ഫ്രാൻസിസ് പാപ്പായുടെ അവസാന യാത്രയിലും പാവപ്പെട്ടവരുടെ സാന്നിധ്യം ഉറപ്പുവരുത്തി
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
"ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ, സ്വർഗ്ഗരാജ്യം അവരുടേതാണ്", മലയിലെ പ്രസംഗത്തിൽ യേശുവിന്റെ വാക്കുകൾ തന്റെ ജീവിതത്തിലും എപ്പോഴും ഉൾക്കൊണ്ടുകൊണ്ട്, ദരിദ്രരും, അശരണരും, ആലംബഹീനരുമായ ആളുകളോട് എപ്പോഴും വളരെ താത്പര്യവും, പ്രവർത്തനങ്ങളും നടത്തിയ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ കബറടക്കശുശ്രൂഷയിലും, അവരുടെ സാന്നിധ്യം ഉറപ്പുവരുത്തി. റോമൻ വികാരിയാത്തിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന മെത്രാൻ ബെനോനി അമ്പാറസ്, ഈ നിമിഷങ്ങൾ ഏറെ വികാരഭരിതമായ അനുഭവം പ്രദാനം ചെയ്യുമെന്ന് പങ്കുവച്ചു.
ശനിയാഴ്ച്ച, രാവിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നിന്നും, സാന്താ മരിയ മജോരെയിലേക്ക് എത്തിക്കുന്ന പരിശുദ്ധ പിതാവിന്റെ ഭൗതീകശരീരത്തിൽ, ബസിലിക്കയുടെ പടികളിൽ വച്ച് ഏകദേശം നാൽപ്പതോളം വരുന്ന സമൂഹത്തിലെ തഴയപ്പെട്ട ജനവിഭാഗങ്ങളിൽ ഉൾപ്പെടുന്ന, ദരിദ്രർ, ഭവനരഹിതർ, തടവുകാർ, ഭിന്നലിംഗക്കാർ, കുടിയേറ്റക്കാർ എന്നിവർ വെളുത്ത റോസാപ്പൂക്കൾ സമർപ്പിച്ചുകൊണ്ട്, തങ്ങളുടെ പ്രിയപ്പെട്ട പിതാവിന് വിട ചൊല്ലും.
സമൂഹത്തിലെ അവസാനത്തെ ആളുകളെന്നു മുദ്രകുത്തപ്പെട്ടവർക്ക്, പരിശുദ്ധ പിതാവിന്റെ അവസാന നിമിഷങ്ങളിലെ പ്രധാന വ്യക്തികളാകാൻ സാധിക്കുന്നത്, ദൈവത്തിന്റെ വലിയ പദ്ധതിയാണ്. ഫ്രാൻസിസ് പാപ്പാ, തന്റെ അപ്പസ്ത്തോലിക യാത്രകൾക്കു മുൻപായി ചെയ്തിരുന്ന രണ്ടു കാര്യങ്ങൾ, മരിയ മജോരെ ബസിലിക്കയിൽ എത്തി പരിശുദ്ധ മാതാവിന്റെ അത്ഭുത ചിത്രമായ സാലൂസ് പൊപോളി റൊമാനിയുടെ മുൻപിൽ എത്തി പ്രാർത്ഥിക്കുന്നതും, ഭവനരഹിതരും, ദരിദ്രരുമായ ആളുകളുമായി കൂടിക്കാഴ്ച്ച നടത്തുന്നതുമായിരുന്നു. തന്റെ അന്ത്യയാത്രയിലും, ഇതേ പതിവ് തുടരുവാൻ ഫ്രാൻസിസ് പാപ്പാ ആഗ്രഹിച്ചിരുന്നു.
വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടക്കുന്ന സംസ്കാര കർമ്മങ്ങൾക്ക് ശേഷം, ഫ്രാൻസിസ് പാപ്പായെ, തന്റെ ആഗ്രഹ പ്രകാരം, മരിയ മജോരെ ബസിലിക്കയിലെ, പരിശുദ്ധ മാതാവിന്റെ അത്ഭുത ചിത്രം സ്ഥിതി ചെയ്യുന്ന ചാപ്പലിനും, സ്‌ഫോർസ ചാപ്പലിനും മധ്യേയുള്ള സ്ഥലത്താണ് കബറടക്കുന്നത്. "ദൈവത്തിന്റെ ഹൃദയത്തിൽ ദരിദ്രർക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്" എന്ന് എപ്പോഴും പറയുന്ന ഫ്രാൻസിസ് പാപ്പാ അതെ ദൈവീകഹൃദയം ഉൾക്കൊണ്ടുകൊണ്ടാണ് പാവങ്ങൾക്ക് വേണ്ടി തന്റെ ജീവിതവും ഉഴിഞ്ഞുവച്ചത്.
സാമ്പത്തിക സംഭാവനകളിലൂടെ തടവുകാരെ ഏറെ സഹായിച്ച പിതാവായിരുന്നു ഫ്രാൻസിസ് പാപ്പാ. എല്ലാം രഹസ്യാത്മകമായി മാത്രം ചെയ്യുവാൻ ആഗ്രഹിച്ച ഫ്രാൻസിസ് പാപ്പാ, നിരവധി ആളുകളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയിട്ടുണ്ട്.
കോവിഡ് മഹാമാരിയുടെ അവസരത്തിലും, ഫ്രാൻസിസ് പാപ്പായുടെ ചിന്തകൾ ആരോഗ്യത്തെപ്പറ്റിയായിരുന്നില്ല, മറിച്ച് തൊഴിലില്ലാത്തവരും, ബില്ലുകൾ അടയ്ക്കുന്നതിനോ, ഭക്ഷണത്തിനോ ആരോഗ്യ സംരക്ഷണത്തിനോ സാധിക്കാത്തവരും എങ്ങനെ ജീവിക്കും എന്നതായിരുന്നു. അവരെ സഹായിക്കുന്നതിനായി ഒരു ദശലക്ഷം യൂറോ സംഭാവന നൽകുകയും, പഴയ വൈദിക ഭവനം പുതുക്കിപ്പണിത് ദരിദ്ര കുടുംബങ്ങൾക്കു വാസമുറപ്പിക്കുകയും ചെയ്തു. ഏറ്റവും ദരിദ്രർക്ക് അനുകൂലമായി സഭാ ആസ്തികൾ കൈകാര്യം ചെയ്യുവാനുള്ള ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം നിറഞ്ഞ സന്തോഷത്തോടെയാണ് ആഗോള കത്തോലിക്കാ സഭ ഏറ്റെടുത്തത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: