തിരയുക

ദുഃഖവെള്ളിയാഴ്ച (18/04/25) റോമിലെ കൊളോസിയത്തിൽ കുരിശിൻറെ വഴി ദുഃഖവെള്ളിയാഴ്ച (18/04/25) റോമിലെ കൊളോസിയത്തിൽ കുരിശിൻറെ വഴി  (ANSA)

പാപ്പാ: ദൈവിക പദ്ധതി, നമ്മെ നിഹനിക്കില്ല, വലിച്ചെറിയില്ല, ഞെരുക്കുകയില്ല!

കഴിഞ്ഞ വർഷത്തെ പോലെ ഇക്കൊല്ലവും ദുഃഖവെള്ളിയാഴ്ച റോമിലെ കൊളോസിയത്തിൽ നടത്തപ്പെട്ട കുരിശിൻറെ വഴിക്കായി ഫ്രാൻസീസ് പാപ്പാ ധായനം തയ്യാറാക്കി. കുരിശിൻറെ വഴി നയിച്ചത് പാപ്പായ്ക്കു പകരം റോം രൂപതയ്ക്കുവേണ്ടയുള്ള പാപ്പായുടെ വികാരിജനറാൾ കർദ്ദിനാൾ ബൽദസ്സാരെ റെയീനയാണ്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ദൈവഹിതം നിറവേറ്റാനുള്ള ജ്ഞാനവും വിവേചനബുദ്ധിയും ഹൃദയാന്ധകാരം നീക്കുന്ന വെളിച്ചവും വിശ്വാസവും പ്രത്യാശയും കർത്താവു നമുക്കു പ്രദാനം ചെയ്യുന്നതിനായി പാപ്പാ പ്രാർത്ഥിക്കുന്നു.

കഴിഞ്ഞ വർഷത്തെ പോലെ ഇക്കൊല്ലവും ദുഃഖവെള്ളിയാഴ്ച റോമിലെ കൊളോസിയത്തിൽ നടത്തപ്പെട്ട കുരിശിൻറെ വഴിക്കായി ഫ്രാൻസീസ് പാപ്പാ തയ്യറാക്കിയ ധ്യാനത്തിലാണ് ഈ പ്രാർത്ഥനയുള്ളത്.

സാധാരണയായി പാപ്പായാണ് കൊളോസിയത്തിൽ ദുഃഖവെള്ളിയാഴ്ച രാത്രി കുരിശിൻറെ വഴി നയിക്കുന്നതെങ്കിലും ഏതാനും വർഷങ്ങളായി, ആരോഗ്യപരമായ കാരണങ്ങളാൽ അത് സാധിക്കാതെ വന്നിരിക്കയാണ്. ആകയാൽ പാപ്പാ നിയോഗിച്ചതനുസരിച്ച് റോം രൂപതയ്ക്കുവേണ്ടയുള്ള പാപ്പായുടെ വികാരിജനറാൾ കർദ്ദിനാൾ ബൽദസ്സാരെ റെയീനയാണ് (Card. Baldassare Reina) ദുഃഖവെള്ളിയാഴ്ച രാത്രി, പ്രാദേശിക സമയം 9.15-ന് ഈ ശ്ലിവാപ്പാത നയിച്ചത്.

വിവിധ രാജ്യക്കാരായിരുന്ന ഇരുപതിനായിരത്തോളം വിശ്വാസികൾ തെളിച്ച മെഴുകുതിരികൾ കൈകളിലേന്തി ഈ ഭക്താഭ്യാസത്തിൽ പ്രാർത്ഥനാപൂർവ്വം പങ്കുചേർന്നു. കർദ്ദിനാൾ റെയീനയും യുവജനപ്രതിനിധികളും ഒരു കുടുംബവും സന്നദ്ധസേവകരും സമർപ്പിതരും കുരിശിൻറെ വഴിയുടെ ധ്യാനത്തിൽ പ്രത്യേകം പരാമർശിക്കപ്പെട്ടിരുന്ന വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന വ്യക്തികളുമായിരുന്നു മാറിമാറി കുരിശു വഹിച്ചത്.

