തിരയുക

ഏപ്രിൽ മാസം ഇരുപതാം  തീയതി ഊർബി എത്ത് ഓർബി ആശീർവാദ അവസരത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നു. ഏപ്രിൽ മാസം ഇരുപതാം തീയതി ഊർബി എത്ത് ഓർബി ആശീർവാദ അവസരത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നു.  

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് പാപ്പാ കാലം ചെയ്തു

റോം രൂപതയുടെ മെത്രാനും, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായിരുന്ന ഫ്രാൻസിസ് പാപ്പാ തന്റെ എൺപത്തിയെട്ടാം വയസിൽ, വത്തിക്കാനിലെ തന്റെ വസതിയായ കാസ സാന്താ മാർത്തയിൽ, ഏപ്രിൽ മാസം ഇരുപത്തിയൊന്നാം തീയതി, ഇറ്റാലിയൻ സമയം രാവിലെ 7 .35 നു കാലം ചെയ്തു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

"പ്രിയ സഹോദരീ സഹോദരന്മാരേ, നമ്മുടെ പരിശുദ്ധ പിതാവ്  ഫ്രാൻസിസ്  പാപ്പായുടെ മരണം  വളരെ ദുഃഖത്തോടെ ഞാൻ നിങ്ങളെ അറിയിക്കുന്നു. ഇന്ന് രാവിലെ ഇറ്റാലിയൻ സമയം 7:35 ന് റോമിന്റെ മെത്രാൻ ഫ്രാൻസിസ് പാപ്പാ നിത്യപിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ ജീവിതം മുഴുവനും കർത്താവിന്റെയും, അവന്റെ സഭയുടെയും സേവനത്തിനായി സമർപ്പിച്ചു. സുവിശേഷത്തിന്റെ മൂല്യങ്ങൾ വിശ്വസ്തതയോടും ധൈര്യത്തോടും സാർവത്രിക സ്നേഹത്തോടും കൂടി, പ്രത്യേകമായി ദരിദ്രരുടെയും, പാർശ്വവത്ക്കരിക്കപ്പെട്ടവരുടെയും പക്ഷം ചേർന്നുകൊണ്ട്   ജീവിക്കാൻ അദ്ദേഹം നമ്മെ പഠിപ്പിച്ചു.

കർത്താവായ യേശുവിന്റെ യഥാർത്ഥ ശിഷ്യനെന്ന നിലയിൽ അദ്ദേഹം നൽകിയ മാതൃകയ്ക്ക് അതിയായ കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട്, പാപ്പയുടെ ആത്മാവിനെ ഏകനും, ത്രിത്വവുമായ ദൈവത്തിന്റെ അനന്തമായ കരുണാമയ സ്നേഹത്തിനു നമുക് സമർപ്പിക്കാം", ഈ വാക്കുകളോടെയാണ് സഭയുടെ കമാർലെങ്കോ സ്ഥാനം വഹിക്കുന്ന കർദിനാൾ കെവിൻ ജോസഫ് ഫാരെൽ ഫ്രാൻസിസ് പാപ്പായുടെ മരണവാർത്ത ലോകത്തെ അറിയിച്ചത്. 

ജനങ്ങളുടെ പാപ്പാ എന്ന് അറിയപ്പെട്ടിരുന്ന ഫ്രാൻസിസ് പാപ്പയുടെ മരണത്തിൽ ലോകജനത ഒന്നടങ്കം തങ്ങളുടെ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് വിവിധ സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം സന്ദേശങ്ങൾ ഇടുന്നത്, ഫ്രാൻസിസ് പാപ്പായുടെ ജനകീയത ഏറെ വെളിവാക്കുന്നതാണ്. പാപ്പായുടെ പുഞ്ചിരി ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃയങ്ങളെ കീഴടക്കി എന്നാണ് യൂറോപ്യൻ പാർലമെന്റിന്റെ പ്രസിഡണ്ട് റോബെർത്ത മെറ്റ്സോള കുറിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 ഏപ്രിൽ 2025, 11:32