തിരയുക

 ഫ്രാൻസിസ് പാപ്പായുമായി നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തവർ ഫ്രാൻസിസ് പാപ്പായുമായി നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തവർ   (ANSA)

ഭാവിയുടെ നിർമ്മാണപ്രക്രിയയ്ക് വിദ്യാർത്ഥിസമൂഹം പ്രതിജ്ഞാബദ്ധരാണ്: പാപ്പാ

സമാധാന സ്കൂളുകളുടെ ദേശീയ ശൃംഖലയിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഫ്രാൻസിസ് പാപ്പാ ഏപ്രിൽ മാസം പത്തൊൻപതാം തീയതി കൂടിക്കാഴ്ച്ച അനുവദിക്കുകയും അവരോട് സംവദിക്കുകയും ചെയ്തു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

സമാധാന സ്കൂളുകളുടെ ദേശീയ ശൃംഖലയിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഫ്രാൻസിസ് പാപ്പാ ഏപ്രിൽ മാസം പത്തൊൻപതാം തീയതി കൂടിക്കാഴ്ച്ച അനുവദിക്കുകയും അവരോട് സംവദിക്കുകയും ചെയ്തു. സന്ദേശത്തിന്റെ ആമുഖത്തിൽ, ലോകത്തെക്കുറിച്ചുള്ള നൂതനമായ ഒരു കാഴ്ചപ്പാട് വളർത്തിയെടുക്കുംവിധം, ഫലപ്രദമായ ആശയങ്ങളും, സംരംഭങ്ങളും, പരിശീലന പരിപാടികളും ഉൾക്കൊള്ളിച്ചുകൊണ്ട് സമാധാന സ്കൂളുകളിലെ അംഗങ്ങൾ നടത്തുന്ന യാത്രയ്ക്ക് പാപ്പാ നന്ദി പറഞ്ഞു.

യുദ്ധത്തിന്റെയും, അക്രമത്തിന്റെയും നാടകീയത നിറഞ്ഞ ഒരു ലോകത്ത് സൗന്ദര്യത്തിന്റെയും, നന്മയുടെയും ലക്ഷ്യങ്ങൾ കൈവരിക്കുവാനുള്ള ഉദ്യമങ്ങളെ പാപ്പാ അഭിനന്ദിച്ചു. ഭാവിയുടെ നിർമ്മാണപ്രക്രിയയ്ക് വിദ്യാർത്ഥിസമൂഹം പ്രതിജ്ഞാബദ്ധരാണ്, അതിനാൽ ലോകത്തിന്റെ പ്രലോഭനങ്ങൾക്ക് അടിമപ്പെട്ടുകൊണ്ട് ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ കാണുവാൻ മറന്നുപോകരുതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ഭാവി തലമുറകളെക്കുറിച്ചുള്ള പ്രഖ്യാപനമെന്ന നിലയിൽ, 'ഭാവിക്കു വേണ്ടിയുള്ള ഉടമ്പടി' എന്ന പേരിൽ അടുത്ത സെപ്റ്റംബർ മാസം ന്യൂയോർക്കിൽ സമ്മേളിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിൽ, സമാധാന സ്കൂൾ അംഗങ്ങളുടെ സംഭാവനകളും പാപ്പാ അഭ്യർത്ഥിച്ചു. സമാധാനത്തിനുവേണ്ടി, കരുതലോടെയും ഉത്തരവാദിത്വത്തോടെയും ഭാവിയെ പരിവർത്തനം ചെയ്യണമെന്നും വിദ്യാർത്ഥികളെ പാപ്പാ ഉദ്ബോധിപ്പിച്ചു.

"നിങ്ങൾ ഭാവിയിലെ കാഴ്ചക്കാരാകാനല്ല, നായകന്മാരാകാനാണ് വിളിക്കുന്നത്", പാപ്പാ ഓർമ്മിപ്പിച്ചു. മെച്ചപ്പെട്ട ഒരു ഭാവി പണിതുയർത്തുവാൻ നാം ഒരുമിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ അടിവരയിട്ടു. സ്വന്തം താത്പര്യങ്ങൾ മാത്രം സംരക്ഷിക്കേണ്ടവരല്ല നാമെന്നും, മറിച്ച് ഐക്യത്തിലും , സമന്വതയിലും എല്ലാവരുമായി ചേർന്ന് നിന്നുകൊണ്ട്,  " ഞാൻ എന്ന ഭാവത്തിൽ നിന്നും ഞങ്ങൾ എന്ന ഭാവത്തിലേക്ക്" പരിവർത്തനം ചെയ്യപ്പെടണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

അതിനാൽ ജാഗ്രതയോടെ നാം ഉണർന്നു പ്രവർത്തിക്കണമെന്നും പാപ്പാ അടിവരയിട്ടു. സമൂഹത്തിൽ മനുഷ്യരോടൊപ്പം നടന്നുകൊണ്ട്, സമൂഹമാദ്യമങ്ങളുടെ ഉപയോഗത്തിൽ സമയം പാഴാക്കാതെ ഭാവിയിലേക്ക് നന്മകൾ സ്വരുക്കൂട്ടണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. ഇതിനു ഏറ്റവും സഹായകരമായ പ്രാര്ഥനയുടെ ജീവിതവും പാപ്പാ കൂട്ടിച്ചേർത്തു. തുടർന്ന് സമാധാനവും, പരിചരണവും എന്നീ രണ്ടു വാക്കുകൾ പാപ്പാ എടുത്തു പറഞ്ഞു.  

"സമാധാനം, വാസ്തവത്തിൽ, ആയുധങ്ങളുടെ നിശബ്ദതയും യുദ്ധത്തിന്റെ അഭാവവും മാത്രമല്ല; മറിച്ച് അത് കരുതലുള്ള ബന്ധങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹത്തിൽ പക്വത പ്രാപിക്കേണ്ട  ഔദാര്യത്തിന്റെയും, വിശ്വാസത്തിന്റെയും, സ്നേഹത്തിന്റെയും അന്തരീക്ഷമാണ്", പാപ്പാ അടിവരയിട്ടു. അതിനാൽ മറ്റുള്ളവരെ സ്നേഹിക്കുവാനും, അവരെ ശ്രവിക്കുവാനും സാധിക്കണമെന്നും പാപ്പാ എടുത്തുപറഞ്ഞു. സമാധാനത്തിലും സംഭാഷണത്തിലും അധിഷ്ഠിതമായ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹം  കെട്ടിപ്പടുക്കുവാനുള്ള ഉത്തരവാദിത്വവും പാപ്പാ കൂട്ടിച്ചേർത്തു.

വലിച്ചെറിയപ്പെടുന്ന ഒരു സംസ്കാരം അരങ്ങുവാഴുന്ന അവസരത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന സമൂഹത്തിന്റെ നായകന്മാരാകുവാൻ എല്ലാ വിദ്യാർത്ഥികളെയും പാപ്പാ ആഹ്വാനം ചെയ്തു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 April 2024, 13:13