ഫ്രാൻസിസ് പാപ്പായ്ക്കുവേണ്ടിയുള്ള നൊവേനക്കുർബാനകൾ സംബന്ധിച്ച് വ്യക്തത വരുത്തി വത്തിക്കാൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഫ്രാൻസിസ് പാപ്പായ്ക്കുവേണ്ടി നടത്താനിരിക്കുന്ന നൊവേനക്കുർബാനകളുടെ അർപ്പണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വത്തിക്കാനിലെ ആരാധാനക്രമകാര്യങ്ങൾക്കായുള്ള ഓഫീസ് പങ്കുവച്ചു. നിലവിലെ തീരുമാനമനുസരിച്ച് മൃതസംസ്കാരം നടക്കുന്ന ഏപ്രിൽ 26 ശനിയാഴ്ചയായിരിക്കും നൊവേനക്കുർബാനയുടെ ആരംഭം. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലായിരിക്കും വിശുദ്ധ ബലികൾ അർപ്പിക്കപ്പെടുക.
രണ്ടാം ദിവസമായ ഏപ്രിൽ 27 ഞായറാഴ്ച രാവിലെ 10.30 വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കർദ്ദിനാൾ പിയെത്രോ പരൊളീൻ മുഖ്യ കാർമ്മികനായിരിക്കും.
മൂന്നാമത്തെ ദിവസം മുതൽ വൈകുന്നേരം അഞ്ചുമണിക്കായിരിക്കും വിശുദ്ധ ബലിയർപ്പണം.
റോം രൂപതയിൽനിന്നുള്ള ആളുകളുടെ സാന്നിദ്ധ്യത്തിൽ അർപ്പിക്കപ്പെടുന്ന മൂന്നാം ദിനത്തിലെ വിശുദ്ധ ബലിക്ക് വികാരി ജനറൽ കർദ്ദിനാൾ ബാൾദസാരെ റെയ്‌ന മുഖ്യ കാർമ്മികത്വം വഹിക്കും.
നൊവേനയുടെ നാലാം ദിനമായ ഏപ്രിൽ 29-ന് അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിക്ക് വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ അർച്ച്പ്രീസ്റ് കർദ്ദിനാൾ മൗറോ ഗമ്പെത്തി മുഖ്യ കാർമ്മികത്വം വഹിക്കും. പേപ്പൽ ബസലിക്കകളിലെ ചാപ്റ്റർ അംഗങ്ങളെയാണ് പ്രധാനമായും ഈ വിശുദ്ധ ബലിയിൽ പ്രതീക്ഷിക്കുന്നത്.
അഞ്ചാം ദിനത്തിലെ വിശുദ്ധ ബലിയർപ്പണത്തിൽ, പേപ്പൽ ചാപ്പൽ അംഗങ്ങളെയാണ് കൂടുതലായി പ്രതീക്ഷിക്കുന്നത്. ഈ വിശുദ്ധ ബലിക്ക് കർദ്ദിനാൾ സംഘത്തിന്റെ അസിസ്റ്റന്റ് ഡീനായ കർദ്ദിനാൾ ലെയൊനാർദോ സാന്ദ്രിയായിരിക്കും മുഖ്യ കാർമ്മികത്വം വഹിക്കുക.
മെയ് ഒന്നാം തീയതി നടക്കുന്ന നൊവേനയുടെ ആറാംദിന വിശുദ്ധ ബലിയർപ്പണത്തിൽ റോമൻ കൂരിയയിൽനിന്നുള്ള അംഗങ്ങളെയാണ് പ്രധാനമായും പ്രതീക്ഷിക്കുന്നത്. അന്നേദിവസം നടക്കുന്ന വിശുദ്ധ ബലിക്ക് വിശ്വാസകാര്യങ്ങൾക്കായുള്ള ഡികാസ്റ്ററി അധ്യക്ഷനായിരുന്ന കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് മുഖ്യ കാർമ്മികത്വം വഹിക്കും.
പൗരസ്ത്യസഭകളിൽനിന്നുള്ളവരുടെ കൂടുതലായ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ഏഴാം ദിവസം പൗരസ്ത്യസഭകൾക്കായുള്ള ഡികാസ്റ്ററിയുടെ അദ്ധ്യക്ഷനായിരുന്ന കർദ്ദിനാൾ ക്‌ളൗദിയോ ഗുജെറോത്തി മുഖ്യ കാർമ്മികത്വം വഹിക്കും.
എട്ടാം ദിവസത്തിലെ വിശുദ്ധ ബലിയിൽ സമർപ്പിത, അപ്പസ്തോലിക ജീവിതസമൂഹങ്ങളിൽനിന്നുള്ള ആളുകളെയാണ് കൂടുതലായി പ്രതീക്ഷിക്കുന്നത്. സമർപ്പിതസമൂഹസ്ഥാപനങ്ങൾക്കും, അപ്പസ്തോലികജീവിതസമൂഹങ്ങൾക്കും വേണ്ടിയുള്ള ഡികാസ്റ്ററിയുടെ പ്രോ-പ്രീഫെക്റ്റ് ആയിരുന്ന കർദ്ദിനാൾ ആംഹെൽ ഫെർനാണ്ടെസ് അരിതിമെ ആയിരിക്കും ഈ വിശുദ്ധബലിയുടെ മുഖ്യ കാർമ്മികൻ.
നൊവേനക്കുർബാനയുടെ അവസാനദിനമായ മെയ് നാലാം തീയതി വൈകുന്നേരം നടക്കുന്ന വിശുദ്ധ ബലിയിൽ പേപ്പൽ ചാപ്പലിലെ അംഗങ്ങളെയാണ് പ്രധാനമായും പ്രതീക്ഷിക്കുന്നത്. കർദ്ദിനാൾ സംഘത്തിന്റെ പ്രോട്ടോഡീക്കൻ എന്ന സ്ഥാനം വഹിക്കുന്ന കർദ്ദിനാൾ ഡൊമിനിക് മമ്പെർത്തി ആയിരിക്കും ഈ വിശുദ്ധബലിക്ക് മുഖ്യ കാർമ്മികത്വം വഹിക്കുക.
വത്തിക്കാനിലെ ആരാധനാക്രമകാര്യങ്ങൾക്കായുള്ള ഓഫീസിന്റെ തലവൻ ആർച്ച്ബിഷപ് ദിയേഗോ റവേല്ലിയാണ് ഫ്രാൻസിസ് പാപ്പായ്ക്കുവേണ്ടിയുള്ള നൊവേനക്കുർബാനകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാക്കിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: