ഫ്രാൻസിസ് പാപ്പായ്ക്കരികിൽ പ്രാർത്ഥനകളോടെ സിസ്റ്റർ ജെനീവീവ്
സാൽവത്തോരെ ചേർന്നൂത്സിയോ, ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
സമൂഹത്തിലെ അധഃസ്ഥിതരും, ഭിന്നലിംഗലിംഗക്കാരുമായ ആളുകളുടെ അജപാലന ശുശ്രൂഷയ്ക്കുവേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വച്ച എൺപത്തിരണ്ടുകാരിയായ സിസ്റ്റർ ജെനീവീവ് ഫ്രാൻസിസ് പാപ്പായെ ഓർക്കുന്നത്, തന്റെ പിതാവായും, സഹോദരനായും, ഉറ്റസുഹൃത്തായിട്ടുമാണ്.
പരിശുദ്ധ പിതാവിന്റെ വേർപാടിൽ ഏറെ വേദനയനുഭവിക്കുന്ന സിസ്റ്റർ ജെനീവീവ് ഫ്രാൻസിസ് പാപ്പായുടെ ഭൗതീക ശരീരം കാസ സാന്താ മാർത്തയിൽ നിന്നും വത്തിക്കാൻ ബസിലിക്കയിലേക്ക് കൊണ്ടുവരുന്ന അവസരത്തിൽ, എല്ലാ പ്രോട്ടോക്കോളുകളും ലംഘിച്ച്, അനുഗമിക്കുകയും, പെട്ടിയുടെ മൂലയിൽ കണ്ണീരോടെ നിലയുറപ്പിക്കുകയും ചെയ്തത്, വലിയ വാർത്തയായിരുന്നു. ഫ്രാൻസിസ് പാപ്പായുടെ ഉറ്റതോഴി എന്ന നിലയിൽ, ഇരുവരും പലപ്രാവശ്യം കൂടിക്കാഴ്ച നടത്തുകയും, ദരിദ്രരുടെയും, ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനായി പല കാര്യങ്ങളും തുടങ്ങുകയും ചെയ്തിട്ടുണ്ട്.
പലപ്പോഴും ഫ്രാൻസിസ് പാപ്പാ സിസ്റ്ററിനെ ഫോണിൽ വിളിക്കുകയും, പ്രവർത്തനങ്ങളെ കുറിച്ച് ചോദിച്ചറിയുകയും, തന്റെ സഹായങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 31-ന് സിസ്റ്റർ ജെനീവീന്റെ പ്രവർത്തന മേഖലയിൽ ഒന്നായ ഇറ്റലിയിലെ ഓസ്റ്റിയയിലെ ലൂണ പാർക്കിലേക്കുള്ള സന്ദർശന വേളയിൽ, ഫ്രാൻസിസ് പാപ്പാ, നർമ്മരസത്തോടെ സിസ്റ്ററിനോട്, "ഇവിടെ സിംഹങ്ങളെ മെരുക്കുന്നതാണോ ജോലി?" എന്ന് ചോദിച്ച അനുഭവങ്ങളും, മറ്റനേകം സംഭവങ്ങളും സിസ്റ്റർ പങ്കുവച്ചു.
ഇത് നാലാം തവണയാണ് സിസ്റ്റർ ഫ്രാൻസിസ് പാപ്പായുടെ ഭൗതീക ശരീരംകണ്ടു പ്രാർത്ഥനകൾ നടത്തുന്നതിന് ബസിലിക്കയിൽ എത്തുന്നത്. ലോകത്തുള്ള എല്ലാവർക്കും ഫ്രാൻസിസ് പാപ്പായുടെ വിയോഗം നികത്താനാവാത്ത ഒരു നഷ്ടമായിരിക്കുമെന്നും സിസ്റ്റർ പങ്കുവച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: