ജനങ്ങൾക്കിടയിൽ ദൈവസ്നേഹം പകർന്ന ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
"പ്രിയ സഹോദരീ സഹോദരന്മാരേ, നമ്മുടെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ മരണം വളരെ ദുഃഖത്തോടെ ഞാൻ നിങ്ങളെ അറിയിക്കുന്നു. ഇന്ന് രാവിലെ ഇറ്റാലിയൻ സമയം 7:35 ന് റോമിന്റെ മെത്രാൻ ഫ്രാൻസിസ് പാപ്പാ നിത്യപിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ ജീവിതം മുഴുവനും കർത്താവിന്റെയും, അവന്റെ സഭയുടെയും സേവനത്തിനായി സമർപ്പിച്ചു. സുവിശേഷത്തിന്റെ മൂല്യങ്ങൾ വിശ്വസ്തതയോടും ധൈര്യത്തോടും സാർവത്രിക സ്നേഹത്തോടും കൂടി, പ്രത്യേകമായി ദരിദ്രരുടെയും, പാർശ്വവത്ക്കരിക്കപ്പെട്ടവരുടെയും പക്ഷം ചേർന്നുകൊണ്ട് ജീവിക്കാൻ അദ്ദേഹം നമ്മെ പഠിപ്പിച്ചു.
കർത്താവായ യേശുവിന്റെ യഥാർത്ഥ ശിഷ്യനെന്ന നിലയിൽ അദ്ദേഹം നൽകിയ മാതൃകയ്ക്ക് അതിയായ കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട്, പാപ്പയുടെ ആത്മാവിനെ ഏകനും, ത്രിത്വവുമായ ദൈവത്തിന്റെ അനന്തമായ കരുണാമയ സ്നേഹത്തിനു നമുക് സമർപ്പിക്കാം", ഈ വാക്കുകളോടെയാണ് സഭയുടെ കമാർലെങ്കോ സ്ഥാനം വഹിക്കുന്ന കർദിനാൾ കെവിൻ ജോസഫ് ഫാരെൽ ഫ്രാൻസിസ് പാപ്പായുടെ മരണവാർത്ത ലോകത്തെ അറിയിച്ചത്.
ജനങ്ങളുടെ പാപ്പാ എന്ന് അറിയപ്പെട്ടിരുന്ന ഫ്രാൻസിസ് പാപ്പയുടെ മരണത്തിൽ ലോകജനത ഒന്നടങ്കം തങ്ങളുടെ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് വിവിധ സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം സന്ദേശങ്ങൾ ഇടുന്നത്, ഫ്രാൻസിസ് പാപ്പായുടെ ജനകീയത ഏറെ വെളിവാക്കുന്നതാണ്. പാപ്പായുടെ പുഞ്ചിരി ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃയങ്ങളെ കീഴടക്കി എന്നാണ് യൂറോപ്യൻ പാർലമെന്റിന്റെ പ്രസിഡണ്ട് റോബെർത്ത മെറ്റ്സോള കുറിച്ചത്.
1936 ഡിസംബർ പതിനേഴാം തീയതി അർജെന്റീനിയയിലെ ബ്യൂണസ് ഐറിസിൽ, ഇറ്റലിയിലെ പിയെ മോന്തേയിൽ നിന്നും കുടിയേറിയ ഒരു സാധാരണ കുടുംബത്തിൽ മാരിയോ ബെർഗോളിയോയുടെയും റെജീന മരിയ സിവോറിയയുടെയും ആദ്യ പുത്രനായി ജനിച്ച ഫ്രാൻസിസ് പാപ്പാ, തന്റെ ജീവിതത്തിൽ കണ്ടുമുട്ടിയ ദാരിദ്ര്യത്തിന്റെയും, സാമൂഹിക പ്രശ്നങ്ങളുടെയും നടുവിൽ തന്റെ ജീവിതത്തെ കരുപ്പിടിപ്പിച്ചു. ഒരു അർജന്റീനിയൻ ടെക്നിക്കൽ സ്കൂളിൽ രസതന്ത്രം പഠിക്കുകയും, ഒരു കെമിക്കൽ ടെക്നീഷ്യനായി ഡിപ്ലോമ നേടുകയും ചെയ്തപ്പോൾ, വിവിധ ഇടങ്ങളിൽ ജോലി ചെയ്തുകൊണ്ടാണ് കുഞ്ഞു ഹോർഹെ മാരിയോ തന്റെ ഉപജീവന മാർഗം കണ്ടെത്തിയിരുന്നത്. തന്റെ മാതാപിതാക്കളുടെ കഷ്ടപ്പാടുകൾ അറിഞ്ഞു ജീവിച്ച അദ്ദേഹത്തിന്റെ പ്രധാന ആത്മീയ ഗുരു മുത്തശ്ശിയായിരുന്ന റോസാ ആയിരുന്നു. പാപ്പാ ആയതിനുശേഷവും, താനും, മുത്തശ്ശിയുമായുള്ള ബന്ധം പലപ്പോഴും പാപ്പാ അടിവരയിട്ടു പറഞ്ഞിരുന്നു.
പതിനേഴാമത്തെ വയസിലാണ്, ഹോർഹെ മാരിയോ പൗരോഹിത്യ ജീവിതത്തിലേക്കുള്ള തന്റെ ദൈവവിളി തിരിച്ചറിയുന്നത്. തുടർന്ന്, ഇരുപത്തിരണ്ടാമത്തെ വയസ്സിൽ, വില്ല ഡെവോതോയിലെ രൂപത സെമിനാരിയിൽ ചേർന്നുവെങ്കിലും, പിന്നീട് ഈശോസഭാ സെമിനാരിയിൽ ചേരുവാനുള്ള തന്റെ ആഗ്രഹം മുൻനിർത്തി, സഭയുടെ അംഗമായി തീർന്നു. 1960-ൽ നൊവിഷ്യേറ്റിനു വേണ്ടി ചിലിയിലേക്കു യാത്ര തിരിക്കുകയും, തത്വശാസ്ത്രവും, ദൈവശാസ്ത്രവും തുടർന്ന് പൂർത്തിയാക്കുകയും ചെയ്തു. 1969 ഡിസംബർ 13 ന് കോർഡോബയിലെ ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ കാസ്റ്റെല്ലാനോ അദ്ദേഹത്തെ പുരോഹിതനായി അഭിഷേകം ചെയ്തു. ലാളിത്യം കൊണ്ടും, ജീവിതവിശുദ്ധികൊണ്ടും വ്യത്യസ്തനായിരുന്ന അദ്ദേഹം തുടർന്ന് അജപാലനശുശ്രൂഷയിൽ നിരവധിയാളുകൾക്ക് യേശുവിനെ പകർന്നു നൽകി. 1970 നും 1971 നും ഇടയിൽ അദ്ദേഹം സ്‌പെയിനിൽ ഉന്നതവിദ്യാഭ്യാസം നടത്തുകയും, 1973 ൽ നോവീസുകളുടെ മാസ്റ്റർ, ദൈവശാസ്ത്ര പ്രൊഫസർ, ജെസ്യൂട്ട് പ്രവിശ്യയുടെ കൺസൾട്ടന്റ്, കോളേജിന്റെ റെക്ടർ എന്നീ പദവികൾ വഹിച്ചു. തുടർന്ന് 1973 ജൂലൈ 31-ന് ഈശോസഭയുടെ അർജന്റീനിയയിലെ പ്രൊവിൻഷ്യാളായി നിയമിതനായി.
ദൈവത്തോടും, സഭയോടുമുള്ള വിശ്വസ്തതയിൽ വിമോചനത്തിന്റെ ദൈവശാസ്ത്രം ജീവിതത്തിൽ പുലർത്തുകയും, തന്റെ ജീവിതമാതൃക കൊണ്ട് അനേകർക്ക് വഴികാട്ടിയാവുകയും ചെയ്തു. വിമോചന ദൈവശാസ്ത്രം സഭയുടെയും, സമൂഹത്തിന്റെയും വിവിധ മേഖലകളിൽ കോളിളക്കം സൃഷ്ടിച്ചപ്പോഴും, തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന ബെർഗോഗ്ലിയോ, സാമൂഹിക നീതിയോടുള്ള പ്രതിബദ്ധതയ്ക്കായി ക്രൈസ്തവപരമായ വാദങ്ങൾ ഉയർത്തി. പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിപ്ലവകരമായ രീതികളും ആശയങ്ങളും സ്വീകരിക്കാതെ തന്നെ ക്രിസ്തു നല്കിയ വിമോചന മാതൃക സമൂഹത്തിൽ പാലിക്കുവാൻ അദ്ദേഹം എല്ലാവരെയും ആഹ്വാനം ചെയ്തു. സൂക്ഷ്മവും ജാഗ്രതയുമുള്ളതായിരുന്നു അദ്ദേഹത്തിന്റെ സമീപനം. ദരിദ്രരെയും, പാർശ്വവൽക്കരിക്കപ്പെട്ടവരെയും പരിപാലിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു, അതേസമയം മാറ്റത്തിനുള്ള ഒരു മാർഗമായി അക്രമത്തെ നിരാകരിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മനോഭാവത്തിന്റെ കേന്ദ്ര വശങ്ങളിലൊന്ന് മതത്തിന്റെ രാഷ്ട്രീയവൽക്കരണത്തെ നിരാകരിക്കുക എന്നതായിരുന്നു.
അർജന്റീനയിലെ സൈനിക സ്വേച്ഛാധിപത്യകാലത്ത് നിരവധി ഈശോസഭാഅംഗങ്ങളെ തടവിലാക്കിയപ്പോൾ അവർക്കു വേണ്ടി ശബ്ദിക്കുവാൻ ഫാ. ബെർഗോഗ്ലിയോ സൈനിക സർക്കാരുമായി നിരന്തരം ചർച്ചകൾ നടത്തി. ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അദ്ദേഹം പ്രതികരിച്ചപ്പോൾ, അദ്ദേഹത്തെ വിമോചനദൈവശാസ്ത്രത്തിന്റെ വക്താവായി ചിത്രീകരിച്ചവരും, വിമർശിച്ചവരുംഏറെയായിരുന്നു. എന്നാൽ, തന്റെ സഹോദരന്മാരിൽ ആരും നശിച്ചുപോകരുതെന്നുള്ള, ക്രിസ്തീയ സാഹോദര്യമാണ് പാപ്പായെ മുൻപോട്ടു നയിച്ചിരുന്നത്.
1992-ൽ അദ്ദേഹം ബ്യൂണസ് അയേഴ്സിന്റെ സഹായ മെത്രാനായി നിയമിതനായി. 1998-ൽ അതേ അതിരൂപതയുടെ ആർച്ചുബിഷപ്പുമായി നിയമിക്കപ്പെട്ടു. 2001-ൽ ജോൺ പോൾ രണ്ടാമൻ പാപ്പായാണ് അദ്ദേഹത്തെ കർദ്ദിനാൾ ആയി നാമകരണം ചെയ്തത്. 2005 നവംബർ മുതൽ 2011 നവംബർ വരെ അദ്ദേഹം അർജന്റീനിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റ് ആയി സേവനം അനുഷ്ഠിച്ചു. വത്തിക്കാനിലെ കുടുംബത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിലും ലാറ്റിൻ അമേരിക്കയ്ക്കായുള്ള പൊന്തിഫിക്കൽ കമ്മീഷനിലും അംഗമായിരുന്നു കർദിനാൾ ബെർഗോഗ്ലിയോ.
തന്റെ മെത്രാൻ ഭരണകാലത്ത്, ലാളിത്യം നിറഞ്ഞ ഒരു ജീവിതശൈലി സ്വീകരിച്ചിരുന്ന അദ്ദേഹം, പൊതുഗതാഗത സംവിധാനമാണ് തന്റെ യാത്രകൾക്കായി തിരഞ്ഞെടുത്തിരുന്നത്. ഔദ്യോഗിക വസതി ഉപേക്ഷിച്ച് സ്വന്തമായി ഭക്ഷണം പാകം ചെയ്തുകൊണ്ട്, ഒരു ചെറിയ വീട്ടിൽ താമസിക്കുവാനുള്ള അദ്ദേഹത്തിന്റെ തീരുമാനം, ജീവിതവും വാക്കുകളും തമ്മിലുള്ള ബന്ധം എടുത്തു കാണിക്കുന്നതാണ്.
ലാളിത്യത്തിലും, ജനങ്ങളോടുള്ള അടുപ്പത്തിലും, ക്രിസ്തുവിന്റെയും വിശുദ്ധരുടെയും മാതൃക പിന്തുടരേണ്ട ഒരു സമൂഹമെന്ന നിലയിൽ സഭയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദർശനവുമായി ഏറെ ബന്ധപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ മെത്രാൻ സ്ഥാന ഔദ്യോഗിക അടയാളങ്ങൾ.
2013 ഫെബ്രുവരി 11-ന്, ബെനഡിക്ട് പതിനാറാമൻ പാപ്പാ സ്ഥാനത്യാഗം ചെയ്തതിനു ശേഷം തുടർന്ന്, മാർച്ചുമാസം പന്ത്രണ്ടാം തീയതി കോൺക്ലേവ് ആരംഭിക്കുകയും തുടർന്ന് മാർച്ചുമാസം പതിമൂന്നാം തീയതി അഞ്ചാമത്തെ ബാലറ്റിൽ കർദിനാൾ ഹോർഹെ മാരിയോ ബെർഗോഗ്ലിയോ പാപ്പയായി തിരഞ്ഞെടുക്കപ്പെടുകയും, ഫ്രാൻസിസ് എന്ന നാമം സ്വീകരിക്കുകയും ചെയ്തു. ദരിദ്രരെ തന്റെ ഹൃദയത്തോട് ചേർത്തുവച്ച, പാവങ്ങളുടെ വിശുദ്ധനായ ഫ്രാൻസിസിന്റെ പേര് സ്വീകരിച്ചതിൽ തന്നെ ഭാവിയിലേക്കുള്ള പാപ്പായുടെ ജീവിതശൈലി ലോകം മുഴുവൻ തിരിച്ചറിഞ്ഞു. ഫ്രാൻസിസ് ഓഫ് അസീസി, ദാരിദ്ര്യത്തിന്റെ മനുഷ്യൻ , സമാധാനത്തിന്റെ മനുഷ്യൻ, സൃഷ്ടിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മനുഷ്യൻ എന്ന നിലകളിൽ തന്നെ ഏറെ സ്വാധീനിച്ച വിശുദ്ധനാണ് അദ്ദേഹമെന്ന് പാപ്പാ പിന്നീട് ഒരു സന്ദേശത്തിൽ പറഞ്ഞിട്ടുണ്ട്. അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് എപ്രകാരമാണോ സമൂഹത്തിലെ ആളുകൾക്ക് വേണ്ടി ജീവിച്ചത്, അതെ തരത്തിലാണ് ഫ്രാൻസിസ് പാപ്പായും തന്റെ ജീവിതത്തെ ക്രമപ്പെടുത്തിയത്.
ആദ്യ ഈശോസഭക്കാരനായ പാപ്പാ, അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള പാപ്പാ എന്നീ പ്രത്യേകതകളും ഈ പുതിയ പാപ്പായ്ക്കുണ്ട്. വിശ്വാസികളോട് തനിക്കുവേണ്ടി പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിച്ചുകൊണ്ടാണ് പാപ്പാ വിശ്വാസികളെ ആദ്യമായി അഭിസംബോധന ചെയ്തത്. തല കുനിച്ചുകൊണ്ട് കുറച്ച് നിമിഷങ്ങൾ മൗനമവലംബിച്ചുകൊണ്ട് നിന്ന ഫ്രാൻസിസ് പാപ്പായെ ലോകജനതയ്ക്ക് ഒരിക്കലും മറക്കുവാൻ സാധിക്കുകയില്ല.
സാധാരണ ഒരു വെള്ള വസ്ത്രം ധരിച്ചുകൊണ്ട്, വിശ്വാസികളുടെ ഇടയിലേക്ക് വന്ന പാപ്പാ, തന്റെ ജീവിത ശൈലി ഒരിക്കൽ പോലും മാറ്റിയിരുന്നില്ല. അപ്പസ്തോലിക കൊട്ടാരത്തിലെ പേപ്പൽ അപ്പാർട്ട്മെന്റിൽ താമസിക്കുന്നതിനുപകരം സാധാരണ ഭവനമായ കാസ സാന്താ മാർത്തയിലേക്ക് തന്റെ താമസമുറപ്പിച്ച പാപ്പാ, മറ്റുള്ളവരുമായുള്ള സമൂഹ ജീവിതത്തിനു, ഈ ചെറിയ ഭവനമാണ് തനിക്ക് ഏറെ താത്പര്യമെന്ന് പലപ്പോഴും പറയുമായിരുന്നു.
ഭക്തി, വിശ്വസ്തത, പവിത്രത, നീതി, വിശുദ്ധി എന്നീ പുണ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന നീല നിറമാണ് തന്റെ ചിഹ്നത്തിൽ ഉപയോഗിച്ചിരുന്നത്. "അനുകമ്പയോടെ നോക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്നു" എന്ന വിശുദ്ധ മത്തായിയുടെ വിളിയെക്കുറിച്ചുള്ള വചനമാണ് ഫ്രാൻസിസ് പാപ്പാ തന്റെ ആപ്തവാക്യമായി തിരഞ്ഞെടുത്തിരുന്നത്. അനുകമ്പയോടെയുള്ള ദൈവത്തിന്റെ നോട്ടത്തിനായി ആഗ്രഹിക്കുകയും, ഈ അനുകമ്പ മറ്റുള്ളവർക്ക് നൽകുവാനും പാപ്പാ തിരഞ്ഞെടുത്ത ഈ വചനം, ഓരോരുത്തരെയും ആഹ്വാനം ചെയ്യുന്നു.
പരിചരണത്തിന്റെയും ആർദ്രതയുടെയും പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് ആരംഭിച്ച തന്റെ പത്രോസിനടുത്ത ശുശ്രൂഷ, ദൈവാത്മാവിനാൽ നയിക്കപ്പെടുവാൻ എല്ലാവരും പ്രാർത്ഥിക്കണമെന്നു അഭ്യർത്ഥിക്കുകയും ചെയ്തു.
സ്ഥാനത്യാഗത്തിനു ശേഷം കാസ്ൽ ഗണ്ടോൾഫോയിൽ താമസിച്ചിരുന്ന ബെനഡിക്ട് പതിനാറാമൻ പാപ്പായെ കാണുവാൻ ഫ്രാൻസിസ് പാപ്പാ പോയതും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഒരു സംഭവമാണ്. രണ്ട് പാപ്പാമാർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ആലിംഗനത്തിനുശേഷം,ഇരുവരും ചെറിയ ചാപ്പലിൽ മുട്ടുകുത്തി പ്രാർത്ഥിച്ചതും ഏറെ ഹൃദയ സ്പർശിയായിരുന്നു. 2014 ഏപ്രിൽ 27 ന് അദ്ദേഹം തന്റെ മുൻഗാമികളായ ജോൺ ഇരുപത്തിമൂന്നാമനെയും ജോൺ പോൾ രണ്ടാമനെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങ് ബെനഡിക്ട് പതിനാറാമനോടൊപ്പം ഫ്രാൻസിസ് പാപ്പാ നടത്തിയതും ഏറെ ശ്രദ്ധേയമായിരുന്നു.
കാരുണ്യത്തിന്റെ ജൂബിലി ആഘോഷത്തിനായുള്ള വിശുദ്ധ വാതിൽ തുറക്കുന്ന വേളയിലും ഇരു പാപ്പാമാരും സന്നിഹിതരായിരുന്നു.
സാമൂഹിക പ്രവർത്തനങ്ങളിൽ മാത്രം ഏർപ്പെട്ടിരിക്കുന്ന ഒരു സംഘടനയല്ല സഭയെന്നും, മറിച്ച് വിശ്വാസത്തിന്റെ സാക്ഷിയാകുക എന്നതാണ് സഭയിൽ ഏല്പിക്കപ്പെട്ടിരിക്കുന്ന ദൗത്യമെന്നും പാപ്പാ ഓർമ്മപ്പെടുത്തി. ഗർഭഛിദ്രത്തിനെതിരെ മെത്രാനെന്ന നിലയിൽ, എടുത്ത നിലപാടുകൾ പാപ്പയായതിനു ശേഷവും തുടർന്നു. അതിനെ അനുകൂലിക്കുന്ന പ്രസ്ഥാനങ്ങളെ "മരണ സംസ്കാരത്തിന്റെ" വക്താക്കളെന്നു വിളിച്ച പാപ്പാ, ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെ മനുഷ്യന്റെ നിലനിൽപ്പിനെ പ്രതിരോധിക്കുന്ന ഒരു "ജീവിത സംസ്കാരം" പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ദയാവധത്തിനെതിരെയും തന്റെ ഉറച്ച നിലപാടുകൾ ഫ്രാൻസിസ് പാപ്പാ വ്യക്തമാക്കിയിരുന്നു. ദയാവധം പലപ്പോഴും കാരുണ്യത്തിന്റെ ഒരു രൂപമായി തെറ്റായി അവതരിപ്പിക്കപ്പെടാറുണ്ടെന്ന് പറഞ്ഞ പാപ്പാ, അതിനെ ഒരു കൊലപാതകമെന്ന് അടിവരയിട്ടു പറഞ്ഞു.
സ്വവർഗാനുരാഗികളുടെ അധാർമികതയെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പഠിപ്പിക്കലുകൾ പാപ്പാ ആവർത്തിക്കുമ്പോഴും, സഹോദരങ്ങളെന്ന നിലയിൽ അവരോടുള്ള അനുകമ്പയും സ്നേഹവും പാപ്പാ എപ്പോഴും പ്രകടിപ്പിച്ചിരുന്നു. കുട്ടികളുടെ വികാസത്തിനും വൈകാരിക പക്വതയ്ക്കും അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ കഴിവുള്ള കുടുംബങ്ങൾ സൃഷ്ടിക്കപ്പെടണമെന്നും, അതിനായി മാതാപിതാക്കൾ ഒരുമിച്ചു പ്രവർത്തിക്കണമെന്നും പാപ്പാ ആവർത്തിച്ചാവശ്യപ്പെട്ടിട്ടുണ്ട്.
ദാരിദ്ര്യവും സാമ്പത്തിക അസമത്വവും എപ്പോഴും വേദനയോടെ ചൂണ്ടി കാണിച്ച പാപ്പാ, വാക്കുകൾക്കുമപ്പുറം തന്റെ ജീവിതം കൊണ്ടാണ് പാഠങ്ങൾ നൽകിയത്. 2019 ജൂണിൽ, ഫ്രാൻസിസ് മാർപാപ്പ കാലാവസ്ഥാ അടിയന്തരാവസ്ഥയെ "ദരിദ്രരോടും ഭാവിതലമുറയോടുമുള്ള അനീതിയുടെ ക്രൂരമായ പ്രവൃത്തി" എന്നാണ് വിശേഷിപ്പിച്ചത്.
സഭയുടെയും വത്തിക്കാന്റെയും ഭരണത്തിലെ പരിഷ്കാരങ്ങളും ഫ്രാൻസിസ് പാപ്പായുടെ പത്രോസിനടുത്ത അജപാലനശുശ്രൂഷയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ക്യൂറിയയുടെ പരിഷ്കരണം, അൽമായർക്കും കുടുംബം, ജീവിതം എന്നിവയ്‌ക്കുള്ള ഡിക്കാസ്റ്ററിയുടെ സ്ഥാപനം, സമഗ്ര മനുഷ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ സ്ഥാപനം, വത്തിക്കാൻ ബാങ്കിന്റെ സുതാര്യത ഉറപ്പുവരുത്തുന്ന പരിഷ്കരണം, വത്തിക്കാൻശിക്ഷാ നിയമ പരിഷ്കരണം, സാമ്പത്തിക പരിഷ്കരണം, മതബോധനഗ്രന്ഥത്തിലെ വധശിക്ഷയുടെ പരിഷ്കരണം, സിറിയയിലും ഉക്രെയ്നിലും സമാധാനത്തിനായുള്ള പ്രതിബദ്ധത, പരിസ്ഥിതി സംരക്ഷണം, പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള പോരാട്ടം, എന്നിവ ഫ്രാൻസിസ് പാപ്പായുടെ കഴിഞ്ഞ വർഷങ്ങളിലെ സഭാ നേതൃശുശ്രൂഷയിൽ കൊണ്ടുവന്ന മാറ്റങ്ങളാണ്.
ഓർത്തഡോക്സ് സഭയുമായുള്ള സംഭാഷണം, കോപ്റ്റിക് ഓർത്തഡോക്സ് സഭയുമായുള്ള സംഭാഷണം, മുസ്ലീങ്ങളുമായുള്ള സംഭാഷണം, മറ്റു മത സമൂഹങ്ങളുടെ നേതാക്കന്മാരുമായി നടത്തിയ സൗഹൃദപരമായ സംഭാഷണങ്ങൾ എന്നിവ, കത്തോലിക്കാ സഭയുടെ കാതോലികഭാവം വെളിപ്പെടുത്തുന്നതാണ്.
ഫ്രാൻസിസ് പാപ്പായുടെ ജീവിതത്തിന്റെ ആകെത്തുകയാണ്, 2025 ജൂബിലി വർഷം. പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ ക്ഷണിക്കുന്ന ജൂബിലി വർഷത്തിൽ, ഫ്രാൻസിസ് പാപ്പാ ആവർത്തിച്ചു പറയുന്നത്, പ്രത്യാശ സ്വീകരിക്കുവാനും, അത് മറ്റുള്ളവർക്ക് പ്രദാനം ചെയ്യുന്നതിനുമാണ്. കാരണം പ്രത്യാശ ഒരു ആശയമല്ല, മറിച്ച് അത് ഒരു വ്യക്തിയാണ് അത് യേശുവാണ് എന്നുള്ളതാണ് പാപ്പായുടെ സന്ദേശങ്ങളുടെ കാതൽ.
മഹാമാരിയുടെ സമയത്ത്, ഫ്രാൻസിസ് പാപ്പാ ഈ ലോകത്തിനു നൽകിയ വിവിധങ്ങളായ പ്രത്യാശയുടെ അടയാളങ്ങൾ ആർക്കും മറക്കുവാൻ സാധിക്കുകയില്ല. പൊതു നിശബ്ദതയിലും ആംബുലൻസിന്റെ ഏക പശ്ചാത്തല ശബ്ദത്തിലും, വത്തിക്കാൻ ചത്വരത്തിൽ മഴയത്ത് കുരിശിന്റെ സമീപത്തേക്ക് തീർത്ഥാടനം നടത്തിക്കൊണ്ടു, പ്രാർത്ഥന നടത്തിയ ഫ്രാൻസിസ് പാപ്പാ ലോകജനതയ്ക്ക് ഏറെ ആശ്വാസം പകർന്നു. തന്റെ ശാരീരിക അസ്വസ്ഥതകളിലും, ഫ്രാൻസിസ് പാപ്പാ ചിന്തിച്ചിരുന്നത് മറ്റുള്ളവരെപ്പറ്റിയാണ്. ഇതാണ് അദ്ദേഹത്തിന്റെ സാമൂഹിക ചാക്രികലേഖനങ്ങളും വ്യക്തമാക്കുന്നത്.
അപ്പസ്തോലിക യാത്രകളിൽ, മറ്റുള്ളവരെ ചേർത്ത് നിർത്തിക്കൊണ്ട്, ഒരു സഹോദരനായി ഓരോ ഇടങ്ങളിലും കടന്നു ചെല്ലുന്ന ഫ്രാൻസിസ് പാപ്പായെ ലോകജനത ഒന്നടങ്കം നെഞ്ചിലേറ്റി. ഇറ്റലിയിലെ ലാംബെദൂസയിൽ, കുടിയേറ്റക്കാരോടൊപ്പം തന്റെ ആദ്യ സന്ദർശനം നടത്തിയ ഫ്രാൻസിസ് പാപ്പാ, തുടർന്നുള്ള തന്റെ യാത്രകളിലും, സമൂഹത്തിൽ ഒറ്റപെട്ടു കഴിയുന്നവരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ട്.
യുദ്ധം ഫ്രാൻസിസ് പാപ്പായുടെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയായിരുന്നു. രക്തസാക്ഷിയായ ഉക്രൈൻ എന്ന് തന്റെ സന്ദേശത്തിൽ ആവർത്തിച്ചു പറയുന്ന പാപ്പാ, യുദ്ധം തീർക്കുവാൻ തന്നാൽ ആവുന്ന തരത്തിൽ ശ്രമിച്ചിട്ടുണ്ട്. തനിക്കായി കർദിനാളുമാരെ യുദ്ധഭൂമിയിലേക്ക് അയച്ചുകൊണ്ട്, സമാധാന ചർച്ചകൾ നടത്തിയതും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. റോമിലെ സ്പാനിഷ് ചത്വരത്തിൽ പരിശുദ്ധ മറിയത്തിന്റെ തിരുസ്വരൂപത്തിനു പുഷ്പചക്രം സമർപ്പിക്കുവാൻ എത്തിയപ്പോൾ, ഒരു നിമിഷത്തേക്ക് കണ്ണുനീർ വാർത്തതും, മനുഷ്യ ഹൃദയങ്ങളെ ആഴത്തിൽ സ്പർശിച്ചിട്ടുണ്ട്.
ഇപ്രകാരം മറ്റുള്ളവർക്കായി ജീവിച്ച, ദൈവസ്നേഹം മറ്റുള്ളവർക്ക് നൽകുവാൻ അക്ഷീണം പരിശ്രമിച്ച പാപ്പായെയാണ്, ഏപ്രിൽ മാസം ഇരുപതാം തീയതി, ഈസ്റ്റർ ദിനത്തിൽ, തന്റെ ജീവിതത്തിന്റെ സഹനങ്ങൾക്കിടയിലും, ഊർബി എത്ത് ഓർബി ആശീർവാദത്തിനായി വത്തിക്കാൻ ചത്വരത്തിൽ ബസിലിക്കയുടെ ബാൽക്കണിയിൽ കണ്ടത്, ഒരു ദൈവീക പദ്ധതിയെന്നോണം ആയിരിക്കണം. താൻ പത്രോസിനടുത്ത ശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം, വിശ്വാസികളെ അഭിസംബോധന ചെയ്ത അതെ സ്ഥലത്തു വീണ്ടും തന്റെ ഇഹലോകവാസം അവസാനിക്കുന്നതിനു മുൻപായി ദൈവപിതാവ് എത്തിച്ചത്, ദൈവീകപദ്ധതിയല്ലാതെ മറ്റെന്താണ്.
വികാരഭരിതമായ ശബ്ദത്തോടെ അദ്ദേഹം ലോകത്തെ അഭിവാദ്യം ചെയ്തു: "പ്രിയ സഹോദരീ സഹോദരന്മാരേ, ഈസ്റ്റർ ആശംസകൾ." തുടർന്ന് വിറയാർന്ന കൈകൾ ഉയർത്തി ആശീർവാദം നൽകി. പാപ്പായുടെ സന്ദേശം മോൺസിഞ്ഞോർ രാവെല്ലിയാണ് വായിച്ചത്. ഗാസയിൽ വെടിനിർത്തലിനും ഉക്രെയ്നിൽ സമാധാനത്തിനും വേണ്ടിയുള്ള അഭ്യർത്ഥനയും ഭൂകമ്പത്തിൽ തകർന്ന മ്യാൻമറിലെ ജനങ്ങളെ പിന്തുണയ്ക്കാനുള്ള ക്ഷണവും എടുത്തു പറഞ്ഞ സന്ദേശത്തിൽ, "നിരായുധീകരണം കൂടാതെ സമാധാനം സാധ്യമല്ല," എന്ന് പാപ്പാ അടിവരയിട്ടു പറഞ്ഞു. തുടർന്ന് തുറന്ന ജീപ്പിൽ, ചത്വരത്തിൽ കൂടിയിരുന്ന അൻപതിനായിരത്തിലധികം വിശ്വാസികളെ അഭിവാദ്യം ചെയ്തു കൊണ്ട് പാപ്പാ കടന്നു പോയി. പക്ഷെ ആരറിഞ്ഞു അത് സ്വർഗീയപിതാവിന്റെ ഭവനത്തിലേക്കുള്ള തന്റെ മടക്കയാത്രയ്ക്കായി ദൈവം ഒരുക്കിയ നിയോഗം ആയിരുന്നുവെന്നു. ഒന്ന് ഉറപ്പാണ്, നമുക്ക് വേണ്ടി മാധ്യസ്ഥ്യം വഹിക്കുവാൻ ഒരാൾ കൂടി സ്വർഗത്തിലേക്ക് യാത്രയായി.
ഈ കുറിപ്പുകൾ അപൂർണ്ണമാണെന്നു അറിയാം. കാരണം സ്നേഹത്തിന്റെ അനുഭവങ്ങൾ ആവോളം പകർന്ന ഒരു വ്യക്തിയുടെ ജീവിതത്തെ വാക്മയചിത്രങ്ങളാൽ പൂർത്തിയാക്കുക അസാധ്യം. നമുക്കായി പരിശുദ്ധ പിതാവ് പ്രാർത്ഥിക്കട്ടെ. നമുക്കും പ്രാർത്ഥനകളിൽ പിതാവിനെ ഓർക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: