തിരയുക

ഫ്രാൻസീസ് പാപ്പാ “ജെറുസലേമിലെ വിശുദ്ധ കുരിശിൻറെ ബസിലിക്ക”യോടു ചേർന്നുള്ള  ഒരു ശാലയിൽ വച്ച് റോം രൂപതയുടെ മദ്ധ്യമേഖലയിലെ വൈദികരുമായി സംഭാഷണം നടത്തുന്നു, 03/05/24 ഫ്രാൻസീസ് പാപ്പാ “ജെറുസലേമിലെ വിശുദ്ധ കുരിശിൻറെ ബസിലിക്ക”യോടു ചേർന്നുള്ള ഒരു ശാലയിൽ വച്ച് റോം രൂപതയുടെ മദ്ധ്യമേഖലയിലെ വൈദികരുമായി സംഭാഷണം നടത്തുന്നു, 03/05/24  (Vatican Media)

പാപ്പാ, റോം രൂപതയുടെ മദ്ധ്യമേഖലയിലെ വൈദികരുമായി കൂടിക്കാഴ്ച നടത്തി.

ഫ്രാൻസീസ് പാപ്പാ വെള്ളിയാഴ്ച റോമിലെ “ജെറുസലേമിലെ വിശുദ്ധ കുരിശിൻറെ” ഇടവക സന്ദർശിക്കുകയും റോം രൂപതയുടെ മദ്ധ്യമേഖലയിലെ വൈദികരുമായി സംഭാഷണത്തിലേർപ്പെടുകയും ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

റോം രൂപതയുടെ, പുരാതന റോം അടങ്ങുന്ന മദ്ധ്യമേഖലയിൽപ്പെടുന്ന  ഇടവക വികാരിമാരും സഹവികാരിമാരും പുരാതന റോമാ നഗരത്തിലെ  ചില ദേവാലയങ്ങളുടെ ചുമതല വഹിക്കുന്നവരും ആശുപത്രികളിൽ അജപാലനസേവനം ചെയ്യുന്നവരുമായ നൂറോളം വൈദികരുമായി പാപ്പാ സംഭാഷണം നടത്തി. റോം രൂപതയുടെ മദ്ധ്യമേഖലയിൽ 38 ഇടവകകളാണുള്ളത്.

യേശുവിനെ ക്രൂശിച്ചതെന്നു വിശ്വസിക്കപ്പെടുന്ന കുരിശിൻറെതുൾപ്പടെയുള്ള തിരുശേഷിപ്പുകൾ റോമിൽ സൂക്ഷിച്ചിരിക്കുന്ന “ജെറുസലേമിലെ വിശുദ്ധ കുരിശിൻറെ ബസിലിക്ക”യോടു ചേർന്നുള്ള  ഒരു ശാലയിൽ വച്ചാണ്  വെള്ളിയാഴ്ച (03/05/24) ഉച്ചതിരിഞ്ഞ് ഫ്രാൻസീസ് പാപ്പാ വൈദികരുമായി കൂടിക്കാഴ്ച നടത്തിയത്.

റോം രൂപതയുടെ സഹായമെത്രാന്മാരിൽ ഒരാളും സഹകാര്യസ്ഥനുമായ ബിഷപ്പ് ബാൽദൊ റെയീന, റോം രൂപതയുടെ മദ്ധ്യമേഖലയുടെ ഏകോപകൻ മോൺസിഞ്ഞോർ ഫ്രാൻചെസ്കൊ പേഷെ, “ജെറുസലേമിലെ വിശുദ്ധ കുരിശിൻറെ” ഇടവകയുടെ വികാരിയായ വൈദികൻ അലെസ്സാന്ത്രൊ പുജോത്തൊ എന്നിവർ ചേർന്ന് പാപ്പായെ സ്വീകരിച്ചു.

വൈദികരുമായുള്ള  സംഭാഷണം രണ്ടു മണിക്കൂറോളം ദീർഘിച്ചു. ഈ സംഭാഷണവേളയിൽ ഉന്നയിക്കപ്പെട്ട ഇരുപതോളം ചോദ്യങ്ങൾക്ക് പാപ്പാ മറുപടി പറഞ്ഞു.

അജപാലനം, കുഞ്ഞുങ്ങൾക്കും പ്രായംചെന്നവർക്കുമുള്ള സേവനം, സമൂഹത്തിലെ ദുർബ്ബലരോടും കുടിയേറ്റക്കാരോടും പാർപ്പിടരഹിതരോടും പ്രകടിപ്പിക്കേണ്ട കരുതൽ, അടുത്തുവരുന്ന ജൂബിലി വത്സരം തുടങ്ങിയവയുമായി ബന്ധപ്പെട്ടവയായിരുന്നു ചോദ്യങ്ങൾ

“ജെറുസലേമിലെ വിശുദ്ധ കുരിശിൻറെ ബസിലിക്ക”യുടെ മുന്നിൽ പാപ്പായെ കാണാൻ നിരവധി ജനങ്ങൾ നിലയുറപ്പിച്ചിരുന്നു. അവരെ കാറിലിരുന്നുതന്നെ അഭിവാദ്യം ചെയ്തതിനു ശേഷമാണ് പാപ്പാ വൈദികരുമായുള്ള കൂടിക്കാഴ്ചയ്ക്കായി ബസിലിക്കാ വളപ്പിനകത്തേക്കു പോയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 May 2024, 12:41