തിരയുക

ന്യൂ ഹൊറൈസൺ (“പുതിയ ചക്രവാളങ്ങൾ” ) മുന്നേറ്റത്തിന്റെ  മുപ്പതാം വാർഷികത്തിൽ. ന്യൂ ഹൊറൈസൺ (“പുതിയ ചക്രവാളങ്ങൾ” ) മുന്നേറ്റത്തിന്റെ മുപ്പതാം വാർഷികത്തിൽ.  

പാപ്പാ: പ്രാർത്ഥനയോടും ധൈര്യത്തോടും കൂടെ സിദ്ധിയെ സംരക്ഷിക്കുക

ന്യൂ ഹൊറൈസൺ (“പുതിയ ചക്രവാളങ്ങൾ” ) മുന്നേറ്റത്തിന്റെ മുപ്പതാം വാർഷികത്തിൽ അതിന്റെ സ്ഥാപകയ്ക്കും സഹകാരികൾക്കും ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിൽ സിദ്ധിയെ കാത്തുസൂക്ഷിക്കാൻ ആഹ്വാനം ചെയ്തു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ന്യൂ ഹൊറൈസൺ മുന്നേറ്റത്തെ നയിക്കാൻ കർത്താവു തിരഞ്ഞെടുത്ത അതിന്റെ  സ്ഥാപക ക്യാരാ അമ്മിറാന്തെസിനെ അഭിസംബോധന ചെയ്തു കൊണ്ട് ആരംഭിച്ച വീഡിയോ സന്ദേശത്തിൽ, ആത്മാവിന്റെ  ആ കാറ്റു വീശലിലൂടെ അനേക മനസ്സുകളാണ് ഉണർന്നതെന്നു നിരീക്ഷിച്ചു. അവർക്ക് 30 മതു വർഷത്തിന്റെ  ആശംസകൾ പാപ്പാ നേർന്നു.

ഒരു മുന്നേറ്റത്തിന്റെ  വളർച്ചയിൽ, സിദ്ധിയിൽ വെള്ളം കൂട്ടാനും തുടക്കത്തിലുണ്ടായിരുന്ന ശക്തി നഷ്ടപ്പെട്ടു പോകാനുമുള്ള അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നൽകിക്കൊണ്ട് ഫ്രാൻസിസ് പാപ്പാ മുന്നേറ്റത്തിന്റെ  സിദ്ധിയെ കാത്തു സൂക്ഷിക്കേണ്ടതിന്റെ  ആവശ്യകത അടിവരയിട്ടു. സ്ഥാപകയും, സഹവർത്തികരും, സഭയും  സിദ്ധി സംരക്ഷിക്കുവാൻ സഹകരിക്കണം. കർത്താവ് അതിന്റെ  സ്ഥാപക വഴി നൽകിയ സിദ്ധിയെ കാത്തു സൂക്ഷിക്കാൻ പാപ്പാ അവരോടു ആവശ്യപ്പെട്ടു.

ഒരു സിദ്ധിയുടെ വികാസത്തിൽ, സഭയുടെ ഭാഗത്തു നിന്നു പോലും, തെറ്റിദ്ധാരണകളുടെയും, ഇരുണ്ട നിമിഷങ്ങളുടേയും കാലമുണ്ട്. എല്ലാ സിദ്ധികളും കർത്താവിന്റെ  കുരിശിലൂടെ കടന്നു പോകണം. ഈ കുരിശിനെ ആത്മാവിന്റെ  ശക്തിയാൽ എടുക്കാതിരുന്നാൽ, സിദ്ധിയെ മുന്നോട്ടു കൊണ്ടു പോകാൻ നമ്മൾ സുവിശേഷാധിഷ്ഠിതമല്ലാത്ത പരിഹാരങ്ങൾ സ്വീകരിച്ചേക്കും. അങ്ങനെ വരുമ്പോൾ പല സിദ്ധികൾക്കും സമയം ചെല്ലന്തോറും ശക്തി ക്ഷയിക്കുകയും, സിദ്ധിയിൽ നിന്നകന്നുള്ള  ഒരു തരം ജീവിതരീതിയായി മാറുകയും ചെയ്യും. അതിനാൽ പ്രാർത്ഥനകൊണ്ടും ധൈര്യം കൊണ്ടും സിദ്ധിയെ കാത്തുസൂക്ഷിക്കാൻ പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു.

സിദ്ധിയോടുള്ള വിശ്വസ്തത ഏറ്റവും പ്രധാനമാണെന്ന് പറഞ്ഞ പാപ്പാ അത് സഭയോട് കൂറുപുലർത്തിക്കൊണ്ടും സഭയോടു അനുസരണയോടു കൂടിയും വേണമെന്നും ഓർമ്മിപ്പിച്ചു. വാർത്തകളിൽ നിന്നാണ് അവരുടെ സിദ്ധിയെ കുറിച്ചറിഞ്ഞതെങ്കിലും അവരെ സന്ദർശിച്ചപ്പോൾ തനിക്ക് തന്നെ അത് ഒരു സിദ്ധിയുടെ അഭിഷേകമായിരുന്നു എന്ന് ഏറ്റു പറഞ്ഞ പരിശുദ്ധ പിതാവ് ദരിദ്രരോടും, സമൂഹം തളളിക്കളഞ്ഞവരോടും അവരുടെ സ്വാതന്ത്ര്യം ഹനിക്കാതെയുള്ള സാമിപ്യത്തെ പ്രശംസിച്ചു. ജീവിതത്തിന്റെ  വഴികളിൽ നഷ്ടപ്പെട്ടു പോകുന്ന യുവജീവിതങ്ങൾക്ക് ജീവിക്കാൻ ഒരു ലക്ഷ്യവും വളരാൻ ഒരു കാരണവും അവർ നൽകുന്നതും, ഭാവിയിലെ വാഗ്ദാനങ്ങളായ കുഞ്ഞുങ്ങളുടെ അടുത്തേക്കുള്ള അവരുടെ പോക്കും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും പാപ്പാ അറിയിച്ചു. അവരുടെ സ്ഥാപകയ്ക്ക് ധൈര്യപൂർവ്വം മുന്നോട്ടു പോകാനും സിദ്ധി വിതയ്ക്കാനും കർത്താവിന്റെ  കൃപയാചിച്ച പാപ്പാ അവളോടൊപ്പം സഹകാരികളായവർക്ക് വേണ്ടിയും പ്രാർത്ഥിച്ചു. തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ചു കൊണ്ട് അവരെ പാപ്പാ ആശീർവദിക്കുകയും ചെയ്തിട്ടാണ് സന്ദേശം ഉപസംഗ്രഹിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 May 2024, 15:30