നതായും ശാരീരികക്ഷീണം വർദ്ധിക്കുന്നതായും യുവത്വത്തിലുണ്ടായിരുന്നതു പോലെ ക്ഷിപ്രപ്രതികരണശേഷി ഇല്ലാതെവരുന്നതായും അനുഭവപ്പെടുന്നുന്ന വാർദ്ധക്യാവസ്ഥ നീരസത്തോടെയല്ല, പ്രത്യുത, കൃപയായി ജീവിക്കുകയാണെങ്കിൽ, കൃതജ്ഞതാബോധത്തോടെ ജീവിക്കുകയാണെങ്കിൽ ആ കാലം പോലും യഥാർത്ഥത്തിൽ ഫലപ്രദവും നന്മ പ്രസരിപ്പിക്കാൻ കഴിവുള്ളതുമായ ജീവിതദശയായി പരിണമിക്കുമെന്നു ഉദ്ബോധിപ്പിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: