ഫ്രാൻസീസ് പാപ്പാ സഹാനുഭൂതിയുടെ വിളക്കുമാടം, പ്രധാനമന്ത്രി മോദി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പായുടെ നിര്യാണത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ ദുഃഖം രേഖപ്പെടുത്തി.
ലോകത്തിലെ ദശലക്ഷക്കണക്കിനാളുകൾക്ക് സഹാനുഭൂതിയുടെയും എളിമയുടെയും ആദ്ധ്യാത്മിക ധീരതയുടെയും ദീപസ്തംഭമായി എന്നും ഫ്രാൻസീസ് പാപ്പാ സ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി മോദി എക്സ് സന്ദേശത്തിൽ കുറിച്ചു.
ക്രിസ്തുനാഥൻറെ ആദർശങ്ങൾ ചെറുപ്പം മുതൽ തന്നെ പ്രാവർത്തികമാക്കുന്നതിന് ശ്രമിക്കുകയും പാവപ്പെട്ടവരെയും അടിച്ചമർത്തപ്പെട്ടവരെയും ശ്രദ്ധയോടെ സേവിക്കുകയും യാതനകളനുഭവിക്കുന്നവരിൽ പ്രത്യാശയുടെ ചൈതന്യം ജ്വലിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് ഫ്രാൻസീസ് പാപ്പായെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
സാകല്യവും സമഗ്രവുമായ വികസനത്തിനായുള്ള പാപ്പായുടെ പ്രതിബദ്ധത തനിക്ക് പ്രചോദനമേകിയിട്ടുണ്ടെന്നും പാപ്പായുടെ വാത്സല്യം ഇന്ത്യയിലെ ജനങ്ങൾ എന്നും പച്ചകെടാതെ സൂക്ഷിക്കുമെന്നും പറയുന്ന പ്രധാനമന്ത്രി പാപ്പായുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
പ്രധാനമന്തിക്കു പുറമെ രാഹുൽ ഗാന്ധിയുൾപ്പടെയുള്ള ഇന്ത്യൻ രാഷ്ട്രീയ നേതാക്കാളും ലോകരാഷ്ട്രങ്ങളുടെ നേതാക്കാളും പാപ്പായുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. ഏപ്രിൽ 21-ന് കാലം ചെയ്ത ഫ്രാൻസീസ് പാപ്പായോടുള്ള ആദരവ് ലോക രാഷ്ട്രങ്ങൾ പലരീതികളിൽ പ്രകടപ്പിക്കുന്നു. പാപ്പായോടുള്ള ആദരസൂചകമായി ഇന്ത്യ മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കയാണ്. ഫ്രാൻസിൽ ഈഫൽ ടവറിലെ വിളക്കുകൾ അണച്ചു. അമേരിക്കൻ ഐക്യനാടുകളിൽ വൈറ്റ് ഹൗസിൽ ഉൾപ്പടെ ദേശീയ പതാക പകുതിതാഴ്ത്തിക്കെട്ടി. പാപ്പായുടെ ജന്മനാടായ അർജന്തീന ഒരാഴ്ചത്തെയും സ്പെയിൻ മൂന്നുദിവസത്തെയും ദുഃഖാചരണം പ്രഖ്യാപിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: