തിരയുക

വിഭിന്നങ്ങളായ കനത്ത പാറകൾ മാനവരാശിയുടെ പ്രതീക്ഷകളെ അടയ്ക്കുന്നു, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ “ഊര്‍ബി ഏത്ത് ഓര്‍ബി” സന്ദേശവും ആശീര്‍വ്വാദവും ഉയിർപ്പുതിരുന്നാൾ ദിനത്തിൽ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉത്ഥാനത്തിരുന്നാൾ ദിനത്തിൽ ഞായറാഴ്ച (31/03/24) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തിൽ തൻറെ മുഖ്യകാർമ്മികത്വത്തിൽ സാഘോഷമായ സമൂഹ ദിവ്യബലി അർപ്പിച്ച ഫ്രാൻസീസ് പാപ്പാ ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 3.30-ന്, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മുന്‍വശത്ത് മുകളിൽ മദ്ധ്യത്തിലായുള്ള മട്ടുപ്പാവില്‍ (ബാല്‍ക്കണിയില്‍) നിന്നുകൊണ്ട്, “റോമാ നഗരത്തിനും ലോകത്തിനും” എന്നര്‍ത്ഥം വരുന്ന “ഊര്‍ബി ഏത്ത് ഓര്‍ബി” സന്ദേശവും ആശീര്‍വ്വാദവും നല്കി. ഊര്‍ബി  ഏത്ത് ഓര്‍ബി” സന്ദേശമേകുന്നതിന് ഫ്രാന്‍സിസ് പാപ്പാ ബസിലിക്കയുടെ ബാൽക്കണിയിൽ പ്രത്യക്ഷനായപ്പോള്‍ ജനസഞ്ചയത്തിന്‍റെ ആനന്ദരവങ്ങള്‍ ചത്വരത്തിലെങ്ങും അലയടിച്ചു. വത്തിക്കാൻറെയും ഇറ്റലിയുടെയും ദേശീയഗാനശകലങ്ങൾ ചത്വരത്തിൽ അണിനിരന്ന ബാൻറുസംഘം വാദനം ചെയ്തു. തദ്ദനന്തരം പാപ്പാ തൻറെ സന്ദേശം ഇറ്റാലിയൻ ഭാഷയിൽ നല്കി.

ഇന്നും മുഴങ്ങുന്ന പ്രഘോഷണം:  ക്രൂശിതൻ ഉയിർത്തെഴുന്നേറ്റു 

പ്രിയ സഹോദരീ സഹോദരന്മാരേ, തിരുവുത്ഥാനത്തിരുന്നാൾ ആശംസകൾ!

രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ജറുസലേമിൽ നിന്നുയർന്ന പ്രഘോഷണം ഇന്ന് ലോകമെമ്പാടും മാറ്റൊലികൊള്ളുന്നു: "ക്രൂശിക്കപ്പെട്ട നസ്രായനായ യേശു ഉയിർത്തെഴുന്നേറ്റു!" (മർക്കോസ് 16:6 കാണുക).

പ്രതിക്ഷകളെ അടയ്ക്കുന്ന വലിയ പാറകൾ 

ആഴ്ചയുടെ ആദ്യ ദിവസം പുലർച്ചെ കല്ലറയിങ്കലേക്കു പോയ സ്ത്രീകൾക്കുണ്ടായ വിസ്മയം സഭ പുനർജീവിക്കുകയാണ്. യേശുവിൻറെ കല്ലറ ഒരു വലിയ കല്ലുകൊണ്ട് അടച്ചിരുന്നു; അതുപോലെ ഇന്ന് അത്യധികം ഭാരമേറിയതും കനത്തതുമായ പാറകൾ മാനവരാശിയുടെ പ്രതീക്ഷകളെ അടയ്ക്കുന്നു: യുദ്ധത്തിൻറെ വലിയ പാറ, മാനുഷിക പ്രതിസന്ധികളുടെ പാറ, മനുഷ്യാവകാശ ലംഘനങ്ങളുടെ പാറ, മനുഷ്യക്കടത്തിൻറെ പാറ, തുടങ്ങിയവ. യേശുവിൻറെ ശിഷ്യകളായ സ്ത്രീകളെപ്പോലെ നമ്മളും പരസ്പരം ചോദിക്കുന്നു: "നമുക്കുവേണ്ടി ആരാണ് ഈ കല്ലുകൾ ഉരുട്ടിമാറ്റുക?" (മർക്കോസ്16:3 കാണുക).

