ഫ്രാൻസിസ് പാപ്പായുടെ സംസ്കാരച്ചങ്ങുകളിൽ സംബന്ധിക്കുവാൻ നിരവധി ലോകനേതാക്കൾ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ലോകമെമ്പാടുമുള്ള ജനതകളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച പാവങ്ങളുടെ പാപ്പാ ഫ്രാൻസിസ് പാപ്പായുടെ സംസ്കാര ചടങ്ങുകളിൽ സംബന്ധിക്കുന്നതിനായി വിവിധ ലോകനേതാക്കൾ വത്തിക്കാനിലേക്ക് എത്തിത്തുടങ്ങി. ഇത് വരെ, വിവിധ രാജ്യങ്ങളിൽ നിന്നായി 130 പ്രതിനിധി സംഘങ്ങൾ ചടങ്ങുകളിൽ സംബന്ധിക്കുമെന്നു വത്തിക്കാൻ സെക്രട്ടറിയേറ്റിന്റെ പ്രോട്ടോക്കോൾ കാര്യാലയം അറിയിച്ചു. ഈ സംഘങ്ങളിൽ, അൻപതോളം രാഷ്ട്രത്തലവന്മാരും, പത്തോളം ഭരണത്തലവന്മാരും ഉണ്ടായിരിക്കുമെന്നും, കാര്യാലയത്തിന്റെ ടെലിഗ്രാം സന്ദേശത്തിൽ പറയുന്നു.
ഭാരതത്തിന്റെ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു, അമേരിക്കൻ രാഷ്ട്രപതി ഡൊണാൾഡ് ട്രംപ്, ഫ്രഞ്ച് രാഷ്ട്രപതി ഇമ്മാനുവേൽ മാക്രോൺ എന്നിവർ വത്തിക്കാനിൽ എത്തുന്നവരിൽ പ്രധാനികളാണ്. ഫ്രാൻസിസ് പാപ്പായുടെ മരണ വാർത്ത അറിഞ്ഞ ഉടൻ തന്നെ അമേരിക്കൻ പ്രസിഡന്റ് കുറിച്ച സന്ദേശത്തിൽ, താനും മെലാനിയായും ഫ്രാൻസിസ് പാപ്പായുടെ സംസ്കാരച്ചടങ്ങുകളിൽ സംബന്ധിക്കും എന്ന് കുറിച്ചിരുന്നു.
ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം പങ്കുവച്ച കുറിപ്പിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിനൊപ്പം, കേന്ദ്ര പാർലമെന്ററി കാര്യ, ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു, ന്യൂനപക്ഷ കാര്യ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന സഹമന്ത്രി ജോർജ്ജ് കുര്യൻ, ഗോവ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ജോഷ്വ ഡി സൂസ എന്നിവരും ചടങ്ങുകൾക്കായി വെള്ളിയാഴ്ച്ച വത്തിക്കാനിലേക്ക് പുറപ്പെട്ടതായി അറിയിച്ചു. ഏപ്രിൽ 25 ന്, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ദേവാലയത്തിൽ രാഷ്ട്രപതി ഫ്രാൻസിസ് പാപ്പായ്ക്ക് അന്ത്യോപചാരം അർപ്പിക്കും. തുടർന്ന് ഏപ്രിൽ 26 , ശനിയാഴ്ച്ച നടക്കുന്ന സംസ്കാരച്ചടങ്ങുകളിലും സംബന്ധിക്കും.
" കാരുണ്യത്തിന്റെയും, വിനയത്തിന്റെയും, ആത്മീയ ധൈര്യത്തിന്റെയും ഒരു ദീപസ്തംഭമായി ഫ്രാൻസിസ് പാപ്പായെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ എന്നും ഓർമ്മിക്കു"മെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: