തിരയുക

സുവിശേഷവൽക്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ പ്ലീനറി സമ്മേളനത്തിനെത്തിയവരുമായി പാപ്പാ. സുവിശേഷവൽക്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ പ്ലീനറി സമ്മേളനത്തിനെത്തിയവരുമായി പാപ്പാ.  (Vatican Media)

പാപ്പാ: സഭയുടെ ശരീര ഞരമ്പുകളിൽ ഒഴുകേണ്ട ഒന്നാണ് ദൈവത്തിന്റെ കരുണ

സുവിശേഷവൽക്കരണത്തിനായുള്ള ഡികാസ്റ്ററിയുടെ പ്ലീനറി സമ്മേളനത്തിനെത്തിയവർ മാർച്ച് പതിനഞ്ചാം തിയതി വത്തിക്കാനിൽ പാപ്പായുമായി കൂടികാഴ്ച നടത്തി. അവർക്ക് ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിൽ സംസ്കാരവും പാരമ്പര്യങ്ങളും തമ്മിൽ വളരെ വ്യത്യസ്തതയുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷവൽക്കരണം നേരിടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ട സമയമാണിതെന്ന് പാപ്പാ ഓർമ്മപ്പെടുത്തി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

മതനിരപേക്ഷത

ലോകത്തിന്റെ  പല പ്രാദേശിക സഭകളിലും മതനിരപേക്ഷത കഴിഞ്ഞ പത്ത് വർഷങ്ങളായി വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതു വഴി ആളുകൾക്ക്  ക്രൈസ്തവ സമൂഹത്തിന്റെ ഭാഗമാണെന്ന വിചാരം നഷ്ടപ്പെട്ടതു തുടങ്ങി വിശ്വാസത്തോടും അതിന്റെ  ഉള്ളടക്കങ്ങളോടുമുള്ള നിസ്സംഗത വരെയും ഉണ്ട് എന്നത് ഗുരുതരമായ വിഷയമാണ് എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. മതനിരപേക്ഷതയുടെ മോശമായ വശങ്ങളെ മനസ്സിലാക്കിക്കൊണ്ട് യുവതലമുറകൾക്ക് ജീവിതത്തിന്റെ  അർത്ഥം കണ്ടെടുക്കാൻ ഫലപ്രദമായ മറുപടി നൽകാനാവുക എന്നതാണ് നമ്മുടെ വിളി. മതനിരപേക്ഷത മുന്നോട്ടുവയ്ക്കുന്ന വ്യക്തിസ്വാതന്ത്ര്യം ദൈവത്തിൽ നിന്നുള്ള വിടുതലാണെന്ന് സിദ്ധാന്തീകരിക്കാനാവില്ല; കാരണം ദൈവമാണ് വ്യക്തിപരമായ സ്വാതന്ത്യത്തോടെയുള്ള പ്രവർത്തനം ഉറപ്പാക്കുന്നവൻ. അതേപോലെ തന്നെ സിജിറ്റൽ സംസ്കാരം മുന്നോട്ടുവയ്ക്കുന്ന നന്മകളോടൊപ്പം പരസ്പര, സാമൂഹിക ബന്ധങ്ങളിലെ വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വീക്ഷണത്തിലും പ്രശ്നങ്ങളും പാപ്പാ വിഷയമാക്കി.

കുടുംബവും വിശ്വാസസമൂഹവും

ഒന്നാമതായി വിശ്വാസത്തിന്റെ  കൈമാറ്റത്തിൽ വന്നിട്ടുള്ള വിള്ളലിനെ എങ്ങനെ മറികടക്കാമെന്ന് മനസ്സിലാക്കുകയാണ് നമ്മുടെ മുന്നിലുള്ള പ്രശ്നം എന്ന് പാപ്പാ അവരോടു പറഞ്ഞു. ഇക്കാര്യത്തിൽ കുടുംബങ്ങളും രൂപീകരണ കേന്ദ്രങ്ങളുമായുള്ള ബന്ധം വീണ്ടെടുക്കേണ്ട ആവശ്യകത ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു. ഉയിർത്തെഴുന്നേറ്റ നാഥനിൽ ഉള്ള വിശ്വാസമാണ് സുവിശേഷവൽക്കരണത്തിന്റെ കേന്ദ്രമെന്നും ഇത് കൈമാറ്റം ചെയ്യപ്പെടാൻ ജീവിതം മാറ്റിമറിക്കുന്ന യേശുവുമായുള്ള ഒരു കൂടിക്കാഴ്ചയനുഭവം അർത്ഥവത്തായി ജീവിക്കുന്ന കുടുംബങ്ങളും ക്രൈസ്തവ സമൂഹവും ആവശ്യമാണെന്ന കാര്യം പാപ്പാ ഓർമ്മിപ്പിച്ചു. യഥാർത്ഥവും വളരെ അടിസ്ഥാനപരവുമായ ഇത്തരം ഒരനുഭവമില്ലാതെ വന്നാൽ വിശ്വാസം ജീവിതസാക്ഷ്യമല്ലാതെ  ഒരു സിദ്ധാന്തമാക്കാനുള്ള പ്രലോഭനത്തിൽ നാം വീണുപോകുമെന്ന് പാപ്പാ മുന്നറിയിപ്പു നൽകി. വിശ്വാസം കൈമാറാനുള്ള കാര്യത്തിൽ മതബോധനത്തിന് സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററി ചെയ്യുന്ന സേവനത്തിന് പാപ്പാ നന്ദി രേഖപ്പെടുത്തി.  

കരുണയുടെ ആത്മീയത

രണ്ടാമതായി സുവിശേഷവൽക്കരണത്തിന്റെ അടിസ്ഥാന ഉള്ളടക്കമാകേണ്ട കരുണയുടെ ആത്മീയതയെക്കുറിച്ചാണ് ഫ്രാൻസിസ് പാപ്പാ സംസാരിച്ചത്. സഭയാകുന്ന ശരീരത്തിന്റെ  ഞരമ്പുകളിൽ ഒഴുകേണ്ട ഒന്നാണ് ദൈവത്തിന്റെ കരുണ. അതിന് സാക്ഷികളാകാനാണ് നമ്മുടെ വിളി. തീർത്ഥാടന കേന്ദ്രങ്ങളിലെ അജപാലന ദൗത്യത്തിൽ കരുണ നിറഞ്ഞു കവിയണം. കരുണയുടെ പ്രേഷിതർ അവരുടെ അനുരഞ്ജന കൂദാശ സേവനങ്ങൾ കൊണ്ട് ദൈവം എന്നും പരിമിതികളില്ലാതെ പൊറുക്കുന്നവനാണെന്നതിന് സാക്ഷ്യം വഹിക്കണം. കാത്തിരിക്കൽ മാത്രമല്ല അന്വേഷിച്ചു കണ്ടെത്താനും കരുണയുടെ പ്രേഷിതർ തയ്യാറാവണം. കരുണാമയനായ പിതാവും, നല്ലയിടനും തിരിച്ചെത്തുന്ന വ്യക്തിയെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷവാനുമായ ദൈവത്തിന് സാക്ഷികളാകണമെന്നു പാപ്പാ ഓർമ്മിപ്പിച്ചു.

പ്രത്യാശയുടെ ജൂബിലി പ്രാർത്ഥനയുടെ വർഷം

മൂന്നാമതായി അടുത്ത വർഷം വരുന്ന ജൂബിലിക്കായുള്ള ഒരുക്കം വിഷയമാക്കി പ്രത്യാശയുടെ ശക്തി ഉയിർത്തെഴുന്നേൽക്കേണ്ട ഒരു ജൂബിലിയായി മാറണം അതെന്ന് പാപ്പാ നിർദ്ദേശിച്ചു. ഏതാനും ആഴ്ച്ചകൾക്കകം ജൂബിലിയുമായി ബന്ധപ്പെട്ട അപ്പോസ്തോലിക ലേഖനം പുറത്തിറങ്ങുമെന്നും പാപ്പാ അറിയിച്ചു. ജൂബിലി വർഷത്തിനു മുന്നോടിയായുള്ള ഈ വർഷം പ്രാർത്ഥനയ്ക്കായി സമർപ്പിച്ചുള്ള വർഷമാണെന്ന് മറക്കരുതെന്നും, പ്രാർത്ഥന കർത്താവിന്റെ സന്നിധാനത്തിലിരിക്കുക എന്നാണെന്നും, അവനാൽ നമ്മെ മനസ്സിലാക്കപ്പെടുന്നതിന്റെയും, സ്വാഗതം ചെയ്യപ്പെടുന്നതിന്റെയും സ്നേഹിക്കപ്പെടുന്നതിന്റെയും അനുഭവമാണെന്ന് തിരിച്ചറിയേണ്ടതിന്റെയും ആവശ്യമുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു. അത് കർത്താവ് പഠിപ്പിച്ചതുപോലെ അവന്റെ  സ്വരം കേട്ട്  അവ നമ്മുടെ ജീവിതത്തിൽ സ്വീകരിക്കാ൯ നിശബ്ദതയ്ക്ക് ഇടം കൊടുക്കുന്നതാണെന്ന് പറഞ്ഞ പാപ്പാ കൂടുതൽ പ്രാർത്ഥിക്കാനും, നന്നായി പ്രാർത്ഥിക്കാനും മറിയത്തിന്റെയും വിശുദ്ധരുടേയും പാഠശാലകളിലെത്താനും ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 March 2024, 13:33