ഫ്രാൻസിസ് പാപ്പായുടെ ഭൗതീകശരീരപൊതുദർശനം വെള്ളിയാഴ്ച്ച വൈകുന്നേരം അവസാനിക്കും
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
റോം രൂപതയുടെ മെത്രാനും, കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായിരുന്ന ഫ്രാൻസിസ് പാപ്പാ തന്റെ എൺപത്തിയെട്ടാം വയസിൽ, വത്തിക്കാനിലെ തന്റെ വസതിയായ കാസ സാന്താ മാർത്തയിൽ, ഏപ്രിൽ മാസം ഇരുപത്തിയൊന്നാം തീയതി, ഇറ്റാലിയൻ സമയം രാവിലെ 7 .35 നാണ്, സ്വർഗീയ പിതാവിന്റെ ഭവനത്തിലേക്ക് മടങ്ങിയത്.
കാരുണ്യത്തിന്റെയും ആർദ്രതയുടെയും ക്രൈസ്തവ ദർശനം തന്റെ ജീവിതത്തിലൂടെ എപ്പോഴും മറ്റുള്ളവർക്ക് പകർന്ന ഫ്രാൻസിസ് പാപ്പായുടെ ഭൗതീക ശരീരം, ഇരുപത്തിമൂന്നാം തീയതിയാണ് വിലാപയാത്രയായി കാസ സാന്താ മാർത്തായിൽ നിന്നും വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലേക്ക് കൊണ്ടുവന്നത്. അന്ന് മുതൽ അണയാത്ത ജനപ്രവാഹമാണ് ബസിലിക്കയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
ഏപ്രിൽ 25 വെള്ളിയാഴ്‌ച വൈകുന്നേരം എട്ടുമണിക്ക് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടക്കുന്ന പ്രാർത്ഥനാചടങ്ങിൽ ഫ്രാൻസിസ് പാപ്പായുടെ ഭൗതികശരീരം ഉൾക്കൊള്ളുന്ന പേടകം അടയ്ക്കപ്പെടുമെന്ന് വത്തിക്കാൻ കാര്യാലയം അറിയിച്ചു. ചടങ്ങുകൾക്ക് കാമറലെങ്കോ കർദ്ദിനാൾ കെവിൻ ഫാറൽ നേതൃത്വം നൽകും.
വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴു മണിവരെ ബസിലിക്ക ജനങ്ങൾക്കായി തുറന്നിടുമെങ്കിലും, വൈകുന്നേരം ആറുമണിയോടെ, ദേവാലയത്തിലേക്കുള്ള പ്രവേശനം അവസാനിക്കുമെന്നും കുറിപ്പിൽ വ്യക്തമാക്കി. ഏഴുമണിയോടെ ദർശനം നടത്തുവാൻ എത്തിയവരെ പുറത്തിറക്കിയ ശേഷമായിരിക്കും, എട്ടുമണിയോടെ മറ്റു പ്രാർത്ഥനാചടങ്ങുകളിലേക്ക് പ്രവേശിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: