തിരയുക

ഫ്രാൻസിസ് പാപ്പായുടെ കല്ലറ തയ്യാറാക്കുന്നു ഫ്രാൻസിസ് പാപ്പായുടെ കല്ലറ തയ്യാറാക്കുന്നു  

കല്ലറയിലും ലാളിത്യം പാലിച്ച് ഫ്രാൻസിസ് പാപ്പാ

റോമിലെ സാന്താ മരിയ മജോരെ ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പായുടെ ഭൗതീക ശരീരം അടക്കം ചെയ്യുന്ന കല്ലറയുടെ പ്രത്യേകതകൾ, ഫ്രാൻസിസ് പാപ്പായുടെ ജീവിത ലാളിത്യത്തെ എടുത്തു കാണിക്കുന്നു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ജീവിതത്തിൽ എപ്പോഴും ലാളിത്യവും, സാധാരണത്വവും പ്രകടിപ്പിച്ചിരുന്ന ഫ്രാൻസിസ് പാപ്പായുടെ ഭൗതീക ശരീരം അന്ത്യവിശ്രമം കൊള്ളുവാൻ ഒരുങ്ങുന്ന കല്ലറയും, ലളിതമായിരിക്കുമെന്നു, കല്ലറയുടെ ഘടന വിശദീകരിച്ചുകൊണ്ട് വത്തിക്കാൻ  അറിയിച്ചു. കല്ലറ നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന മാർബിൾ, തന്റെ മുത്തച്ഛന്റെ നാടായ ലിഗുരിയയിൽ നിന്നുമാണ് എത്തിക്കുന്നത്. എന്നാൽ അലങ്കാര പണികളൊന്നും കൂടാതെയുള്ള ആ മാർബിൾ കഷണത്തിൽ ഫ്രാൻസിസ്‌കൂസ് (FRANCISCUS) എന്ന ലത്തീൻ ഭാഷയിലുള്ള പേര് മാത്രമായിരിക്കും ആലേഖനം ചെയ്യപ്പെടുക. അതോടൊപ്പം തന്റെ ഔദ്യോഗിക മാലയിലെ കുരിശും മാർബിളിൽ പ്രതിഷ്ഠിക്കും.

സാന്താ മരിയ മജോരെ ബസിലിക്കയിൽ, മാതാവിന്റെ അത്ഭുത ഐക്കൺ ചിത്രം, സാലൂസ് പൊപ്പൊളി റൊമാനി സ്ഥിതി ചെയ്യുന്ന വിശുദ്ധ പൗലോസിന്റെ ചാപ്പലിനും, സ്‌ഫോർസ ചാപ്പലിനും നടുവിലുള്ള ഇടുങ്ങിയ ഒരു സ്ഥലത്താണ് ഫ്രാൻസിസ് പാപ്പായെ അടക്കം ചെയ്യുന്ന കല്ലറ സ്ഥിതി ചെയ്യുന്നത്. ഇത് വിശുദ്ധ ഫ്രാൻസിസിന്റെ നാമധേയത്തിലുള്ള അൾത്താരയ്ക്ക് സമീപത്താണെന്നതും പ്രത്യേകതയാണ്.

"തന്റെ മുത്തച്ഛന്റെ  നാടായ ലിഗൂറിയയിലെ  കല്ല്" കൊണ്ട് നിർമ്മിച്ച ഒരു ശവകുടീരത്തിൽ തന്നെ അടക്കം ചെയ്യാനുള്ള ആഗ്രഹം ഫ്രാൻസിസ് പാപ്പാ, കർദ്ദിനാൾ റോളണ്ടാസ് മാക്രിക്കാസിനോട് വെളിപ്പെടുത്തിയിരുന്നു. ജോർജ്ജ് മരിയോ ബെർഗോഗ്ലിയോയുടെ അമ്മയായ റെജീന മരിയ സിവോറിയുടെ മുത്തച്ഛനായ വിൻചെൻസൊ ജിറോലമോ സിവോറി 1800 കളിലാണ്‌ അർജെന്റീനയിലേക്ക് കുടിയേറിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 ഏപ്രിൽ 2025, 13:22