തിരയുക

ഫ്രാൻസിസ് പാപ്പായും കർമ്മലീത്താ നിഷ്പാദുകസഭയിലെ പ്രതിനിധികളും ഫ്രാൻസിസ് പാപ്പായും കർമ്മലീത്താ നിഷ്പാദുകസഭയിലെ പ്രതിനിധികളും  (Vatican Media)

പഴമയുടെ വേരുകൾ ഉപേക്ഷിക്കാതെ, പ്രത്യാശയോടെ മുന്നോട്ട് സഞ്ചരിക്കുക: ഫ്രാൻസിസ് പാപ്പാ

കർമ്മലീത്താ നിഷ്പാദുകസഭയിലെ സുപ്പീരിയർമാരെയും പ്രതിനിധികളെയും വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ, നിയമാവലിയുടെ നവീകരണവുമായി ബന്ധപ്പെട്ട് അവർ നടത്തിവരുന്ന പരിശ്രമങ്ങൾക്ക് ആശംസകൾ നേർന്നു. സഭാസ്ഥാപകരുടെ സിദ്ധികൾ മറക്കാതെ, പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിച്ചും, സുവിശേഷത്തിന്റെ പ്രത്യാശയിലും മുന്നോട്ട് പോകുവാൻ പാപ്പാ സഭാംഗങ്ങളെ ആഹ്വാനം ചെയ്‌തു. ഏപ്രിൽ പതിനെട്ട് വ്യാഴാഴ്ച രാവിലെയായിരുന്നു ഈ കൂടിക്കാഴ്ച.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിച്ച്, നിയമാവലിയുടെ നവീകരണശ്രമങ്ങൾ നടത്താനും, സുവിശേഷത്തിലധിഷ്ഠിതമായ പ്രത്യാശയോടെ മെച്ചപ്പെട്ട ഒരു ഭാവി ലക്ഷ്യമാക്കി ജീവിക്കാനും കർമ്മലീത്താ നിഷ്പാദുകസഭയിലെ സന്ന്യസ്‌തകളോട് ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെട്ടു. കർമ്മലീത്താ നിഷ്പാദുകസഭയിലെ സുപ്പീരിയർമാർക്കും മറ്റു പ്രതിനിധികൾക്കും ഏപ്രിൽ 18 വ്യാഴാഴ്ച അനുവദിച്ച കൂടിക്കാഴ്ചയിലാണ് പാപ്പാ കർമ്മലീത്താസമർപ്പിതർക്കുൾപ്പെടെ എല്ലാ സമർപ്പിതർക്കുമായി ആധ്യാത്മിക ഉന്നമനത്തിനായുള്ള നിർദ്ദേശങ്ങൾ നൽകിയത്.

സഭാനിയമാവലിയുടെ നവീകരണവുമായി ബന്ധപ്പെട്ട് നടത്തിവരുന്ന സമ്മേളനത്തിൽ സംബന്ധിക്കാൻ എത്തിയതായിരുന്നു കർമ്മലീത്താ നിഷ്പാദുകസഭാംഗങ്ങളായ സന്ന്യാസിനിമാർ. പ്രാർത്ഥനയും, വിവേചനബുദ്ധിയോടെയുള്ള തെരഞ്ഞെടുപ്പുകളും നടത്തേണ്ട "പരിശുദ്ധാത്മാവിന്റെ സമയമാണിതെന്ന്" പാപ്പാ സന്ന്യാസിനിമാരെ ഓർമ്മിപ്പിച്ചു. ദൈവമഹത്വത്തിനും സഭയുടെ നന്മയ്ക്കുമായി കൂടുതൽ ഹൃദയങ്ങളെ, കർമലസഭയുടെ സിദ്ധികൾ വഴി ആകർഷിക്കുന്നതിനുവേണ്ടി പരിശ്രമിക്കുവാൻ പാപ്പാ ആഹ്വാനം ചെയ്‌തു. ഈയൊരു ലക്ഷ്യം നേടുന്നതിനായി, തുറന്ന മനസ്സോടെ പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിക്കാനും, മറ്റുള്ളവരെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതിന് സഹായിക്കുന്ന പുതിയ ഒരു ഭാഷാരീതിയും, മെച്ചപ്പെട്ട മാർഗ്ഗങ്ങളും കണ്ടുപിടിക്കുക എന്നതാകണം നിങ്ങളുടെ സമ്മേളനത്തിന്റെ ഉദ്ദേശമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

സന്ന്യാസസഭയുടെ നിയമാവലി പുനഃപരിശോധിക്കുക എന്നാൽ, ഭൂതകാലത്തിന്റെ സ്മരണകൾ സ്വരുക്കൂട്ടിക്കൊണ്ട് ഭാവിയിലേക്ക് നോക്കുക എന്നതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ചരിത്രത്തിലൂടെ നിങ്ങളുടെ നിയമാവലി ആർജ്ജിച്ച മാറ്റങ്ങളുടെ മഹത്വം തിരിച്ചറിയുകയും, എന്നാൽ അതേസമയം പരിശുദ്ധാത്മാവിന്റെ നിർദ്ദേശങ്ങളും, സുവിശേഷത്തിന്റെ നിത്യനൂതനതയും, ചരിത്രത്തിലൂടെ കർത്താവ് കാണിച്ചുതരുന്ന അടയാളങ്ങളും കണക്കിലെടുത്ത് തുറന്ന മനസ്ഥിതിയോടെ മുന്നോട്ട് പോകാൻ പരിശ്രമിക്കേണ്ടതുണ്ടെന്നും പാപ്പാ പറഞ്ഞു.

എല്ലാ സമർപ്പിതസമൂഹങ്ങൾക്കുമുള്ള ഒരു തത്വമാണ് ഇതെങ്കിലും, പൊതുസമൂഹത്തിൽനിന്നുള്ള അകലവും, അടുപ്പവും തമ്മിലുള്ള സംക്ഷോഭം ജീവിക്കുന്ന, മിണ്ടാമഠങ്ങളിൽ ആയിരിക്കുന്ന സഹോദരിമാർക്ക് ഇത് കൂടുതൽ പ്രധാനപ്പെട്ടതാണെന്ന് പാപ്പാ പറഞ്ഞു. യാഥാർഥ്യങ്ങളിൽനിന്ന് അകന്നു ജീവിക്കാനോ ഏതെങ്കിലും ആധ്യാത്മികസാന്ത്വനത്തിലോ അഭയം തേടാനോ അല്ല ഇത്തരമൊരു ആധ്യാത്മികജീവിതത്തിലൂടെ സന്ന്യസ്തർ ശ്രമിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മറിച്ച് ക്രിസ്തുവിന്റെ സ്നേഹത്താൽ നയിക്കപ്പെട്ട് അവനോട് ചേരാൻ തക്കവിധം തങ്ങളെത്തന്നെ വിട്ടുകൊടുക്കുകയും, തങ്ങളുടെ പ്രവൃത്തികളിലും, അസ്തിത്വത്തിലും അവന്റെ സ്നേഹം പ്രകടമാകാൻ അനുവദിക്കുകയും ചെയ്യുകയാണ് വേണ്ടതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

സമർപ്പിതജീവിതവുമായി ബന്ധപ്പെട്ട് അവിലയിലെ വിശുദ്ധ ത്രേസ്യയുടെ ഉദാഹരണം ഉദ്ധരിച്ചുകൊണ്ട്, മർത്തായുടെയും മറിയത്തിന്റെയും ആതിഥേയത്വം ക്രിസ്തുവിന് നിങ്ങളിൽ അനുഭവിക്കാൻ കഴിയണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. രക്ഷിക്കപ്പെടാനും, ദൈവത്തെ സ്തുതിക്കാനായി അവനിലേക്ക് ആത്മാക്കളെ കൊണ്ടുവരുന്നതിനുവേണ്ടി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത പാപ്പാ എടുത്തുപറഞ്ഞു. അനുദിനപ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കുകയോ, ആത്മാവിന്റെ കാര്യങ്ങളിൽനിന്ന് ഒളിച്ചോടുകയോ അല്ല വേണ്ടത്, മറിച്ച്, നിശ്ശബ്ദതയിലും പ്രാർത്ഥനയിലും മുഴുകുകയും, എന്നാൽ അതേസമയം സഭയെ സേവിക്കാനായി ദൈവം ആവശ്യപ്പെടുന്ന പ്രവൃത്തികളിൽ ഏർപ്പെടുകയുമാണ് വേണ്ടത്.

സഭാസ്ഥാപകരുടെ സിദ്ധികളിൽ വേരൂന്നിയതും സുവിശേഷത്തിൽ പ്രത്യാശയർപ്പിച്ചതുമായ ഒരു വഴിയെയാണ് സഞ്ചരിക്കേണ്ടതെന്ന് പാപ്പാ സന്ന്യാസിനിമാരെ ഓർമ്മിപ്പിച്ചു. നിയമാവലിയുടെ പുനഃപരിശോധനയ്ക്ക് ആവശ്യമായ പ്രേരകശക്തിയും പ്രകാശവും ഇതായിരിക്കണം.

മാനുഷികമായ കണക്കുകൂട്ടലുകൾക്കപ്പുറം, ദൈവത്തിന് തങ്ങളെത്തന്നെ വിട്ടുകൊടുക്കുകയും, മികച്ച ഒരു ഭാവിക്കായി കാലത്തിന്റെ അടയാളങ്ങൾ വായിച്ചറിയാൻ പഠിക്കുകയും, ധൈര്യപൂർവ്വം തിരഞ്ഞെടുപ്പുകൾ നടത്തുകയും ചെയ്യുക എന്നതാണ് സുവിശേഷത്തിൽ പ്രത്യാശ വയ്ക്കുന്നതിലൂടെ സംഭവിക്കുന്നത്.

ഗൃഹാതുരത്വത്തോടെ പഴമയിലേക്ക് തിരികെപ്പോവുക എന്നതാണ് മാനുഷികമായ നയം. എന്നാൽ അതിനെതിരാണ് സുവിശേഷം നൽകുന്ന പ്രത്യാശ പഠിപ്പിക്കുന്നത്. ഇന്നുവരെയുള്ള ചരിത്രത്തെ ഓർത്ത് നമ്മിൽ സന്തോഷം നിറയ്ക്കുക മാത്രമല്ല, മുന്നോട്ട് നോക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നതാണ് അത്. സന്ന്യസ്തസഭാസമൂഹത്തിന്റെ സിദ്ധി കാത്തുസൂക്ഷിക്കുകയും, എന്നാൽ മുന്നോട്ട് സഞ്ചരിക്കാനുള്ള ആഗ്രഹമുണ്ടാവുകയും ചെയ്യുക എന്നതാണ് പ്രധാനം എന്ന് പാപ്പാ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 April 2024, 15:14