തിരയുക

ഫ്രാൻസിസ് പാപ്പാ ഫ്രാൻസിസ് പാപ്പാ 

അനന്തമായ യുദ്ധത്തേക്കാൾ നല്ലത് ചർച്ചകളിലൂടെയുള്ള സമാധാനമാണ്: ഫ്രാൻസിസ് പാപ്പാ

ഏപ്രിൽ 24 ബുധനാഴ്ച, സാന്താ മാർത്ത ഭവനത്തിൽ വച്ച്, സിബിഎസ് എന്ന അമേരിക്കൻ ടെലിവിഷൻ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ, ഉക്രൈൻ, ഗാസാ എന്നിവടങ്ങളിലെ യുദ്ധങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. ചർച്ചകളിലൂടെ സമാധാനത്തിലെത്തുന്നതാണ് യുദ്ധങ്ങൾ അനന്തമായി തുടരുന്നതിനേക്കാൾ മെച്ചപ്പെട്ട തീരുമാനമെന്ന് പാപ്പാ. സഭയിൽ എല്ലാവർക്കും സ്ഥാനമുണ്ടെന്നും പാപ്പാ.

വത്തിക്കാൻ ന്യൂസ്

അവസാനമില്ലാത്ത യുദ്ധത്തേക്കാൾ നല്ലത്, ചർച്ചകളിലൂടെ നേടുന്ന സമാധാനമാണെന്ന് ഫ്രാൻസിസ് പാപ്പാ. ഉക്രൈൻ, ഗാസാ പ്രദേശങ്ങളിലേതുൾപ്പെടെ ലോകത്തെ വിനാശകരമായ നിലയിൽ ബാധിച്ചുകൊണ്ടിരിക്കുന്ന യുദ്ധങ്ങളെക്കുറിച്ച്, അമേരിക്കൻ ടെലിവിഷൻ ചാനൽ സിബിഎസിന്റെ അവതാരക നോറ ഓ'ഡോണേലിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് പാപ്പാ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഏപ്രിൽ 24 ബുധനാഴ്ചയായിരുന്നു പാപ്പാ സിബിഎസ് ചാനലിന് അഭിമുഖം അനുവദിച്ചത്.

എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാനും, ചർച്ചകൾക്കായി പരിശ്രമിക്കാനും, സമാധാനം തേടാനും പാപ്പാ ആഹ്വാനം ചെയ്‌തു. ഗാസായിൽ വെടിനിറുത്തൽ നടപ്പിലാകാൻ വേണ്ടി താൻ എല്ലാ ദിവസവും പ്രാർത്ഥിക്കുന്നുണ്ടെന്ന് ഉറപ്പുനൽകിയ പാപ്പാ, പ്രദേശത്തുള്ള ഏക കത്തോലിക്കാ ഇടവകയുമായി എല്ലാ ദിവസവും താൻ ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നും, അവിടുത്തെ സ്ഥിതി അതികഠിനമാണെന്നും വിശദീകരിച്ചു.

ഉക്രൈനിലുണ്ടായ റഷ്യൻ അധിനിവേശം അവിടുത്തെ കുട്ടികളിലുണ്ടാക്കിയ പ്രതികൂലഫലങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനുത്തരമായി, ഉക്രൈനിലെ കുട്ടികൾക്ക് പുഞ്ചിരിക്കാനുള്ള കഴിവ് നഷ്ടമായെന്ന് പാപ്പാ പറഞ്ഞു. എങ്ങനെയാണ് പുഞ്ചിരിക്കേണ്ടതെന്ന് ഒരു കുട്ടി മറന്നുപോകുന്ന സ്ഥിതി അതിഗുരുതരമാണെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.

സഭയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയവേ, സഭ ഏറെ വലുതാണെന്നും, അതിൽ എല്ലാവർക്കും ഇടമുണ്ടെന്നും പാപ്പാ വ്യക്തമാക്കി. ഒരു ഇടവകയിൽ നിങ്ങൾക്ക് സ്വീകാര്യത ലഭിക്കുന്നില്ലെങ്കിൽ മറ്റൊന്നിൽ നിങ്ങൾക്ക് അത് കണ്ടെത്താനാകുമെന്ന് പറഞ്ഞ പാപ്പാ, സഭയിൽനിന്ന് ഒളിച്ചോടാനല്ല ശ്രമിക്കേണ്ടതെന്ന് ഓർമ്മിപ്പിച്ചു. സഭ എന്നത് ഒരു ദേവാലയത്തെക്കാൾ വലുതാണെന്ന് പാപ്പാ വിശദീകരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 April 2024, 15:38