തിരയുക

കാലം ചെയ്ത ഫ്രാൻസീസ് പാപ്പാ കാലം ചെയ്ത ഫ്രാൻസീസ് പാപ്പാ  (AFP or licensors)

പാപ്പാ: "അപ്പുറം കാണാൻ" കഴിവുള്ള കണ്ണുകളുള്ളവരാകുക!

ഉയിർപ്പുതിരുന്നാൾ ദിനത്തിൽ വായിക്കപ്പെട്ട ഫ്രാൻസീസ് പാപ്പായുടെ അവസാനത്തെ സുവിശേഷ പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഞായറാഴ്ച ഉയിർപ്പുതിരുന്നാൾക്കുബ്ബാന അർപ്പിച്ചത് വത്തിക്കാൻ നഗരത്തിനു വേണ്ടിയുള്ള മുൻ വികാരിജനറാളും വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ മുൻ മുഖ്യപുരോഹിതനുമായ കർദ്ദിനാൾ ആഞ്ചെലൊ കൊമാസ്ത്രിയായിരുന്നു. റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശ്വാസനാള വീക്കം, ന്യുമോണിയ എന്നീ രോഗങ്ങൾ മൂലം ചികിത്സയിൽകഴിഞ്ഞ പാപ്പാ മുപ്പത്തിയെട്ടാം ദിവസം, മാർച്ച് 23-ന് വത്തിക്കാനിൽ തിരിച്ചെത്തിയെങ്കിലും പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ലാതിരുന്നതിനാലും ശ്വസിക്കാനും സംസാരിക്കാനുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാലുമാണ് പാപ്പായുടെ തന്നെ നിർദ്ദേശാനുസരണം കർദ്ദിനാൾ കൊമാസ്ത്രി ഉയിർപ്പുതിരുന്നാൾക്കുർബ്ബാനയിൽ മുഖ്യകാർമ്മികത്വം വഹിച്ചതും പാപ്പാ തയ്യാറാക്കി നല്കിയ സുവിശേഷപ്രസംഗം വായിച്ചതും. ഇതു പാപ്പായുടെ അവസാനത്തെ സുവിശേഷസന്ദേശമായിരിക്കുമെന്ന് സ്വപ്നേപി കരുതിയിരുന്നില്ല.

യോഹന്നാൻറെ സുവിശേഷം 20,1-9, അതായത് യേശുവിനെ അടക്കം ചെയ്ത കല്ലറയിങ്കൽ അതിരാവിലെ എത്തുന്ന മഗ്ദലന മറിയം കല്ലറയുടെ കൽമൂടി ഉരുട്ടിമാറ്റപ്പെട്ടിരിക്കുന്നതായും കല്ലറ ശൂന്യമായിരിക്കുന്നതായും കാണുന്നതും അവൾ ഓടിപ്പോയി ശിഷ്യന്മാരെ അറിയിക്കുന്നതും അവരും വന്നു ശൂന്യമായ കല്ലറകണ്ട് യേശു മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു വിശ്വസിക്കുന്നതുമായ സംഭവവിവരണം ആയിരുന്നു ഈ സുവിശേഷ ചിന്തകൾക്ക് അവലംബം.

കർദ്ദിനാൾ കൊമ്സ്ത്രി പാരായണം ചെയ്ത സന്ദേശം ആരംഭിക്കുന്നത് ഇപ്രകാരമാണ്:

കല്ലറയിൽ നിന്ന് കല്ല് ഉരുട്ടിമാറ്റപ്പെട്ടിരിക്കുന്നതായി കണ്ടപ്പോൾ, മഗ്ദലന മറിയം, ആ വിവരം പത്രോസിനോടും യോഹന്നാനോടും പറയാൻ ഓടിപ്പോയി. ഞെട്ടിക്കുന്ന ആ വാർത്ത കേട്ട് ശിഷ്യന്മാർ രണ്ടുപേരും പുറത്തേക്കിറങ്ങി- "അവർ ഇരുവരും ഒരുമിച്ച് ഓടി" (യോഹന്നാൻ 20:4) എന്നാണ് സുവിശേഷം പറയുന്നത്. ഉത്ഥാനവിവരണങ്ങളിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഓടുന്നു! ഈ "ഓട്ടം" ഒരു വശത്ത്, കർത്താവിൻറെ ശരീരം എടുത്തുമാറ്റിയതായിരിക്കാം എന്ന ആശങ്ക പ്രകടിപ്പിക്കുന്നതാണ്; എന്നാൽ മറുവശത്ത്, മഗ്ദലന മറിയത്തിൻറെയും പത്രോസിൻറെയും യോഹന്നാൻറെയും ഓട്ടം യേശുവിനെ അന്വേഷിച്ചു പുറപ്പെട്ട അവരുടെ ആഗ്രഹം, ഹൃദയത്തിൻറെ പ്രേരണ, ആന്തരിക മനോഭാവം എന്നിവയെ വിളിച്ചോതുന്നു. വാസ്തവത്തിൽ, അവൻ മൃത്യുവിൽ നിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു, അതുകൊണ്ടാണ് അവൻ ഇപ്പോൾ കല്ലറയിൽ ഇല്ലാത്തത്. അവനെ മറ്റെവിടെയെങ്കിലും അന്വേഷിക്കണം.

ഉത്ഥാനസന്ദേശം ഇതാണ്: അവനെ നമ്മൾ മറ്റെവിടെയെങ്കിലും തേടണം. ക്രിസ്തു ഉയിർത്തെഴുന്നേറ്റു, അവൻ ജീവിച്ചിരിക്കുന്നു! അവൻ മൃത്യുവിൻറെ തടവുകാരനല്ല, ഇനി അവൻ ശവക്കച്ചയാൽ പൊതിയപ്പെട്ട അവസ്ഥയിലല്ല, അതുകൊണ്ട് തന്നെ ആഖ്യാനം ചെയ്യേണ്ടതായ മനോഹരമായ ഒരു കഥയിൽ ഒതുക്കി നിർത്താൻ കഴിയില്ല, അവനെ ഭൂതകാലത്തിലെ ഒരു വീരപുരുഷനാക്കനോ പ്രദർശനശാലയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഒരു പ്രതിമയായി കരുതാനോ കഴിയില്ല! നേരെമറിച്ച്, നാം അവനെ അന്വേഷിക്കണം, ഇക്കാരണത്താൽത്തന്നെ നമുക്ക് നിശ്ചലരായിരിക്കാൻ കഴിയില്ല. നാം നീങ്ങണം, അവനെ അന്വേഷിക്കാൻ പുറപ്പെടണം: ജീവിതത്തിൽ അവനെ അന്വേഷിക്കണം, നമ്മുടെ സഹോദരങ്ങളുടെ വദനത്തിൽ അവനെ അന്വേഷിക്കണം, ദൈനംദിന ജീവിതത്തിൽ അവനെ തേടണം, ആ ശവക്കല്ലറയിലൊഴികെ സകലയിടത്തും അവനെ അന്വേഷിക്കണം.

അവനെ സദാ തിരയുക. കാരണം, അവൻ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റുവെങ്കിൽ, അവൻ സർവ്വത്രയുണ്ട്, അവൻ നമ്മുടെ ഇടയിൽ വസിക്കുന്നു, നമ്മുടെ ജീവിതത്തിലെ ഏറ്റവും അജ്ഞാതവും പ്രവചനാതീതവുമായ സാഹചര്യങ്ങളിലും വഴിയിൽ നാം കണ്ടുമുട്ടുന്ന സഹോദരീ സഹോദരന്മാരിലും അവൻ മറഞ്ഞിരിക്കുകയും സ്വയം വെളിപ്പെടുത്തുകയും ചെയ്യുന്നു. അവൻ ജീവിച്ചിരിക്കുന്നു, കഷ്ടപ്പെടുന്നവരുടെ കണ്ണുനീർ ചൊരിയുകയും നാം ഓരോരുത്തരും ചെയ്യുന്ന സ്നേഹത്തിൻറെ ചെറു ചെയ്തികൾ കൂട്ടിച്ചേർത്ത് ജീവിതത്തിൻറെ സൗന്ദര്യം വർദ്ധിപ്പിക്കുകയും ചെയ്തുകൊണ്ട് അവൻ എപ്പോഴും നമ്മോടൊപ്പമുണ്ട്,

ഇങ്ങനെ നോക്കുമ്പോൾ, ഉയിർത്തെഴുന്നേറ്റ കർത്താവുമായുള്ള കൂടിക്കാഴ്ചയിലേക്ക് നമ്മെ തുറക്കുകയും അവനെ നമ്മുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യാൻ നമ്മെ സജ്ജമാക്കുകയും ചെയ്യുന്ന ഉത്ഥാനത്തിൻറെതായ വിശ്വാസം, ഏതാണ്ട് മതാത്മകമായ ഒരു ഉറപ്പിലേക്കുള്ള നിശ്ചലമോ സംതൃപ്തിദായകമോ ആയ  ഒരു ക്രമീകരണം മാത്രമാകുന്നു. നേരെമറിച്ച്, ഉത്ഥാനം നമ്മെ ചലനത്തിലേക്കു നയിക്കുന്നു, മഗ്ദലനമറിയത്തെപ്പോലെയും ശിഷ്യന്മാരെപ്പോലെയും ഓടാൻ അത് നമ്മെ പ്രേരിപ്പിക്കുന്നു; ജീവിക്കുന്നവനായ യേശുവിനെ, സ്വയം വെളിപ്പെടുത്തുന്ന, ഇന്നും സന്നിഹിതനായ, നമ്മോട് സംസാരിക്കുന്ന, നമുക്കു മുന്നേ പോകുന്ന, നമ്മെ അത്ഭുതപ്പെടുത്തുന്ന ദൈവമായി തിരിച്ചറിയുന്നതിനു വേണ്ടി "അപ്പുറം കാണാൻ" കഴിവുള്ള കണ്ണുകളുള്ളവരാകാൻ നമ്മെ ക്ഷണിക്കുന്നു. മഗ്ദലന മറിയത്തെപ്പോലെ, എല്ലാ ദിവസവും നമുക്ക് കർത്താവിനെ നഷ്ടപ്പെടുന്ന അനുഭവമുണ്ടാകും, എന്നാൽ അവനെ കണ്ടെത്താനുള്ള അവസരം അവനേകുമെന്നും ഉത്ഥാനവെളിച്ചത്താൽ അൻ നമ്മെ പ്രകാശിപ്പിക്കുമെന്നുമുള്ള ഉറപ്പോടുകൂടി എല്ലാ ദിവസവും നമുക്ക് അവനെ വീണ്ടും അന്വേഷിക്കുന്നതിനായി ഓടാൻ സാധിക്കും. 

സഹോദരീ സഹോദരന്മാരേ, നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രത്യാശ ഇതാ: ദരിദ്രവും ദുർബ്ബലവും മുറിവേറ്റതുമായ ഈ അസ്തിത്വത്തിൽ ക്രിസ്തുവിനെ മുറുകെപ്പിടിച്ച് നമുക്ക് ജീവിക്കാൻ കഴിയും, കാരണം അവൻ മരണത്തെ കീഴടക്കി, നമ്മുടെ അന്ധകാരത്തെ ജയിച്ചു, എന്നന്നേക്കും ആനന്ദത്തിൽ അവനോടുകൂടെ ജീവിക്കാൻ നമ്മെ പ്രാപ്തരാക്കുന്നതിന് അവൻ ലോകത്തിൻറെ ഇരുളിനെ കീഴടക്കും. ഈ ലക്ഷ്യത്തിലേക്ക്, അപ്പോസ്തലനായ പൗലോസ് പറയുന്നതുപോലെ, നമ്മുടെ പിന്നിലുള്ളവയെ വിസ്മരിക്കുകയും മുമ്പിലുള്ളവയെ ലക്ഷ്യം വച്ച് ജീവിക്കുകയും ചെയ്തുകൊണ്ട് (ഫിലിപ്പിയർ 3:12-14 കാണുക) നമ്മളും ഓടുന്നു.  പിന്നെ നമ്മൾ മഗ്ദലനയുടെയും പത്രോസിൻറെയും യോഹന്നാൻറെയും വേഗതയിൽ ക്രിസ്തുവിനെ കാണാൻ ധൃതിയോടെ പോകുന്നു.

ഈ പ്രത്യാശയുടെ ദാനം നമ്മിൽ പുതുക്കാനും, നമ്മുടെ കഷ്ടപ്പാടുകളും ഉത്കണ്ഠകളും അതിൽ ആമഗ്നമാക്കാനും, വഴിയിൽ കണ്ടുമുട്ടുന്നവർക്ക് ആ പ്രത്യാശ കൈമാറാനും, നമ്മുടെ ജീവിതത്തിൻറെ ഭാവിയും മനുഷ്യരാശിയുടെ ഭാഗധേയവും ഈ പ്രത്യാശയ്ക്ക് ഭരമേൽപ്പിക്കാനും ജൂബിലി നമ്മെ ആഹ്വാനം ചെയ്യുന്നു. ആകയാൽ നമുക്ക് നമ്മുടെ ഹൃദയങ്ങളെ ഈ ലോകത്തിൻറെ മിഥ്യാധാരണകളിൽ തളച്ചിടാനോ ദുഃഖത്തിൽ പൂട്ടിയിടാനോ കഴിയില്ല; നമ്മൾ സന്തോഷഭരിതരായി ഓടണം. യേശുവിനെ കാണാൻ നമുക്ക് ഓടാം, അവൻറെ സുഹൃത്തുക്കളാകുന്നതിൻറെ വിലമതിക്കാനാവാത്ത കൃപ നമുക്ക് വീണ്ടും കണ്ടെത്താം. അവൻറെ ജീവൻറെയും സത്യത്തിൻറെയും വചനം നമ്മുടെ പാതയെ പ്രകാശിപ്പിക്കട്ടെ. മഹാനായ ദൈവശാസ്ത്രജ്ഞനായ ഹെൻറി ദെ ലുബാക്ക് പറഞ്ഞതുപോലെ, "നമുക്ക് ഇത് മാത്രം മനസ്സിലാക്കിയാൽ മതിയാകും: ക്രിസ്തുമതം ക്രിസ്തുവാണ്. അല്ല, വാസ്തവത്തിൽ, ഇതല്ലാതെ മറ്റൊന്നുമില്ല. ക്രിസ്തുവിൽ നമുക്ക് എല്ലാം ഉണ്ട്" (Les responsabilités doctrinales des catholiques dans le monde d'aujourd'hui, Paris 2010, 276).

ഉയിർത്തെഴുന്നേറ്റ ക്രിസ്തു ആകുന്ന ഈ "സകലവും" നമ്മുടെ ജീവിതത്തെ പ്രത്യാശയിലേക്ക് തുറക്കുന്നു. അവൻ ജീവിച്ചിരിക്കുന്നു, ഇന്നും നമ്മുടെ ജീവിതം നവീകരിക്കാൻ അവൻ ആഗ്രഹിക്കുന്നു. പാപത്തെയും മരണത്തെയും ജയിച്ച അവനോട്, നമുക്കു പറയാം:

"കർത്താവേ, ഈ മഹോത്സവത്തിൽ ഞങ്ങൾ നിന്നോട് അപേക്ഷിക്കുന്ന ദാനം ഇതാണ്: ഈ ശാശ്വത പുതുമ ജീവിക്കാൻ ഞങ്ങളെയും പുതുമയുള്ളവരാക്കേണമേ." ദൈവമേ, ശീലത്തിൻറെയും തളർച്ചയുടെയും മോഹഭംഗത്തിൻറെയും ദുഃഖകരമായ ധൂളി ഞങ്ങളിൽ നിന്ന് തുടച്ചു നീക്കേണമേ; മറ്റുള്ളവയിൽ നിന്ന് വിഭിന്നവും അതുല്യവുമായ ആ പ്രഭാതത്തിൻറെ പുതുവർണ്ണങ്ങൾ, വിസ്മയ നയനങ്ങളോടെ, കാണാൻ അനുദിനം ഉഷസ്സിൽ ഉണരുന്നതിൻറെ സന്തോഷം ഞങ്ങൾക്ക് നൽകണമേ..... എല്ലാം പുതിയതാണ്, കർത്താവേ, ഒന്നും ആവർത്തിക്കപ്പെടുന്നില്ല, ഒന്നും പഴയതല്ല» (A. Zarri, Quasi una preghiera).

സഹോദരീസഹോദരന്മാരേ, ഉത്ഥാന വിശ്വാസത്തിൻറെ വിസ്മയത്തിൽ, ശാന്തിയുടെയും വിമോചനത്തിൻറെയും എല്ലാ പ്രതീക്ഷകളും ഹൃദയങ്ങളിൽ പേറിക്കൊണ്ട്, നമുക്ക് പറയാൻ കഴിയും: കർത്താവേ, അങ്ങയോടുകൂടെ സകലവും പുതിയതാണ്. നിന്നിലൂടെ, എല്ലാം വീണ്ടും ആരംഭിക്കുന്നു.

പാപ്പാ നമുക്കേകിയ ക്ഷണം

ഈ സുവിശേഷ പ്രഭാഷണത്തിൽ പാപ്പാ നമ്മെ ക്ഷണിച്ചത് അപ്പുറം കാണാൻ കഴിവുള്ള കണ്ണുകളുള്ളവരാകാനാണ്. തൻറെ സഭാശുശ്രൂഷാ ജീവിതത്തിൽ അതു പ്രാവർത്തികമാക്കിയ ഒരു പിതാവാണ് ഇന്ന് നമ്മെ വിട്ടുപോയിരിക്കുന്നത്. എന്തിനു പറയുന്നു എല്ലാം ഒരു പ്രവാചകദൃഷ്ടിയോടെ കണ്ടതുപോലെ, അനാരോഗ്യം  അനുവദിക്കില്ലായിരുന്നിട്ടും ഊർബി ഏത്ത് ഓർബി ആശീർവ്വാദം നൽകാൻ ഫ്രാൻസീസ് പാപ്പാ എത്തി. അവസാന ആശീർവ്വാദമേകി. എല്ലാവരോടും വിടചോദിക്കുകയായിരുന്നു എന്നു നമുക്ക് പറയാവുന്നതുപോലെ, പാപ്പാ ഈ ആശീർവ്വാദാനന്തരം വെളുത്ത തുറന്ന വാഹനത്തിൽ, പേപ്പൽ വാഹനത്തിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിലെത്തുകയും ജനസഞ്ചയത്തിനിടയിലൂടെ എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ടു നീങ്ങുകയും ചെയ്തു. തൻറെ പക്കലേക്ക് പാപ്പായുടെ വാഹനത്തോടപ്പം ഉണ്ടായിരുന്ന അനുചരർ എടുത്തുകൊണ്ടുവന്ന പിഞ്ചു കുഞ്ഞുങ്ങളെ പാപ്പാ തൊട്ടു ആശീർവ്വദിക്കുകയും ചെയ്തു. 

ഇന്ന് പാപ്പായുടെ വിയോഗവാർത്ത കേൾക്കുമ്പോൾ ഉയിർപ്പുതിരുന്നാൾ ദിനത്തിൽ നേരിട്ടു പാപ്പായുടെ ദർശനാനുഭവം ഉണ്ടായവരുടെ മനസ്സുകളിൽ, ഹൃദയങ്ങളിലുണ്ടാകുന്ന വികാരങ്ങൾ എന്തായിരിക്കും!

ബലഹീനരുടെ, പാവപ്പെട്ടവരുടെ, എളിയവരുടെ, യാതനകളിലൂടെ കടന്നുപോകുന്നവരുടെ ചാരെ ആയിരിക്കാൻ ശ്രമിച്ചുകൊണ്ട്, അതിനായി എല്ലാവർക്കും പ്രചോദനം പകർന്നുകൊണ്ട് സഭാനൗകയുടെ അമരക്കാരനായി ശുശ്രൂഷ ചെയ്ത ക്രിസ്തുദാസനാണ് ഇപ്പോൾ നമ്മോടു വിടപറഞ്ഞിരിക്കുന്നത്. പാപ്പായുടെ ആത്മശാന്തിക്കായി നമുക്കു പ്രാർത്ഥിക്കാം.   

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 ഏപ്രിൽ 2025, 12:46