തിരയുക

ഫ്രാൻസിസ് പാപ്പായുടെ ഭൗതീകശരീരം പൊതുദർശനത്തിനായി വച്ചിരിക്കുന്നു ഫ്രാൻസിസ് പാപ്പായുടെ ഭൗതീകശരീരം പൊതുദർശനത്തിനായി വച്ചിരിക്കുന്നു   (Vatican Media)

ഫ്രാൻസിസ് പാപ്പായ്ക്ക് അന്ത്യോപചാരം അർപ്പിക്കുവാൻ ആളുകളുടെ വൻതിരക്ക്

കാലം ചെയ്ത ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് പാപ്പായ്ക്ക് അന്ത്യോപചാരം അർപ്പിക്കുവാൻ ലക്ഷക്കണക്കിന് ആളുകളാണ് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലേക്ക് എത്തുന്നത്. രണ്ടു ദിവസത്തിൽ ഏകദേശം ഒരു ലക്ഷത്തി ഇരുപത്തിയെണ്ണായിരത്തിനു മുകളിൽ ആളുകളാണ് പാപ്പായുടെ ഭൗതീകശരീരം കാണുവാനും പ്രാർത്ഥിക്കുവാനും എത്തിയത്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

'പാവങ്ങളുടെ പാപ്പായെന്നു' വിളിക്കപ്പെടുന്ന ഫ്രാൻസിസ് പാപ്പായുടെ ഭൗതീക ശരീരം  കാണുന്നതിനും, അന്ത്യാഞ്ജലി അർപ്പിക്കുന്നതിനുമായി പ്രഭാതത്തിന്റെ ആദ്യമണിക്കൂറുകൾ മുതൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കക്കു മുന്നിൽ പതിനായിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടുന്നത്. കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ  കാസ സാന്താ മാർത്തയിൽ നിന്നും വിലാപയാത്രയായി വത്തിക്കാൻ ബസിലിക്കയിൽ എത്തിച്ച ഫ്രാൻസിസ് പാപ്പായുടെ ഭൗതീക ശരീരം ദർശിച്ചു പ്രാർത്ഥിക്കുന്നതിനായി, ജാതി, മത, വർഗ, സംസ്കാര ഭേദമെന്യേ ലക്ഷക്കണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്. രണ്ടു ദിവസം പൂർത്തിയായപ്പോൾ ഒരു ലക്ഷത്തി ഇരുപത്തിയെണ്ണായിരത്തിനു മുകളിൽ ആളുകളാണ് പാപ്പായെ കണ്ടുമടങ്ങിയത്.

രാത്രി വൈകിയും ആളുകൾ എത്തുന്നതിനാൽ, അർധരാത്രിക്ക് ശേഷവും അന്ത്യാഞ്ജലി അർപ്പിക്കുവാനുള്ള സൗകര്യം ആളുകൾക്കായി നൽകിയിരുന്നു. ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും എത്തിച്ചേരുന്ന ആളുകൾക്ക് എല്ലാവവിധ സൗകര്യങ്ങളും ചെയ്തു കൊടുത്തുകൊണ്ട്, റോമൻ നഗരത്തിന്റെ ഭരണകർത്താക്കളും, ഇറ്റാലിയൻ സർക്കാരും വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. ഈ ദിവസങ്ങളിൽ റോമിൽ മഴ പ്രവചിക്കപ്പെട്ടിരുന്നുവെങ്കിലും, ഓരോ ദിവസവും കാലാവസ്ഥ മെച്ചപ്പെടുകയും, വരുന്നവർക്ക് തടസങ്ങളില്ലാതെ പാപ്പായെ കാണുവാൻ സാധിക്കുകയും ചെയ്യുന്നുണ്ട്.

പ്രധാനമായും നാലു ഇടങ്ങളിലൂടെയാണ് വത്തിക്കാൻ ബസിലിക്കയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. എല്ലാ ഇടങ്ങളിലും എന്നാൽ കിലോമീറ്ററുകളോളം നീണ്ട നിര കാണപ്പെടുന്നുവെന്നത്, ഫ്രാൻസിസ് പാപ്പായെ, ജനങ്ങൾ എത്രമാത്രം ഹൃദയത്തിൽ  ഏറ്റെടുത്തുവെന്നത് വെളിപ്പെടുത്തുന്നതാണ്. നീണ്ട നിരയിൽ നിരവധി കുട്ടികളും, പ്രായമായവരും,  രോഗികളും ഉണ്ടെന്നതും, ഒരു തീർത്ഥാടനം പോലെ അവർ മുൻപോട്ടു നീങ്ങുന്നുവെന്നതും വികാരഭരിതമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 ഏപ്രിൽ 2025, 13:36