തിരയുക

ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ റേഡിയൊടെലവിഷൻ ചാനലായ റായിയുടെ (RAI) മേധാവികളെയും ജീവനക്കാരെയും  അവരുടെ കുടുംബാംഗങ്ങളെയും ശനിയാഴ്‌ച (23/03/24) വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ. ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ റേഡിയൊടെലവിഷൻ ചാനലായ റായിയുടെ (RAI) മേധാവികളെയും ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ശനിയാഴ്‌ച (23/03/24) വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ.  (ANSA)

ആശയവിനിമയം സമൂഹത്തിനുള്ള സമ്മാനം, പാപ്പാ!

ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ റേഡിയൊടെലെവിഷൻ ചാനലായ റായിയുടെ (RAI) മേധാവികളും അതിൽ പ്രവർത്തിക്കുന്നവരും അവരുടെ കുടുംബാംഗങ്ങളുമുൾപ്പെട്ട ഒരു സംഘത്തെ ശനിയാഴ്‌ച (23/03/24) വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മാദ്ധ്യമങ്ങൾ, നമ്മുടെ വ്യക്തിത്വത്തിന്മേൽ ഭാവാത്മകമായോ നിഷേധാത്മകമായോ സ്വാധീനം ചെലുത്തുന്നുണ്ടന്ന് മാർപ്പാപ്പാ.

ഇറ്റലിയിലെ റേഡിയൊടെലവിഷൻ ചാനലായ റായിയുടെ (RAI) മേധാവികളും അതിൽ പ്രവർത്തിക്കുന്ന മാദ്ധ്യമപ്രവർത്തകരും കലാകാരന്മാരും സാങ്കേതികവിദഗ്ദ്ധരും അവരുടെ കുടുംബാംഗങ്ങളുമുൾപ്പെട്ട ഒരു സംഘത്തെ ശനിയാഴ്‌ച (23/03/24) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

ടെലെവിഷൻ സപ്തതിയും റേഡിയോ ശതാബ്ദിയും ആഘോഷിക്കുന്നത് അനുസ്മരിച്ച പാപ്പാ ഈ ഇരട്ട ജന്മദിനം, ഒരു വശത്ത്, ഇറ്റലിയുടെ ചരിത്രവുമായി ഇഴചേർന്നിരിക്കുന്ന തങ്ങളുടെ ചരിത്രത്തിലേക്കു തിരിഞ്ഞു നോക്കാനും മറുവശത്ത്, ഭാവിയിലേക്ക്, ഇനിയും കെട്ടിപ്പടുക്കേണ്ടതായ കാലത്തിൽ അവർ വഹിക്കേണ്ട പങ്കിലേക്കു നോക്കാനും അവരെ ആഹ്വാനം ചെയ്യുന്നുവെന്ന് പറഞ്ഞു.

ആശയവിനിമയം സമൂഹത്തിനുള്ള ഒരു സമ്മാനമാണെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ, റേഡിയോടെലവിഷൻ മാദ്ധ്യമ പ്രവർത്തകരുടെ ദൗത്യത്തിൻറെ അടിസ്ഥാനമായി നിലകൊള്ളുന്നത് സേവനവും സാർവ്വജനികതയുമാണെന്ന് തൻറെ പ്രഭാഷണത്തിൽ വിശദീകരീച്ചു.

സേവനം എന്ന പദം പലപ്പോഴും ഒരു ഉപകരണമായി ചുരുക്കപ്പെടുകയും അത്  സേവിക്കപ്പെടലായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടെന്നു പറഞ്ഞ പാപ്പാ പൗരന്മാരുടെ ആവശ്യങ്ങൾക്കുള്ള പ്രത്യുത്തരമാകണം മാദ്ധ്യമപ്രവർത്തനമെന്നും അത് പ്രാദേശികതയിൽ ഒതുങ്ങിനില്ക്കരുതെന്നും സാർവ്വത്രിക തുറവിൻറെ അരൂപിയോടുകൂടിയതും ഒരോ വ്യക്തിയുടെയും ഔന്നത്യം പരിപോഷിപ്പിക്കുന്നതുമായിരിക്കണമെന്നും വ്യക്തമാക്കി.

സേവനം ചെയ്യുകയെന്നാൽ, വിവരവിനിമയ മേഖലയിൽ സത്താപരമായ അർത്ഥം, സത്യം അന്വേഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണെന്ന് പാപ്പാ പറഞ്ഞു. വ്യാജവാർത്തകളുടെ വ്യാപനത്തെയും നുണ പറയുകയും സാമൂഹിക ഘടനയെ ശിഥിലമാക്കുകയും ചെയ്തുകൊണ്ട് പ്രത്യയശാസ്ത്രപരമായ രീതിയിൽ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്നവരുടെ വഞ്ചനാപരമായ പദ്ധതിയെയും ചെറുക്കുക എന്നത് പാപ്പാ അതിന് ഒരു ഉദാഹരണമായി ചൂണ്ടിക്കാട്ടി.

മാദ്ധ്യപ്രവർത്തനത്തിൽ സാർവ്വജനികം എന്ന പദത്തിൻറെ പ്രാധാന്യം വിശകലനം ചെയ്ത പാപ്പാ മാദ്ധ്യമപ്രവർത്തകരുടെ തൊഴിൽ ഏതാനുംപേരുടെയല്ല, മറിച്ച്, സകലരുടെയും നന്മയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇതിൽ പ്രഥമതഃ ശബ്ദരഹിതരും പരിത്യക്തരും ദരിദ്രരിൽ ദരിദ്രരുമായവരെ പരിഗണിക്കാനും അവർക്ക് സ്വരമേകാനുമുള്ള പ്രതിബദ്ധത അന്തർലീനമാണെന്നും വിശദീകരിച്ചു.

അറിവിൻറെ വളർച്ചയുടെ ഉപകരണമാകാനും, യാഥാർത്ഥ്യത്തെക്കുറിച്ച് പുതിയ കാഴ്ചപ്പാടുകൾ തുറക്കാനും, നിസ്സംഗതയുടെ കുമിളകളെ പോഷിപ്പിക്കാതിരിക്കാനും, മനസ്സും കണ്ണും തുറന്നു വലിയ സ്വപ്നങ്ങൾ കാണാൻ യുവതയെ പരിശീലീപ്പിക്കാനുമുള്ള വിളി ഇതിൽ അടങ്ങിയിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. ഈ അർത്ഥത്തിൽ, ആഗോള തലത്തിൽ, മാദ്ധ്യമ സംവിധാനം മുഴുവനും, അതിൽ നിന്നു പുറത്തുകടന്ന് ആത്മശോധന ചെയ്യുകയും സീമാതീതം നോക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 March 2024, 11:41