തിരയുക

ഫ്രാൻസീസ് പാപ്പാ വ്യവസായസംരംഭങ്ങളുടെയും ബാങ്കുകളുടെയും ചുമതല വഹിക്കുന്നവരുടെയും സഹകാരികളുടെയും പ്രതിനിധി സംഘത്തോടൊപ്പം വത്തിക്കാനിൽ,15/06/24 ഫ്രാൻസീസ് പാപ്പാ വ്യവസായസംരംഭങ്ങളുടെയും ബാങ്കുകളുടെയും ചുമതല വഹിക്കുന്നവരുടെയും സഹകാരികളുടെയും പ്രതിനിധി സംഘത്തോടൊപ്പം വത്തിക്കാനിൽ,15/06/24  (Vatican Media)

വലിച്ചെറിയപ്പെട്ടവർ മാറ്റത്തിൻറെ നായകരാകുന്ന ഒരു ലോകം താൻ സ്വപ്നം കാണുന്നു, പാപ്പാ!

ഫ്രാൻസീസ് പാപ്പാ വൻ വ്യവസായസംരംഭങ്ങളുടെയും ബാങ്കുകളുടെയും ചുമതല വഹിക്കുന്നവരുടെയും സഹകാരികളുടെയും പ്രതിനിധി സംഘത്തെ ശനിയാഴ്ച (15/06/24) വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വൻ വ്യവസായശാലകളുടെയും ബാങ്കുകളുടെയും ചുമതലവഹിക്കുന്നവരുടെയും സഹകാരികളുടെയും ദൗത്യം സാമ്പത്തിക തലത്തിൽ മാത്രമല്ല സാമൂഹ്യരാഷ്ട്രീയതലങ്ങളിലും നിർണ്ണായകമാണെന്ന് മാർപ്പാപ്പാ.

വൻ വ്യവസായസംരംഭങ്ങളുടെയും ബാങ്കുകളുടെയും ചുമതല വഹിക്കുന്നവരുടെയും സഹകാരികളുടെയും പ്രതിനിധി സംഘത്തെ ശനിയാഴ്ച (15/06/24) വത്തിക്കാനിൽ സ്വീകരിച്ച വേളയിലാണ് ഫ്രാൻസീസ് പാപ്പാ ഇപ്രകാരം പ്രസ്താവിച്ചത്.

വലിയ വ്യവസായശാലകൾ അന്താരാഷ്ട്ര ബന്ധങ്ങളുടെ ചലനാത്മകതയെ സ്വാധീനിക്കുന്ന സ്ഥാപനങ്ങളാണെന്നും ആകയാൽ അതിൻറെ ചുമതലവഹിക്കുന്നവരുടെ തീരുമാനങ്ങൾ ആയിരക്കണക്കിന് തൊഴിലാളികളെയും നിക്ഷേപകരെയും ബാധിക്കുമെന്നും ആഗോളതലത്തിലും അതുണ്ടാകുമെന്നും പാപ്പാ പറഞ്ഞു.

സാമ്പത്തിക ശക്തി രാഷ്ട്രീയ അധികാരവുമായി ഇഴചേർന്നിരിക്കുന്നുവെന്നും വാസ്തവത്തിൽ, ഉപഭോഗം, സമ്പാദ്യം, ഉൽപ്പാദനം  എന്നിവയക്കു പുറമേ, സർക്കാരുകളുടെ ഭാഗധേയത്തെയും ദേശീയ അന്തർദേശീയ പൊതു നയങ്ങളെയും സുസ്ഥിരവികസനത്തെയും വൻ വ്യവസായസംരംഭങ്ങൾ സ്വാധീനിക്കുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

ഈ പശ്ചാത്തലത്തിൽ പാപ്പാ പരിസ്ഥിതി പരിപാലനം, ദരിദ്രരരെ സേവിക്കൽ, യുവജന പരിപാലനം എന്നീ മൂന്നു കാര്യങ്ങളെക്കുറിച്ചും പരാമർശിച്ചു.

വലിയ പരിസ്ഥിതി പ്രതിസന്ധിയുടെതായ ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോൾ കടന്നുപോകുന്നതെന്നും സാമ്പത്തിക വ്യാവസായിക തിരഞ്ഞെടുപ്പുകളുൾപ്പടെയുള്ള വിവിധങ്ങളായ കാരണങ്ങൾ ഈ പ്രതിസന്ധിക്കുണ്ടെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ഇവിടെ, ഇഴഞ്ഞു നീങ്ങുന്ന സർക്കാർ നിയമങ്ങൾ പാലിച്ചാൽ മാത്രം പോരാ പ്രത്യുത, ധീരവും ദീർഘവീക്ഷണത്തോടുകൂടിയതുമായ   തിരഞ്ഞെടുപ്പുകളാൽ ഭാവിയെ മുൻകൂട്ടി അവതരിപ്പിക്കുന്ന നൂതനരീതികൾ കൊണ്ടുവരേണ്ടതുണ്ടെന്നും ഒരു വ്യവസായസംരംഭകനെ സംബന്ധിച്ചിടത്തോളം ഇതു പ്രഥമതഃ പൊതുഭവന പരിപാലനത്തെ സംബന്ധിച്ചതായിരിക്കണമെന്നും പാപ്പാ വ്യക്തമാക്കി.

പാവപ്പെട്ടവരെയും പരിത്യക്തരെയും മറക്കരുതെന്നു പറഞ്ഞ പാപ്പാ ഉല്പാദനോപയോഗങ്ങളിൽ പാഴ്വസ്തുക്കളുടെ പുനരുപയോഗമുൾപ്പടെയുള്ള വിവിധ പ്രക്രിയകൾ അടങ്ങുന്ന ചാക്രിക സമ്പദ്ഘടനാ മാതൃകയുടെ പ്രാധാന്യം എടുത്തുകാട്ടി. വ്യക്തികളെ, തൊഴിലാളികളെ, വിശിഷ്യ ഏറ്റവും ദുർബ്ബലരെ പാഴ്വസ്തുക്കളാക്കരുതെന്നും പാപ്പാ പറഞ്ഞു. അവർ മാറ്റത്തിൻറെ നായകരാകുന്ന ഒരു ലോകത്തെക്കുറിച്ച് താൻ സ്വപ്നം കാണുന്നുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു. വെറും ഭൂതദയയ്ക്കപ്പുറം കടന്ന് പാവപ്പെട്ടവരെ വ്യവസായശാലകളിൽ എടുക്കുകയും അവരെ പൊതുനന്മയ്ക്കായുള്ള ഒരു വിഭവമാക്കി മാറ്റുകയും വേണമെന്ന് പാപ്പാ പറഞ്ഞു.

മൂന്നാമത്തെ ഘടകമായ യുവജനത്തെക്കുറിച്ചു പരാമർശിച്ച പാപ്പാ അവർ പലപ്പോഴും നമ്മുടെ ഈ കാലഘട്ടത്തിലെ ദരിദ്രർക്കിടയിൽ ഉൾപ്പെടുന്നുവെന്നും വിഭവങ്ങളിലും അവസരങ്ങളിലും ഭാവിയിലും അവർ ദരിദ്രരാണെന്നും പറഞ്ഞു. ആകയാൽ യുവതയെ വ്യവസായ ശാലകളിലെടുക്കുന്നതിൽ ഉദാരത കാണിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 June 2024, 13:00