നമ്മിലും ഉളവാകുന്ന വിസ്മയം

ഉത്ഥാന ഉഷസ്സിലെ കണ്ടെത്തൽ ഇതാ: കല്ല്,  ഇതിനകം ഉരുട്ടിമാറ്റപ്പെട്ട ആ വലിയ കല്ല്. ആ സ്ത്രീകളുടെ വിസ്മയം നമ്മുടെ വിസ്മയമാണ്: യേശുവിൻറെ കല്ലറ തുറക്കപ്പെട്ടിരിക്കുന്നു, അത് ശൂന്യവുമാണ്! ഇവിടെനിന്നാണ് എല്ലാം ആരംഭിക്കുന്നത്. ശൂന്യമായ ആ കല്ലറയിലൂടെയാണ് നമുക്കാർക്കുമല്ല, പ്രത്യുത, ദൈവത്തിനു മാത്രം തുറക്കാൻ കഴിഞ്ഞ പുതിയ പാത കടന്നുപോകുന്നത്: മരണത്തിനിടയിൽ ജീവൻറെ പാത, യുദ്ധത്തിനു നടുവിൽ സമാധാനത്തിൻറെ പാത, വിദ്വേഷത്തിനിടയിൽ  അനുരഞ്ജനത്തിൻറെ പാത, ശത്രുതയുടെ നടുവിൽ സാഹോദര്യത്തിൻറെ പാത.

ജീവിതപാതയിലെ കല്ലുകൾ ആരു ഉരുട്ടിമാറ്റും?

സഹോദരീ സഹോദരന്മാരേ, യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു, ജീവിതത്തിലേക്കുള്ള പാതയടയ്ക്കുന്ന കല്ലുകൾ ഉരുട്ടിമാറ്റാൻ അവനു മാത്രമേ കഴിയൂ. വാസ്‌തവത്തിൽ, ജീവിക്കുന്നവനായ അവൻതന്നെയാണ് മാർഗ്ഗം: ജീവിതത്തിൻറെ, ശാന്തിയുടെ, അനുരഞ്ജനത്തിൻറെ, സാഹോദര്യത്തിൻറെ വഴി. മാനുഷികമായി അസാദ്ധ്യമായ വഴി അവൻ നമുക്ക് തുറന്നുതരുന്നു, കാരണം അവൻ മാത്രമാണ് ലോകത്തിൻറെ പാപം നീക്കുകയും നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയും ചെയ്യുന്നത്. ദൈവത്തിൻറെ ക്ഷമയില്ലാതെ ആ കല്ല് നീക്കം ചെയ്യാനാവില്ല. പാപമോചനം കൂടാതെ, അടച്ചുപൂട്ടലുകൾ, മുൻവിധികൾ, പരസ്പര സംശയങ്ങൾ, എപ്പോഴും സ്വയം ന്യായീകരിക്കുകയും മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഔദ്ധത്യം എന്നിവയിൽ നിന്ന് പുറത്തുകടക്കാനാകില്ല. ഉത്ഥിതനായ ക്രിസ്തു മാത്രമാണ്, നമുക്ക് പാപമോചനമേകിക്കൊണ്ട്,  ഒരു നവീകൃത ലോകത്തിനായുള്ള സരണി തുറക്കുന്നത്.

അടയ്ക്കപ്പെടുന്ന പാതകൾ തുറക്കുന്ന യേശു 

ജീവിതത്തിൻറെ വാതിലുകൾ, ലോകമെമ്പാടും വ്യാപിക്കുന്ന യുദ്ധങ്ങളാൽ നാം നിരന്തരം അടയ്‌ക്കുന്ന ആ വാതിലുകൾ, നമുക്കായി തുറക്കുന്നത് അവിടന്നു മാത്രമാണ്. യേശുവിൻറെ പീഢാസഹനമരണോത്ഥാനങ്ങളുടെ സാക്ഷിയായ വിശുദ്ധനഗരമായ ജറുസലേമിലേക്കും വിശുദ്ധനാട്ടിലെ ക്രൈസ്തവസമൂഹങ്ങളിലേക്കും സർവ്വോപരി, ഇന്ന് നമുക്കു നോക്കാം.

യുദ്ധവേദികൾ

ഇസ്രയേലിലും പലസ്തീനിലും ഉക്രൈയിനിലും തുടങ്ങി ലോകത്ത് നടക്കുന്ന നിരവധി സംഘർഷങ്ങളുടെ ഇരകളിലേക്കാണ് സർവ്വോപരി എൻറെ ചിന്തകൾ പോകുന്നത്. ഉത്ഥിതനായ ക്രിസ്തു, ആ പ്രദേശങ്ങളിലെ പീഡിതരായ ജനങ്ങൾക്കുവേണ്ടി സമാധാനത്തിൻറെ ഒരു പാത തുറക്കട്ടെ. അന്താരാഷ്‌ട്ര നിയമത്തിൻറെ തത്ത്വങ്ങൾ ആദരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതോടൊപ്പം, റഷ്യയും ഉക്രൈയിനും തമ്മിൽ എല്ലാ തടവുകാരുടെയും പൊതുവായ ഒരു കൈമാറ്റം നടക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു: എല്ലാം എല്ലാവർക്കും വേണ്ടി!

ഗാസ

കൂടാതെ, ഗാസയിൽ മാനവിക സഹായസാധ്യത ഉറപ്പാക്കാൻ ഞാൻ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു, ഒക്ടോബർ 7 ന് തട്ടിക്കൊണ്ടുപോകപ്പെടുകയും ബന്ദികളാക്കക്കപ്പെടുകയും ചെയ്തിരിക്കുന്നവരെ ഉടൻ വിട്ടയയ്ക്കാനും ആ മുനമ്പിൽ ഉടനടി വെടിനിർത്താനുമുള്ള ആവശ്യം ഞാൻ ആവർത്തിക്കുന്നു.

കുഞ്ഞുങ്ങളുടെ ദയനീയാവസ്ഥ

നിലവിലുള്ള ശത്രുത, തളർന്നിരിക്കുന്ന ജനങ്ങളിൽ, പ്രത്യേകിച്ച് കുട്ടികളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതു തുടരാൻ അനുവദിക്കാനവില്ല. എത്ര മാത്രം യാതനകളാണ് കുട്ടികളുടെ കണ്ണുകളിൽ നാം കാണുന്നത്. ആ യുദ്ധഭൂമികളിൽ ആ കുഞ്ഞുങ്ങൾ പുഞ്ചിരിക്കാൻ മറന്നുപോയിരിക്കുന്നു.  അവരുടെ നോട്ടത്താൽ അവർ നമ്മളോട് ചോദിക്കുന്നു: എന്തുകൊണ്ടിങ്ങനെ? എന്തുകൊണ്ടാണ് ഇത്രയധികം മരണം? എന്തുകൊണ്ടാണ് ഇത്രയേറെ നാശം? യുദ്ധം എല്ലായ്പ്പോഴും ഒരു ഭോഷത്തമാണ്, യുദ്ധം എല്ലായ്പ്പോഴും ഒരു തോൽവിയുമാണ്! യൂറോപ്പിലും മദ്ധ്യധരണിപ്രദേശത്തും  എന്നും കൂടുതൽ ശക്തമായ യുദ്ധക്കാറ്റ് വീശാൻ അനുവദിക്കരുത്. ആയുധങ്ങളുടെയും പുനരായുധീകരണത്തിൻറെയും യുക്തിക്ക് വഴങ്ങരുത്. സമാധാനം ഒരിക്കലും ആയുധങ്ങൾ കൊണ്ട് കെട്ടിപ്പടുക്കാനാകില്ല, മറിച്ച് നീട്ടിപ്പിടിക്കുന്ന കരങ്ങളാലും തുറന്ന ഹൃദയങ്ങളാലുമാണ് അത് സാധിക്കുക.

സിറിയ

സഹോദരീസഹോദരന്മാരേ, നീണ്ടതും വിനാശകരവുമായ യുദ്ധത്തിൻറെ അനന്തരഫലങ്ങൾ പതിമൂന്നു വർഷമായി അനുഭവിക്കുന്ന സിറിയയെ നാം മറക്കരുത്. നിരവധിയായ മരിച്ചവരും കാണാതായവരും, അത്യധികമായ ദാരിദ്ര്യവും നാശവും അന്താരാഷ്ട്ര സമൂഹം ഉൾപ്പെടെയുള്ള എല്ലാവരിലും നിന്ന് ഉത്തരം കാത്തിരിക്കുന്നു.

