യേശുവിന്റെ തിരുഹൃദയത്തെ ജീവിതത്തിൽ വെളിപ്പെടുത്തിയ ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ദിലെക്സിത്ത് നോസ് ചാക്രികലേഖനത്തെ അധികരിച്ചുള്ള ചിന്തകളുടെ പരമ്പര തുടരുമ്പോൾ, ഫ്രാൻസിസ് പാപ്പായുടെ ദേഹവിയോഗം നമ്മെ സംബന്ധിച്ചിടത്തോളം ഏറെ വേദനയുളവാക്കുന്നതാണ്. ഇന്ന് ലോകം മുഴുവൻ ഫ്രാൻസിസ് പാപ്പായെപ്പറ്റി ചർച്ചചെയ്യുമ്പോഴും, അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിക്കുമ്പോഴും അദ്ദേഹം നമുക്ക് ചൂണ്ടിക്കാണിച്ചു നൽകുന്നത്, ദൈവഹൃദയത്തിന്റെ സ്‌നേഹമസൃണമായ ആർദ്രതയാണ്. വെറുപ്പിന്റെയും, വൈരാഗ്യത്തിന്റെയും ചിന്തകൾ. ലോകത്തിന്റെ വിവിധ കോണുകളിൽ അലയടിച്ചപ്പോൾ, തന്റെ വാക്കുകളും, പ്രവർത്തനങ്ങളും വഴിയായി സമാധാനത്തിന്റെ ആഹ്വാനം നൽകിയ ഫ്രാൻസിസ് പാപ്പാ കടന്നുപോകുമ്പോൾ, യേശുവിന്റെ തിരുഹൃദയത്തിനു ലോകം മുഴുവനെയും സമർപ്പിച്ചുകൊണ്ട്, ദൈവപിതാവിന്റെ അടുക്കൽ നമുക്കായി അദ്ദേഹം പ്രാർത്ഥിക്കുമെന്നതിൽ തെല്ലും സംശയം വേണ്ട. പീഡിതരായ ഉക്രൈനും, അനാഥരാക്കപ്പെട്ട ഗാസ ജനതയും, പാർശ്വവത്ക്കരിക്കപ്പെട്ട ആഫ്രിക്കൻ ജനതയും പാപ്പായുടെ നെഞ്ചിലെ നൊമ്പരങ്ങളായിരുന്നു. തന്റെ പ്രതിനിധികളെ അയച്ചുകൊണ്ട് ചർച്ചകൾക്കായി വിവിധ സർക്കാരുകളെ ക്ഷണിക്കുമ്പോൾ ഫ്രാൻസിസ് പാപ്പാ തന്റെ പ്രാർത്ഥനകൾ അവർക്കായി നടത്തുകയും, യേശുവിന്റ തിരുഹൃദയത്തിനു അവരെ സമർപ്പിക്കുകയും ചെയ്തിരുന്നു.
ദിലെക്സിത്ത് നോസ് ചാക്രികലേഖനം രചിക്കുന്ന സമയത്തും ഫ്രാൻസിസ് പാപ്പായുടെ പ്രധാന ചിന്തകൾ അസ്വസ്ഥമായ മാനവ ഹൃദയങ്ങൾ ആയിരുന്നു. അസ്വസ്ഥതയുടെ നടുവിൽ ജീവിതത്തിന്റെ അർത്ഥം നഷ്ട്ടപ്പെട്ടുപോകുന്ന നിരവധി ആളുകളെ തന്റെ ജീവിതത്തിൽ സ്വീകരിച്ച വിശാലഹൃദയത്തിനു ഉടമയായിരുന്നു ഫ്രാൻസിസ് പാപ്പാ. അപ്രകാരം നിരവധി ആളുകളെ യാതൊരു വിവേചനവും കൂടാതെ തന്റെ സ്നേഹത്തിൽ ചേർത്തുവച്ച വലിയ ഇടയനായിരുന്നു ഫ്രാൻസിസ് പാപ്പാ. ഇതിനു വലിയ തെളിവാണ് ഫ്രാൻസിസ് പാപ്പായെ അവസാനമായി ഒരു നോക്കുകാണുവാൻ, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലേക്ക് രാവും, പകലും ഒഴുകിയെത്തുന്ന ജനങ്ങൾ. കിലോമീറ്ററുകളോളം ക്ഷമയോടെ കാത്തുനിൽക്കുന്ന ജനതയുടെ കണ്ണുകളിൽ, ഫ്രാൻസിസ് പാപ്പായോടുള്ള സ്‌നേഹം, ഉന്നതമായ മറ്റൊരു സ്‌നേഹം കൂടി വെളിപ്പെടുത്തുന്നതാണ്, അത് യേശുവിന്റെ തിരുഹൃദയത്തിന്റെ സ്‌നേഹഭാവമാണ്.