കാൽവരിയുടെ പാത നമ്മുടെ ദൈനംദിന വഴികളിലൂടെ കടന്നുപോകുന്നുണ്ടെന്നും എന്നാൽ നമ്മൾ പതിവായി ചരിക്കുന്നതാകട്ടെ കർത്താവിൻറെ ദിശയ്ക്ക് വിപരീതമായിട്ടാണെന്നും പാപ്പാ തൻറെ ധ്യാനത്തിൻറെ ആമുഖത്തിൽ പറയുന്നു.

അങ്ങനെ കടന്നുപോകുമ്പോൾ കർത്താവിൻറെ വദനം കാണുന്നതിനും നോട്ടങ്ങൾ പരസ്പരം കുറുകെ കടക്കുന്നതിനും സാധ്യതയുണ്ടെന്നും കർത്താവിൻറെ നയനങ്ങൾ നമ്മുടെ ഹൃദയം വായിക്കുമെന്നും അപ്പോൾ ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ മുന്നോട്ടുപോകാൻ നമ്മൾ മടിക്കുമെന്നും പാപ്പാ കുറിച്ചിരിക്കുന്നു. അങ്ങനെ നമുക്ക് കർത്താവിൻറെ പാതയിലൂടെ ചരിക്കുകയും ദിശമാറ്റുകയുമാണ് നല്ലതെന്ന് മനസ്സിലാക്കാൻ കഴിയുമെന്ന് പാപ്പാ കൂട്ടിച്ചേർക്കുന്നു.

കുരിശും ചുമന്നുകൊണ്ടുള്ള കാൽവരി യാത്രയിൽ യേശു മൂന്നാം പ്രാവശ്യവും വീഴുന്നതിനെക്കുറിച്ചുള്ള ധ്യാനത്തിൽ പാപ്പാ, ആ വീഴ്ചകൾ നമ്മെ, മാനവ ജീവിതത്തിൻറെ സാഹസികതകൾ വായിക്കാനും നമ്മെ നിഹനിക്കാത്താതും വലിച്ചെറിയാത്തതും ഞെരുക്കാത്തതുമായ ഒന്നാണ് ദൈവികപദ്ധതിയെന്ന് മനസ്സിലാക്കാനും പഠിപ്പിക്കുന്നുവെന്ന് ഉദ്ബോധിപ്പിക്കുന്നു.

"നമ്മൾ കെട്ടിപ്പടുത്ത ലോകത്തിൽ പ്രബലം" "കണക്കുകൂട്ടലുകളും" "അൽഗോരിതങ്ങളും", "ശീത യുക്തിയും വിട്ടുവീഴ്ചയില്ലാത്ത താൽപ്പര്യങ്ങളും" ആണെന്നും എന്നാൽ ദൈവത്തിൻറെ പദ്ധതിയാകട്ടെ മറ്റൊന്നാണെന്നും പാപ്പാ വ്യക്തമാക്കുന്നു. നാം നമ്മുടെ കാപട്യം, നമ്മുടെ മുഖംമൂടികൾ വലിച്ചെറിയമെണമെന്നും ദൈവകരങ്ങളിൽ നാം കളിമണ്ണാണെന്ന് തിരിച്ചറിയണമെന്നും പാപ്പാ ഓർമ്മിപ്പിക്കുന്നു.

"കാര്യങ്ങൾ മാറ്റമില്ലാതെ തുടരുന്നുവെന്നു തോന്നുമ്പോൾ", "സംഘർഷങ്ങൾക്ക് അവസാനമില്ലാത്തപ്പോൾ", "സാങ്കേതികവിദ്യ സർവ്വശക്തമാണെന്ന് പ്രമാദചിന്ത നമ്മെ വലയം ചെയ്യുമ്പോൾ” “നേട്ടങ്ങൾ നമ്മെ നിലത്തു നിന്നുയർത്തുമ്പോൾ” “ഉള്ളത്തെക്കാൾ പുറംമോടിയിൽ നാം ശ്രദ്ധചെലുത്തുമ്പോൾ” അത് നമ്മൾ ഓർമ്മിക്കണമെന്നും ലോകം മുഴുവൻ പുതിയൊരാരംഭം തേടുകയാണെന്നും പാപ്പാ പറയുന്നു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 ഏപ്രിൽ 2025, 12:13