ലെബനൻ

ഇന്ന് എൻറെ നയനങ്ങൾ സവിശേഷമാംവിധം ലെബനനിലേക്ക് തിരിയുന്നു, വളരെക്കാലമായി ഭരണസംവിധാനപരമായ സ്തംഭനാവസ്ഥയും അഗാധമായ സാമ്പത്തിക സാമൂഹിക പ്രതിസന്ധികളും ബാധിച്ചിരിക്കുന്ന ഒരു നാടാണത്. ഇപ്പോൾ ഈ പ്രതിസന്ധിയെ ഇസ്രായേലുമായുള്ള അതിർത്തിയിലെ സംഘർഷാവസ്ഥ വഷളാക്കിയിരിക്കുന്നു. ഉത്ഥിതൻ പ്രിയ ലെബനോൻ ജനതയ്ക്ക് സാന്ത്വനമേകുകയും സമാഗമത്തിൻറെയും സഹവർത്തിത്വത്തിൻറെയും ബഹുസ്വരതയുടെയും നാടായി മാറാനുള്ള വിളിയിൽ അന്നാടിനെ ആകമാനം താങ്ങിനിറുത്തുകയും ചെയ്യട്ടെ.

പടിഞ്ഞാറൻ ബാൾക്കൻ പ്രദേശം

യൂറോപ്യൻ പദ്ധതിയിലുള്ള സമാകലനത്തിലേക്ക് സുപ്രധാന ചുവടുകൾ വച്ചുകൊണ്ടിരിക്കുന്ന പശ്ചിമ ബാൾക്കൻ മേഖലയെ ഞാൻ പ്രത്യേകം ഓർക്കുകയാണ്:  വംശീയവും സാംസ്കാരികവും മതപരവുമായ വ്യത്യാസങ്ങൾ വിഭജനത്തിന് കാരണമാകരുത്, മറിച്ച് അത്, യൂറോപ്പിനാകമാനവും അഖില ലോകത്തിനും സമ്പന്നതയുടെ  ഉറവിടമായി മാറണം.

അർമേനിയയും അസർബൈജാനും

അതുപോലെ, അർമേനിയയും അസർബൈജാനും തമ്മിലുള്ള ചർച്ചകൾ ഞാൻ പ്രോത്സാഹിപ്പിക്കുന്നു, അതുവഴി, അന്താരാഷ്ട്ര സമൂഹത്തിൻറെ പിന്തുണയോടെ അവർക്ക് സംഭാഷണം തുടരാനും കുടിയിറക്കപ്പെട്ടവരെ സഹായിക്കാനും വിവിധ മതസമൂഹങ്ങളുടെ ആരാധനാലയങ്ങളെ ആദരിക്കാനും സ്ഥായിയായ സമാധാന ഉടമ്പടിയിൽ എത്രയും വേഗം എത്തിച്ചേരാനും കഴിയും.

ഭീകരപ്രവർത്തനങ്ങളുടെ ഇരകൾ

ലോകത്തിൻറെ മറ്റ് ഭാഗങ്ങളിൽ അക്രമം, സംഘർഷം, ഭക്ഷ്യ അരക്ഷിതാവസ്ഥ, അതുപോലെതന്നെ, കാലാവസ്ഥാ വ്യതിയാനത്തിൻറെ പ്രത്യാഘാതങ്ങൾ എന്നിവ അനുഭവിക്കുന്ന ആളുകൾക്ക് ഉത്ഥിതനായ ക്രിസ്തു പ്രത്യാശയുടെ പാത തുറന്നു നല്കട്ടെ. എല്ലാത്തരം ഭീകരപ്രവർത്തനത്തിൻറെയും ഇരകൾക്ക് കർത്താവ് സാന്ത്വനമേകട്ടെ. ജീവൻ നഷ്ടപ്പെട്ടവർക്കായി നമുക്ക് പ്രാർത്ഥിക്കുകയും അത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരുടെ അനുതാപവും മാനസാന്തരവും നമുക്ക് അപേക്ഷിക്കുകയും ചെയ്യാം.

ഹൈറ്റി

ഹൈറ്റിയിൽ കണ്ണീരും ചോരയും വീഴ്ത്തിയ അക്രമം എത്രയും വേഗം അവസാനിക്കുന്നതിനും അന്നാട് ജനാധിപത്യത്തിൻറെയും സാഹോദര്യത്തിൻറെയും പാതയിൽ പുരോഗമിക്കുന്നതിനും വേണ്ടി ഉത്ഥിതൻ അന്നാട്ടിലെ ജനതയെ സഹായിക്കട്ടെ.

