തിരയുക

പോർച്ചുഗലിൽ നടന്ന ലോക യുവജനോത്സവത്തിൽ പാപ്പാ. പോർച്ചുഗലിൽ നടന്ന ലോക യുവജനോത്സവത്തിൽ പാപ്പാ.  (AFP or licensors)

പാപ്പാ: യുവജനങ്ങൾ സഭയുടെ ജീവനുള്ള പ്രതീക്ഷയാണ്

ക്രിസ്തു ജീവിക്കുന്നു എന്ന അപ്പോസ്തോലിക പ്രബോധനത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് യുവജനങ്ങൾക്ക് പാപ്പാ നൽകിയ സന്ദേശം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

മാർച്ച് 25ആം തിയതി പുറത്തിറക്കിയ സന്ദേശത്തിൽ പാപ്പാ, തന്റെ വാക്കുകൾ യുവജനങ്ങൾക്ക് നവമായ പ്രത്യാശയുടെ ഉറവിടമാകാൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞു കൊണ്ടാണ് ആരംഭിച്ചത്. വളരെയധികം സംഘർഷങ്ങളും ദുരിതങ്ങളും അടയാളപ്പെടുത്തിയ ഇന്നത്തെ ലോകത്ത് അവരിൽ പലർക്കും നിരാശ തോന്നുണ്ടോയെന്നു സംശയിക്കുന്നതായും അതിനാൽ അവരോടൊപ്പം എല്ലാ മനുഷ്യരാശിയുടെയും പ്രത്യാശയുടെ അടിസ്ഥാനമായ ക്രിസ്തു ജീവിച്ചിരിക്കുന്നു എന്ന പ്രഖ്യാപനത്തിൽ നിന്ന് ആരംഭിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പാപ്പാ പങ്കുവെച്ചു.

ക്രിസ്തു ജീവിക്കുന്നു, അവിടുന്ന് അവരെ അനന്തമായ സ്നേഹത്താൽ സ്നേഹിക്കുന്നു എന്ന് വ്യക്തിപരമായി യുവജനങ്ങളോടു ആവർത്തിക്കുന്നു എന്ന് പറഞ്ഞ പാപ്പാ അവരുടെ തെറ്റുകളോ വീഴ്ച്ചകളോ അവരോടുള്ള അവിടുത്തെ സ്നേഹത്തെ ബാധിക്കുകയില്ല എന്നും  അവിടുന്ന് തന്റെ ജീവൻ അവർക്കായി സമർപ്പിച്ചു എന്നും അതിനാൽ അവരോടുള്ള സ്നേഹത്തിൽ അവിടുന്ന് അവർ പരിപൂർണ്ണരാകാൻ കാത്തിരിക്കുന്നില്ല എന്നും സന്ദേശത്തിൽ പറഞ്ഞു.

"ക്രൂശിതനായ ക്രിസ്തുവിന്റെ വിരിച്ച കൈകളിൽ നിങ്ങളുടെ നോട്ടം ഉറപ്പിക്കുക നിങ്ങൾ വീണ്ടും വീണ്ടും രക്ഷിക്കപ്പെടട്ടെ." എന്ന് ക്രിസ്തുസ് വിവിത്ത് എന്ന അപ്പോസ്ത്തോലിക  പ്രബോധനത്തിന്റെ 123 ആമത്തെ ഖണ്ഡിക അനുസ്മരിച്ച പാപ്പാ ഒരു സുഹൃത്തിനെപ്പോലെ അവനോടൊപ്പം സഞ്ചരിക്കുവാനും  അവരുടെ ജീവിതത്തിലേക്ക് യേശുവിനെ സ്വാഗതം ചെയ്യുവാനും അവരുടെ ജീവിതത്തിന്റെ ഈ കാലഘട്ടത്തിലെ എല്ലാ സന്തോഷങ്ങളും പ്രതീക്ഷകളും പ്രശ്നങ്ങളും പോരാട്ടങ്ങളും പങ്കിടാനും അവനെ അനുവദിക്കുവാനും   സന്ദേശത്തിൽ ആവശ്യപ്പെട്ടു. അപ്പോൾ അവർക്ക്  അവരുടെ മുന്നോട്ടുള്ള വഴി കൂടുതൽ വ്യക്തമാകുകയും ക്രിസ്തു അവരോടൊപ്പം ഈ ഭാരങ്ങൾ കൂടി  വഹിക്കുന്നതിനാൽ അവരുടെ ബുദ്ധിമുട്ടുകൾ വളരെ ലഘുവായി മാറുന്നതും അവർ കാണുമെന്ന് പാപ്പാ  ഓർമ്മപ്പെടുത്തി. അതിനാൽ ക്രിസ്തുവിന്റെ സ്നേഹത്തിലും, ജീവനിലും, ശക്തിയിലും വളരാൻ അവന്റെ ഹൃദയത്തിലേക്ക് അവരെ കൂടുതൽ ആകർഷിക്കുന്ന പരിശുദ്ധാത്മാവിനെ വിളിച്ച് ദിവസവും പ്രാർത്ഥിക്കാൻ  പ്രബോധനത്തിലെ 130 മത്തെ ഖണ്ഡിക ഉദ്ധരിച്ചുകൊണ്ട്  പാപ്പാ ആവശ്യപ്പെട്ടു.

ക്രിസ്തുവുമായുള്ള സൗഹൃദത്തിൽ നിന്ന് ജനിച്ച സന്തോഷത്തിന് എല്ലാവരുടെയും മുന്നിൽ സാക്ഷ്യം വഹിക്കുക എന്ന മഹത്തായ ഒരു ദൗത്യം യുവജനങ്ങൾക്ക് ലഭിച്ചിരിക്കുന്നു എന്ന് പറഞ്ഞ പാപ്പാ താൻ പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട വർഷം നടന്ന ലോകയുവജന ദിനത്തിൽ യുവജനങ്ങളോടു അവരുടെ സ്വരം കേൾപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നത് ഓർമ്മിപ്പിച്ചു. അത് താൻ വീണ്ടും ആവർത്തിക്കുകയാണെന്നു പറഞ്ഞ പാപ്പാ എന്നാൽ വാക്കുകളേക്കാൾ അധികമായി അവരുടെ ജീവിതം കൊണ്ടും ഹൃദയം കൊണ്ടും ക്രിസ്തു ജീവിക്കുന്നു എന്ന സത്യം പ്രലോഷിക്കുവാൻ ആവശ്യപ്പെട്ടു. അങ്ങനെ മുഴുവൻ സഭയെയും ഉണർത്തി ലോകം മുഴുവനും ഈ സന്ദേശമെത്തിക്കാൻ സഹായിക്കാൻ പാപ്പാ അവരോടഭ്യർത്ഥിച്ചു.

യേശുവിനെ ജീവിക്കുന്നവനും, സന്തോഷം നിറഞ്ഞു കവിയുന്നവനും, മരണത്തെ ജയിച്ചവനും, അവരെ സ്നേഹിക്കുന്ന സുഹൃത്തും, അവരിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവനുമായി കണ്ടു കൊണ്ട് മുന്നോട്ടു പോകുമ്പോൾ അവരുടെ ഭൂതകാലത്തിന്റെ ഓർമ്മകൾ ഫലവത്തായി ഭവിക്കുകയും, വർത്തമാനകാലം അഭിമുഖീകരിക്കാൻ ധൈര്യം കണ്ടെത്തുകയും, ഭാവിക്കായി പ്രത്യാശയോടെ ഒരുങ്ങാൻ ഇടയാക്കുകയും ചെയ്യുമെന്ന് ഫ്രാൻസിസ് പാപ്പാ സന്ദേശത്തിൽ പറഞ്ഞു. അങ്ങനെ അവരുടെ കുടുംബങ്ങളുടെയും മുത്തശ്ശീ - മുത്തച്ഛൻന്മാരുടെയും മാതാപിതാക്കളുടെയും അവരുടെ രാജ്യങ്ങളിലെ മത പാരമ്പര്യങ്ങളുടെയും ചരിത്രം മുന്നോട്ടുകൊണ്ടുപോകാനും നാളത്തെ നേതാക്കളും ഭാവിയുടെ കൈത്തൊഴിലാളികളുമാകാനുള്ള സ്വാതന്ത്ര്യം അവർക്ക്  കണ്ടെത്താനുമാവുമെന്ന് പാപ്പാ  പ്രത്യാശ പ്രകടിപ്പിച്ചു.

