തിരയുക

ഫ്രാൻസിസ് പാപ്പായും കുട്ടിയുമായി വാത്സല്യപൂർവ്വം. ഫ്രാൻസിസ് പാപ്പായും കുട്ടിയുമായി വാത്സല്യപൂർവ്വം.  (VATICAN MEDIA Divisione Foto)

“ക്രിസ്തു ജീവിക്കുന്നു” : നമ്മുടെ ദൗത്യത്തെ ആശ്ലേഷിക്കുക. സേവനത്തിലേക്കുള്ള വിളിക്ക് പ്രത്യുത്തരം നൽകുക

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 253, 254 ആം ഖണ്ഡികകളെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

എട്ടാം അദ്ധ്യായം

എട്ടാമത്തെ അദ്ധ്യായം ' വിളി'യെക്കുറിച്ചാണ്. യേശു നമുക്ക് നൽകുന്ന ജീവിതം ഒരു പ്രണയകഥയാണെന്നും, ആ പ്രണയ കഥയിൽ ഭാഗമാകാനുള്ള ക്ഷണമാണതെന്നും, പാപ്പാ ഈ അദ്ധ്യായത്തിൽ വിശദീകരിക്കുന്നുണ്ട്. "ഞാൻ ഈ ഭൂമിയിൽ ഒരു ദൗത്യമാണ്. അതു കൊണ്ടാണ്, ഞാൻ ഈ ലോകത്തിലായിരിക്കുന്നത്" എന്ന് ഓരോ വ്യക്തിയും ചിന്തിക്കണം. 'മറ്റുള്ളവർക്കു വേണ്ടിയുള്ള ആയിരിക്കൽ' എന്നതിന്റെ പൂർണ്ണതയാണ് സ്നേഹവും കുടുംബവും. വിളി തിരിച്ചറിയുമ്പോൾ, അത് ഏതു രൂപത്തിലായാലും, ആ വിളി ദൈവത്തിൽ നിന്നുള്ള വിളിയാണെന്നു മനസ്സിലാക്കുകയും അനുസരിക്കുകയും ചെയ്താൽ നിങ്ങൾ സമ്പൂർണ്ണമായ സാഫല്യം കണ്ടെത്തുകയായി- പാപ്പാ പറയുന്നു.

മറ്റുള്ളവർക്ക് വേണ്ടി ആയിരിക്കൽ

253. ഞാൻ ഇപ്പോൾ കർശനമായ അർത്ഥത്തിലുള്ള വിളിയെ പറ്റി, മറ്റുള്ളവർക്ക് പ്രേക്ഷിത സേവനം ചെയ്യാനുള്ള വിളിയെപ്പറ്റി പറയാൻ ആഗ്രഹിക്കുന്നു. തന്റെ സൃഷ്ടികർമ്മത്തിൽ പങ്കുചേരാനും നാം സ്വീകരിച്ചിട്ടുള്ള ദാനങ്ങൾ ഉപയോഗിച്ച് പൊതു നന്മ വളർത്താനും കർത്താവ് നമ്മെ വിളിക്കുന്നു.

254. ലോകത്തിൽ നമ്മുടെ ജീവിതം പൂർണ്ണ വളർച്ചയിൽ എത്തുന്നത് ഒരു സമ്മാനമായി തീരുമ്പോഴാണ്.  ഇവിടെ ഞാൻ ഇങ്ങനെ ആവർത്തിക്കാൻ ആഗ്രഹിക്കുന്നു: ജനതയുടെ ഹൃദയത്തിൽ ആയിരിക്കുക എന്ന ദൗത്യം എന്റെ ജീവിതത്തിലെ കേവലം ഒരു ഭാഗമല്ല. എനിക്ക് എടുത്തു കളയാൻ കഴിയുന്ന ഒരു ബാഡ്ജ് അല്ല. അത് ജീവിതത്തിലെ എക്സ്ട്രാ അല്ലെങ്കിൽ മറ്റൊരു നിമിഷമല്ല. പകരം, എന്നെ തന്നെ നശിപ്പിക്കാതെ എന്നിൽ നിന്ന് പറിച്ചുമാറ്റാൻ കഴിയാത്ത ഒന്നാണത്. ഞാൻ ഈ ഭൂമിയിൽ ഒരു ദൗത്യമാണ്. അതുകൊണ്ടാണ് ഞാൻ ഈ ലോകത്തിൽ ആയിരിക്കുന്നത്. അതുകൊണ്ട് അജപാലന പ്രവർത്തനത്തിന്റെയും പരിശീലനത്തിന്റെയും ആധ്യാത്മികതയുടെയും ഓരോ രൂപവും നമ്മുടെ ക്രൈസ്തവ വിളിയുടെ വെളിച്ചത്തിൽ കാണപ്പെടണം. (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

"ക്രിസ്തുസ് വിവിത്ത്" എന്ന തന്റെ അപ്പോസ്തോലിക പ്രബോധനത്തിൽ ഫ്രാൻസിസ് പാപ്പാ മിഷനറി സേവനത്തിലേക്കുള്ള ആഹ്വാനമെന്ന നിലയിലാണ് നമ്മുടെ ക്രിസ്തീയ വിളിയുടെ സത്ത അടിവരയിടുന്നത്. മറ്റുള്ളവർക്കായി സന്നിഹിതരായിരിക്കേണ്ടതിന്റെയും പൊതുനന്മയ്ക്കായി സംഭാവന നൽകേണ്ടതിന്റെയും സൃഷ്ടിയുടെ തുടർച്ചയായ പ്രവർത്തനത്തിൽ നമ്മുടെ പങ്ക് സ്വീകരിക്കേണ്ടതിന്റെയും അനിവാര്യത പാപ്പാ ഊന്നിപ്പറയുന്നു. ഈ മിഷനറി വിളിയുടെ പ്രാധാന്യം, വ്യക്തിഗത ജീവിതത്തിൽ അതിന്റെ പ്രത്യാഘാതങ്ങൾ, സമൂഹങ്ങൾക്കുള്ളിൽ അതിന്റെ പരിവർത്തന സാധ്യതകൾ എന്നിവയെക്കുറിച്ചാണ് ഇന്ന് നാം വിചിന്തനം ചെയ്യുന്നത്.

തന്റെ സൃഷ്ടികർമ്മത്തിൽ പങ്കുചേരാനും നാം സ്വീകരിച്ചിട്ടുള്ള ദാനങ്ങൾ ഉപയോഗിച്ച് പൊതു നന്മ വളർത്താനും കർത്താവ് നമ്മെ വിളിക്കുന്നു. പാപ്പാ പരാമർശിച്ച ഈ വാചകം കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനത്തിന്റെ ഒരു പ്രധാന വശത്തെ ഉൾക്കൊള്ളുന്നു. സൃഷ്ടിയെ പരിപാലിക്കുന്നതിനും എല്ലാവരുടെയും ക്ഷേമത്തിന് സംഭാവന നൽകുന്നതിനുമുള്ള ഓരോ മനുഷ്യ വ്യക്തിയുടെയും ഉത്തരവാദിത്വത്തിനാണ് അത്  ഊന്നൽ നൽകുന്നത്. മനുഷ്യർ ദൈവത്തിന്റെ രൂപത്തിലാണ് സൃഷ്ടിക്കപ്പെടുന്നതെന്നും അങ്ങനെ ദൈവത്തിന്റെ സൃഷ്ടിപരവും കരുതലുള്ളതുമായ സ്വഭാവത്തെ അനുകരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു എന്ന വിശ്വാസമാണ് ഈ ആശയത്തിന്റെ അടിത്തറ.

സൃഷ്ടികർമ്മത്തിൽ പങ്കാളികളാകുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ പാപ്പാ, മനുഷ്യർ ലോകത്തിലെ നിഷ്ക്രിയരായ കാഴ്ചക്കാരല്ല, മറിച്ച് സജീവ പങ്കാളികളാണ് എന്ന ആശയത്തെയാണ് പരാമർശിക്കുന്നത്. ദൈവം പ്രപഞ്ചത്തെയും സകല ജീവജാലങ്ങളെയും സൃഷ്ടിച്ചതുപോലെ, തങ്ങൾക്കു ചുറ്റുമുള്ള ലോകത്തിന്റെ സഹസൃഷ്ടാക്കളാകാനും  വളർത്തി പരിപോഷിപ്പാക്കാനും മനുഷ്യർ വിളിക്കപ്പെട്ടിരിക്കുന്നു. സമൂഹത്തിനും പരിസ്ഥിതിക്കും ക്രിയാത്മകമായി സംഭാവന ചെയ്യാൻ അവരുടെ കഴിവുകൾ, താലന്തുകൾ, വിഭവങ്ങൾ എന്നിവ ഉപയോഗിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.

കൂടാതെ, "പൊതുനന്മ"യെക്കുറിച്ചുള്ള പാപ്പയുടെ പരാമർശം വ്യക്തികൾക്ക് അവരുടെയോ അവരുടെ അടുത്ത സമുദായങ്ങളുടെയോ മാത്രമല്ല, എല്ലാ ജനങ്ങളുടെയും ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കടമയുണ്ടെന്ന വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. പാർശ്വവത്കരിക്കപ്പെട്ടവരെ പരിപാലിക്കുക, മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കുക, എല്ലാവർക്കും നീതിയും സമത്വവും ഉറപ്പാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

മൊത്തത്തിൽ, ഓരോ മനുഷ്യന്റെയും അന്തർലീനമായ അന്തസ്സിലും എല്ലാ സൃഷ്ടികളും തമ്മിലുള്ള പരസ്പരബന്ധത്തിന്റെ പ്രാധാന്യം അടിവരയിടുന്ന കത്തോലിക്കാ വിശ്വാസത്തെയാണ് പാപ്പാ  ഉയർത്തിക്കാട്ടുന്നത്. ദൈവത്തിന്റെ സൃഷ്ടിയുടെ സൂക്ഷിപ്പുകാരെന്ന നിലയിൽ തങ്ങളുടെ പങ്ക് തിരിച്ചറിയാനും സമൂഹത്തിന്റെയും ലോകത്തിന്റെയും നന്മയ്ക്കായി സജീവമായി പ്രവർത്തിക്കാനും പാപ്പാ ഓരോ വ്യക്തിയോടും  ആവശ്യപ്പെടുകയാണ് ഈ പ്രബോധനത്തിൽ.

മിഷനറി വിളിയെ മനസ്സിലാക്കുക

മറ്റുള്ളവരെ സേവിക്കാനുള്ള അഗാധമായ ആഹ്വാനമായാണ് ഫ്രാൻസിസ് പാപ്പാ മിഷനറി വിളിയെ വിശേഷിപ്പിക്കുന്നത്. മാനവരാശിയുടെ നന്മയ്ക്കായുള്ള വിളിയായി ജീവിതം മാറുമ്പോഴാണ് നമ്മുടെ ജീവിതത്തിന് അതിന്റെ പൂർണ്ണ അർത്ഥം ലഭിക്കുന്നതെന്ന് പാപ്പാ എടുത്തുകാണിക്കുന്നു. ഈ ആശയം നിലവിലുള്ള വ്യക്തി പ്രാമുഖ്യ മനോഭാവത്തെ വെല്ലുവിളിക്കുകയും മനുഷ്യാസ്തിത്വത്തിലുള്ള പരസ്പരബന്ധത്തിന് ഊന്നൽ നൽകുകയും ചെയ്യുന്നു. ദൈവത്തിന്റെ വേലയുടെ ഉപകരണങ്ങളായി നമ്മെത്തന്നെ തിരിച്ചറിയുന്നതിലൂടെ, സൃഷ്ടിയുടെ ദൈവിക നിയോഗവുമായി നാം നമ്മുടെ അഭിലാഷങ്ങളെ യോജിപ്പിക്കുന്നു.

മിഷനറിമാരായുള്ള ജീവിതം

മിഷനറി വിളി സ്വീകരിക്കുക എന്നാൽ നമ്മുടെ ജീവിതം മറ്റുള്ളവരെ സേവിക്കാനായി സമർപ്പിക്കുന്നു എന്ന ധാരണ ആന്തരികമാക്കുക എന്നതാണ്. ഈ ആഹ്വാനം അജപാലന പ്രവർത്തനങ്ങളിലെ കേവല പങ്കാളിത്തത്തെ മറികടക്കുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ ഊന്നിപ്പറയുന്നു; അത് നമ്മുടെ സ്വത്വത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്നു. ഇതിനർത്ഥം ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സേവനത്തിന്റെ കണ്ണിലൂടെ വീക്ഷിക്കുക എന്നതാണ്. അത്, നമ്മുടെ തൊഴിൽപരമായ ശ്രമങ്ങളിലും ബന്ധങ്ങളില്ല വ്യക്തിഗത വളർച്ചയിലും സ്വയം കേന്ദ്രീകൃതമായ ഉദ്യമങ്ങളിൽ നിന്ന് മറ്റുള്ളവരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്ന വിശാലമായ കാഴ്ചപ്പാടിലേക്കുള്ള ഒരു മാറ്റം അനിവാര്യമാക്കുന്നു.

വെല്ലുവിളികളും അവസരങ്ങളും

മിഷനറി സേവനത്തിന്റെ പാതയിൽ പ്രവേശിക്കുന്നത് തീർച്ചയായും വെല്ലുവിളികൾ ഉയർത്തുന്നു. അത് നിസ്വാർത്ഥതയും സ്ഥിരോത്സാഹവും പ്രതികൂല സാഹചര്യങ്ങളിൽ വിനയവും ആവശ്യപ്പെടുന്നു. മാത്രമല്ല, സാമൂഹിക സമ്മർദ്ദങ്ങളും സാംസ്കാരിക മാനദണ്ഡങ്ങളും പലപ്പോഴും ഈ വിളിയിൽ അന്തർലീനമായ മൂല്യങ്ങൾക്ക് വിരുദ്ധമായിരിക്കാം. എന്നിരുന്നാലും, ഈ വെല്ലുവിളികൾക്കുള്ളിൽ അഗാധമായ വളർച്ചയ്ക്കും പരിവർത്തനത്തിനുമുള്ള അവസരങ്ങളുണ്ട്. നാം തടസ്സങ്ങളെ അഭിമുഖീകരിക്കുമ്പോൾ, നമ്മുടെ വിശ്വാസം ആഴത്തിലാക്കാനും ദൃഢനിശ്ചയം ശക്തിപ്പെടുത്താനും നമ്മെ നയിക്കാൻ ദൈവകൃപയിൽ ആശ്രയിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു.

രൂപീകരണവും ആത്മീയ വികസനവും

നമ്മുടെ മിഷനറി വേല നിറവേറ്റുന്നതിൽ അവിഭാജ്യ ഘടകം തുടർച്ചയായ രൂപീകരണത്തോടും ആത്മീയ വികാസത്തോടുമുള്ള പ്രതിബദ്ധതയാണ്. സേവനത്തിലും ഐക്യദാർഢ്യത്തിലും വേരൂന്നിയ ആത്മീയത വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം ഫ്രാൻസിസ് പാപ്പാ അടിവരയിടുന്നു. പ്രാർത്ഥനയിലൂടെയും വിചിന്തിനത്തിലൂടെയും വിശുദ്ധഗ്രന്ഥത്തിന്റെ വെളിച്ചത്തിലൂടെയും ദൈവവുമായി ആഴത്തിലുള്ള ഒരു ബന്ധം പരിപോഷിപ്പിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, മുന്നിലുള്ള  പ്രവർത്തനങ്ങൾക്കായി നമ്മെത്തന്നെ മികച്ച രീതിയിൽ സജ്ജമാക്കുന്നതിന് ബൗദ്ധികമായും വൈകാരികമായും തുടർച്ചയായ പഠനവും വളർച്ചയും ഇതിൽ ഉൾപ്പെടുന്നു. ക്രിസ്തീയ ആത്മീയതയുടെ സമ്പന്നമായ പാരമ്പര്യത്തിൽ മുഴുകുന്നതിലൂടെ, മിഷനറിമാർ എന്ന നിലയിലുള്ള നമ്മുടെ യാത്രയ്ക്ക് പ്രചോദനവും മാർഗ്ഗനിർദ്ദേശവും നാം നേടുന്നു.

പൊതുനന്മയെ സ്വാധീനിക്കുന്നു

പൊതുനന്മയ്ക്കായി സംഭാവന നൽകേണ്ടതിന്റെ അനിവാര്യതയാണ് നമ്മുടെ മിഷനറി വിളിയുടെ കേന്ദ്രബിന്ദു. നമ്മുടെ പ്രവർത്തനങ്ങൾക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടെന്നും അവ സമൂഹത്തിന്റെ ഘടനയെ രൂപപ്പെടുത്തുകയും എണ്ണമറ്റ വ്യക്തികളുടെ ജീവിതത്തെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ടെന്ന് ഫ്രാ൯സിസ് പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നു. ക്രിയാത്മക മാറ്റത്തിന്റെ ഏജന്റുമാരെന്ന നിലയിൽ നമ്മുടെ പങ്ക് സ്വീകരിക്കുന്നതിലൂടെ, കൂടുതൽ നീതിയുക്തവും അനുകമ്പയുള്ളതുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിൽ നാം സജീവ പങ്കാളികളാകുന്നു. പാർശ്വവത്കരിക്കപ്പെട്ടവർക്കായി വാദിക്കുക, സമാധാനവും അനുരഞ്ജനവും പ്രോത്സാഹിപ്പിക്കുക, അനീതിയുടെയും അസമത്വത്തിന്റെയും മൂലകാരണങ്ങളെ അഭിസംബോധന ചെയ്യുക എന്നിവ ഇതിന്റെ അവിഭാജ്യ ഘടകങ്ങളാണ്.

"ക്രിസ്തുസ് വിവിത്ത്" എന്ന പ്രബോധനത്തിൽ ഫ്രാൻസിസ് പാപ്പാ നമ്മെ ഓരോരുത്തരെയും മിഷനറി സേവനത്തിനുള്ള ആഹ്വാനത്തിന് ചെവികൊടുക്കാൻ ആഹ്വാനം ചെയ്യുന്നതോടൊപ്പം  അത് നമ്മുടെ ക്രിസ്തീയ വിളിയുടെ തന്നെ അന്തസത്തയാണെന്ന് അടിവരയിടുകയും ചെയ്യുന്നു. ഈ ആഹ്വാനത്തെ പൂർണ്ണഹൃദയത്തോടെ സ്വീകരിക്കുന്നതിലൂടെ, മാനവരാശിയുടെ നന്മയ്ക്കും ഭൂമിയിലെ ദൈവരാജ്യത്തിന്റെ സാക്ഷാത്കാരത്തിനുമുള്ള നമ്മുടെ പ്രതിബദ്ധത നാം സ്ഥിരീകരിക്കുകയാണ് ചെയ്യുന്നത്. ജീവിതത്തിന്റെ സങ്കീർണ്ണതകളിലൂടെ സഞ്ചരിക്കുമ്പോൾ, മറ്റുള്ളവരെ സേവിക്കുന്നതിനുള്ള നമ്മുടെ സമർപ്പണത്തിൽ നമുക്ക് ഉറച്ചുനിൽക്കാം, അങ്ങനെ ചെയ്യുന്നതിലൂടെ നാം നമ്മുടെ ജീവിതോദ്ദേശ്യം നിറവേറ്റുകയും യഥാർത്ഥ നിർവൃതി കണ്ടെത്തുകയും ചെയ്യും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 April 2024, 15:32