തിരയുക

ഫ്രാൻസിസ് പാപ്പായുടെ ഭൗതികശരീരം വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ പൊതുദർശനത്തിനെത്തിച്ചപ്പോൾ ഫ്രാൻസിസ് പാപ്പായുടെ ഭൗതികശരീരം വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ പൊതുദർശനത്തിനെത്തിച്ചപ്പോൾ  (Vatican Media)

ഫ്രാൻസിസ് പാപ്പായുടെ ഭൗതികാശരീരം പൊതുദർശനത്തിനായി വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ

പരിശുദ്ധസിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചിരുന്നതുപോലെ, ഏപ്രിൽ 23 ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ വത്തിക്കാനിലെ സാന്താ മാർത്ത ഭവനത്തിൽനിന്നും വിശുദ്ധ പത്രോസിന്റെ ബസലിക്കയിലേക്കെത്തിച്ച ഫ്രാൻസിസ് പാപ്പായുടെ ഭൗതിക ശരീരം ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വിശ്വാസികൾക്കും തീർത്ഥാടകർക്കും പൊതുദർശനത്തിനായി വയ്ക്കുമെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഏപ്രിൽ 21 തിങ്കളാഴ്ച രാവിലെ തന്റെ വസതിയായ സാന്താ മാർത്തയിൽ വച്ച് നിത്യപിതാവിന്റെ പക്കലേക്ക് യാത്രയായ ഫ്രാൻസിസ് പാപ്പായുടെ ഭൗതികശരീരം വിശുദ്ധ പത്രോസിന്റെ ബസലിക്കയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള പ്രാർത്ഥനകൾക്കും പ്രദക്ഷിണത്തിനും കാമറലെങ്കോ ചുമതലയുള്ള കർദ്ദിനാൾ കെവിൻ ഫാറൽ പ്രാർത്ഥനകൾക്ക് നേതൃത്വം വഹിച്ചു. ചടങ്ങുകളിൽ പാത്രിയർക്കീസുമാരും, കർദ്ദിനാൾമാരും മെത്രാന്മാരും മോൺസിഞ്ഞോർമാരും മറ്റു വൈദികരുമുൾപ്പെടെ നാനൂറിലധികം പേർ പ്രദക്ഷിണത്തിൽ പങ്കെടുത്തു. ഏതാണ്ട് ഇരുപതിനായിരത്തോളം വിശ്വാസികൾ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പാപ്പായുടെ ഭൗതികശരീരം കാണാനായി ഇടം പിടിച്ചിരുന്നു. വിശുദ്ധ പത്രോസിന്റെ ചത്വരത്തിന് പുറത്തും സമീപത്തുള്ള വഴികളിലുമായി ബസലിക്കയിലേക്കെത്താൻ ആയിരക്കണക്കിന് ആളുകൾ കാത്തുനിൽപ്പുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന കർദ്ദിനാൾമാരുടെ പ്രഥമപൊതുസമ്മേളനത്തിലെ തീരുമാനങ്ങളുടെ കൂടി പശ്ചാത്തലത്തിൽ, വത്തിക്കാനിലെ സാന്താ മാർത്ത ഭവനത്തിൽനിന്നും രാവിലെ ഒൻപത് മണിയോടെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലേക്കെത്തിച്ച ഫ്രാൻസിസ് പാപ്പായുടെ ഭൗതികശരീരം ഏപ്രിൽ 23 ബുധൻ മുതൽ 25 വെള്ളി വരെയുള്ള ദിവസങ്ങളിൽ പൊതുദർശനത്തിന് വയ്ക്കുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് ടെലെഗ്രാം സന്ദേശത്തിലൂടെ അറിയിച്ചു.

ഏപ്രിൽ 23 ബുധനാഴ്ച രാവിലെ 10 മുതൽ രാത്രി 12 വരെയും, 24 വ്യാഴാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 12 വരെയും, 25 വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ വൈകുന്നേരം 7 വരെയുമായിരിക്കും പൊതുദർശനം. മുൻപ് അറിയിച്ചിരുന്നതുപോലെ ഏപ്രിൽ 26 ശനിയാഴ്ച രാവിലെ 10 മണിക്ക് ഫ്രാൻസിസ് പാപ്പായുടെ മൃതസംസ്കാരച്ചടങ്ങുകളുടെ ഭാഗമായയുള്ള വിശുദ്ധ കുർബാന വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അർപ്പിക്കപ്പെടും. കർദ്ദിനാൾ സംഘത്തിന്റെ ഡീൻ കർദ്ദിനാൾ ജ്യോവാന്നി ബാത്തിസ്ത്ത റേ ആയിരിക്കും വിശുദ്ധ ബലിയിൽ മുഖ്യ കാർമികത്വം വഹിക്കുക.

പാവപ്പെട്ടവരെയും സമൂഹത്തിൽ പാർശ്വവത്ക്കരിക്കപ്പെട്ടവരെയും സഭയോടും തന്നോടും ചേർത്തുപിടിച്ച പാപ്പായെ അവസാനമായി ഒരു നോക്കു കാണാൻ ലക്ഷക്കണക്കിന് തീർത്ഥാടകരും വിശ്വാസികളുമാണ് വത്തിക്കാനിലേക്ക് ഒഴുകിയെത്തുന്നത്.

വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടവരുമായി ബന്ധപ്പെട്ട ഔദ്യോഗിക ചടങ്ങുകൾ പുതിയ പാപ്പായെ തിരഞ്ഞെടുത്ത ശേഷം

ഫ്രാൻസിസ് പാപ്പായുടെ അംഗീകാരത്തോടെ, വിശുദ്ധരുടെ നാമകരണച്ചടങ്ങുകൾക്കായുള്ള ഡികാസ്റ്ററി പ്രസിദ്ധീകരിച്ച്, വാഴ്ത്തപ്പെട്ടവരുടെ നിലയിലേക്ക് ഉയർത്തുവാനായി തീരുമാനിച്ചിരുന്ന ധന്യപദവിയിലുണ്ടായിരുന്നവരുമായി ബന്ധപ്പെട്ട ചടങ്ങുകൾ പുതിയ പാപ്പായെ തിരഞ്ഞടുത്ത ശേഷം അദ്ദേഹത്തിന്റെ കൂടി തീരുമാനപ്രകാരമായിരിക്കുമെന്ന് കർദ്ദിനാൾ സംഘം തീരുമാനിച്ചു.

ഏപ്രിൽ 27 ദിവ്യകരുണയുടെ തിരുനാൾ ദിനത്തിൽ വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന നടപടികൾ കഴിഞ്ഞ ദിവസം വത്തിക്കാൻ താത്‌കാലികമായി മാറ്റിവച്ചതിന് പുറമെയാണ് പുതിയ ഈ തീരുമാനം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ഏപ്രിൽ 2025, 14:57