മറ്റുള്ളവരെ ശ്രവിച്ചും, സംവാദം ചെയ്തും നിരന്തര വിവേചനത്തിലൂടെ കർത്താവിന്റെ ആഗ്രഹം എന്തെന്ന് കണ്ടു പിടിച്ച് മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്ന ഒരു സഭയുടെ ഫലമാണ് 'ക്രിസ്തു ജീവിക്കുന്നു' എന്ന പ്രബോധനം. അതുകൊണ്ടാണ് അഞ്ചു വർഷങ്ങൾക്കു മുൻപ് യുവജനങ്ങളെക്കുറിച്ചുള്ള സിനഡിനായി തയ്യാറെടുക്കുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങളായ അവരോടു അവരുടെ തനതായ പ്രത്യാശകളും, പ്രതീക്ഷകളും പങ്കിടാൻ ആവശ്യപ്പെട്ടതെന്ന് പാപ്പാ ഓർമ്മപ്പെടുത്തി. നൂറുകണക്കിന് യുവജനങ്ങൾ റോമിലെത്തി സിനഡിന്റെ മുന്നിൽ അവതരിപ്പിക്കാനുള്ള ആശയങ്ങൾ ശേഖരിച്ചു ദിവസങ്ങളോളം അതിനായി ഒരുമിച്ച് പ്രവർത്തിച്ചതും പാപ്പാ അനുസ്മരിച്ചു.

അവരുടെ പ്രവർത്തനത്തിന് നന്ദി പറഞ്ഞ പാപ്പാ അതുവഴി മെത്രാന്മാർക്ക് ലോകത്തെയും സഭയും കുറിച്ച് വിശാലവും ആഴത്തിലുള്ളതുമായ കാഴ്ചപ്പാടിലേക്ക് വരാൻ കഴിഞ്ഞതും സന്ദേശത്തിൽ സൂചിപ്പിച്ചു. അതൊരു യഥാർത്ഥ സിനഡൽ അനുഭവമായിരുന്നു എന്നും അതിന്റെ വലിയ ഫലമാണ് ഇപ്പോൾ സഭ ആഘോഷിക്കുന്ന ഒരു പുതിയ സിനഡിന്  വഴിയൊരുക്കിയതെന്നും ചൂണ്ടിക്കാട്ടി.

2018ലെ സിനഡിന്റെ അന്തിമ രേഖയിൽ നാം വായിക്കുന്നത് പോലെ യുവജനങ്ങളുടെ പങ്കാളിത്തം സഭയുടെ ഘടനാപരമായ അംശമായ സിനഡാലിറ്റി പുനരുജ്ജീവിപ്പിക്കാൻ സഹായിച്ചു എന്ന് എടുത്തു പറഞ്ഞ ഫ്രാൻസിസ് പാപ്പാ, സഭയുടെ യാത്രയുടെ ഈ പുതിയ ഘട്ടത്തിൽ, നമ്മുടെ വേരുകളോടു വിശ്വസ്തത പുലർത്തിക്കൊണ്ട് പുതിയ വഴികൾ പര്യവേക്ഷണം ചെയ്യാൻ നമുക്ക് എന്നത്തേക്കാളുമേറെ യുവജനങ്ങളുടെ സർഗ്ഗാത്മകത ആവശ്യമാണെന്ന് അടിവരയിട്ടു. അതിനാൽ  ചലിച്ചുകൊണ്ടിരിക്കുന്ന സഭയുടെ ജീവനുള്ള പ്രതീക്ഷയാണ് യുവജനങ്ങൾ. ക്രിസ്തുവിന്റെ ശരീരമായ സഭയ്ക്ക് ജീവൻ പകരുന്ന  അവരുടെ സാന്നിധ്യത്തിനു നന്ദി പറയുകയും നല്ല വഴികളിലൂടെ “ഓളം സൃഷ്ടിക്കാനുള്ള" അവരുടെ ശക്തിയും ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സന്തോഷം ജീവിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്ന അവരുടെ മാത്രമായ പ്രത്യേക രീതികളും ഞങ്ങൾക്ക് തരാതെ പോകരുതെന്ന് പാപ്പാ അവരെ പ്രോൽസാഹിപ്പിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 March 2024, 20:44