തിരയുക

കത്തോലിക്കാ ദൈവശാസ്ത്രത്തിനായുള്ള സമൂഹങ്ങളുടെ അന്താരാഷ്ട്ര ശൃംഖലയുടെ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ. കത്തോലിക്കാ ദൈവശാസ്ത്രത്തിനായുള്ള സമൂഹങ്ങളുടെ അന്താരാഷ്ട്ര ശൃംഖലയുടെ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ.   (Vatican Media)

പാപ്പാ: ഉപവിയിലൂടെ പ്രാവർത്തികമാക്കാത്ത കത്തോലിക്കാ വിശ്വാസം മരിച്ച വിശ്വാസമാണ്

കത്തോലിക്കാ ദൈവശാസ്ത്രത്തിനായുള്ള സമൂഹങ്ങളുടെ അന്താരാഷ്ട്ര ശൃംഖലയുടെ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ മെയ് പത്താം തിയതി കൂടികാഴ്ച നടത്തി. അവർക്ക് നൽകിയ സന്ദേശത്തിൽ പാപ്പാ സമകാലിക സമൂഹത്തിൽ ദൈവശാസ്ത്രത്തിന്റെ നിർണ്ണായക പങ്കിനെ ഊന്നിപ്പറഞ്ഞു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ഗവേഷണ പദ്ധതികൾ, സമ്മേളനങ്ങൾ, എക്യുമെനിസം, മറ്റ് മതങ്ങളുമായുള്ള സംവാദം എന്നിവയിലൂടെ വിവിധ പഠന ശാഖകൾ ഒരുമിപ്പിച്ചു കൊണ്ട്  ദൈവശാസ്ത്രജ്ഞർ നടത്തുന്ന  പരിശ്രമങ്ങൾക്കും പ്രതിബദ്ധതയ്ക്കും പാപ്പാ നന്ദി രേഖപ്പെടുത്തി.

ദൈവശാസ്ത്രത്തെ അവശ്യ സഭാ ശുശ്രൂഷയായി ഉയർത്തിക്കാട്ടിയ പാപ്പാ, കത്തോലിക്കാ വിശ്വാസം വ്യക്തമാക്കുന്നതിലും യേശുക്രിസ്തുവെന്ന വ്യക്തിയിൽ വേരൂന്നിയ പ്രത്യാശ നൽകുന്നതിലും അത് നൽകുന്ന പങ്കിനെ അടിവരയിട്ടു.

സാംസ്കാരിക വൈവിധ്യവും, സാങ്കേതിക പുരോഗതിയും മുഖമുദ്രയാക്കിയ ദ്രുതഗതിയിലുള്ള സാമൂഹിക മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ, സമാധാനത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും സാർവ്വത്രിക സാഹോദര്യത്തിന്റെയും ഭാവിയിലേക്ക് സംഭാവന നൽകുന്നതിന് ദൈവശാസ്ത്രം ഈ മാറ്റങ്ങളുമായി വിമർശനാത്മകമായി ഇടപെടേണ്ടതിന്റെ ആവശ്യകതയെ പാപ്പാ ഊന്നിപ്പറഞ്ഞു.

വ്യത്യസ്‌ത ജനതകളുടെയും ഭാഷകളുടെയും സാംസ്‌കാരിക പശ്ചാത്തലങ്ങളുടെയും പരസ്പര ബന്ധത്താൽ അടയാളപ്പെടുത്തിയ നമ്മുടെ വർദ്ധിച്ചുവരുന്ന ബഹു-വംശീയ, കുടിയേറ്റ സമൂഹങ്ങളിൽ നാം അനുഭവിക്കുന്ന കാലഘട്ടത്തിലെ മാറ്റങ്ങളിലും ദൈവശാസ്ത്രം വളരെ പ്രധാധ്യമർഹിക്കുന്നു എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. സമാധാനത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും സാർവ്വത്രിക സാഹോദര്യത്തിന്റെയും ഒരു ഭാവി കെട്ടിപ്പടുക്കാൻ സഹായിക്കുന്നതിനുള്ള ശ്രമത്തിൽ ഈ മാറ്റങ്ങൾ വിമർശനാത്മകമായി ദൈവശാസ്ത്രം വിലയിരുത്തേണ്ടതുണ്ടെന്നും പാപ്പാ പറഞ്ഞു.

ശാസ്ത്ര-സാങ്കേതിക പുരോഗതി ഉയർത്തുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്തുകൊണ്ട്, പ്രത്യേകിച്ച് കൃത്രിമ ബുദ്ധി പോലുള്ള മേഖലകളിൽ മനുഷ്യനായിരിക്കുക എന്താണെന്നും അവന്റെ സ്വഭാവത്തെയും അന്തസ്സിനെയും കുറിച്ച് പൊതുവായി മനസ്സിലാക്കാനും ദൈവശാസ്ത്രത്തിന്റെ ആവശ്യമുണ്ടെന്ന് അടവരയിട്ട പാപ്പാ അവയെക്കുറിച്ചുള്ള ആഴമാർന്ന വിചിന്തനത്തിന് അവരെ ആഹ്വാനം ചെയ്തു. സംസ്കാരങ്ങൾക്കിടയിൽ സംവാദവും യോജിപ്പും വളർത്തിയെടുക്കുന്ന ഒരു ജ്ഞാനപൂർവ്വകമായ വീക്ഷണം വാഗ്ദാനം ചെയ്തുകൊണ്ട് ശാസ്ത്രീയ ശ്രമങ്ങളെ പൂർത്തീകരിക്കുന്നതിൽ ദൈവശാസ്ത്രത്തിന്റെ പ്രാധാന്യം പാപ്പാ ഊന്നിപ്പറഞ്ഞു.

പാരമ്പര്യത്തോടുള്ള ക്രിയാത്മകമായ വിശ്വസ്തത, ഒരു വിവിധ പഠന വിഭാഗങ്ങൾ ഒരുമിച്ചുള്ള സമീപനം, കൂട്ടായ പ്രവർത്തനം എന്നീ ദൈവശാസ്ത്രത്തിനായുള്ള മൂന്ന് പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ മുന്നോട്ടുവച്ച് ഫ്രാൻസിസ് പാപ്പാ വിശദീകരിച്ചു. വിശ്വാസത്തിന്റെ സംസ്‌കാരത്തിനായി പുതിയ പാതകൾ പര്യവേക്ഷണം ചെയ്യുന്ന സ്കൗട്ടുകളോടു ദൈവശാസ്ത്രജ്ഞരെ ഉപമിച്ച പാപ്പാ പാരമ്പര്യത്തിന്റെ സജീവമായ സ്വഭാവവും സംസ്കാരങ്ങളിലുടനീളം സുവിശേഷം അവതരിപ്പിക്കാൻ പാരമ്പര്യത്തിനുള്ള  പ്രസക്തിയും ഊന്നിപ്പറഞ്ഞു.

മനുഷ്യന്റെ അസ്തിത്വവുമായി ഇടപഴകുകയും വിജ്ഞാനത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ഉൾക്കാഴ്ച്ചകൾ സമന്വയിപ്പിക്കുകയും ചെയ്യുന്ന ഒരു വിഭാഗമെന്ന നിലയിൽ ദൈവശാസ്ത്രത്തിന്റെ പ്രാധാന്യം പാപ്പാ അടിവരയിട്ടു. മാത്രവുമല്ല, ശാസ്ത്രങ്ങൾ  വിശാലമായ യുക്തിബോധം ഉൾക്കൊള്ളേണ്ടവയാകണമെന്ന ബെനഡിക്ട് പതിനാറാമന്റെ ആഹ്വാനവുമായി അതിനെ സമന്വയിപ്പിച്ചുകൊണ്ട്, ദൈവശാസ്ത്രത്തിലും ഈ വിപുലീകരണമാവശ്യമാണെന്നും ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിച്ചു. എല്ലാ മനുഷജീവിതങ്ങളുടെയും മുഴുവൻ ദൈവജനത്തിന്റെയും വിമർശനാത്മകമായ നിരൂപണങ്ങളിലൂടെ, ശാസ്ത്രവും പുണ്യവും, യുക്തിക്കും, സ്നേഹവും ഒരുമിപ്പിക്കുന്ന ഒരു വിജ്ഞാനശാഖയായി ദൈവശാസ്ത്രം മാറണമെന്ന് ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു.

ദൈവശാസ്ത്രവും ചെവിയും തമ്മിലുള്ള അഭേദ്യമായ ബന്ധം അടിവരയിട്ട പാപ്പാ കത്തോലിക്കാ വിശ്വാസത്തിൽ ജീവിക്കുന്നതിൽ ജീവകാരുണ്യത്തിന്റെ അനിവാര്യത എടുത്തുകാണിച്ചു. കത്തോലിക്കാ വിശ്വാസം ഉപവിയിലൂടെയാണ് പ്രവർത്തിക്കുന്നത് അല്ലെങ്കിൽ അത് മരിച്ച ഒരു വിശ്വാസമാണ് പാപ്പാ ഊന്നിപ്പറഞ്ഞു.

കാത്തലിക് തിയോളജിക്കായുള്ള ഇന്റർനാഷണൽ നെറ്റ്‌വർക്ക് ഓഫ് സൊസൈറ്റീസ് അംഗങ്ങളോടു ഫ്രാൻസിസ് പാപ്പാ നന്ദി പ്രകടിപ്പിക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് തന്റെ പ്രാർത്ഥനാ പൂർവ്വമായ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. സഭയ്ക്കുള്ളിലെ ദൈവശാസ്ത്ര അന്വേഷണത്തിന്റെ സഹവർത്തിത്വ സ്വഭാവത്തെ അടിവരയിട്ടുകൊണ്ട് അവർക്ക് തന്റെ ആശീർവ്വാദം നൽകുകയും, അവരുടെ പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 May 2024, 15:14