ഫ്രാൻസിസ് പാപ്പാ രചിച്ച അവസാന ചാക്രികലേഖനം എന്ന നിലയിൽ 'ദിലെക്സിത്ത് നോസി'ന്റെ പ്രത്യേകത വളരെ വലുതാണ്. പത്രോസിനടുത്ത തന്റെ അജപാലനശുശ്രൂഷയുടെ അടിസ്ഥാനവും, ശക്തികേന്ദ്രവും എന്താണെന്നു ഈ ചാക്രികലേഖനത്തിന്റെ വാക്കുകൾ നമുക്ക് വെളിപ്പെടുത്തുന്നു. തന്റെ സന്ദേശങ്ങളും, മറ്റുള്ളവരോടുള്ള ബന്ധവും ക്രമപ്പെടുത്തുകയും, രൂപപ്പെടുത്തുകയും ചെയ്തത്, ദൈവീക ഹൃദയത്തോടുള്ള അദമ്യമായ കൂട്ടയ്മയിൽ നിന്നുമായിരുന്നു. ചാക്രികലേഖനത്തിന്റെ മുപ്പത്തിരണ്ട് മുതൽ മുപ്പത്തിയെട്ടു വരെയുള്ള ഖണ്ഡികകൾ, ഫ്രാൻസിസ് പാപ്പായുടെ, ദൈവവുമായുള്ള ബന്ധത്തിൽ രൂപപ്പെടുത്തിയ ജീവിത ശൈലിയെയാണ് നമുക്ക് എടുത്തു കാണിക്കുന്നത്. ഇത് വാക്മയചിത്രങ്ങളുടെ സംഗമമല്ല, മറിച്ച് അക്ഷരകൂട്ടുകളുടെ ചായങ്ങൾക്കുമപ്പുറം, ഹൃദയങ്ങൾ തമ്മിൽ നിണത്താൽ ബന്ധപ്പെടുത്തുന്ന സ്നേഹസംഗമമമാണ്.
യേശുവിനു നമ്മോടുള്ള സ്നേഹത്തിന്റെ കേന്ദ്രബിന്ദുവായി ഫ്രാൻസിസ് പാപ്പാ എടുത്തു കാണിക്കുന്നത്, യേശുവിന്റെ തിരുഹൃദയമാണ്. നമ്മുടെ വിശ്വാസത്തിന്റെ ഉത്ഭവം ഈ ഹൃദയത്തിലാണെന്നു പാപ്പാ പറഞ്ഞുവയ്ക്കുമ്പോൾ, തന്റെ ജീവിതകാലമത്രയും, ഹൃദയത്തിന്റെ പ്രാധാന്യത്തെ ഓർമ്മിപ്പിച്ചുകൊണ്ട്, ഹൃദയങ്ങൾ തമ്മിലുള്ള ആശയവിനിമയമാണ് സമാധാനത്തിനുള്ള ഏക വഴിയെന്നു ഫ്രാൻസിസ് പാപ്പാ ലോകത്തെ മുഴുവൻ പഠിപ്പിച്ചു. ആശയങ്ങൾ പലതാണെങ്കിലും, വിശ്വാസങ്ങൾ വ്യത്യസ്തമെങ്കിലും, ഭാഷകൾ അപരിചിതമെങ്കിലും, ലോകജനതയെ ഒന്നിപ്പിക്കുന്ന ഒരേ ഒരു ഘടകം ഹൃദയമാണെന്നുള്ള സത്യമാണ് ഫ്രാൻസിസ് പാപ്പാ തന്റെ ജീവിതം വഴിയായി മറ്റുള്ളവരെ പഠിപ്പിച്ചത്. ക്രൈസ്തവ ബോധ്യങ്ങളെ നമ്മുടെ ജീവിതത്തിൽ അരക്കിട്ടുറപ്പിക്കുന്നത്, ഇപ്രകാരം യേശുവിന്റെ തിരുഹൃദയവും, ഹൃദയാത്മകമായ സ്നേഹവുമാണ്.
