തിരയുക

ഫ്രാൻസിസ് പാപ്പാ മെറിമാക് കോളേജ് അധ്യക്ഷനെയും രക്ഷാധികാരികളെയും അഭിസംബോധന ചെയ്യുന്നു. ഫ്രാൻസിസ് പാപ്പാ മെറിമാക് കോളേജ് അധ്യക്ഷനെയും രക്ഷാധികാരികളെയും അഭിസംബോധന ചെയ്യുന്നു.  (VATICAN MEDIA Divisione Foto)

പാപ്പാ: വിദ്യാലയ മതിലുകൾക്കപ്പുറം ഐക്യദാർഢ്യവും പങ്കുവയ്ക്കലും കൂട്ടായ്മയും പകരുന്ന വിശാല വീക്ഷണം വേണം

ഫ്രാൻസിസ് പാപ്പാ മെറിമാക് കോളേജ് അധ്യക്ഷനെയും രക്ഷാധികാരികളെയും അഭിസംബോധന ചെയ്തവസരത്തിൽ നൽകിയ സന്ദേശത്തിൽ പറഞ്ഞു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

മെയ് പത്താം തിയതി വെള്ളിയാഴ്ച മെറിമാക് കോളേജിലെ അധ്യക്ഷനും രക്ഷാധികാരികളും വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പായുമായി കൂടികാഴ്ച നടത്തി. അവരുടെ സ്ഥാപനത്തിന്റെ  ചരിത്രപരമായ ദൗത്യത്തെയും അതിന്റെ സമകാലിക പ്രസക്തിയെയും ഊന്നിപ്പറഞ്ഞു കൊണ്ടാണ് തദവസരത്തിൽ പാപ്പാ സന്ദേശം നൽകിയത്.

" ശാസ്ത്രം വിജ്ഞാനത്തിനു വേണ്ടി” എന്ന അഗസ്റ്റീനിയൻ തത്വത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് എട്ട് പതിറ്റാണ്ടോളമായി വിദ്യാഭ്യാസത്തിനുള്ള പ്രതിബദ്ധതയുമായി മുന്നോട്ടു നീങ്ങുന്ന മെറിമാക് കോളേജിനെ ഫ്രാൻസിസ് പാപ്പാ സ്നേഹാശംസയോടെ അഭിനന്ദിച്ചു. “Per Scientiam ad Sapientiam”എന്ന കോളേജിന്റെ മുദ്രാവാക്യം അർത്ഥമാക്കുന്നതു പോലെ, വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ഐക്യദാർഢ്യം വളർത്തുന്നതിനും യുവാക്കളെ ബോധവൽക്കരിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ അടിവരയിട്ടു.

രണ്ടാം ലോകമഹായുദ്ധത്തിൽ നിന്ന് മടങ്ങിയെത്തിയ സൈനികരെ പിന്തുണയ്ക്കുന്നതിനായി 1947-ൽ സ്ഥാപിതമായ കോളേജിന്റെ ഉത്ഭവത്തിന് സമാന്തരമായി ആധുനിക ലോകത്തിന്റെ സ്ഥിതി വിവരിച്ചുകൊണ്ട്  സമഗ്രമായ വിദ്യാഭ്യാസത്തിന്റെ ആവശ്യകത പാപ്പാ എടുത്തുപറഞ്ഞു. അക്കാദമിക് നിർദ്ദേശങ്ങൾക്കപ്പുറം, പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോൾ പ്രത്യാശയും അർത്ഥവും ആത്മവിശ്വാസവും ഉളവാക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ ഊന്നിപ്പറയുകയും പ്രതികൂല സാഹചര്യങ്ങളെ വളർച്ചയ്ക്കുള്ള അവസരങ്ങളാക്കി മാറ്റുകയും ചെയ്യാൻ യുവാക്കളെ ഒരുക്കണമെന്ന് അനുസ്മരിച്ചു.

സാമ്പത്തികവും പാരിസ്ഥിതികവും മൂല്യങ്ങളുമായി ബന്ധപ്പെട്ടതുമായ പ്രതിസന്ധികൾ ഉൾപ്പെടെ ഇന്നത്തെ യുവജനങ്ങൾ അഭിമുഖീകരിക്കുന്ന ബഹുമുഖ വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയ ഫ്രാൻസിസ് പാപ്പാ അവരുടെ ദൗത്യത്തിന്റെ സമകാലിക പ്രസക്തിയെയും ഊന്നിപ്പറഞ്ഞു. ഈ വെല്ലുവിളികളെ ഒരുമിച്ച് തരണം ചെയ്യാൻ ആവശ്യമായ സഹിഷ്ണുതയും ഐക്യദാർഢ്യവും കൊണ്ട് വിദ്യാർത്ഥികളെ സജ്ജരാക്കാൻ പാപ്പാ അദ്ധ്യാപകരോടു അഭ്യർത്ഥിച്ചു.

യുവജനങ്ങൾക്ക് അവരുടെ പഠനത്തിലൂടെയും കോളേജിലെ സമൂഹജീവിതത്തിലൂടെയും ഒരു പുതിയ തുടക്കത്തിലേക്കുള്ള പാത വാഗ്ദാനം ചെയ്യേണ്ടത് ആവശ്യമാണ്. എല്ലാ വിദ്യാഭ്യാസവും മനസ്സിൽ നിന്ന് ഹൃദയത്തിലേക്കും ഹൃദയത്തിൽ നിന്ന് കൈകളിലേക്കും കടന്നുപോകണമെന്ന് പറയാനാണ് തനിക്കിഷ്ടമെന്ന് പാപ്പാ വിശദീകരിച്ചു.

ആദ്യ വിദ്യാർത്ഥികളെപ്പോലെ, നമ്മുടെ യുവജനങ്ങൾ ഇന്ന് സാമ്പത്തികവും,തൊഴിൽപരവും, രാഷ്ട്രീയപരവും, പരിസ്ഥിതിപരവും, മൂല്യപരവും ജനസംഖ്യാപരവും, കുടിയേറ്റപരവുമായ വിവിധ തരത്തിലുള്ള "പ്രതിസന്ധികൾ" ഒന്നിച്ച് അഭിമുഖീകരിക്കുന്നതു കൊണ്ട്, മുൻകാലങ്ങളിലെന്നപോലെ, വെല്ലുവിളികളെ ഒരുമിച്ച് നേരിടാൻ അവരെ പഠിപ്പിക്കേണ്ടത് പ്രധാനമാണ്. സ്വയം തളർന്നുപോകാൻ അനുവദിക്കരുത്, മറിച്ച് ഓരോ പ്രതിസന്ധിയും, കഷ്ടപ്പാടുകൾ ഉൾപ്പെടുമ്പോൾ പോലും, വളർച്ചയ്ക്കുള്ള അവസരമാക്കി മാറ്റാൻ കഴിയുന്ന വിധത്തിൽ പ്രതികരിക്കാൻ അവരെ പ്രാപ്തരാക്കണം, പാപ്പാ പങ്കുവച്ചു.

"ശാസ്ത്രമല്ല മനുഷ്യനെ വീണ്ടെടുക്കുന്നത്: മനുഷ്യൻ സ്നേഹത്താൽ വീണ്ടെടുക്കപ്പെടുന്നു" (Spe Salvi, 26) എന്ന് ബെനഡിക്ട് പതിനാറാമന്റെ വാക്കുകളെ ചൂണ്ടികാട്ടിയ പാപ്പാ ഇന്നത്തെ ആഗോളവൽക്കരണ പ്രക്രിയയ്ക്ക് ഒറ്റപ്പെടൽ, പാർശ്വവൽക്കരണം, "വലിച്ചെറിയൽ സംസ്കാരം" എന്നിങ്ങനെയുള്ള നിഷേധാത്മക വശങ്ങൾ ഉണ്ടെന്നത് ശരിയാണെന്നും എന്നിരുന്നാലും നല്ല വശങ്ങളും ഇതിന് ഉണ്ട് എന്ന് വിശദീകരിച്ചു. ഐക്യദാർഢ്യം വർധിപ്പിക്കാനും ഇതുവരെ അറിയപ്പെടാത്ത മാർഗ്ഗങ്ങളും നൽകുന്നത് തുല്യത പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാധ്യതകളാണ്  എന്നും പാപ്പാ ഓർമ്മപ്പെടുത്തി. സമീപകാലത്തെ കാലാവസ്ഥാ ദുരന്തങ്ങളിലും യുദ്ധങ്ങളിലും സമീപകാലത്ത് ഇത് സംഭവിക്കുന്നത് നാം കാണുന്നതും പാപ്പാ ഉദാഹണമായി ഉയർത്തി കാട്ടി.

സ്നേഹത്തിലും അനുകമ്പയിലും അധിഷ്‌ഠിതമായ ഐക്യദാർഢ്യത്തിന്റെ പ്രമേയമായിരുന്നു ഫ്രാൻസിസ് പാപ്പയുടെ പ്രസംഗത്തിന്റെ പ്രധാന വിഷയം. ആഗോളവൽക്കരണത്തിന്റെ ഇരട്ട സ്വഭാവം, പ്രതികൂലവും ഗുണപരവുമായ പ്രത്യാഘാതങ്ങൾ എന്നിവയെ അംഗീകരിച്ചുകൊണ്ട്, നീതിയിലും കാരുണ്യത്തിലും അധിഷ്‌ഠിതമായ ഒരു മാനവികത വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ  ഊന്നിപ്പറഞ്ഞു. ഭൗതിക വിജയങ്ങളല്ല, മറിച്ച് സ്നേഹവും പരസ്പരബന്ധവും മുഖേനയുള്ള ഭാവിയിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്ന ഒരു പാത കാണിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, പാപ്പാ വ്യക്തമാക്കി.

ഐക്യദാർഢ്യത്തിനും സമത്വത്തിനുമുള്ള അവസരങ്ങൾ തിരിച്ചറിയാനും സ്വീകരിക്കാനും വിദ്യാർത്ഥികളെ സഹായിക്കാൻ ഫ്രാൻസിസ് പാപ്പാ അധ്യാപകരെ പ്രോത്സാഹിപ്പിച്ചു. ജീവിതത്തിന്റെ  എല്ലാ മേഖലകളിലും ഐക്യദാർഢ്യം, പങ്കുവയ്ക്കൽ, കൂട്ടായ്മ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ക്ലാസ് മുറിയുടെ മതിലുകൾക്കപ്പുറത്തേക്ക് എത്തുന്ന വിദ്യാഭ്യാസത്തോടുള്ള വിപുലമായ സമീപനത്തിന് പാപ്പാ ആഹ്വാനം ചെയ്തു.

സമാപനത്തിൽ തന്റെ ഹൃദയംഗമമായ അനുഗ്രഹം നൽകുകയും കന്യാമറിയത്തിന്റെയും വിശുദ്ധ അഗസ്തീനോസിന്റെയും മധ്യസ്ഥതയിൽ അവരെ ഭരമേൽപ്പിക്കുകയും ചെയ്ത പാപ്പാ അമൂല്യമായ പ്രവർത്തനത്തിന്  അധ്യക്ഷനും, രക്ഷാധികാരികൾക്കും എല്ലാ അധ്യാപകർക്കും നന്ദി പറഞ്ഞു. തനിക്ക് വേണ്ടി പ്രാർത്ഥിക്കാ൯ അഭ്യർത്ഥിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 May 2024, 15:47