തിരയുക

മാർച്ച് 31ആം തിയതി,  ഉയിർപ്പു ഞായറാഴ്ച്ച ദിവ്യബലിക്ക് പാപ്പാ മുഖ്യകാർമ്മികത്വം വഹിക്കുന്നു. മാർച്ച് 31ആം തിയതി, ഉയിർപ്പു ഞായറാഴ്ച്ച ദിവ്യബലിക്ക് പാപ്പാ മുഖ്യകാർമ്മികത്വം വഹിക്കുന്നു.   (VATICAN MEDIA Divisione Foto)

ഫ്രാ൯സിസ് പാപ്പാ ഉയിർപ്പു ഞായർ ദിവ്യബലിക്ക് നേതൃത്വം നൽകി

വെള്ളിയാഴ്ച കൊളൊസിയത്തിൽ നടന്ന കുരിശിന്റെ വഴിക്ക് നേതൃത്വം നൽകുമെന്നറിയിച്ചിരുന്നെങ്കിലും ആരോഗ്യപരമായ കാരണത്താൽ വിട്ടു നിന്ന പരിശുദ്ധ പിതാവ് വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ മാർച്ച് 31ആം തിയതി, ഉയിർപ്പു ഞായറാഴ്ച്ച ദിവ്യബലിക്ക് മുഖ്യകാർമ്മികനായിരുന്നു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

കർത്താവിന്റെ പുനരുത്ഥാനം അനുസ്മരിക്കുന്ന സന്തോഷത്തിന്റെ ദിനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പതിനായിരക്കണക്കിന് വിശ്വാസികളുടെ അകമ്പടിയോടെ ഞായറാഴ്ച കുർബ്ബാനയ്ക്ക് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ  നേതൃത്വം നൽകി. 1985 മുതലുള്ള പാരമ്പര്യം നിലനിർത്തിക്കൊണ്ട് നെതർലാൻഡിൽ നിന്നുള്ള മനോഹരമായ പൂക്കൾ കൊണ്ട് അലങ്കരിച്ച ചത്വരം ഈ സുപ്രധാനമായ ഉയിർപ്പു മഹോത്സവത്തിന് മനോഹരമായ പശ്ചാത്തലം ഒരുക്കി.

വസന്തകാല സമാനമായ അന്തരീക്ഷമാണ് വത്തിക്കാനിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന ഈസ്റ്റർ ജാഗരണ ദിവ്യബലിക്കിടെ പാപ്പാ ഈസ്റ്റർ സന്ദേശം നൽകിയിരുന്നു എന്നാൽ  ഞായറാഴ്ച്ച രാവിലെ അർപ്പിച്ച ദിവ്യബലിയിൽ സവിശേഷ സന്ദേശം പാപ്പാ പങ്കുവച്ചില്ല.

ജാഗരണ പൂജയിൽ നൽകിയ സന്ദേശത്തിൽ, യേശുവിന്റെ ശൂന്യമായ ശവകുടീരം കണ്ടെത്തിയ സ്ത്രീകളുടെ ആശ്ചര്യത്തെക്കുറിച്ചാണ് ഫ്രാൻസിസ് പാപ്പാ വിചിന്തനം ചെയ്തത്. പുനരുത്ഥാനത്തിന്റെ ആഴമായ പ്രാധാന്യം ഉൾക്കൊള്ളുന്നതായിരുന്നു ആ സന്ദേശം.

ഈസ്റ്റർ ദിവ്യബലിക്ക് ശേഷം വിശുദ്ധ പത്രോസിന്റെ ചത്വരത്തിലും വിയാ ദെല്ലാ കൊൺച്ചിലിയസിയോനെയിലും തിങ്ങിനിന്ന തീർത്ഥാടകർക്കിടയിൽ ഫ്രാൻസിസ് പാപ്പാ മൊബൈലിൽ സഞ്ചരിച്ച് അവർക്ക് അനുഗ്രഹം നൽകിക്കൊണ്ട് ഹൃദയസ്പർശിയായ ഒരു അനുഭവം അവർക്ക് സമ്മാനിച്ചു. സന്തോഷത്തോടെ വിശ്വാസികളെ അഭിവാദ്യം ചെയ്തു കൊണ്ടും, ഊഷ്മളമായി കൈ വീശിക്കൊണ്ടും, ഈസ്റ്റർ സന്തോഷത്തിന്റെ ചൈതന്യം പാപ്പാ പങ്കുവച്ചു കൊണ്ട് അവർക്കിടയിൽ പാപ്പാ ചുറ്റി സഞ്ചരിച്ചു.

സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മധ്യത്തിലുള്ള പ്രധാന മുഖപ്പിൽ നിന്ന് പരിശുദ്ധ പിതാവ് പരമ്പരാഗതമായി നൽകുന്ന ഊർബി എത്  ഓർബി (റോമിനും ലോകം മുഴുവനും) ആശീർവ്വദം നൽകിയതോടെ ഈസ്റ്റർ ഞായർ ആഘോഷങ്ങൾക്ക് പരിസമാപ്തിയായി.

പരിശുദ്ധ പിതാവ് റോമിലെ നിവാസികൾക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകൾക്കും നൽകുന്ന തന്റെ അപ്പോസ്തോലിക ആശീർവ്വാദമാണ് ഊർബി എത്  ഓർബി.  അങ്ങനെ പ്രത്യാശയുടെയും ദിവ്യകൃപയുടെയും സന്ദേശത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്നു. ഈസ്റ്റർ ത്രിദിനാഘോഷങ്ങൾ ഞായറാഴ്ച്ചയുള്ള സായാഹ്ന പ്രാർത്ഥനയോടെയാണ്  സമാപിച്ചത്. എന്നിരുന്നാലും ആരാധനാ ക്രമത്തിലെ പെസഹാകാലം വിശ്വാസത്തിന്റെ അഗാധമായ നിഗൂഢതകളിലൂടെ യാത്ര ചെയ്തു കൊണ്ട് മെയ് മാസത്തിൽ പെന്തക്കുസ്ത തിരുനാളോടെയാണ് സമാപിക്കുന്നത്.

വിശുദ്ധ പത്രോസിന്റെ ചത്വരത്തിലും  അതിനു പുറത്തും ഒത്തുകൂടിയ വിശ്വാസികളെ സംബന്ധിച്ചിടത്തോളം, ഈസ്റ്റർ കാലം വീണ്ടെടുപ്പിന്റെയും രക്ഷയുടെയും ശാശ്വത വാഗ്ദാനത്തിന്റെയും അഗാധമായ ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 April 2024, 14:37