ഫ്രാൻസിസ് പാപ്പാ എന്തുകൊണ്ടാണ് ജനങ്ങൾക്ക് ഇത്രയധികം സമ്മതൻ ആയെന്ന? ചോദ്യത്തിന് ഉത്തരം എളുപ്പത്തിൽ കണ്ടെത്തുക അസാധ്യമാണ്. പലപ്പോഴും വിഭിന്നമായ ഉത്തരങ്ങളാണ് ആളുകൾ നൽകുന്നത്. ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ ബോധ്യത്തിൽ നിന്നുമാണ് ഫ്രാൻസിസ് പാപ്പായെ വിശദീകരിക്കുന്നതും, വിലയിരുത്തുന്നതും. പക്ഷെ ഈ ഉത്തരങ്ങളെല്ലാം ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ സംബന്ധിക്കുന്നതാണ്. ഈ വ്യക്തിത്വമാകട്ടെ ഹൃദയത്തിന്റെ പ്രത്യേകതകൾ ഉൾക്കൊള്ളുന്നതും.
സുഭാഷിതങ്ങളുടെ പുസ്തകം നാലാം അധ്യായം ഇരുപത്തിമൂന്നാം തിരുവചനം ഇപ്രകാരമാണ് പറയുന്നത്: " നിന്റെ ഹൃദയത്തെ ജാഗരൂകതയോടെ കാത്തുസൂക്ഷിക്കുക; ജീവന്റെ ഉറവകൾ അതിൽ നിന്നുമാണ് ഒഴുകുന്നത്." തുടർന്നും അതെ പുസ്തകത്തിലെ പതിനേഴാം അദ്ധ്യായം ഇരുപത്തിരണ്ടാം തിരുവചനവും വളരെ പ്രധാനപ്പെട്ടതാണ്, " സന്തുഷ്ടഹൃദയം ആരോഗ്യദായകമാണ്; തളർന്ന മനസ് ആരോഗ്യം കെടുത്തുന്നു." യേശു ഹൃദയത്തിന്റെ പ്രാധാന്യത്തെ എടുത്തുകാണിച്ചുകൊണ്ട് പറയുന്നത് ഇപ്രകാരമാണ്: "നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്‌ഷേപത്തില്‍നിന്നു നന്‍മ പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യന്‍ തിന്‍മയില്‍ നിന്നു തിന്‍മ പുറപ്പെടുവിക്കുന്നു. ഹൃദയത്തിന്റെ നിറവില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്." (ലൂക്കാ 6 : 45). ദരിദ്രരോടും, സമൂഹത്തിലെ അധഃസ്ഥിതരോടും ഫ്രാൻസിസ് പാപ്പാ കാണിച്ച കാരുണ്യത്തിന്റെ പ്രവൃത്തികൾ ആരംഭിക്കുന്നത്, ഹൃദയത്തിന്റെ നിറവിൽ നിന്നുമായിരുന്നു.
തിരുവചനത്തിൽ ഹൃദയത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന ഈ വചനങ്ങൾ ഫ്രാൻസിസ് പാപ്പായുടെ ജീവിതത്തിൽ വിളങ്ങിയിരുന്ന പുണ്യങ്ങൾ അനുസ്മരിപ്പിക്കുന്നു. എന്നാൽ തന്റെ ഹൃദയത്തിന്റെ നിറവായി പാപ്പാ ചൂണ്ടിക്കാണിക്കുന്നത്, എല്ലാ ഹൃദയ വ്യവഹാരങ്ങളുടയും ഉറവിടമായ യേശുവിന്റെ തിരുഹൃദയമാണ്. യേശു നമ്മെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് വാക്കുകൾ കൊണ്ട് വിശദീകരിക്കുവാൻ സാധിക്കുകയില്ല. മറിച്ച്, യേശുവിന്റെ സ്നേഹം അവന്റെ നിശബ്ദതയിൽ പോലും, അവന്റെ നോട്ടത്തിൽ പോലും, അവന്റെ പുഞ്ചിരിയിൽ പോലും പ്രതിഫലിച്ചിരുന്നുവെന്നു, യേശുവിന്റെ ജീവിതത്തിൽ നിന്നും നമുക്ക് മനസിലാക്കാവുന്നതാണ്.
ഈ സ്നേഹത്തിൽ നിന്നാണ് യേശു കൂട്ടായ്മകൾ രൂപപ്പെടുത്തിയത്. ഈ സ്നേഹത്തിനു വ്യവസ്ഥകളില്ല, അതിരുകളില്ല, വേര്‍തിരിവുകളില്ല. കയറിച്ചെല്ലുന്ന മനുഷ്യന് പകരമായി ഇറങ്ങിവന്ന പിതൃഹൃദയമാണ് യേശുവിന്റേത്. നമ്മെ കരുതലോടെയും വാത്സല്യത്തോടെയും പരിപാലിക്കുന്ന യേശുവിന്റെ സ്നേഹം തന്നെയാണ് ഫ്രാൻസിസ് പാപ്പായുടെ ജീവിതത്തിലും വിളങ്ങിയിരുന്നത്.
മനുഷ്യനോടൊത്ത് സഹവസിക്കുന്ന ദൈവത്തിനു നൽകപ്പെട്ട പേര് ‘ഇമ്മാനുവേൽ’ എന്നാണെങ്കിൽ, കാരുണ്യത്തിന്റെ പ്രതിരൂപമായി ലോകത്തിനു സ്നേഹത്തിന്റെ സന്ദേശം നൽകിക്കൊണ്ട് അനേകരെ യേശുവിനെ അറിയുവാൻ സഹായിച്ച ഈ കാലഘട്ടത്തിലെ പ്രവാചകനായിരുന്നു ഫ്രാൻസിസ് പാപ്പാ. ഫിലിപ്പിയർക്കെഴുതിയ ലേഖനം രണ്ടാം അധ്യായം ഏഴാം തിരുവചനം പറയുന്നതുപോലെ, " അവൻ തന്നെത്തന്നെ ശൂന്യനാക്കി, ദാസന്റെ രൂപം സ്വീകരിച്ചു." യേശുവിന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളും, ഈ വചനത്തിന്റെ അർത്ഥം വെളിപ്പെടുത്തുന്നതായിരുന്നു. ഇറ്റലിയിലെ, ആരാലും അറിയപ്പെടാതെ കിടന്ന കൊച്ചുഗ്രാമമായ ലാമ്പെധൂസയിൽ തന്റെ അജപാലനസന്ദർശത്തിന്റെ ആരംഭം കുറിച്ച ഫ്രാൻസിസ് പാപ്പാ, തുടർന്നുള്ള തന്റെ യാത്രകളിലുടനീളം പാവപ്പെട്ടവരെ ചേർത്തുനിർത്തിയിരുന്നു. ഫ്രാൻസിസ് പാപ്പായെ കെട്ടിപ്പിടിച്ചുകൊണ്ട് കണ്ണുനീർ വാർത്ത അനേകരെ വിവിധ അവസരങ്ങളിൽ നാം കാണുമ്പോൾ, നമുക്ക് ഓർമ്മ വരിക, വിശുദ്ധ ഗ്രന്ഥം യേശുവിന്റെ ജീവിതത്തെ അവതരിപ്പിക്കുന്ന വചനങ്ങളാണ്.
ചാക്രികലേഖനത്തിന്റെ മുപ്പത്തിയാറാം ഖണ്ഡിക, യേശുവിന്റെ ജീവിതത്തിന്റെ, അവന്റെ ഹൃദയത്തിന്റെ മാധുര്യം ആസ്വദിച്ച അനേകരെ പറ്റിയുള്ള ഓർമ്മപ്പെടുത്തലാണ്. രോഗികള്‍ക്ക് താന്‍ അപരിചിതനാണെന്ന് തോന്നാതിരിക്കാന്‍, ഒരു അമ്മയെപ്പോലെ, സ്വന്തം ഉമിനീര്‍ കൊണ്ട് രോഗികളെ സുഖപ്പെടുത്താന്‍ പോലും തയ്യാറായ യേശുവിന്റെ ഹൃദയവിശാലതയെ ഫ്രാൻസിസ് പാപ്പാ ലേഖനത്തിൽ എടുത്തു കാണിക്കുമ്പോൾ, അത് തന്റെ ജീവിതത്തിലും പ്രാവർത്തികമാക്കിയ ഇടയനാണ്പാപ്പാ. 'ലാളനകളുടെ മനോഹരമായ ശാസ്ത്രം' എന്നാണ് പാപ്പാ യേശുവിന്റെ ആ പ്രവൃത്തിയെ വിളിച്ചത്. അങ്ങനെയെങ്കിൽ ആ ശാസ്ത്രമാണ് ഫ്രാൻസിസ് പാപ്പാ നമ്മെ പഠിപ്പിച്ചിട്ട് കടന്നുപോകുന്നത്. അതിനാൽ ധൈര്യമായിരിക്കുവാൻ പാപ്പാ നമ്മെ ക്ഷണിക്കുന്നു. കാരണം നാം അഭയം പ്രാപിക്കുന്നത്, ഏത് അവസ്ഥകളിലും നമ്മെ കാക്കുവാൻ കഴിവുള്ള യേശുവിന്റെ തിരുഹൃദയത്തിലാണ്.