റൊഹിങ്ക്യൻ ജനത

ഗുരുതരമായ മാനുഷിക പ്രതിസന്ധിയാൽ വലയുന്ന റോഹിങ്ക്യക്കാർക്ക് ഉത്ഥിതൻ സാന്ത്വനം പ്രദാനം ചെയ്യുകയും  വർഷങ്ങളോളം ആഭ്യന്തര സംഘർഷങ്ങളാൽ പിച്ചിച്ചീന്തപ്പെട്ട മ്യാൻമറിൽ അക്രമത്തിൻറെ എല്ലാ യുക്തികളും എന്നന്നേക്കുമായി ഉപേക്ഷിക്കപ്പെടുന്നതിനായി, അനുരഞ്ജനത്തിനുള്ള വഴി തുറക്കുകയും ചെയ്യട്ടെ.

ആഫ്രിക്കാ ഭൂഖണ്ഡത്തിലെ ദുരിതം

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ, പ്രത്യേകിച്ച് സുഡാനിലെയും സഹേൽ മേഖലയിലെയും ആഫ്രിക്കയുടെ കൊമ്പ് പ്രദേശത്തെയും കോംഗൊ പ്രജാധിപത്യറിപ്പബ്ലിക്കിലെ കിവു മേഖലയിലെയും മൊസാംബിക്കിലെ കാപൊ ദെൽഗാദൊ പ്രവിശ്യയിലെയും കഷ്ടതയനുഭവിക്കുന്ന ജനങ്ങൾക്ക് കർത്താവ് സമാധാന വഴികൾ തുറക്കുകയും വളരെയധികം പ്രദേശങ്ങളെ ബാധിക്കുകയും ഭക്ഷ്യക്ഷാമവും പട്ടിണിയും വിതയ്ക്കുകയും ചെയ്യുന്ന നീണ്ട വരൾച്ചയ്ക്ക് അറുതി വരുത്തുകയും ചെയ്യട്ടെ.

ഉത്ഥിതൻറെ സാന്ത്വനം ആവശ്യത്തിലിരിക്കുന്നവർക്ക് ലഭിക്കട്ടെ 

ഉയിർത്തെഴുന്നേറ്റവൻ കുടിയേറ്റക്കാർക്കും സാമ്പത്തിക പ്രതിസന്ധിയുടെ ഒരു ഘട്ടത്തിലൂടെ കടന്നുപോകുന്നവർക്കും  അവരുടെ ആവശ്യസമയത്ത് സമാശ്വാസവും പ്രത്യാശയും പ്രദാനം ചെയ്തുകൊണ്ട് അവരുട മേൽ അവിടത്തെ വെളിച്ചം ചൊരിയട്ടെ. മെച്ചപ്പെട്ടൊരു ജീവിതത്തിനും സന്തോഷത്തിനും വേണ്ടിയുള്ള അന്വേഷണത്തിൽ ഏറ്റം ദരിദ്ര കുടുംബങ്ങൾക്ക് മേൽ വന്നുപതിക്കുന്ന നിരവധി വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടാൻ, ഐക്യദാർഢ്യത്തിൽ ഒന്നിക്കുന്നതിലേക്ക് ക്രിസ്തു നല്ല മനസ്സുള്ള സകലരെയും നയിക്കട്ടെ.

ജീവൻ എന്ന അമൂല്യ ദാനം 

പുത്രൻറെ പുനരുത്ഥാനത്തിൽ നമുക്ക് നൽകപ്പെട്ട ജീവൻ നാം ആഘോഷിക്കുന്ന ഈ ദിനത്തിൽ, നമുക്ക്, നാം ഓരോരുത്തരോടും ദൈവത്തിനുള്ള അനന്തമായ സ്നേഹം ഓർക്കാം: എല്ലാ പരിധികളെയും എല്ലാ ബലഹീനതകളെയും മറികടക്കുന്ന ഒരു സ്നേഹം. എന്നിട്ടും ജീവൻ എന്ന അനർഘ ദാനം  പലപ്പോഴും എത്രമാത്രം നിന്ദിക്കപ്പെടുന്നു. വെളിച്ചം പോലും കാണാൻ കഴിയാതെവരുന്ന കുട്ടികൾ എത്രയാണ് ? പട്ടിണി മൂലം മരിക്കുന്നവർ അല്ലെങ്കിൽ അവശ്യ പരിചരണം ലഭിക്കാതെ പോകുന്നവർ അല്ലെങ്കിൽ ചൂഷണംചെയ്യപ്പെടുകയും അക്രമത്തിന് ഇരയാക്കപ്പെടുകയും ചെയ്യുന്നവർ ഏത്രയാണ്? മനുഷ്യക്കച്ചവട വർദ്ധനവിനവുമൂലം എത്രയെത്ര ജീവിതങ്ങളാണ് വാണിജ്യവത്കരിക്കപ്പെടുന്നത്?

മനുഷ്യക്കടത്ത് എന്ന വിപത്തിനെ ചെറുക്കുക 

സഹോദരീസഹോദരന്മാരേ, മൃത്യുവിൻറെ അടിമത്തത്തിൽ നിന്ന് ക്രിസ്തു നമ്മെ മോചിപ്പിച്ച ഈ ദിനത്തിൽ, ഞാൻ, ചൂഷണ ശൃംഖലകൾ തകർക്കാനും അതിന് ഇരകളായവർക്ക് സ്വാതന്ത്ര്യം നൽകാനും അക്ഷീണം പ്രയത്നിച്ചുകൊണ്ട് മനുഷ്യക്കടത്ത് എന്ന വിപത്തിനെ ചെറുക്കാൻ രാഷ്ട്രീയ ഉത്തരവാദിത്വം പേറുന്നവരെ  ആഹ്വാനം ചെയ്യുന്നു. കർത്താവ് ആ ഇരകളുടെ കുടുംബങ്ങളെ, പ്രത്യേകിച്ച്, തങ്ങളുടെ പ്രിയപ്പെട്ടവരുടെ വിവരങ്ങളറിയാൻ ഉൽക്കണ്ഠയോടെ കാത്തിരിക്കുന്നവരെ ആശ്വസിപ്പിക്കട്ടെ, അവർക്ക് സാന്ത്വനവും പ്രത്യാശയും ഉറപ്പുനൽകട്ടെ.

പുനരുത്ഥാന വെളിച്ചം

പുനരുത്ഥാനത്തിൻറെ വെളിച്ചം നമ്മുടെ മനസ്സിനെ പ്രകാശിപ്പിക്കുകയും നമ്മുടെ ഹൃദയങ്ങളെ പരിവർത്തനം ചെയ്യുകയും സ്വാഗതം ചെയ്യപ്പെടുകയും സംരക്ഷിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യപ്പെടേണ്ട ഓരോ മനുഷ്യജീവൻറെയും മൂല്യത്തെക്കുറിച്ച് നമുക്ക് അവബോധം പകരുകയും  ചെയ്യട്ടെ.  എല്ലാവർക്കും തുരുവുത്ഥാനത്തിരുന്നാൾ ആശംസകൾ!

ആശീർവ്വാദം

ഫ്രാന്‍സീസ് പാപ്പാ “ഊര്‍ബി  ഏത്ത് ഓര്‍ബി”  ആശീര്‍വ്വാദം നല്‍കാന്‍പോകുകയാണെന്നും സഭ നിഷ്ക്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കനുസൃതം, അത്, നേരിട്ടൊ റേഡിയോ-ടെലെവിഷൻ മാദ്ധ്യമങ്ങളിലൂടെയൊ ഇതര സാങ്കേതികോപാധികളിലൂടെയൊ, സ്വീകരിക്കുന്നവര്‍ക്ക് പൂര്‍ണ്ണദണ്ഡവിമോചനം ലഭിക്കുമെന്നും റോമിൻറെ ചുമരുകൾക്കു വെളിയിലുള്ള വിശുദ്ധ പൗലോസിൻറെ ബസിലിക്കയുടെ മുഖ്യപുരോഹിതനായ കർദ്ദിനാൾ ഹാർവി ജെയിംസ് മൈക്കിൾ (HARVEY Card. James Michael)  പ്രാർത്ഥനാനന്തരം അറിയച്ചതിനെ    തുടര്‍ന്ന്  “ഊര്‍ബി  ഏത്ത് ഓര്‍ബി” ആശീര്‍വ്വാദം നല്കപ്പെട്ടു. ആശീര്‍വ്വാദനാന്തരം, പാപ്പാ കൈകൾ വീശി എല്ലാവരെയും അഭിവാദ്യം ചെയ്തതിനു ശേഷം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മട്ടുപ്പാവില്‍ നിന്ന് പിന്‍വാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 March 2024, 21:07