തിരയുക

ദുരന്ത ബാധിത മേഖല ദുരന്ത ബാധിത മേഖല   (ANSA)

മ്യാന്മാർ ജനതയ്ക്ക് സാമ്പത്തിക സഹായം നൽകി ഫ്രാൻസിസ് പാപ്പാ

ഏഷ്യൻ ഭൂഖണ്ഡത്തിലെ മ്യാൻമറിൽ ഉണ്ടായ ഭൂകമ്പത്തിൽ ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് ഫ്രാൻസിസ് പാപ്പാ സാമ്പത്തിക സഹായം നൽകി. സമഗ്രമാനവിക വികസനത്തിനായുള്ള ഡിക്കസ്റ്ററി, അപ്പസ്തോലിക ഉപവി പ്രവർത്തങ്ങൾക്കായുള്ള കാര്യാലയം എന്നിവയുടെ കൂട്ടായ്മയിലാണ് സഹായം കൈമാറിയത്

വത്തിക്കാൻ ന്യൂസ്

ആയിരക്കണക്കിന് ആളുകളുടെ ജീവഹാനിക്കും, ഗുരുതരമായ പരിക്കുകൾക്കും, നാശനഷ്ടങ്ങൾക്കും കാരണമായ ഭൂകമ്പത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന മ്യാൻമറിലെ ജനതയ്ക്ക് ഫ്രാൻസിസ് പാപ്പാ സാമ്പത്തികമായ സഹായം അയച്ചു. സമഗ്രമാനവിക വികസനത്തിനായുള്ള ഡിക്കസ്റ്ററി, അപ്പസ്തോലിക ഉപവി പ്രവർത്തങ്ങൾക്കായുള്ള കാര്യാലയം എന്നിവ വഴിയായി അടിയന്തിര സാഹചര്യങ്ങളിൽ ആയിരിക്കുന്ന ജനതയെ സഹായിക്കുന്നതിനാണ് ഈ സാമ്പത്തിക സഹായം പാപ്പാ നൽകുന്നത്.

മ്യാൻമറിലെ സഹോദരീസഹോദരന്മാരുമായുള്ള പരിശുദ്ധ പിതാവിന്റെ അടുപ്പം പ്രകടിപ്പിക്കുന്നതുകൂടിയാണ് ഈ സംഭാവന. ലോകമെമ്പാടും നിന്നുള്ള ഇടവകകൾ, സംഘടനകൾ, വ്യക്തികൾ എന്നിവർ മ്യാന്മാറിന്റെ  സഹായത്തിനു മുൻപോട്ടു വരുമ്പോൾ പരിശുദ്ധ പിതാവിന്റെ ഈ സഹായഹസ്തം മുതൽക്കൂട്ടാകും.

യേശുവിന്റെ പുനരുത്ഥാനത്തോട് നമ്മെ അടുപ്പിക്കുന്ന തിരുനാളിന്റെ  ഈ സമയത്ത്, സഭയുടെ മാതാവായ കന്യകാമറിയത്തിന്റെ നിരന്തരമായ ഓർമ്മയും പ്രാർത്ഥനയും ഈ സംഭവനകളോടൊപ്പം മ്യാൻമറിലെ ജനതയ്ക്ക് നൽകുന്നു. ബുദ്ധമതാനുയായികൾ ഭൂരിപക്ഷമുള്ള മ്യാന്മറിൽ   ദുരന്തത്തിൻറെ യാതനകളനഭവിക്കുന്നവരെയെല്ലാവരെയും ചേർത്തുപിടിക്കാൻ സഭ ആദ്യം മുതലേ നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

മ്യന്മാറിൽ മാർച്ച് 28-ന് വെള്ളിയാഴ്ച (28/03/25) പ്രാദേശികസമയം ഉച്ചയ്ക്ക് 12.50-നാണ് ഭൂകമ്പമാപനിയായ റിക്ടെർ സ്കെയിലിൽ 7 ദശാംശം 7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. മൂവായിരത്തിലേറെ പേർക്ക് ജീവാപായം സംഭവിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ഏപ്രിൽ 2025, 12:57