ഫ്രാൻസിസ് പാപ്പായുടെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു ഓർമ്മയാണ്, രോഗം മൂലം വികൃതമാക്കപ്പെട്ട മുഖവുമായി കടന്നുവന്ന ഒരാളെ തന്റെ ഹൃദയത്തോട് ചേർത്ത് നിർത്തി ആലിംഗനം ചെയ്യുന്നത്. ഒരുപക്ഷെ സമൂഹം ഇന്ന് പലരെയും പല കാരണങ്ങളാലും മാറ്റി നിർത്തുമ്പോൾ, യേശുവിന്റെ സ്നേഹം തന്റെ ജീവിതത്തിൽ കാത്തുസൂക്ഷിക്കുന്നതുകൊണ്ടാണ്, പാപ്പാ അവരെ ചേർത്ത് നിർത്തിയത്.
പാപങ്ങൾ ജീവിതത്തിൽ നിന്നും ഉപേക്ഷിക്കണമെന്ന് പറയുമ്പോഴും, പാപിയെ തന്റെ ജീവിതത്തിൽ പാപ്പാ എപ്പോഴും സ്വീകരിച്ചിരുന്നു. യേശുവിന്റെ തിരുഹൃദയത്തിൽ ഏവർക്കും സ്ഥാനം ഉണ്ടെന്നും, ആ ഹൃദയത്തിന്റെ ആർദ്രത ജീവിതത്തിൽ ഉൾക്കൊള്ളുവാൻ ഏതു സമയത്തും നമുക്ക് കടന്നുവരാം എന്നും പാപ്പാ പല തവണ എടുത്തു പറഞ്ഞിട്ടുണ്ട്.
ഒന്നും യേശുവിനെ അസ്വസ്ഥപ്പെടുത്താത്തതുപോലെ, ഫ്രാൻസിസ് പാപ്പായെയും അസ്വസ്ഥപ്പെടുത്തിയിരുന്നില്ല. വിമർശനങ്ങൾക്കു നടുവിലും, യേശുവിനെ പോലെ ധൈര്യം അവലംബിച്ചുകൊണ്ട് മറ്റുള്ളവരുടെ നന്മയ്ക്കായി പ്രവർത്തിച്ച പാപ്പായെ കാലം ഒരിക്കലും മറക്കുകയില്ല.
ദിലെക്സിത്ത് നോസ് ചാക്രികലേഖനത്തിന്റെ മുപ്പത്തിയെട്ടാം ഖണ്ഡികയിൽ യേശുവിന്റെ മരണത്തെ സംബന്ധിച്ചുള്ള വചനങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ വിശദീകരിക്കുന്നത്. യോഹന്നാന്റെ സുവിശേഷം പതിനാലാം അധ്യായം പതിനെട്ടും, പത്തൊൻപതും തിരുവചനങ്ങൾ ഓർമ്മപെടുത്തിക്കൊണ്ടാണ് പരിശുദ്ധ പിതാവ് ദൈവത്തിന്റെ അനന്തസ്നേഹം വിശദീകരിക്കുന്നത്.
ഫ്രാൻസിസ് പാപ്പാ, തന്റെ ജീവിതത്തിലൂടെ അനേകരിൽ പകർന്ന സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും കിരണങ്ങൾ ഒരിക്കലും മങ്ങലേൽക്കാതെ നിലനിൽക്കുവാൻ ദൈവപിതാവിന്റെ അരികിൽ നമുക്കായി മാധ്യസ്ഥ്യം യാചിക്കും എന്നതിൽ തെല്ലും സംശയം വേണ്ട. “ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല”, എന്നാണ് യേശു ശിഷ്യന്മാരോട് പറഞ്ഞത്. ഒരു പക്ഷെ സഭയുടെ കാരുണ്യത്തിന്റെ മാതൃഹൃദയം,എല്ലാവരെയും പ്രത്യേകിച്ച് സമൂഹത്തിൽ വേദനിക്കുന്നവരെയും, അധഃസ്ഥിതരെയും ഓർമ്മപ്പെടുത്തിക്കൊണ്ടാണ് ഫ്രാൻസിസ് പാപ്പായും ഈ ലോകത്തോട് വിട ചൊല്ലുന്നത്. യേശുവിനെ കണ്ടെത്തുവാനും, അവനെ ജീവിതത്തിൽ മുറുകെപ്പിടിക്കുവാനും തിരുഹൃദയത്തിന്റെ പ്രാധാന്യം ജീവിതത്തിൽ തിരിച്ചറിയുവാൻ ഫ്രാൻസിസ് പാപ്പാ ഏവരെയും ക്ഷണിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: